തോമസ് ഡി ക്വിൻസി
തോമസ് ഡി ക്വിൻസി ഇംഗ്ലീഷ് സാഹിത്യകാരനായിരുന്നു. 1785 ഓഗസ്റ്റ് 15-ന് മാഞ്ചസ്റ്ററിൽ ജനിച്ചു. ബാത്ത് ഗ്രാമർ സ്കൂൾ, മാഞ്ചസ്റ്റർ ഗ്രാമർ സ്കൂൾ, ഓക്സ്ഫോഡിലെ ബാഴ്സ്റ്റർ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബിരുദമെടുക്കാതെ കോളജ് വിദ്യാഭ്യാസം അവസാനിപ്പിച്ചു. 1817-ൽ മാർഗരറ്റ് സിംപ്സനെ വിവാഹം കഴിച്ചു. അഞ്ച് ആൺമക്കളും മൂന്നുപെൺമക്കളും ഈ ബന്ധത്തിൽ ജനിച്ചു. 1804-ൽ കറുപ്പിനടിമയായത് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തി. 1809-ൽ ഗ്രാസ്മിയറിൽ താമസമാക്കുകയും വേഡ്സ്വർത്ത്, കോൾറിജ്, സതേ എന്നീ ഇംഗ്ലീഷ് റൊമാന്റിക് കവികളുമായി അടുത്ത മൈത്രീബന്ധം സ്ഥാപിക്കുകയും ചെയ്തു. വെസ്റ്റ്മോർലാൻഡ് ഗസറ്റ്, ലണ്ടൻ മാഗസിൻ, സാറ്റർഡേ പോസ്റ്റ്, ഈവനിംഗ് പോസ്റ്റ്, ബ്ലാക് വുഡ്സ് മാഗസിൻ, ടെയ്റ്റ്സ് മാഗസിൻ എന്നീ ആനുകാലികങ്ങൾക്കു വേണ്ടി ലേഖനങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. 1828-ൽ എഡിൻബറോയിലേക്കു താമസം മാറ്റി.
പത്രപ്രവർത്തനവും സാഹിത്യസൃഷ്ടിയും
[തിരുത്തുക]ലാംബ്, ഹാസ്ലിറ്റ് എന്നീ മഹാരഥന്മാരോടൊപ്പം പത്രപ്രവർത്തനത്തെ ഒരു സാഹിത്യസൃഷ്ടിയുടെ നിലവാരത്തിലേക്ക് ഉയർത്തിയതാണ് തോമസ് ഡി ക്വിൻസിയുടെ മഹത്തായ സംഭാവനകളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ബ്ലാക് വുഡ്സ് മാഗസിൻ, ടെയ്റ്റ്സ് മാഗസിൻ, ലണ്ടൻ മാഗസിൻ എന്നീ ആനുകാലികങ്ങൾക്കുവേണ്ടിയായിരുന്നു ഇദ്ദേഹം കൂടുതലും എഴുതിയത്. മനുഷ്യസ്വഭാവത്തിന്റെ സൂക്ഷ്മനിരീക്ഷണവും, വിഷയത്തിന്റെ വിശദാംശങ്ങളിൽപ്പോലും ചെലുത്തുന്ന ശ്രദ്ധയും ഇദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കാം.
