ഡോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോളി

അലൈംഗിക പ്രത്യുൽ‌പാദനത്തിലൂടെ പിറവിയെടുത്ത ആദ്യ സസ്തനിയാണ് ഡോളി എന്ന ചെമ്മരിയാട്. ജൈവ പകർപ്പെടുക്കൽ അഥവാ ക്ലോണിംഗ് എന്ന പ്രക്രിയയിലൂടെയാണ് ഗവേഷകർ ഡോളിക്ക് ജന്മം നൽകിയത്. സ്കോട്‌ലാൻഡിലെ റോസ്‌ലിൻ ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകനായ ഡോ.ഇയാൻ വിൽമെറ്റും സഹപ്രവർത്തകരുമാണ് ശാസ്ത്രലോകത്തെ വിപ്ലവകരമായ ഈ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവർ. ആൺ,പെൺ ലൈഗിക കോശങ്ങൾ സംയോജിച്ച് ഭ്രൂണമായിത്തീരുകയും ഭ്രൂണം വളർന്ന് ആണയോ പെണ്ണായോ ജനിക്കുകയും ചെയ്യുക എന്ന സ്വാഭാവിക പ്രക്രിയയെ ഡോളിയുടെ ജനനത്തിലൂടെ ഗവേഷകർ മാറ്റിമറിച്ചു. പൂർണ്ണ വളർച്ചയെത്തിയ ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത കോശങ്ങൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഡോളിക്ക് ജന്മം നൽകിയത്. 1996 ജൂലൈ അഞ്ചിനാണ് ഇപ്രകാരം ഡോളി ജനിച്ചത്. എന്നാൽ ആറുമാസങ്ങൾക്കു ശേഷം 1997 ഫെബ്രുവരി 22നു മാത്രമേ അപൂർവ്വമായ ഈ പിറവിയുടെ വാർത്ത ഗവേഷകർ പുറത്തുവിട്ടുള്ളൂ. ആറു വർഷത്തോളം വാർത്തകളിൽ നിറഞ്ഞു ജീവിച്ച ഈ ചെമ്മരിയാട് 2003 ഫെബ്രുവരി 14നു മരണമടഞ്ഞു. ശ്വാസകോശ രോഗങ്ങളായിരുന്നു ഡോളിയുടെ മരണകാരണം.

ക്ലോണിംഗ് കുഞ്ഞാടിന് ശാസ്ത്രജ്ഞർ നൽകിയ കോഡ് നാമം "6LL3" എന്നായിരുന്നു. പിന്നീട് അവരതിന് "ഡോളി" എന്നു പേരിട്ടു. അമേരിക്കൻ ഗായികയായ ഡോളി പാർട്ടന്റെ ബഹുമാനാർഥമാണ് ക്ലോണിംഗ് ആടിന് ആ പേരു നൽകിയത്. വലിപ്പമേറിയ മാറിടംകൊണ്ട് പ്രശസ്തയാണ്‌ ഡോളി പാർട്ടൺ. മറ്റൊരു ചെമ്മരിയാടിന്റെ സ്തനങ്ങളിൽ നിന്നുമെടുത്ത കോശങ്ങളായിരുന്നല്ലോ ഡോളിയുടെ പിറവിക്കു കാരണമായത്.

ഡോളിയുടെ പിറവി ശാസ്ത്രലോകത്ത് വലിയൊരു ചർച്ചയ്ക്കു വഴിയൊരുക്കി. ഒരു ജീവിയുടെ ശരി പകർപ്പെടുക്കുന്നതിലെ ധാർമ്മികതയെ ചോദ്യം ചെയ്ത് മതസ്ഥാപനങ്ങൾ രംഗത്തെത്തി. ക്ലോണിങ്ങിലൂടെ പിറക്കുന്ന ജീവികളുടെ പ്രത്യുല്പാദന ശേഷി, രോഗ പ്രതിരോധ ശേഷി എന്നിവയെക്കുറിച്ചുള്ള ചർച്ച ശാസ്ത്രലോകത്തും അരങ്ങേറി.എല്ലാ ചർച്ചകളിലും ഈ ചെമ്മരിയാട് കേന്ദ്ര കഥാപാത്രമായി.

