തക്കമീനേ ജോക്കീച്ചീ
തക്കമീനേ ജോക്കീച്ചീ | |
---|---|
ജനനം | നവംബർ 3, 1854 |
മരണം | ജൂലൈ 22, 1922 |
കലാലയം | University of Tokyo |
അറിയപ്പെടുന്നത് | isolating and purifying adrenaline, isolating Takadiastase |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
തക്കമീനേ ജോക്കീച്ചീ (1854 - 1922) ജാപ്പനീസ് രസതന്ത്രജ്ഞൻ ആയിരുന്നു. അഡ്രിനാലിൻ എന്ന ഹോർമോൺ വേർതിരിച്ചത് (1901) ഇദ്ദേഹമാണ്. തക്കമീനേ കൈവരിച്ച ഈ നേട്ടമാണ് ഹോർമോണുകളുടെ രസതന്ത്രപഠനത്തിനും ഹോർമോൺ ചികിത്സയ്ക്കും വഴിതെളിച്ചത്.
ജീവരേഖ
[തിരുത്തുക]ജപ്പാനിലെ തക്കഓക്ക (Takaoka)യിൽ 1854 നവംബർ 3-ന് ജനിച്ചു. ടോക്യോ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ (1879) ശേഷം രണ്ടു വർഷം സ്കോട്ട്ലൻഡിൽ പഠനം നടത്തി. ജപ്പാനിലെ രാസവ്യവസായങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലായിരുന്നു തക്കമീനേ ഗവേഷണപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ജപ്പാനിൽ ആദ്യമായി സൂപ്പർഫോസ്ഫേറ്റ് ഉണ്ടാക്കുവാനാരംഭിച്ച വളം നിർമ്മാണവ്യവസായവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി. ഇക്കാലത്താണ് തക്കമീനേ സ്റ്റാർച്ച് ദഹിപ്പിക്കാൻ കഴിവുള്ള ഒരു എൻസൈം വേർതിരിച്ചെടുത്തത്. തക്കാ ഡയസ്റ്റേസ് എന്നാണ് ഈ എൻസൈമിന് ഇദ്ദേഹം പേരു നല്കിയത്. 1890-ൽ യു.എസ്സിലേക്കു പോയ തക്കമീനേ യു.എസ്. മദ്യനിർമ്മാണ വ്യവസായങ്ങളിൽ ഈ എൻസൈം ഉപയോഗിച്ചു. പിന്നീട് പാർക്ക് ഡേവിസ് ആൻഡ് കമ്പനിഎന്ന ഔഷധ നിർമ്മാണ സ്ഥാപനത്തിൽ പ്രവേശിച്ച ഇദ്ദേഹം തന്റെ തുടർന്നുള്ള ഔദ്യോഗിക ജീവിതം മുഴുവൻ ഈ കമ്പനിയിലാണ് ചെലവഴിച്ചത്. ഇവിടെയും ഔഷധ നിർമ്മാണത്തിന് തക്കാഡയസ്റ്റേസ് എൻസൈം ഉപയോഗപ്രദമായിരുന്നു. കന്നുകാലികളുടെ അഡ്രിനൽ ഗ്രന്ഥിയിൽ നിന്ന് ശുദ്ധമായ അഡ്രിനാലിൻ പരൽ രൂപത്തിൽ ഇദ്ദേഹം വേർതിരിച്ചെടുക്കുകയുണ്ടായി. ഈ നേട്ടത്തിന് 1912-ൽ ഇംപീരിയൽ അക്കാദമി പ്രൈസ് തക്കമീനേക്കു ലഭിച്ചു.
യു.എസ്സിൽ ജോലി ചെയ്യുമ്പോഴും ജപ്പാനിലെ വ്യവസായങ്ങൾക്കായി പല ഗവേഷണങ്ങളും ഇദ്ദേഹം നടത്തിയിരുന്നു. ചായങ്ങൾ, അലൂമിനിയംഫാബ്രിക്കേഷൻ, വൈദ്യുത ചൂളകൾ, നൈട്രജൻ യൗഗീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് തക്കമീനേ ഗണ്യമായ സംഭാവനകൾ നല്കി. ജപ്പാനും യു.എസ്സും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിനും തക്കമീനേ ഏറെ പ്രവർത്തിച്ചിരുന്നു.
1922 ജൂല. 22-ന് ന്യൂയോർക്കിൽ ഇദ്ദേഹം മരണമടഞ്ഞു.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തക്കമീനേ ജോക്കീച്ച എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |