നായകൻ (തമിഴ് ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നായകൻ
ചലച്ചിത്രത്തിലെ ഒരു രംഗം
സംവിധാനംമണി രത്നം
നിർമ്മാണംമണി രത്നം
ജി. വെങ്കടേശ്വരൻ
രചനമണി രത്നം
ബാലകുമാരൻ
അഭിനേതാക്കൾകമലഹാസൻ
ശരണ്യ
കാർത്തിക
നാസർ
ഡൽഹി ഗണേശ്
ജനകരാജ്
നിഴൽകൾ രവി
ടിനു ആനന്ദ്
സംഗീതംഇളയരാജ
ഗാനരചനവൈരമുത്തു
ഛായാഗ്രഹണംപി.സി.ശ്രീരാം
വിതരണംസുജാത ഫിലിംസ്
റിലീസിങ് തീയതി1987
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം145 മിനിറ്റ്

1987-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ്‌ നായകൻ. മുംബൈയിലെ അധോലോകനായകനായിരുന്ന വരദരാജ മുദലിയാരുടെ ജീവിതത്തെ ആസ്പദമാക്കി മണി രത്നം സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കമലഹാസൻ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ശരണ്യ, കാർത്തിക, നാസർ, ഡൽഹി ഗണേശ്, ജനകരാജ് എന്നിവർ മറ്റ് മുഖ്യവേഷങ്ങൾ ചെയ്തു. സാമ്പത്തികമായി വിജയം നേടുകയും നല്ല നിരൂപകാഭിപ്രായം നേടുകയും ചെയ്ത ഈ ചിത്രം മൂന്ന് ദേശീയപുരസ്കാരങ്ങൾ നേടി. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാറിന്‌ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമായിരുന്നു ഈ ചിത്രം. 2005-ൽ ടൈം മാസിക എക്കാലത്തെയും മികച്ച 100 ചലച്ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കിയതിലും നായകൻ ഇടം നേടി.

കഥാസംഗ്രഹം[തിരുത്തുക]

യൂണിയൻ നേതാവായിരുന്ന അച്ഛനെ വെടിവെച്ച പോലീസുകാരനെ കൊന്ന് ശക്തിവേലുനായ്ക്കർ (മണികണ്ഠൻ) മുംബൈയിലേക്ക് നാടുവിടുന്നു. ധാരാവിയിലെ ചേരിയിൽ ജീവിക്കുന്ന ഒരു മീൻ‌പിടിത്തക്കാരൻ (എം.വി. വാസുദേവറാവു) വേലുവിനെ വളർത്തുന്നു. അയാൾ മീൻപിടിത്തത്തിന്‌ പുറമെ കള്ളക്കടത്തിന്‌ സഹായിക്കുകയും ചെയ്യാറുണ്ട്. മുതിർന്ന വേലുവിനെ (കമലഹാസൻ) ചേരി ഒഴിപ്പിക്കാൻ വന്ന പോലീസുകാരെ എതിർത്തതിന്‌ ഇൻസ്പെക്ടർ കേൽക്കർ അറസ്റ്റ് ചെയ്ത് മർദ്ദിക്കുന്നു. മീൻപിടിത്തക്കാരന്‌ പകരം കള്ളക്കടത്തിന്‌ പോകുന്ന വേലു അധോലോകനേതാവിൽ നിന്ന് കൂടുതൽ പണം ചോദിക്കുന്നതിനാൽ കേൽകർ മീൻപിടിത്തക്കാരനെ ജയിലിലടച്ച് കൊല്ലുന്നു. പ്രതികാരമായി വേലു ചേരിക്ക് നടുവിൽ വച്ച് ഇൻസ്പെക്ടറെ കൊല്ലുന്നു. എല്ലാവരും അയാളെ രക്ഷകനായും നേതാവായും കണക്കാക്കാൻ തുടങ്ങുന്നു. കേൽക്കറുടെ മന്ദബുദ്ധിയായ മകനെ വളർത്താൻ വേലു സഹായിക്കുന്നു.

