Jump to content

തിപിടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിപിടകം

ബൗദ്ധസാഹിത്യകൃതി , ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥമാണ് തിപിടകം. ബുദ്ധോപദേശങ്ങളെ സമാഹരിച്ച് ബി.സി. 3-ആം നൂറ്റാണ്ടിൽ പാലിഭാഷയിലെഴുതിയ തിപിടകത്തിൽ ചൊല്ലുകൾ, കവിതകൾ, ചെറുവിവരണങ്ങൾ, സംവാദങ്ങൾ എന്നിവ ഉണ്ട്. പേടകം എന്ന അർഥത്തിലാണ് പിടകം എന്ന് പ്രയോഗിച്ചിരിക്കുന്നത്. പിടക സാഹിത്യത്തിലെ പ്രധാന ഗ്രന്ഥസമുച്ചയങ്ങൾ

  • വിനയപിടകം
  • സുത്തപിടകം
  • അഭിധമ്മപിടകം എന്നിവയാണ്.

വിനയപിടകം

[തിരുത്തുക]

പിടകഗ്രന്ഥശാഖയിലൊന്നാമത്തേതായ വിനയപിടകത്തിൽ പരിവ്രാജികന്മാരുടെ ദിനചര്യകളും ഐതിഹ്യങ്ങൾ, ഉപന്യാസങ്ങൾ എന്നിവയും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബുദ്ധമതാനുയായികളെ ഗൃഹസ്ഥന്മാരെന്നും പരിവ്രാജികരെന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു. വിനയപിടകത്തിന് നാല് ഉപവിഭാഗങ്ങളാണുള്ളത്.

  1. പാടിമൊഖ
  2. സുത്തവിഭാഗ
  3. ഖണ്ഡക
  4. പരിഹാര എന്നിവയാണവ.

ഇവയിൽ പാടിമൊഖയ്ക്കാണ് വിനയപിടകത്തിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം കല്പിച്ചിട്ടുള്ളത്. ഇതിനെ കേന്ദ്രബിന്ദുവാക്കിയാണ് മറ്റുവിഭാഗങ്ങൾ അവതരിപ്പിക്കുന്നതു തന്നെ. സുത്തവിഭാഗയിൽ ഭിക്ഖു, ഭിക്ഖുനി എന്നിങ്ങനെ ഉപവിഭാഗങ്ങൾ കാണുന്നു. ഖണ്ഡകം എന്ന ഒന്നാം ഉപവിഭാഗത്തൽ മഹാവഗ്ഗ, ചുല്ലവഗ്ഗ എന്നിങ്ങനെ വിഭജനം കാണുന്നു. അവസാനത്തെ ഉപവിഭാഗമായ പരിഹാര സിലോണിലെ ഒരു ബുദ്ധഭിക്ഷു രചിച്ചതായാണു പറയപ്പെടുന്നത്. ചോദ്യോത്തരരൂപത്തിലുള്ള ഇതിന്റെ ഉള്ളടക്കം പ്രധാനമായും മറ്റുവിഭാഗങ്ങളിൽ പറഞ്ഞ സിദ്ധാന്തങ്ങൾതന്നെയാണ്.

സുത്തപിടക

[തിരുത്തുക]

ബുദ്ധമത തത്ത്വങ്ങൾ പ്രതിപാദിക്കുന്ന 'സുത്തപിടക'മാണ് ഏറ്റവും വലിയ വിഭാഗം. 'നിർവാണ'ത്തിന്റെ തത്ത്വങ്ങളും ബുദ്ധധർമങ്ങളും ഇതിൽ പ്രതിപാദിക്കുന്നു. ഇതിന് 5 ഉപവിഭാഗങ്ങളുണ്ട്.

  1. ദീഘനികായം
  2. മത്സനികായം
  3. അംഗുത്തരനികായം
  4. സംയുക്തനികായം
  5. ഖുദ്ദകനികായം

എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

ദീഘനികായം

[തിരുത്തുക]

ദീഘനികായത്തിൽ 34 ദീർഘ സംവാദങ്ങളും അടങ്ങിയിരിക്കുന്നു.

മത്സനികായം

[തിരുത്തുക]

മത്സനികായത്തിൽ 152 ലഘു സംവാദങ്ങളും കഥാകഥനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

അംഗുത്തനികായം

[തിരുത്തുക]

അംഗുത്തരനികായം 2300-ഓളം സൂക്തങ്ങൾ വിവരിക്കുന്നു.

സംയുക്തനികായം

[തിരുത്തുക]

സംയുക്തനികായത്തിലും 2889 സൂക്തങ്ങളുടെ വിവരണമാണ്.

കുദ്ദകനിയാകം

[തിരുത്തുക]

അവസാനവിഭാഗമായ ഖുദ്ദകയിൽ ധമ്മപദം, സുത്തനിപാദ, പേതവത്തു, ജാതകങ്ങൾ, നിദ്ദേസം, പടിസംഭിദാഗ്ഗം, അപാദാനം, ചരിയാപിടക, ബുദ്ധവംശം എന്നിവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നു. ഇതിലെ ജാതക വിഭാഗത്തിൽ ബുദ്ധദേവനെപ്പറ്റിയുള്ള 550 പൂർവകഥകൾ പ്രതിപാദിക്കുന്നു.

അഭിധർമ്മപിടകം

[തിരുത്തുക]

മൂന്നാമത്തെ തിപിടകമായ അഭിധമ്മപിടകത്തിന് ഏഴ് ഉപവിഭാഗങ്ങളുണ്ട്:

  1. ധമ്മസംഗണി
  2. വിഭംഗ
  3. കഥാവത്തു
  4. പുഗ്ഗലപന്നത്തി
  5. ധാതുകഥ
  6. യമകം
  7. പഥാനം എന്നിവ.

ധർമ്മസംഗണി

[തിരുത്തുക]

ഈ വിഭാഗങ്ങളിൽ മനുഷ്യമനസ്സിന്റെ അവസ്ഥാന്തരങ്ങളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്.

കഥവത്തു

[തിരുത്തുക]

കഥാവത്തുവിലാകട്ടെ, 252 അപസിദ്ധാന്തങ്ങളുടെ ആഖ്യാനമാണ് നടത്തിയിരിക്കുന്നത്.

പുഗ്ഗലപന്നത്തി

[തിരുത്തുക]

നാലാമത്തെ വിഭാഗമായ പുഗ്ഗലപന്നത്തിയിൽ ബുദ്ധചര്യയിലെ പ്രഗല്ഭരായവരുടെ സ്തുതിഗീതങ്ങളാണ്. കൂടാതെ പഞ്ചശീലങ്ങളും സദ്പ്രവൃത്തികളും വർണിക്കുന്നു. വാക്കും പ്രവൃത്തിയും അനുസരിച്ച് മനുഷ്യസ്വഭാവത്തെ 25 വിഭാഗങ്ങളായി വർണിച്ചിരിക്കുന്നു.

ധാതുകഥ

[തിരുത്തുക]

അവസാനത്തെ മൂന്നുവിഭാഗങ്ങളിലും മനഃശാസ്ത്രപരമായ വസ്തുതകളുടെ ഹ്രസ്വവിവരണങ്ങളാണ് പ്രതിപാദ്യം. ബുദ്ധമത തത്ത്വങ്ങളിൽ പ്രധാനമായിട്ടുള്ള ജീവിതം ദുഃഖമാണെന്നും നിരാത്മകമാണെന്നും ഉള്ള ഉദ്ബോധനത്തേയും, സദ്ചിന്തയും സദ്പ്രവൃത്തിയുമാണ് ബുദ്ധമതാനുയായികൾ ആചരിക്കേണ്ടതെന്നും, അഹിംസാവ്രതം ഏറ്റവും അനുഷ്ഠിക്കേണ്ടതാണെന്നും, നീ നിന്റെ തന്നെ വെളിച്ചമാകണമെന്നും ഉള്ള പ്രധാന ഉപദേശങ്ങളേയും അങ്ങേയറ്റം ലളിതമായ പാലി ഭാഷയിൽ സാധാരണക്കാരായ അനുവാചകർക്ക് മനസ്സിലാക്കാനും ഉപകരിക്കാനും ഉദ്ദേശിച്ച് തിപിടകയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ബുദ്ധമത തത്ത്വങ്ങളുടെ ക്രോഡീകരണം

[തിരുത്തുക]

ബുദ്ധമത തത്ത്വങ്ങളുടെ വിവിധരീതിയിലുള്ള ക്രോഡീകരണമാണ് തിപിടകയിൽ കാണപ്പെടുന്നത്. സുത്തയിൽ ഗദ്യം മാത്രവും ഗേയ്യയിൽ, ഗദ്യവും പദ്യവും ഗാഥയിൽ ശ്ളോകങ്ങൾ മാത്രവും ഉദാനയിൽ ശിലാരേഖകളും ഇതിവുത്തകയിൽ ചെറുവിവരണങ്ങളും ജാതകയിൽ മുൻജന്മങ്ങളിലെ അവതാരരഹസ്യങ്ങളും ആണ് വെളിപ്പെടുത്തുന്നത്. ഇത് നമുക്കു മനസ്സിലാക്കിത്തരുന്ന ഒരു ചരിത്രസത്യം, തിപിടക പ്രസിദ്ധീകരിക്കുന്ന സമയം ബുദ്ധന്റെ എല്ലാകാലങ്ങളിലുമുള്ള ധർമോപദേശങ്ങളും നിലവിലുണ്ടായിരുന്നു എന്നതാണ്.

അശോക ചക്രവർത്തിയുടെ കാലഘട്ടത്തിലെ ലിപികളും രണ്ടാം നൂറ്റാണ്ടിലെ ശിലാലിഖിതങ്ങളും (ബാർഹട്ട്, സാഞ്ചി, തുടങ്ങിയവയിലെ ലിഖിതങ്ങളും) കാണപ്പെടുന്നതിനാൽ ധർമപിടകയും, വിനയപിടകയും മയൂരശുംഗ വംശങ്ങൾക്കു മുൻപാകണം എന്നും അനുമാനിക്കപ്പെടുന്നു.

അഭിധമ്മയ്ക്കാണ് ഏറെ പഴക്കം കല്പിക്കപ്പെട്ടിട്ടുള്ളത്. അശോകന്റെ കാലഘട്ടത്തിന് തൊട്ടുമുൻപുള്ളവയാണ് മഹാവഗ്ഗ, ചുല്ലവഗ്ഗ എന്നിവയും, അവയിലെ അഞ്ച് നികായങ്ങളും. കഥാവത്തുവിലെ ധർമോപദേശങ്ങൾ ടിസാ ഗോപുരത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

വിവർത്തനങ്ങൾ

[തിരുത്തുക]

തിബത്തൻ ഭാഷയിലും ചൈനീസിലും തിപിടകത്തിന് വിവർത്തനങ്ങളുണ്ടായിട്ടുണ്ട്. സംസ്കൃതത്തിൽ ഇതിനെ ഉപോദ്ബലകമായി സ്വീകരിച്ചുകൊണ്ട് സ്വതന്ത്രകൃതികളും മഹാവസ്തു,ദിവ്യാവദാന, ലളിതവിസ്തര എന്നിങ്ങനെയുള്ള കൃതികളും ത്രിപിടകം സംസ്കൃത വിവർത്തനവും ഉണ്ടായിട്ടുണ്ട്. 'പാലി ടെക്സ്റ്റ് ബുക്ക് സൊസൈറ്റി' ഇവയുടെ ഇംഗ്ലീഷിലുള്ള പരിഭാഷയും തയ്യാറാക്കിയിട്ടുണ്ട്. ദേവനാഗരിയിൽ തിപിടകം ആധുനിക കാലത്ത് പ്രസിദ്ധീകരിച്ചത് ജഗദീഷ് കാശ്യപ് ആണ്. നാൽപതു വാല്യങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്. നളന്ദയിൽ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1926-ൽ സയാമീസ് ഭാഷയിലും സിംഹളീസിലും 1954-ൽ ബർമീസ് ഭാഷയിലും ഇതിന് പുതിയ പതിപ്പുകളിറങ്ങിയിട്ടുണ്ട്. കംബോഡിയനിലും ജാപ്പനീസ് ഭാഷയിലും ഇതു വിവർത്തനം ചെയ്തിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിപിടകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിപിടകം&oldid=3633805" എന്ന താളിൽനിന്ന് ശേഖരിച്ചത്