തലചുറ്റൽ
തലചുറ്റൽ | |
---|---|
സ്പെഷ്യാലിറ്റി | ഓട്ടോറൈനോലാറിംഗോളജി, ന്യൂറോളജി, audiologist, speech and language therapist |
തലയും കണ്ണിൽപ്പെടുന്ന എല്ലാ വസ്തുക്കളും കറങ്ങുന്നതായി തോന്നുന്ന അവസ്ഥയാണ് തലചുറ്റൽ. തലചുറ്റൽ ഉണ്ടാകുമ്പോൾ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് വീഴുകയോ വീണുപോകുമെന്ന് തോന്നുകയോ ചെയ്യുന്നു. ചില രോഗങ്ങളുടെ ലക്ഷണമായും ക്ഷീണം മൂലവും തലചുറ്റൽ അനുഭവപ്പെടാം. നിമിഷനേരത്തേക്ക് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും തലച്ചോറിൽ ഓക്സിജൻ ലഭ്യമല്ലാതാവുകയും ചെയ്യുന്നതുമൂലം തലചുറ്റൽ അനുഭവപ്പെടാറുണ്ട്. ഉദാ. കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന അവസ്ഥയിൽ നിന്ന് പെട്ടെന്ന് ചാടി എഴുന്നേൽക്കുമ്പോൾ നൈമിഷികമായി തലചുറ്റൽ അനുഭവപ്പെടാറുണ്ട്. സ്ഥാനികമായ താഴ്ന്ന രക്തസമ്മർദമാ(postural hypotension)ണിതിനു കാരണം.[1] പ്രായമേറിയവരിലും ഉയർന്ന രക്തസമ്മർദത്തിനുള്ള ഔഷധങ്ങൾ സേവിക്കുന്നവരിലും ആണ് ഇത് സാധാരണയായി ഉണ്ടാകുന്നത്. തലച്ചോറിലേക്കുള്ള ധമനികളിൽ താത്ക്കാലികവും ഭാഗികവുമായി തടസ്സം ഉണ്ടാകുന്ന ക്ഷണിക രക്തക്കുറവും (transient ischaemic attack)[2] തലചുറ്റലിനു കാരണമാകാറുണ്ട്. ആയാസം, ക്ഷീണം, പനി, വിളർച്ച, ഹൃദയപേശികളുടെ തകരാറുകൾ, ഹൈപോഗ്ലൈസീമിയ (രക്തത്തിൽ പഞ്ചസാരയുടെ അളവു കുറയുക), മസ്തിഷ്ക രക്തസ്രാവം എന്നിവയാണ് മറ്റു കാരണങ്ങൾ.
കാരണങ്ങൾ
[തിരുത്തുക]ആന്തരികകർണത്തിന്റേയോ ശ്രവണനാഡിയുടേയോ, മസ്തിഷ്ക കാണ്ഡത്തിന്റേയോ തകരാറുകൾ മൂലമുണ്ടാകുന്ന തലചുറ്റലാണ് വെർട്ടിഗോ (vertigo).[3] ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിറുത്തുന്ന ആന്തരികകർണ ഭാഗങ്ങൾക്കുണ്ടാകുന്ന തകരാറുകളായ ലാബ്രിന്തൈറ്റിസ് (Labrynthitis),[4] മെനിയേഴ്സ് രോഗം (Meniere's disease)[5] എന്നിവ തലചുറ്റലിനും മനംപിരട്ടൽ, ഛർദ്ദി എന്നിവയ്ക്കും കാരണമാകാറുണ്ട്. വൈറൽബാധമൂലം ചർമ്മലാബ്രിന്തിന് ഉണ്ടാകുന്ന വീക്കമാണ് ലാബ്രിന്തൈറ്റിസ്. പ്രായമേ റുമ്പോൾ ആന്തരകർണ ഭാഗങ്ങൾക്കുണ്ടാകുന്ന സ്വാഭാവിക അപചയമാണ് മെനിയേഴ്സ് രോഗത്തിനു കാരണം. ശ്രവണനാഡിക്കുണ്ടാവുന്ന വീക്കം (acoustic neuroma),[6] മസ്തിഷ്ക ചർമ വീക്കം (meningites)[7] എന്നീ ശ്രവണനാഡി രോഗങ്ങൾ തലചുറ്റലുണ്ടാക്കാറുണ്ട്. ചെന്നിക്കുത്ത് (migraine),[8] മസ്തിഷ്ക കാണ്ഡത്തിൽ സമ്മർദം ചെലുത്തുന്ന മസ്തിഷ്ക ട്യൂമറുകൾ, കഴുത്തിനും സുഷുമ്നയ്ക്കും ഉണ്ടാകുന്ന വാതം (cervical osteo arthritis),[9] മസ്തിഷ്ക കാണ്ഡത്തിലേക്കുള്ള രക്തയോട്ടക്കുറവ് (vertebro basilar insufficiency)[10] എന്നിവമൂലം തലയും കഴുത്തും അനക്കുമ്പോൾ വേദനയും തലചുറ്റലും ഉണ്ടാകാറുണ്ട്.
ചികിത്സ
[തിരുത്തുക]ക്ഷണനേരത്തേക്ക് ചെറുതായി തലചുറ്റുന്നതായി തോന്നുന്നതും മറ്റും പ്രത്യേക ചികിത്സയൊന്നും കൂടാതെ സ്വയം പരിഹൃതമാകാറുണ്ട്. ദീർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇടയ്ക്കിടെ തീവ്രമായും ദീർഘ സമയത്തേക്കും തലചുറ്റലനുഭവപ്പെട്ടാൽ ചികിത്സ ആവശ്യമാണ്. തലചുറ്റലുണ്ടാകാനുള്ള അടിസ്ഥാന കാരണം കണ്ടെത്തി അനുയോജ്യമായ ചികിത്സ നൽകേണ്ടതാണ്.
ഉദാ. വെർട്ടിഗോ മൂലമുള്ള തലചുറ്റലിന് പ്രതിവമനകാരകങ്ങളും ആന്റിഹിസ്റ്റാമിനുകളും ആണ് നൽകാറുള്ളത്. തലകറക്കത്തോടൊപ്പം ഉണ്ടാകുന്ന മറ്റു ലക്ഷണങ്ങളിൽ നിന്ന് രോഗകാരണം പലപ്പോഴും നിർണയിക്കാൻ സാധിക്കും.
അവലംബം
[തിരുത്തുക]- ↑ http://www.rightdiagnosis.com/sym/postural_hypotension.htm
- ↑ http://www.ncbi.nlm.nih.gov/pubmedhealth/PMH0001743/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-15. Retrieved 2012-01-29.
- ↑ http://www.ncbi.nlm.nih.gov/pubmedhealth/PMH0002049/
- ↑ http://www.ncbi.nlm.nih.gov/pubmedhealth/PMH0001721/
- ↑ http://www.nlm.nih.gov/medlineplus/ency/article/000778.htm
- ↑ http://www.ncbi.nlm.nih.gov/pubmedhealth/PMH0001700/
- ↑ http://www.medicinenet.com/migraine_headache/article.htm
- ↑ http://www.spine-health.com/conditions/arthritis/cervical-osteoarthritis-neck-arthritis
- ↑ http://www.ncbi.nlm.nih.gov/pubmedhealth/PMH0002396/
പുറംകണ്ണികൾ
[തിരുത്തുക]- http://www.emedicinehealth.com/dizziness/article_em.htm
- http://www.medicinenet.com/dizziness_dizzy/article.htm
- http://www.nlm.nih.gov/medlineplus/ency/article/003093.htm
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തലചുറ്റൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |