Jump to content

തറക്കരടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തറക്കരടി
Temporal range: early പ്ലീസ്റ്റോസീൻ - സമീപസ്ഥം
തറക്കരടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Mellivorinae
Genus:
Mellivora

Storr, 1780
Species:
M. capensis

കരടികളോടു സാദൃശ്യമുള്ള ഒരിനം മാംസഭോജി മൃഗമാണ്‌ തറക്കരടി. സസ്തനി ഗോത്രത്തിലെ മസ്റ്റെലൈഡ് ജന്തുകുടുംബത്തിന്റെ ഉപകുടുംബമായ മെല്ലിവോറിനെയിൽപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം മെല്ലിവോറ കാപെൻസിസ് എന്നാണ്‌. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മൊറോക്കോയുടെ തെക്കു ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ഇവയെ കാണാം. ഇന്ത്യയിൽ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിലും മരുഭൂമികളിലുമാണ് ഇവ ജീവിക്കുന്നത്. മഴ കൂടുതലുള്ള പ്രദേശങ്ങളിൽ അപൂർവമായേ തറക്കരടികളെ കാണാറുള്ളൂ.

ശരീരഘടന

[തിരുത്തുക]
തറക്കരടി

തറക്കരടിയുടെ തലയ്ക്കും ഉടലിനും കൂടി 60 സെ.മീ. നീളമുണ്ട്; വാൽ 15 സെന്റിമീറ്ററും. 8-10 കിലോഗ്രാം തൂക്കമുണ്ടായിരിക്കും. ആൺ മൃഗങ്ങൾക്ക് 80 സെന്റിമീറ്ററോളം നീളവും 13 കിലോഗ്രാം വരെ തൂക്കവുമുണ്ട്. ഭൂരിഭാഗം സസ്തനി മൃഗങ്ങളുടേയും ശരീരത്തിന്റെ ഉപരിഭാഗം കീഴ്ഭാഗത്തേക്കാൾ നിറം കൂടിയതായിരിക്കും. ഇതിനു വിപരീതമായി തറക്കരടിയുടെ ശരീരത്തിന്റെ ഉപരിഭാഗം വെള്ളയോ വെള്ള കലർന്ന മഞ്ഞ നിറത്തിലോ ആയിരിക്കും; കീഴ്ഭാഗവും കാലുകളും വാലും കറുപ്പാണ്. ബലമുള്ള, തടിച്ചു കുറുകിയ കാലിന്റെ ഉള്ളങ്കാൽ മൃദുവായിരിക്കും. പരന്ന കാല്പത്തിയിൽ നീളംകൂടിയ മൂർച്ച കുറഞ്ഞ നഖങ്ങളുണ്ട്. തറക്കരടിയുടെ മോന്തയും കണ്ണും ചെവിയും വലിപ്പം കുറഞ്ഞതാണ്; കഴുത്ത് നീളം കൂടിയതും. ഇതിന്റെ ചർമം കട്ടിയേറിയതും ദൃഢവും പരുപരുത്തതുമായതിനാൽ മറ്റു ജീവികളുടെ ആക്രമണത്തിൽ നിന്ന് അനായാസം രക്ഷനേടാൻ കഴിയുന്നു. കരടികളെപ്പോലെ തറക്കരടിക്കും ശരീരം നിറയെ നീളം കൂടിയ ദൃഢതയുള്ള രോമങ്ങളുണ്ട്. തറക്കരടിയുടെ പേശീചർമം വളരെ അയഞ്ഞ രീതിയിലുള്ളതാണ്.

വാസസ്ഥലം

[തിരുത്തുക]

മരപ്പൊത്തുകളിലും പാറയിടുക്കുകളിലും മണ്ണുമാന്തിക്കുഴിച്ചുണ്ടാക്കുന്ന കുഴികളിലുമാണ് തറക്കരടികൾ സാധാരണ ജീവിക്കുന്നത്. വേഗത്തിൽ മണ്ണുമാന്തി കുഴികളുണ്ടാക്കാനാവുന്ന പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ട വാസസ്ഥലം. നദീതടങ്ങളിലും മറ്റും കരടികളുണ്ടാക്കുന്നതുപോലെതന്നെ ഇവയും വലിയ കുഴികളുണ്ടാക്കാറുണ്ട്.