വേലു വളർത്തച്ഛന്റെ കള്ളക്കടത്തുതൊഴിൽ മറ്റൊരു വളർത്തുമകനായ ശെൽവയുടെ (ജനകരാജ്) സഹായത്തോടെ ഊർജ്ജിതമാക്കുന്നു. വേശ്യാവൃത്തി സ്വീകരിച്ച ഒരു വിദ്യാർത്ഥിനിയായ ലീലയെ (ശരണ്യ) വേലു വിവാഹം കഴിക്കുന്നു. അധോലോകത്ത് വേലുവിന്റെ വളർച്ചയിൽ ഭയപ്പെട്ട് എതിരാളികൾ ലീലയെ കൊല്ലുന്നു. വേലു പ്രതികാരം ചെയ്യുകയും മക്കളായ സൂര്യ, ചാരുമതി എന്നിവരെ ചെന്നൈയിലേക്ക് പറഞ്ഞയക്കുകയും ചെയ്യുന്നു. മുതിർന്ന മക്കൾ (നിഴൽകൾ രവി, കാർത്തിക) തിരിച്ചുവരുമ്പോഴേക്ക് വേലുനായ്ക്കർ അധോലോകരാജാവായി മാറിയിരിക്കുന്നു. സൂര്യ അച്ഛന്റെ പാത പിന്തുടരാനാഗ്രഹിക്കുമ്പോൾ ചാരുമതി നിയമം കൈയിലെടുക്കുന്ന വേലുനായ്ക്കരുടെ രീതിയെ എതിർക്കുന്നു. ഒരിക്കൽ പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൂര്യ കൊല്ലപ്പെടുന്നതോടെ ചാരുമതി അച്ഛനെ വിട്ട് പോകുന്നു.

പുതിയ അസിസ്റ്റന്റ് കമ്മീഷണർ (നാസർ) വേലുനായ്ക്കരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാൻ ഊർജ്ജിതമായി ശ്രമിക്കുന്നു. അയാൾ ചാരുമതിയുടെ ഭർത്താവാണെന്ന് വേലുവിന്‌ മനസ്സിലാകുന്നു. തങ്ങളുടെ ജീവൻ ത്യജിച്ചും ചേരിവാസികൾ നായ്ക്കരെ പോലീസിൽ നിന്ന് രക്ഷിക്കുന്നു. അവരുടെ ദുരിതങ്ങളൊഴിവാക്കാനായി വേലുനായ്ക്കർ സ്വയം പോലീസിന്‌ പിടികൊടുക്കുന്നു. കോടതിയിൽ കൊണ്ടുവരുന്നെങ്കിലും നായ്ക്കരെ രക്ഷകനായി കണക്കാക്കുന്ന ജനങ്ങൾ സാക്ഷി പറയാൻ തയ്യാറാകാത്തതുമൂലം അയാളെ കോടതി വെറുതെവിടുന്നു. നായ്ക്കർ വളർത്തിക്കൊണ്ടുവന്ന ഇൻസ്പെക്ടർ കേൽക്കറുടെ മന്ദബുദ്ധിയായ മകൻ (ടിന്നു ആനന്ദ്) അച്ഛന്റെ കൊലയാളി നായ്ക്കരാണെന്ന് മനസ്സിലാക്കി അയാളെ കോടതിവളപ്പിൽ വച്ച് വെടിവച്ച് കൊല്ലുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

ചിത്രത്തിൽ വേലുനായ്ക്കരെ അവതരിപ്പിച്ച കമലഹാസൻ 1988-ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച നടനുള്ള രജതകമലം നേടി. പി.സി. ശ്രീരാം ഛായാഗ്രഹണത്തിനും തൊട്ട തരണി കലാസംവിധാനത്തിനും ദേശീയപുരസ്കാരങ്ങൾ നേടി. 1988-ൽ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാറിന്‌ ഇന്ത്യ ഈ ചിത്രത്തെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു. എങ്കിലും പുരസ്കാരത്തിന്‌ കണക്കാക്കപ്പെട്ട അഞ്ച് ചിത്രങ്ങളുടെ അവസാന പട്ടികയിൽ നായകന്‌ ഇടം നേടാനായില്ല.

ടൈം മാസിക 2005-ൽ എക്കാലത്തെയും മികച്ച 100 ചലച്ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കിയതിലും നായകൻ ഇടം നേടി.[1] ഇന്ത്യയിൽ നിന്ന് ഈ ചിത്രത്തിന്‌ പുറമെ പ്യാസയും സത്യജിത് റേയുടെ അപുത്രയവും മാത്രമാണ്‌ പട്ടികയിലുണ്ടായിരുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

നായകൻ on IMDb