ഡോളി അകാലവാർധക്യത്തിനടിമയാകുമോ എന്നതായിരുന്നു മറ്റൊരു ചർച്ചാ വിഷയം. ആറു വയസുള്ള ആടിന്റെ കോളങ്ങളിൽ നിന്നെടുത്തു ജന്മം നൽകിയതാകയാൽ ഡോളിക്കും ജനിച്ചപ്പോൾത്തന്നെ ആറു വയസു പ്രായമുണ്ട് എന്നതായിരുന്നു ഈ വാദമുന്നയിച്ചവർ മുന്നോട്ടുവച്ച ന്യായം. കോശത്തിലെ ടെലോമിയർ എന്ന ഘടകം ഓരോ വിഭജനത്തിനു ശേഷവും ചുരുങ്ങുന്നുണ്ട്. ഇപ്രകാരം ആറു വയസുള്ള ആടിന്റെ കോശങ്ങളിലെ ടെലോമിയർ ഏറെ ചുരുങ്ങിയതായിരിക്കും. ഈ കോശങ്ങളിൽ നിന്നും പിറന്നതാകയാൽ അവയുടെ വാർധക്യ പ്രശ്നങ്ങൾ ഡോളിയിലുമുണ്ടാകും എന്ന് ഒരു വിഭാഗം ഗവേഷകർ വാദിച്ചു. അഞ്ചാം വയസിൽ ഡോളിയിൽ വാതത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ഈ വാദത്തിന് പ്രാധാന്യമേറി. പ്രായമേറിയ ആടുകൾക്കേ വാതം ബാധിക്കാറുള്ളു.

ആറ് വർഷം മാത്രമേ ഡോളി ജീവിച്ചിരുന്നുള്ളൂ. ഡോളിയുടെ ശരീരം പോസ്റ്റ് മോർട്ടത്തിനു ശേഷം എഡിൻബർഗ്ഗിലെ നാഷണൽ മ്യൂസിയം ഓഫ് സ്കോട്ട് ലണ്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ക്ലോണിംഗിലൂടെ ഉണ്ടാകുന്നത് തനിപ്പകർപ്പ് ആണെങ്കിലും ശരീരഘടനയിലും സ്വഭാവത്തിലും വ്യത്യാസം ഉണ്ടാകാറുണ്ട്. ഡോളി നാല് ആട്ടിൻ കുട്ടികൾക്ക് ജന്മം നൽകി. ആദ്യത്തെ കുട്ടിയുടെ പേരാണ് ബോണി. ഡോളി എന്ന ക്ലോൺ ചെമ്മരിയാടിന്റെ പിറവി മനുഷ്യ ക്ലോണിങ്ങിനെപ്പറ്റി ചിന്തിക്കാൻ കുറെയേറെ ഗവേഷകരെ പ്രേരിപ്പിച്ചു എന്നു വേണം കരുതുവാൻ.

2001 ഡിസംബർ 22 ന് ക്ലോണിംഗിലൂടെ പൂച്ചക്കുട്ടിയെ ടെക്സാസ് സർ വ്വകലാശാലയിലെ ശാസ്ത്ര് ജ്ഞർ നിർമ്മിച്ചു. 2004 ൽ തെക്കൻ കൊറിയയിലുള്ള ഒരു പറ്റം ശാസ്ത്ര്ജ്ഞർ മനുഷ്യഭ്രൂണം ക്ലോൺ ചെയ്തു. ക്ലോൺ ചെയ്ത മനുഷ്യ ഭ്രൂണം ഒരാഴ്ച്ചവരെ വളർത്തിയതിനു ശേഷം അതിൽ നിന്നും ശേഖരിച്ച വിത്തു കോശങ്ങൾ രോഗ ചികിത്സക്കായ് മനുഷ്യരിൽ പരീക്ഷിക്കുകയും ചെയ്തു.

വിത്തു കോശങ്ങൾ[തിരുത്തുക]

അസ്ഥികൾ, കണ്ണുകൾ, കരൾ, പേശികൾ, വൃക്കകൾ തുടങ്ങി ശരീരത്തിന് ആവശ്യമായ അവയവങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന പ്രാഥമിക കോശങ്ങളെയാണ് വിത്ത് കോശങ്ങൾ എന്ന് പറയുന്നത്.

പ്രമേഹം, തലച്ചോറ് സംബന്ധമായ രോഗങ്ങൾ, അർബുദം തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്തുകോശങ്ങൾ സഹായിക്കും.[അവലംബം ആവശ്യമാണ്]

ഇപ്പോൾ ക്ലോണിംഗ് വഴി മാംസ്യങ്ങൾ, മരുന്നുകൾ തുടങ്ങിയവ കൃത്രിമമായി ഉണ്ടാക്കാൻ ബാക്ടീരിയയുടെ സഹായത്താൽ കഴിയുന്നു.

ബാക്ടീരിയയുടെ ഡി.എൻ.എ. യിൽ നിന്നും രാസപദാർതങ്ങളാൽ ജീൻ മുറിച്ചുമാറ്റി ആ സ്ഥാനത്ത് മാംസ്യങ്ങളും മരുന്നുകളും നിർമ്മിക്കുന്ന ജീനുകൾ ചേർക്കുന്നു. ഇങ്ങനെയുള്ള ജീനുകളെ സ്വന്തം ജീനായി കരുതി ബാക്ടീരിയ മരുന്നുകളും പ്രോട്ടീനുകളും നിർമ്മിക്കുന്നു.


"https://ml.wikipedia.org/w/index.php?title=ഡോളി&oldid=1938528" എന്ന താളിൽനിന്ന് ശേഖരിച്ചത്