Jump to content

ധാരാവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധാരാവിയുടെ പ്രവേശന കവാടം
ധരാവിക്കകത്ത്
ധാരാവിൽ മൺപാത്രങ്ങ വിൽപ്പനയ്ക്കു വച്ചിരിക്കുന്നു

മുംബൈ നഗരത്തിലെ ഒരു ചേരിപ്രദേശമാണ് ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയിൽ പത്തുലക്ഷത്തിലധികം ജനങ്ങൾ പാർക്കുന്നു. സെൻട്രൽ മുംബൈയിലെ മാഹിം നദീതീരത്ത് ഏകദേശം 1.75 ച.കി.മീ. വിസ്തൃതിയിൽ ഈ ചേരി വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെതന്നെ വാടക കൂടിയ നഗരങ്ങളിലൊന്നായ മുംബൈയിലെ കുറഞ്ഞ വരുമാനക്കാർക്കും മറ്റു നാടുകളിൽനിന്ന് തൊഴിൽതേടി എത്തിയവർക്കും ഇവിടം അഭയമായി. മുംബൈയിലെ രണ്ട് പ്രധാന സബ്അർബൻ റെയിൽപ്പാതകളായ വെസ്റ്റേൺ, സെൻട്രൽ റെയിൽപ്പാതകൾക്ക് ഇടയ്ക്കാണ് ധാരാവിയുടെ സ്ഥാനം. ഇത് ജോലിക്കു പോകുന്നവർക്കും ചെറുകിട ഉത്പാദകർക്കും സൗകര്യമായിത്തീരുന്നു. വസ്ത്രനിർമ്മാണം, കളിമൺപാത്രനിർമ്മാണം എന്നീ പരമ്പരാഗത ചെറുകിട വ്യവസായങ്ങൾക്കു പുറമേ റീസൈക്ളിങ് വ്യവസായവും ഇവിടെ വൻതോതിലുണ്ട്. കയറ്റുമതിനിലവാരത്തിലുള്ള തുകൽസാധനങ്ങൾ, എംബ്രോയ്ഡറി ചെയ്ത തുണിത്തരങ്ങൾ എന്നിവ ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര കമ്പോളങ്ങളിലും ഇവ വിറ്റഴിയുന്നു. ചേരിയിലെ ഓരോ മുറിയും ഇത്തരം വസ്തുക്കളുടെ ഓരോ ചെറിയ ഉത്പാദക യൂണിറ്റുകളാണ്. 15,000-ൽപ്പരം ഒറ്റമുറി ഫാക്റ്ററികൾ ഇവിടെ ഉള്ളതായി കണക്കാക്കപ്പെടുന്നു.

ചരിത്രം[തിരുത്തുക]

