ദെഹ്ലി ഉർദു അഖ്ബാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദെഹ്ലി ഉർദു അഖ്ബാറിന്റെ താൾ

ഉർദു ഭാഷയിൽ ദില്ലിയിൽ നിന്ന് പുറത്തിറങ്ങിയ ആദ്യത്തെ വർത്തമാനപ്പത്രമാണ് ദെഹലി ഉർദു അഖ്ബാർ (Dehli Urdu Akhbar). 1836-ൽ പ്രസിദ്ധീകരണമാരംഭിച്ച ഇത് 1857 ജൂലൈ 12-ന് അഖ്ബാർ-അൽ-സഫർ എന്ന് പേരുമാറ്റി. 1857 സെപ്റ്റംബർ 13-നാണ് ഇതിന്റെ അവസാനത്തെ പതിപ്പ് പുറത്തിറങ്ങിയത്.[1] ഷിയാ നേതാവായിരുന്ന[2] മൗലവി മുഹമ്മദ് ബഖർ ആയിരുന്നു ഇതിന്റെ എഡിറ്റർ.[1]

ദെഹ്ലി ഉർദു അക്ബാർ ഒരു ബ്രിട്ടീഷ് വിരുദ്ധപത്രമായിരുന്നു. 1857-ലെ ലഹളക്കാലത്ത് ദില്ലിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട പത്രം ഇതായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാലത്ത് ഇത് ആഴ്ചപ്പതിപ്പായാണ് പുറത്തിറങ്ങിയിരുന്നത്. ഈ പത്രത്തിന്റെ 16 ലക്കങ്ങൾ ദില്ലിയിലെ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ പരിരക്ഷിക്കുന്നുണ്ട്.[3]

സ്ഥാപനപശ്ചാത്തലം[തിരുത്തുക]

1835 മാർച്ചിൽ ഡെൽഹി കമ്മീഷണറായിരുന്ന വില്യം ഫ്രേസറെ ഒരു നാട്ടുകാരനായ കുതിരക്കാരൻ കൊലപ്പെടുത്തി. നവാബ് ഷംസുദ്ദീന്റെ ചാരനായ കരിം ഖാൻ എന്നയാളാണ് കൊലപാതകി എന്നു കണ്ടെത്തി. കരീം ഖാനെതിരെയുള്ള നടപടികളെ, വിചാരണാവേളയിൽ, കൊൽക്കത്ത ആസ്ഥാനമായ ഒരു പത്രം ആക്ഷേപിക്കുകയും അങ്ങനെ ബ്രിട്ടീഷുകാർക്കെതിരെ ജനവികാരം ഉയരുകയും ചെയ്തു. 1835 ഒക്ടോബറിൽ കരീംഖാനെ വധശിക്ഷക്ക് വിധേയനാക്കി. ആയിരക്കണക്കിന് മുസ്ലീങ്ങൾ അയാളുടെ ശവമാടത്തിൽ എത്തി അനുശോചനം രേഖപ്പെടുത്തി. ഈ സംഭവമാണ് ദെഹ്ലി ഉർദു അഖ്ബാറിന്റെ പിറവിക്ക് കാരണമായത്.[4]

ഉള്ളടക്കവും നയങ്ങളും[തിരുത്തുക]

മുഗൾ വീക്ഷണത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ദെഹ്ലി ഉർദു അക്ബാറിന്റെ ബ്രിട്ടീഷ് പ്രതിയോഗി ഡെൽഹി ഗസറ്റ് എന്ന പത്രമായിരുന്നു. ഈ പക്ഷപാതിത്വം മൂലം ഒരേ സംഭവത്തിനുതന്നെ വ്യത്യസ്തതരത്തിലുള്ള റിപ്പോർട്ടിങ് ആണ് ഇരുപത്രങ്ങളിലുമുണ്ടായിരുന്നത്.[5]

ദെഹ്ലി ഉർദു അഖ്ബാർ പ്രധാനമായും തദ്ദേശിയരാഷ്ട്രീയവും മതപരമായ കാര്യങ്ങളുമാണ് ചർച്ച ചെയ്തിരുന്നത്. മതപരിവർത്തനം, സൂഫി ആശ്രമങ്ങളിലെ അത്ഭുതസംഭവങ്ങൾ, ഡെൽഹിയിലെ ആഘോഷങ്ങളും അവയ്കിടയിൽ ചിലപ്പോഴുണ്ടാകാറുള്ള സുന്നി ഷിയ കലാപങ്ങൾ തുടങ്ങിയവയെല്ലാം അത് റിപ്പോർട്ട് ചെയ്തു. കൊട്ടാരത്തിലെ സ്ത്രീകളെ അവിഹിതബന്ധത്തിനെതിരെയുള്ള ശിക്ഷയെക്കുറിച്ചുള്ള ഗോസിപ്പുകളും അത് പ്രചരിപ്പിച്ചു. മുഗൾ സഭയിലേയും ഡെൽഹിയിലെ മുസ്ലീം പണ്ഡിതർക്കിടയിലെയും ബ്രിട്ടീഷ് സർക്കാരിലേയും അഴിമതികൾക്കെതിരെ ഈ പത്രം എഴുതിയിരുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർഷാ സഫറിനോട് ഏറെ വിധേയത്വം പുലർത്തിയിരുന്ന പത്രം കൊട്ടാരത്തിലെ ഉദ്യോഗസ്ഥരെയാണ് അഴിമതിക്കും തെറ്റുകൾക്കും വിമർശിച്ചിരുന്നത്.[2]

