ദേവകിഭായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്ര ലോകത്തെ ആദ്യകാല നായികമാരിലൊരാളാണ് ദേവകിഭായി[1] . മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമായ മാർത്താണ്ഡവർമയിലെ നായികയാണ് അവർ ചലച്ചിത്രരംഗത്തെത്തിയത്.

ജീവിതരേഖ[തിരുത്തുക]

തഞ്ചാവരൂരിലെ ഒരു ഇടത്തരം ബ്രാഹ്മണ കുടുംബത്തിലാണ് ദേവകിഭായി ജനിച്ചത്. കുടുംബം മദ്രാസിലേയ്ക്ക് കുടിയേറുകയുണ്ടായി. കുട്ടിക്കാലം മുതൽക്ക് തന്നെ നാടകങ്ങളിലഭിനയിച്ചു തുടങ്ങിയ അവർ തമിഴ് നാടകവേദിയിൽ പ്രശസ്തയായിരിക്കവെയാണ് മാർത്താണ്ഡവർമയിൽ അഭിനയിക്കുവാനുള്ള അവസരം വന്നത്. ഈ ചിത്രത്തിൽ ദേവകിഭായി സുഭദ്രയുടെയും സുലേഖയുടെയും വേഷത്തിലും അഭിനയിച്ചു. ചിത്രത്തിൽ സുലേഖയെ പ്രേമിക്കുന്ന ബൈറാം ഖാന്റെ വേഷത്തിലഭിനയിച്ചത് നിർമാതാവ് തന്നെയായ സുന്ദർരാജായിരുന്നു. ഒരു ഘട്ടം വന്നപ്പോൾ സിനിമയിലെ പ്രേമം യഥാർത്ഥ പ്രേമമായി മാറുകയും ഇരുവരും വിവാഹിതരാകുകയും ചെയ്തു.[2]

എന്നാൽ, മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചിത്രമായ വിഗതകുമാരനിലെ നായികയായ പി.കെ. റോസിയുടേതിന് സമാനമായ ഒരു ദുരിതപൂർണ്ണമായ ജീവിതമായിരുന്നു ദേവകിഭായിയെയും കാത്തിരുന്നത്. പകർപ്പവകാശ കരാർ പ്രശ്നത്തിൽ കഥയുടെ വിതരണക്കാരായ കമലാലയ ബുക്ക് ഡിപ്പോക്കാർ പോലീസുമായെത്തി മാർത്താണ്ഡവർമയുടെ പ്രിന്റുകൾ പിടിച്ചെടുത്തു. പൊലീസ് പ്രിന്റ് പിടിച്ചെടുത്തതോടെ സാമ്പത്തികമായി തകർന്ന സുന്ദർരാജിന് കടം വീട്ടാനായി സ്റ്റുഡിയോയായ "രാജരാജേശ്വരി"യും അതിലെ ഉപകരണങ്ങളും ഒടുവിലായി വസ്തുവകകളും വിൽക്കേണ്ടി വന്നു. അതോടെ സുന്ദർരാജിനെയും കുടുംബത്തെയും ബന്ധുക്കൾ കൈയൊഴിഞ്ഞു. സ്വന്തം സമുദായത്തിനു പുറത്തു നിന്ന് ഒരാളെ വിവാഹം ചെയ്തു എന്ന കാരണത്താൽ ദേവകിഭായിയെ അവർ ജനിച്ചുവളർന്ന സമുദായത്തിൽ നിന്നും ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കിയിരുന്നു[1] . ജീവിക്കാൻ വേണ്ടി അവർ മധുരയിലും സിലോണിലുമൊക്കെ അലഞ്ഞു നടന്നു. ഒടുവിൽ തിരുവനന്തപുരത്ത് കണ്ണമൂലയിൽ ഒരു റേഷൻകട തുടങ്ങി. അവിടെ തന്നെ ഒരു കൊച്ചുവീട്ടിൽ വാടകയ്ക്ക് താമസിച്ചു. 1965-ൽ സുന്ദർരാജും 2002-ൽ ദേവകിഭായിയും നിര്യാതരായി.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 എൻ.ജെ., നായർ (2002 മാർച്ച് 18). "ട്രെഷേഡ് ക്യൂരിയോസ്". ദി ഹിന്ദു. മൂലതാളിൽ നിന്നും 2010-12-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മാർച്ച് 5. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 രവീന്ദ്രൻ, കിരൺ. "രണ്ടാം നായികയ്ക്കും ദുരന്തകഥ". ദേശാഭിമാനി. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 മേയ് 12. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ദേവകിഭായി&oldid=3634703" എന്ന താളിൽനിന്ന് ശേഖരിച്ചത്