വളരെക്കാലം മുമ്പ്, ധാരാവി ഒരു ചേരിപ്രദേശമായിരുന്നില്ല. അന്ന് ഇതൊരു മുക്കുവ ഗ്രാമമായിരുന്നു. 1909-ൽ പ്രസിദ്ധീകരിച്ച ഗസറ്റിയർ ഒഫ് ബോംബെ ആൻഡ് ഐലൻഡിൽ ധാരാവിയെപ്പറ്റി പരാമർശമുണ്ട്. ബോംബെയിലെ മത്സ്യബന്ധന വിഭാഗക്കാരുടെ വിശാലമായ ആറ് കേന്ദ്രങ്ങളിൽ ഒന്ന് (one of the six great kowliwadas of Bombay) എന്നാണ് അതിൽ പരാമർശിച്ചിരിക്കുന്നത്. അക്കാലത്ത് ധാരാവി ഒരു ചതുപ്പുനിലമായിരുന്നു. കോളി മുക്കുവരായിരുന്നു ഇവിടത്തെ ആദ്യ താമസക്കാർ. അറബിക്കടലിലേക്കു തള്ളിനിന്ന മുനമ്പായിരുന്നു അവരുടെ അധിവാസകേന്ദ്രം. ധാരാവിക്കടുത്ത് സിയോനിൽ (Sion) പണിത ഒരു അണക്കെട്ടുമൂലം വേറിട്ടുകിടന്ന രണ്ട് വ്യത്യസ്ത ദ്വീപുകൾ ക്രമേണ തമ്മിൽ ചേർന്ന് നീണ്ട് വീതികുറഞ്ഞ ഒരു പ്രദേശമായി മാറി. ഇത് ഐലൻഡ് സിറ്റി ഒഫ് ബോംബെയുടെ രൂപീകരണത്തിനു വഴിതെളിച്ചു. നദി വറ്റിവരണ്ടതോടെ മുക്കുവർക്ക് പരമ്പരാഗതരീതിയിലുള്ള ജീവിതമാർഗ്ഗം അന്യമായി. കാലക്രമേണ നികന്ന ചതുപ്പുനിലങ്ങൾ പുറംനാടുകളിൽനിന്നു വന്ന കുടിയേറ്റക്കാർ താവളമാക്കി. ഈ കുടിയേറ്റക്കാരിൽ രണ്ട് വിഭാഗമുണ്ടായിരുന്നു. ഗുജറാത്തിൽനിന്നും കൊങ്കൺപ്രദേശത്തുനിന്നും വന്നവരാണ് ആദ്യ കൂട്ടർ. ഇവരിൽ സൗരാഷ്ട്രയിൽനിന്നു വന്ന കളിമൺപാത്രനിർമ്മാണക്കാരും ഉൾ പ്പെടുന്നു. ധാരാവിയിൽ ഇന്നു കാണുന്ന കുംഭർവാഡകൾ ഇങ്ങനെ നിലവിൽ വന്നവയാണ്. ഏതെങ്കിലും ഒരു പ്രത്യേക തൊഴിലിൽ വൈദഗ്ദ്ധ്യം നേടി ധാരാവിയിലെത്തി സ്ഥിരവാസമുറപ്പിച്ചവരാണ് രണ്ടാമത്തെ കൂട്ടർ. ഉദാഹരണമായി തമിഴ്നാട്ടിൽനിന്ന് ധാരാവിയിലെത്തിയ മുസ്ലിങ്ങളായ തുകൽപ്പണിക്കാർ ഇവിടെ ടാനിങ് വ്യവസായത്തിനു തുടക്കമിട്ടു. ഉത്തർപ്രദേശിൽനിന്നു വന്ന എംബ്രോയ്ഡറിതൊഴിലാളികൾ റെഡിമെയ്ഡ് വസ്ത്രവ്യാപാരം ആരംഭിച്ചു. തമിഴ്നാട്ടിൽനിന്നു വന്ന തൊഴിലാളികൾ ഇവിടെ മുറുക്ക്, ചിക്കി, മൈസൂർപാക്ക് തുടങ്ങിയ പലഹാരങ്ങളുടെ കച്ചവടം തുടങ്ങി. അങ്ങനെ ക്രമേണ പണ്ടത്തെ മുക്കുവഗ്രാമത്തോട് യാതൊരു സാദൃശ്യവുമില്ലാത്ത ഇന്നത്തെ ചേരിപ്രദേശമായി ധാരാവി മാറി.

അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത[തിരുത്തുക]

അടിസ്ഥാന പൊതുജനാരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ കുറവ് ധാരാവി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. കുടിവെള്ളക്ഷാമം വളരെ രൂക്ഷമാണിവിടെ. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മോശപ്പെട്ട ഡ്രെയിനേജ് സംവിധാനവും മൺസൂൺകാലങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ഈ ചേരിയുടെഉദ്ധാരണത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു. സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റി(SRA)യുടെ മേൽനോട്ടത്തിൽ റീഡെവലപ്മെന്റ് ഒഫ് ധാരാവി എന്ന പ്രോജക്റ്റ് 2007 ജൂൺ 1-ന് പ്രവർത്തനമാരംഭിച്ചു. മതിയായ പാർപ്പിടസൗകര്യങ്ങളും ഷോപ്പിങ് ക്ലോംപക്സും ആശുപത്രികളും സ്കൂളുകളും ഒക്കെയുള്ള ഒരു ആധുനിക ടൗൺഷിപ്പ് ആയി ധാരാവിയെ മാറ്റിയെടുക്കാനാണ് ഈ പുനരധിവാസ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധാരാവി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധാരാവി&oldid=3993058" എന്ന താളിൽനിന്ന് ശേഖരിച്ചത്