തങ്ങളുടെ വായനക്കാർക്ക് സാന്മാർഗികോപദേശങ്ങൾ നൽകി തിന്മയിൽനിന്ന് അവരെ അകറ്റുക എന്നതായിരുന്നു ദെഹ്ലി ഉർദു അക്ബാറിന്റെ പ്രഖ്യാപിതലക്ഷ്യം. വ്യക്തിപരമായ ഗോസിപ്പുകൾ കൊണ്ട് എഡിറ്ററുടെ മതപരമായ വീക്ഷണങ്ങളെ അനുഗമിക്കാത്ത മാന്യന്മാരെ അധിക്ഷേപിക്കുന്ന ഒരു വൃത്തികെട്ട പത്രമായിരുന്നു ദെഹ്ലി ഉർദു അക്ബാർ എന്നാണ് എതിർചേരിയിലുള്ള മറ്റൊരു ഉർദു പത്രം അതിനെക്കുറിച്ച് വിലയിരുത്തുന്നത്.[5]

എഡിറ്ററായ മൗലവി മുഹമ്മദ് ബഖറുടെ പുത്രനും കവിയുമായ മുഹമ്മദ് ഹുസൈൻ ആസാദ്, ദില്ലിയിലെ കവിസമ്മേളനങ്ങളിൽ (മുശൈറകൾ) ചൊല്ലപ്പെടുന്ന കവിതകൾ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കവിതാരംഗത്തെ സൗഖ് - ഗാലിബ് വൈരത്തിൽ പത്രം സൗഖിന്റെ പക്ഷത്തായിരുന്നു നിന്നിരുന്നത്. സൗഖ് ആസാദിന്റെ ഗുരുവും, ബഖറുടെ സുഹൃത്തുമായിരുന്നു. ചൂതാട്ടത്തിന്റെ പേരിൽ ഗാലിബ് ഒരിക്കൽ തടവിലായപ്പോൾ ആ സംഭവം വളരെ വിശദീകരിച്ച് ദെഹ്ലി ഉർദു അഖ്ബാർ റിപ്പോർട്ട് ചെയ്തിരുന്നു.[2]

ഡെൽഹിക്ക് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് അക്ബാറിൽ വളരെ വിരളമായേ പരാമർശിക്കാറുള്ളൂ. ഉണ്ടെങ്കിൽത്തന്നെ അത് ഹിന്ദുസ്ഥാനിലെ മറ്റു പട്ടണങ്ങളെക്കുറിച്ചും പരമാവധി കൽക്കത്ത വരെയുമായിരുന്നു. 1840-കളിലെ മൊത്തം പത്രമെടുത്താൽ അതിൽ ബ്രിട്ടൻ എന്ന പേര് വെറും 7 വട്ടം മാത്രമേ പരാമർശിച്ചിട്ടുള്ളൂ. ഇസ്ലാമികരാജ്യങ്ങളായിരുന്ന ഈജിപ്തിനെക്കുറിച്ചും പേർഷ്യയെക്കുറിച്ചും വളരെക്കൂടുതൽ പരാമർശമുണ്ട്.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 "നേറ്റീവ് ന്യൂസ്പേപ്പേഴ്സ് 1857". സൗത്ത് ഏഷ്യൻ റിസർച്ച് സെന്റർ ഫോർ അഡ്വെർട്ടൈസ്മെന്റ്, ജേണലിസം & കാർട്ടൂൺസ്. ശേഖരിച്ചത് 2013 ജനുവരി 21. Check date values in: |accessdate= (help)
  2. 2.0 2.1 2.2 ലാസ്റ്റ് മുഗൾ[൧], താൾ: 86
  3. ഷിറീൻ മൂസ്വി (2007 ഏപ്രിൽ 29). "റിബൽ ജേണലിസം: ദെഹ്ലി ഉർദു അഖ്ബാർ, മേയ് - സെപ്റ്റംബർ 1857". പീപ്പിൾസ് ഡെമോക്രസി (ഭാഷ: ഇംഗ്ലീഷ്). ദില്ലി. മൂലതാളിൽ (html) നിന്നും 2012-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജനുവരി 21. Check date values in: |accessdate= and |date= (help)
  4. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "4 - കാഠ്മണ്ഡു ആൻഡ് ഡെൽഹി (Kathmandu and Delhi), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 125. ISBN 019579415 X. ശേഖരിച്ചത് 2012 നവംബർ 17. Check date values in: |accessdate= and |year= (help)
  5. 5.0 5.1 ലാസ്റ്റ് മുഗൾ,[൧] താൾ: 85
  6. ലാസ്റ്റ് മുഗൾ[൧], താൾ: 87

ഗ്രന്ഥങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദെഹ്ലി_ഉർദു_അഖ്ബാർ&oldid=3634696" എന്ന താളിൽനിന്ന് ശേഖരിച്ചത്