കറുപ്പുതീനി
[തിരുത്തുക]ഡി ക്വിൻസിയുടെ കൃതികളിൽ ഏറ്റവും ശ്രദ്ധേയമായത് 1822-ൽ പ്രസിദ്ധീകരിച്ച കൺഫെഷൻസ് ഒഫ് ആൻ ഇംഗ്ലീഷ് ഓപ്പിയം ഈറ്റർ ആയിരുന്നു. സാഹചര്യവശാൽ താൻ കറുപ്പിനടിമപ്പെട്ടതും വളരെയധികം ദുരിതങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും ശേഷം അതിൽനിന്നു മോചനം നേടിയതും ഹൃദയാവർജകമായ ഭാഷയിൽ വിവരിക്കുന്ന ഈ കൃതിക്ക് കുമ്പസാരസാഹിത്യശാഖയിൽ (Confessional Literature) നിസ്തുലമായ സ്ഥാനമാണുള്ളത്. ആരോടും പരിഭവമില്ലാതെയും ഒന്നും ഒളിച്ചുവയ്ക്കാതെയും തന്റെ ജീവിതത്തിലെ നിർണായകമായ ഒരു ഘട്ടത്തിലെ സംഭവവികാസങ്ങളും അനുഭവങ്ങളും സ്വന്തം മനസ്സിന്റെ വിമലീകരണത്തിനെന്നോണം തുറന്നുപറയുന്ന ഗ്രന്ഥകർത്താവിന്റെ സത്യസന്ധതയും ആത്മാർഥതയും വായനക്കാരെ ഹഠാദാകർഷിക്കുകയുണ്ടായി. സ്വന്തം മനഃശാസ്ത്രത്തിലുള്ള ഗ്രന്ഥകർത്താവിന്റെ താത്പര്യമാണ് കൃതിയുടെ മൗലികതയുടെ അടിസ്ഥാനം. ആധുനികകാലത്തെ ഫ്രോയ്ഡിയൻ മാനദണ്ഡങ്ങൾ വച്ചു വിലയിരുത്തിയാൽ മാനസികാവസ്ഥകളിലേക്കും ബോധതലങ്ങളിലേക്കും (States of mind and levels of consciousness) ഇദ്ദേഹം നടത്തുന്ന അന്വേഷണങ്ങൾ തുലോം പ്രാഥമികമായിത്തോന്നാമെങ്കിലും പ്രതിപാദനത്തെ സുവിശദവും സുവ്യക്തവുമാക്കുന്നതിൽ അവ വഹിക്കുന്ന പങ്കു ചെറുതല്ല.
അനുസ്മരണ കുറിപ്പുകൾ
[തിരുത്തുക]കോൾറിജ്, സതേ, വേഡ്സ് വർത്ത്, വേഡ്സ് വർത്തിന്റെ സഹോദരി ഡോറതി എന്നിവരെക്കുറിച്ചുള്ള ഡി ക്വിൻസിയുടെ സ്മരണകൾ ഇംഗ്ലീഷ് കാല്പനികതയുടെ ചരിത്രത്തിൽ വിലപ്പെട്ട സംഭാവനകളാണ്. ഈ അനുസ്മരണക്കുറിപ്പുകൾ റെമിനിസൻസസ് ഒഫ് ദി ഇംഗ്ലീഷ് ലേക് പൊയറ്റ്സ് എന്ന പേരിൽ ഡേവിഡ് റൈറ്റ് 1961-ൽ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. ഈ സാഹിത്യനായകന്മാരെക്കുറിച്ചുള്ള സൂക്ഷ്മവും സത്യസന്ധവുമായ ചിത്രീകരണമാണ് ഈ രചനകളിൽ കാണുന്നത്. വേഡ്സ് വർത്തിനെക്കുറിച്ച് ഡി ക്വിൻസിക്കുള്ള അപ്രീതി ചില കുറിപ്പുകളിൽ വെളിവാകുന്നുണ്ട്. കോൾറിജുമായുള്ള ബന്ധത്തിൽ നിന്നാണ് ജർമൻ അതിഭൗതികവാദത്തിൽ (German meta physics) ഡി ക്വിൻസിക്ക് താത്പര്യം ഉടലെടുത്തത്. ജർമൻ ദാർശനികനായ കാന്റിനെ ഇംഗ്ലീഷ് വായനക്കാർക്കു പരിചയപ്പെടുത്തിക്കൊടുക്കാൻ തീരുമാനിക്കുന്നിടത്തോളം ഈ താത്പര്യം വളരുകയുണ്ടായി.
മറ്റുകൃതികൾ
[തിരുത്തുക]- ദ് ലോജിക് ഒഫ് പൊളിറ്റിക്കൽ ഇക്കണോമി (1844)
- ചൈന (1857)
- ഷെയ്ക്സ്പിയർ: എ ബയോഗ്രഫി (1864)
തുടങ്ങിയ ചില ഗ്രന്ഥങ്ങൾ കൂടി ഡി ക്വിൻസിയുടെ സംഭാവനയായി ലഭിച്ചിട്ടുണ്ട്. 1859 ഡിസംബർ 8-ന് ഇദ്ദേഹം അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.kirjasto.sci.fi/quincey.htm Archived 2014-10-10 at the Wayback Machine.
- http://www.queensu.ca/english/tdq/ Archived 2009-04-14 at the Wayback Machine.
- http://www.1911encyclopedia.org/Thomas_De_Quincey
- http://www.encyclopedia.com/topic/Thomas_De_Quincey.aspx
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡി ക്വിൻസി, തോമസ് (1785 - 1859) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |