Jump to content

നാടോടികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ജനവിഭാഗങ്ങളെയാണ് നാടോടികൾ എന്ന് പറയുന്നത്. ഓരോ നാടോടി വിഭാഗത്തിനും സ്വന്തം ജീവിതക്രമവും മര്യാദകളുമുണ്ട്. ഉപജീവനത്തിന് ഇവർ പ്രധാനമായി ആടുമാടുകളെ ആശ്രയിക്കുന്നു. ചുറ്റുപാടുകളിൽ നിന്നുള്ള ഭക്ഷണത്തിന്റെയും സാങ്കേതികതകളുടെയും ലഭ്യതയാണ് നാടോടികളുടെ ഒരു പ്രദേശത്തെ വാസകാലം തീരുമാനിക്കുന്നത്.

നാടോടികൾ പൊതുവേ മൂന്നു തരക്കാരാണ്.

  1. വേട്ടയാടി കൂട്ടുചേർന്നു ജീവിക്കുന്നവർ.
  2. അജപാല നാടോടികൾ,
  3. കച്ചവടക്കാരായ നാടോടികൾ.

പ്രത്യേകതകൾ[തിരുത്തുക]

പ്രാചീനകാലത്ത് ഭക്ഷണം എന്നത് മനുഷ്യൻ സ്വയം വേട്ടയാടി കണ്ടെത്തേണ്ടതാണെന്ന് ഇവർ വിശ്വസിച്ചിരുന്നു. ഇതിൽ ഒരു വിഭാഗം ഇന്നും വേട്ടയാടിയും, പ്രകൃതിയിൽനിന്ന് നേരിട്ട് ഭക്ഷണം ശേഖരിച്ചുമാണ് ജീവിച്ചുപോരുന്നത്. ഇവർ ആദിമ ജനതയുടെ നേർ പിൻമുറക്കാരാണെന്നു പറയാം. അജപാല നാടോടികൾ നിത്യവൃത്തിക്കായി കാലികളെ മേയ്ക്കുന്നവരും അവയുടെ പാലും മറ്റ് വിഭവങ്ങളും ഉപയോഗപ്പെടുത്തി ജീവിക്കുന്നവരുമാണ്. ഇവരുടെ ദേശാടനം പ്രകൃതിയിലെ മാറ്റത്തെ ആശ്രയിച്ചാണ് സംഭവിക്കാറുള്ളത്. കൃഷിയിൽ ഏർപ്പെട്ടും കച്ചവടത്തിലേർപ്പെട്ടും ജീവിക്കുന്ന നാടോടികൾ പൊതുവേ ധാന്യങ്ങൾക്കോ ഭക്ഷണവിഭവങ്ങൾക്കോ വേണ്ടി മാത്രമാണ് കച്ചവടത്തിലേർപ്പെടുന്നത്. വലിയ വിലപിടിപ്പില്ലാത്ത ഉത്പന്നങ്ങളാവും ഇത്തരം നാടോടികളുടെ കച്ചവടവസ്തുക്കൾ. ഇത്തരക്കാരായ നാടോടികളുടെ പ്രത്യക്ഷ ഉദാഹരണം ജിപ്സികളാണ്. ലാടന്മാരും നാടോടി വർഗത്തിൽപ്പെടുന്നവരാണ്.

വിവിധ ദേശങ്ങളിൽ[തിരുത്തുക]

തെക്കേ ആഫ്രിക്കയിലെ സ്റെപ്പി പ്രദേശത്തെ നായാടികൾ, യെമനിലെ ഒട്ടകക്കച്ചവടക്കാരായവർ, കിഴക്കൻ ആഫ്രിക്കയിലെ മസായികൾ, അറേബ്യയിലെ ബദൂയിനുകൾ മുതലായവർ അജപാല നാടോടികളാണ്. ഇവരെല്ലാം പുതിയ മേച്ചിൽസ്ഥലങ്ങൾ അന്വേഷിച്ചു സഞ്ചരിച്ചുകൊണ്ടിരിക്കും. നാടോടികൾ പൊതുവേ പരിഷ്കൃത സമൂഹവുമായി ഇടപഴകുന്നതിൽ വിമുഖരാണ്. നഗരവാസികളെയും പോലീസിനെയുമൊക്കെ ഇവർക്ക് ഭയവും സംശയവുമാണ്. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള യാത്രയിൽ ചട്ടി, കലം, പായ്, തുണി, ധാന്യം, കോഴി, ആടുമാടുകൾ എന്നിവയെല്ലാം കൊണ്ടുപോകാറുണ്ട്. ആത്മാർഥതയുള്ളവരും കഠിനാധ്വാനികളുമാണ് നാടോടികൾ. അമ്പ്, വില്ല് തുടങ്ങിയ ആയുധങ്ങളാണ് ഇവർ പഴയകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പാറക്കൂട്ടങ്ങളിലും കുന്നുകളിലും കയറി തേൻ ശേഖരിക്കുന്ന പതിവും ഇവർക്കിടയിലുണ്ട്. വളർത്തുമൃഗങ്ങൾക്കൊപ്പം സഞ്ചരിച്ച് ജീവിക്കുന്ന നാടോടികൾ പൊതുവേ വ്യാവസായിക രാജ്യങ്ങളിലാണ് കാണപ്പെടാറുള്ളത്. കാലികളെ വളർത്തിയും വിറ്റും ഇവർ ഉപജീവനം കണ്ടെത്തുന്നു.