ഭക്ഷണരീതി

[തിരുത്തുക]

തറക്കരടികൾ രാത്രിഞ്ചരന്മാരാണ്. ഒരു രാത്രികൊണ്ട് 32 കിലോമീറ്ററോളം ദൂരം ഇവ സഞ്ചരിക്കാറുണ്ട്. ഇണകളായിട്ടാണ് ഇവ ജീവിക്കുക. പകൽ സമയങ്ങളിൽ അപൂർവമായേ ഇവ കുഴികളിൽ നിന്നു പുറത്തിറങ്ങാറുള്ളൂ. ചെറിയ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയ ജീവികൾ, പ്രാണികൾ, മുട്ടകൾ തുടങ്ങിയവ ഇവ ആഹാരമാക്കുന്നു. മൂർച്ചയുള്ള 32 പല്ലുകളുണ്ട്. ദൃഢതയുള്ള പല്ലുകൾ കൊണ്ട് ഇവ ഇരയെ കഠിനമായി മുറിവേല്പിക്കുക പതിവാണ്. ഫലവർഗങ്ങളും തേനും ഇവയുടെ ഇഷ്ടഭോജ്യമാണ്. ഹണി ഗൈഡ് പക്ഷി പോലെയുള്ള ചിലയിനം പക്ഷികൾ തുടർച്ചയായി പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് വഴികാട്ടികളായി തറക്കരടികളെ തേൻകൂടുകളിലേക്കാകർഷിക്കാറുണ്ട്. തറക്കരടികൾ കൂടുപൊട്ടിച്ച് തേൻ കുടിക്കുകയും പക്ഷികൾ തേനടയും ലാർവകളും ഭക്ഷിക്കുകയും ചെയ്യുന്നു. തേൻകൂടുകൾ പൊട്ടിക്കാൻ തറക്കരടികൾ മരത്തിൽ കയറാറുമുണ്ട്. ഇക്കാരണത്താലാകാം ഇവ ഹണി ബാഡ്ജർ എന്ന പേരിലും അറിയപ്പെടുന്നു. ചീഞ്ഞ മാംസം ഭക്ഷിക്കുന്നതിനാലും മണ്ണു മാന്താൻ പ്രത്യേക സാമാർത്ഥ്യമുള്ളതിനാലും ശവക്കുഴി തോണ്ടുന്ന മൃഗം എന്നും തറക്കരടിക്ക് പേരുണ്ട്. മലദ്വാരത്തിന്റെ ഇരു ഭാഗങ്ങളിലുമുള്ള ഗ്രന്ഥികളിൽ നിന്ന് രൂക്ഷമായ ദുർഗന്ധത്തോടു കൂടിയ മഞ്ഞനിറത്തിലുള്ള സ്രവം പുറപ്പെടുവിക്കുന്നു. ഈ ദുർഗന്ധ ദ്രാവകമാണ് ശത്രുക്കളിൽ നിന്നു രക്ഷപ്പെടാൻ ഇവയെ സഹായിക്കുന്നത്. സ്വയം രക്ഷയ്ക്കായി മനുഷ്യരെ ആക്രമിക്കാനും ഇവ മടിക്കാറില്ല.

പ്രജനനം

[തിരുത്തുക]

ഗർഭകാലം ആറു മാസമാണ്. ഒരു പ്രസവത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ടാകുന്നു. കൂട്ടിൽ അടച്ചു വളർത്തുന്ന തറക്കരടിക്ക് 24 വർഷം വരെ ആയുസ്സുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Mellivora capensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 21 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help) Database entry includes a brief justification of why this species is of least concern

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തറക്കരടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തറക്കരടി&oldid=2927991" എന്ന താളിൽനിന്ന് ശേഖരിച്ചത്