ഡെൻസൽ വാഷിങ്ടൺ
ഡെൻസൽ വാഷിങ്ടൺ | |
---|---|
![]() 2014 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ | |
ജനനം | ഡെൻസൽ വാഷിങ്ടൺ ജൂനിയർ ഡിസംബർ 28, 1954 മൗണ്ട് വെർനോൻ, ന്യൂയോർക്ക്, അമേരിക്ക |
തൊഴിൽ | അഭിനേതാവ്, നിർമ്മാതാവ് |
സജീവ കാലം | 1974 മുതൽ |
ജീവിതപങ്കാളി(കൾ) | പൗലീറ്റ പിയേഴ്സൺ വാഷിങ്ടൺ (1983–മുതൽ) |
കുട്ടികൾ | 4 |
അമേരിക്കയിൽ നിന്നുള്ള ചലച്ചിത്ര അഭിനേതാവും, നിർമ്മാതാവുമാണ് ഡെൻസൽ വാഷിങ്ടൺ (ജനനം ഡിസംബർ 28, 1954). നിരൂപക പ്രശംസ നേടിയ ഒട്ടനവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സിനിമാസംവിധായകനായ ടോണി സ്കോട്ടിന്റെ ചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡെൻസൽ വാഷിങ്ടൺ.
റൂബിൻ കാർട്ടർ, സ്റ്റീവ് ബികോ, മാൽക്കം എക്സ്, ഫ്രാങ്ക് ലൂകാസ്, ഹെർമ്മൻ ബൂൺ തുടങ്ങി നിരവധി പ്രമുഖരുടെ ജീവിതം വെള്ളിത്തിരയിലഭിനയിച്ച് പ്രശംസ നേടിയ ഒരു അഭിനേതാവ് കൂടിയാണ് ഡെൻസൽ വാഷിങ്ടൺ. രണ്ട് അക്കാദമി പുരസ്കാരങ്ങളും, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1989 ൽ പുറത്തിറങ്ങിയ ഗ്ലോറി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി പുരസ്കാരവും, 2001 ൽ പുറത്തിറങ്ങിയ ട്രെയിനിംഗ് ഡേ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി പുരസ്കാരവും ഡെൻസൽ വാഷിങ്ടണിനു ലഭിച്ചു.[1]
ആദ്യകാല ജീവിതം[തിരുത്തുക]
1954 ഡിസംബർ 28 ന് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിനടുത്തുള്ള മൗണ്ട് വെർനോൻ എന്ന സ്ഥലത്താണ് ഡെൻസൽ വാഷിങ്ടൺ ജനിച്ചത്. ഒരു പെന്തകോസ്റ്റ് പാതിരിയായിരുന്ന റവറണ്ട് ഡെൻസൽ ഹേയ്സ് വാഷിങ്ടൺ സീനിയർ ആയിരുന്നു പിതാവ്. സർക്കാർ ജീവനക്കാരനായിരുന്നു പിതാവ്. ബ്യൂട്ടി പാർലർ ഉടമസ്ഥയായിരുന്നു മാതാവ് ലെന്നി.[2][3][4]
1968 വരെ പെന്നിംഗ്ടൺ ഗ്രിംസ് എലമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തന്റെ പതിനാലാമത്തെ വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനെത്തുടർന്ന അമ്മ അദ്ദേഹത്തെ ഓക്ലൻഡ് മിലിറ്ററി അക്കാദമിയിലുള്ള സ്കൂളിലാണ് ചേർത്തത്. തന്റെ ജീവിതം മാറ്റി മറിച്ച ഒരു തീരുമാനമായിരുന്നു അതെന്നാണ് വാഷിങ്ടൺ പിന്നീട് അതിനെപ്പറ്റി പറഞ്ഞത്. ഉയർന്ന ക്ലാസ്സുകളിലുള്ള പഠനത്തിനായി ചേർന്നത് മെയിൻലാൻഡ് ഹൈസ്കൂളിലായിരുന്നു. ഫോർദാം സർവ്വകലാശാലക്കു കീഴിലുള്ള ടെക്സാസ് കോളേജിൽ നിന്ന് ഡ്രാമയിലും, ജേണലിസത്തിലും അദ്ദേഹം ബി.എ.ബിരുദം കരസ്ഥമാക്കി.[5]
തിരികെ ഫോർദാം സർവ്വകലാശാലയിൽ വന്ന ഡെൻസൽ അവിടെയുള്ള ലിങ്കൺ സെന്ററിൽ അഭിനയം പഠിക്കുവാനായി ചേർന്നു. അവിടെ വച്ച് ചില നാടകങ്ങളിൽ അഭിനയച്ചിരുന്നു. അതിനുശേഷം സാൻഫ്രാൻസിസ്കോയിലുള്ള അമേരിക്കൻ കൺസർവേറ്ററി തീയറ്ററിൽ ഒന്നരകൊല്ലം ചിലവഴിച്ചു. മുഴുവൻ സമയ അഭിനേതാവായി തുടരാനായി അദ്ദേഹം ന്യൂയോർക്കിലേക്കു തിരികെ വന്നു.[6]
സിനിമാ ജീവിതം[തിരുത്തുക]
തുടക്കം[തിരുത്തുക]
1976 ൽ ഡെൻസൽ വാഷിങ്ടൺ നാടകങ്ങളിലായിരുന്നു ഏറെയും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.[7] 1977 ൽ അദ്ദേഹം ആദ്യമായി ഒരു ടെലിവിഷൻ ചിത്രത്തിലാണ് അഭിനയിച്ചത്. 1981 ൽ കാർബൺ കോപി എന്ന ചിത്രത്തിൽ അഭിനയിച്ചാണ് അദ്ദേഹം ഹോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. 1987 ൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടിയ കറുത്തവർഗ്ഗക്കാരനായ സ്റ്റീവ് ബികോയുടെ ജീവിതം വെള്ളിത്തിരയിലവതരിപ്പിച്ചതാണ് ഡെൻസലിന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായത്. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് ഡെൻസൽ വാഷിങ്ടണിന് മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരത്തിനു നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.
1990കൾ[തിരുത്തുക]
1990 ൽ സ്പൈക്ക് ലീയുടെ മോബെറ്റർ ബ്ലൂസ് എന്ന സിനിമയിൽ ഡെൻസൽ അഭിനയിച്ചു, തൊട്ടുപിറകേ ഹാസ്യരസപ്രാധാന്യമുള്ള മിസ്സിസ്സിപ്പി മസ്സാല എന്ന ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. 1992 സ്പൈക്ക് ലീ സംവിധാനം ചെയ്ത മാൽക്കം എക്സ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരത്തിനു നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. മാൽക്കം എക്സ് എന്ന കറുത്ത വർഗ്ഗക്കാരനായ നേതാവിനെ തിരശ്ശീലയിൽ ഡെൻസൽ വളരെ തന്മയത്വത്തോടെ തന്നെ അവതരിപ്പിക്കുകയുണ്ടായി.[8] 1990 കളുടെ മധ്യത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഡെൻസൽ വാഷിങ്ടൺ അഭിനയിച്ചു. ഫിലാഡൽഫിയ, കറേജ് അണ്ടർ ഫയർ, ക്രിംസൺ ട്രൈഡ് തുടങ്ങിയവ അക്കാലത്തിറങ്ങിയ ഡെൻസൽ ചിത്രങ്ങളാണ്. ഇവയെല്ലാം തന്നെ ബോക്സോഫീസിൽ മികച്ച വിജയം നേടിയിരുന്നു.