അജപാല നാടോടികളിൽ ചില വിഭാഗങ്ങളാണ് അബാബ്ദേ, ബിതോയുൻ, അറമ്പ്, ചുക്ചി, കുമാൻ, സുൻഗർ, യൂറേഷ്യൻ അവാർസ്, ഫുനാനിസ്, ഹിംബാ, ഹുൻസ് എന്നിവർ.

ഇന്തോ-ആര്യൻ വിഭാഗത്തിൽപ്പെടുന്ന നാടോടികൾ - ഗുജൻ, മിട്ടാനി, ധംഘാർ, ഋഗ്വേദ ഗോത്രങ്ങൾ, റോമൻ ജിപ്സികൾ. ഇറാനിലെ അലൻസ്, ദാഹീ, ബക്ത്യാരി, ഹെവ്താലിറ്റീസ്, ഹുൻസ, കുചെസ്, പരാസി, പാർത്തിയൻസ്, സാർമാതിയൻസ്, സ്കിത്തിയെൻസ്, കാർമിക്സ്, ഖസാക്സ്, ഖസർസ്, കുചിസ്, കുറുംബര, കുർദ്കുൾ, മാസായ്, മ്ഗ്യാർസ്, മോകൻ എന്നിവരാണ്.

ടുനീഷ്യയിലെ മ്ഗ്യാർസ്, മംഗോളാ, നടൂർ, നെനിറ്റ്സ്, പെഹെൻഗസ്, ഘ്വാഷൈ, സരക്കാറ്റ്സെന്ത, ഏതാനും സോമാലിയ വിഭാഗങ്ങൾ, തിബറ്റുകൾ, തൌബൌ, തുർക്കികൾ, ട്രെക്ബോർഡ്, വുഹു, യോര്യക് മുതലായവരും ഇവരിൽപ്പെടുന്നു.

വളരെ ഇടുങ്ങിയ പ്രദേശം തങ്ങളുടെ സാഹചര്യങ്ങൾക്കൊത്ത് ഉപയോഗപ്പെടുത്തുവാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്. വെള്ളത്തിന്റെ സ്രോതസ്സ്, ചെടികളുടെയും മരങ്ങളുടെയും സാന്നിധ്യം ഒക്കെ വളരെ പെട്ടെന്ന് ഇവർ കണ്ടെത്തുന്നു.

ഏകദേശം 30-40 കോടിയോളം നാടോടികൾ ലോകത്തുള്ളതായി കണക്കാക്കപ്പെടുന്നു. നാടോടികൾ എല്ലാത്തരം സംസ്കാരങ്ങളുടെയും ഭാഗമാണ്. വികസിത-വ്യാവസായിക രാഷ്ട്രങ്ങളിൽ പരമ്പരാഗത നാടോടി സമൂഹങ്ങൾ താരതമ്യേന കുറവാണ്. മധ്യധരണ്യാഴിയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ ബി.സി. 8500-6500 കാലഘട്ടങ്ങളിൽ നാടോടി സമൂഹം ജീവിച്ചിരുന്നതായി ചരിത്രം സൂചിപ്പിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലുണ്ടായ സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളും കൃഷിയിലുണ്ടായ സാങ്കേതിക വളർച്ചയും വ്യവസായങ്ങളുടെ പുരോഗതിയും ഭരണകൂടങ്ങളുടെ നയസമീപനങ്ങളും നാടോടികളെ പരിഷ്കൃത സമൂഹത്തോടു ചേർന്നു നിൽക്കുവാൻ കുറേയൊക്കെ ഇടയാക്കിയിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാടോടികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാടോടികൾ&oldid=3726246" എന്ന താളിൽനിന്ന് ശേഖരിച്ചത്