കൊവാസ്ജി ജഹാംഗീർ ഹാൾ
ദക്ഷിണ മുംബൈയിലെ കൊളാബയിൽ സ്ഥിതി ചെയ്യുന്ന ആധുനിക കലയുടെ ഒരു സംഗ്രഹാലയമാണ് കൊവാസ്ജി ജഹാംഗീർ ഹാൾ. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഇവിടെ പ്രവർത്തിക്കുന്നു.
ചരിത്രം
[തിരുത്തുക]ജോർജ് വിറ്ററ്റ് എന്ന ആർക്കിടെക്റ്റ് പണികഴിപ്പിച്ച കൊവാസ്ജി ജഹാംഗീർ ഹാൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഭാഗമായിരുന്നു[1] 1911-ൽ ആരംഭിച്ച നിർമ്മാണം പൂർത്തീകരിച്ചത് 1920-ലാണ്[2]. ഈ സ്ഥാപനത്തിനായി 400,000 രൂപ സംഭാവന നൽകിയ സർ കൊവാസ്ജി ജഹാംഗീറിന്റെ പേരിലാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. വിവിധ സാംസ്കാരികപരിപാടികളുടെ വേദിയായിരുന്ന ഈ ഹാൾ 1984-ൽ മഹാരാഷ്ട്ര സർക്കാർ കേന്ദ്രസർക്കാരിന് 30 വർഷ്ഷത്തെ ലീസിന് നൽകി. 1996 ൽ ഇത് ആധുനിക കലയുടെ മ്യൂസിയമായി മാറി. 33,000,000 രൂപ ചിലവിൽ 20,000 ചതുരശ്ര അടി പ്രദർശന മേഖല രൂപവത്കരിച്ചു.
ഇന്ന് ഈ മ്യൂസിയത്തിന്റെ ഭരണച്ചുമതല നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് (എൻ.ജി.എം.എ) എന്ന സ്ഥാപനത്തിനാണ്.
നവീകരണം
[തിരുത്തുക]ഒരു സംരക്ഷിത പൈതൃകഘടന ആയതിനാൽ കെട്ടിടത്തിന്റെ ബാഹ്യ രൂപമോ, ഘടനാപരമായ മാറ്റങ്ങളോ ഇതിൽ വരുത്താനാകില്ല. കരിങ്കൽ തറയുള്ള യഥാർത്ഥ കെട്ടിടത്തിനുള്ളിൽ രണ്ട് അടി അകലം വിട്ട് പുതിയ പുതിയ മാർബിൾ തറ സ്ഥാപിച്ച് നിർമ്മാണം നടത്തിയാണ് റോമി ഖോസ്ല എന്ന ആർക്കിടെക്റ്റ് ഈ കെട്ടിടം നവീകരിച്ചത്. ഉൾഭാഗത്തെ ഘടനയിൽ പൂർണ്ണമായും മാറ്റം വരുത്തി നാല് സ്പ്ലിറ്റ്-ലെവൽ ഗ്യാലറികൾ, സെമിനാർ ഹാൾ, ദൃശ്യ-ശ്രാവ്യ പ്രദർശനങ്ങൾക്കുള്ള സ്ഥലം, ഒരു പുസ്തക പ്രദർശനശാല ഒരു ലഘുഭക്ഷണശാല എന്നിവയ്ക്കുള്ള സൗകര്യമൊരുക്കി. മഹേന്ദ്ര രാജ് എന്ന എഞ്ചിനീയർ ഇതിൽ മുഖ്യപങ്ക് വഹിച്ചു[2].
മ്യൂസിയത്തിലെ ഒരു ഭാഗത്ത് എൻ.ജി.എം.എ. യുടെ ശാശ്വത ശേഖരത്തിലുള്ള സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് താൽക്കാലിക പ്രദർശനങ്ങൾ മാത്രമാണ് ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്. സന്ദർശകരുടെ ബാഗുകൾ സൂക്ഷിക്കുവാനായി ഒരു ലോക്കർ സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.