വർണ്ണവിവേചനത്തിന്റെ ഇരയായി, ചെയ്യാത്ത് കുറ്റത്തിന് 20കൊല്ലത്തോളം ജയിലിലടക്കപ്പെട്ട പ്രശസ്തനായ ബോക്സറായ റൂബിൻ കാർട്ടറുടെ കഥ പറഞ്ഞ ദ ഹരിക്കെയിൻ 1999 ൽ ഇറങ്ങിയ മറ്റൊരു ഹിറ്റ് ചിത്രമാണ്. റൂബിൻ കാർട്ടറെ യഥാർത്ഥ ജീവിതത്തിൽ നിന്നും വ്യത്യസ്തനായി നിരപരാധിയായി ചിത്രീകരിച്ചു എന്ന കാരണം പറഞ്ഞ്, ഡെൻസൽ വാഷിങ്ടണിന് ആ ചിത്രത്തിനു ലഭിച്ച അക്കാദമി പുരസ്കാര നാമനിർദ്ദേശത്തിനെതിരേ വോട്ടു രേഖപ്പെടുത്താൻ അമേരിക്കയിലെ ഒരു പത്രപ്രവർത്തകന്റെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണം തന്നെ നടന്നു.[9] ഈ ചിത്രത്തിലെ അഭിനയത്തിന് 2000 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് ഡെൻസൽ വാഷിങ്ടൺ അർഹനായി.[10]
2000[തിരുത്തുക]
2000 ൽ ഡിസ്നി ഫിലിംസിന്റെ റിമംബർ ദ ടൈറ്റാൻസ് എന്ന ചിത്രത്തിൽ അഭിനയിച്ചു, ബോക്സോഫീസിൽ ഹിറ്റായിരുന്ന ഈ ചിത്രം, നൂറു ദശലക്ഷം അമേരിക്കൻ ഡോളറാണ് വാരിക്കൂട്ടിയത്.[11] 2001 പുറത്തിറങ്ങിയ ദ ട്രെയിനിംങ് ഡേ എന്ന ചിത്രത്തിലെ ഡിറ്റക്ടീവ് അലോൺസോ ഹാരീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഡെൻസൽ വാഷിങ്ടൺ ഓസ്കാർ പുരസ്കാരത്തിന് അർഹമായി. സ്വന്തമായി നിയമം നടപ്പിലാക്കുന്ന അധോലോക ബന്ധങ്ങളുള്ള പോലീസുകാരന്റെ കഥാപാത്രം ഡെൻസൽ വളരെ മനോഹരമായി അവതരിപ്പിച്ചിരുന്നു. സിഡ്നി പോയിറ്ററിനു ശേഷം ഓസ്കാർ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ കൂടിയാണ് ഡെൻസൽ വാഷിങ്ടൺ. ഏറ്റവും കൂടുതൽ ഓസ്കാർ നാമനിർദ്ദേശം ലഭിക്കുകയും, അതിൽ രണ്ടെണ്ണം നേടുകയും ചെയ്ത ആദ്യത്തെ കറുത്ത വംശജനായ അഭിനേതാവാണ് ഡെൻസൽ.
അവലംബം[തിരുത്തുക]
- ↑ "അക്കാദമി അവാർഡ് അക്സപ്റ്റൻസ് സ്പീച്ച് ഡാറ്റാബേസ്". ഓസ്കാർ പുരസ്കാര സമിതി. ശേഖരിച്ചത് 2015-01-04.
- ↑ നിക്സൺ, ക്രിസ് (1996). ഡെൻസൽ വാഷിങ്ടൺ. ന്യൂയോർക്ക്: സെന്റ്. മാർട്ടിൻ പേപ്പർ ബാക്സ്. പുറങ്ങൾ. 9–11. ISBN 0-312-96043-3.
- ↑ "ഡെൻസൽ വാഷിങ്ടൺ ബയോഗ്രഫി (1954–)". ഫിലിംറെഫറൻസ്.കോം. ശേഖരിച്ചത് 2015-01-04.
- ↑ ഇൻഗ്രാം, ഇ.റെനെ (2005). ബക്കിംഗ്ഹാം കൗണ്ടി. ആർക്കേഡിയ പബ്ലിഷിംഗ്. പുറം. 55. ISBN 0-7385-1842-5.
- ↑ "ഡെൻസൽ വാഷിങ്ടൺ റിട്ടേൺസ് ടു ആക്ടിംങ് റൂട്ട്സ്". ഫോർദാം സർവ്വകലാശാല. ശേഖരിച്ചത് 2015-01-04.
- ↑ "ഡെൻസൽ വാഷിങ്ടൺ". ഓൾമുവീസ്.കോം. ശേഖരിച്ചത് 2015-01-04.
- ↑ "മേരിലാൻഡ് ഹിസ്റ്റോറിക്കൽ മാഗസിൻ" (PDF). ശേഖരിച്ചത് 2015-01-04.
- ↑ "ഡെൻസൽ വാഷിങ്ടൺ റിമംബേഴ്സ് മാൽക്കം എക്സ്, ആന്റ് വിസാഡ് ഓഫ് ഒ". നാഷണൽ പബ്ലിക് റേഡിയോ. ശേഖരിച്ചത് 2015-01-05.
- ↑ "എക്സ് റിപ്പോർട്ടർ റെയിൻസ് ഓൺ ഡെൻസൽസ് പരേഡ്". മിയാമി ഹെറാൾഡ്. 2000-04-03. ശേഖരിച്ചത് 2015-01-05.
- ↑ "ഡെൻസൽ വാഷിങ്ടൺ". ഗോൾഡൻ ഗ്ലോബ്. ശേഖരിച്ചത് 2015-01-05.
- ↑ "റിമംബർ ദ ടൈറ്റാൻസ്". ബോക്സോഫീസ് മോജോ.കോം. ശേഖരിച്ചത് 2015-01-05.