ഹിന്ദുസ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുസ്ഥാൻ എന്ന വാക്ക് കൊണ്ട് ഇന്ന് പൊതുവേ ഇന്ത്യ എന്ന രാജ്യത്തെയാണ്‌ അർത്ഥമാക്കുന്നത്. മുൻ‌കാലങ്ങളിൽ ഇതിന്റെ ഉപയോഗം വ്യത്യസ്തമായിരുന്നു[1].

പഞ്ചാബ്, ഹരിയാണ, ഗംഗക്കും യമുനക്കും ഇടയിലുള്ള ഭൂപ്രദേശങ്ങൾ എന്നിവയെ സൂചിപ്പിക്കാനാണ്‌ പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ ചരിത്രകാരനായിരുന്ന മിൻ‌ഹാജ് ഇ സിറാജ് ഹിന്ദുസ്ഥാൻ എന്ന് ഉപയോഗിച്ചിരുന്നത്. അതായത് ദില്ലി സുൽത്താന്റെ അധികാരപരിധിയിലുള്ള ഭൂപ്രദേശങ്ങളെയാണ്‌ ഹിന്ദുസ്ഥാൻ എന്ന് അന്ന് വിളിച്ചിരുന്നത്. ദില്ലി സുൽത്താന്റെ സാമ്രാജ്യം വികസിക്കുന്നതിനൊപ്പം ഹിന്ദുസ്ഥാന്റെ വ്യാപ്തിയും വർദ്ധിച്ചുവെങ്കിലും ദക്ഷിണേന്ത്യ ഇതിൽ ഒരിക്കലും ഉൾപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ഇതിനും നൂറ്റാണ്ടുകൾക്ക് മുൻപു തന്നെ ബ്രുഹസ്പതി ആഗമത്തിൽ ഹിന്ദുസ്ഥാൻ എന്നു ഉപയൊഗിച്ചിരുന്നതായി കാണാം. ഇതു പ്രകാരം ഹിമാലയത്തിനു തെക്കും ഇന്ത്യൻ മഹാസമുദ്രത്തിനു വടക്കും ഉള്ള ഭൂപ്രദേശമാണു ഹിന്ദുസ്ഥാൻ, ഇതിൽ കേരളവും പെടും. പിന്നീട് ഇന്ത്യക്കാർ ഈ പദം സ്വീകരിച്ചു. മഹാത്മാ ഗാന്ധിയുടെ ഹിന്ദവി സ്വരാജ് , ഡോക്റ്റർ അംബേദ്കരുടെ പാകിസ്താൻ അതവാ ഭാരതവിഭജനം , ജവഹർലാൽ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തൽ എന്നീ പുസ്തകങ്ങളിൽ ഹിന്ദുസ്ഥാൻ എന്നുപയോഗിച്ചിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രത്തേയും ജീവജാലങ്ങളേയും ജനങ്ങളുടെ സംസ്കാരത്തേയും വിശദീകരിക്കുന്നതിന്‌ ബാബർ ഹിന്ദുസ്ഥാൻ എന്ന പദം ഉപയോഗിച്ചു.

ഇന്നത്തെ ഇന്ത്യൻ സംസ്ഥാനങ്ങളായ ഹരിയാണ, ഡെൽഹി, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശിന്റെയും ബിഹാറിന്റെയും ചില ഭാഗങ്ങൾ എന്നിവയുൾപ്പെടുന്ന ഹിന്ദുസ്ഥാനി ഭാഷ സംസാരിക്കുന്ന ഉത്തരേന്ത്യൻ മേഖലകളാണ് ഹിന്ദുസ്ഥാൻ എന്നപേരിൽ പരാമർശിക്കപ്പെടുന്നത് എന്നാണ് മറ്റൊരു നിർവചനം. ആധുനികകാലത്ത് ഈ മേഖല കൗ ബെൽറ്റ് എന്നും അറിയപ്പെടുന്നു. ഹിന്ദുസ്ഥാൻ എന്നത് ഒരൊറ്റ രാഷ്ട്രീയമേഖലയാണെന്നും ദില്ലി അതിന്റെ കേന്ദ്രമാണെന്നും ഉള്ള നല്ല ധാരണ അവിടത്തെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 1, Page 3, ISBN 817450724
  2. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 21. ഐ.എസ്.ബി.എൻ. 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4.  ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=ഹിന്ദുസ്ഥാൻ&oldid=2584385" എന്ന താളിൽനിന്നു ശേഖരിച്ചത്