ഡിനോതീരിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡിനോതീരിയം
Temporal range: Middle Miocene–Early Pleistocene
Dinotherium.jpg
ഡിനോതീരിയം, ചിത്രകാരന്റെ ഭാവനയിൽ
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Deinotheriinae
Genus:
Deinotherium

Kaup, 1829
Species

D. bozasi (Arambourg, 1934)
D. giganteum (Kaup, 1829)
D. indicum (Falconer, 1845)

ഒരു വിലുപ്ത സസ്തനിയാണ് ഡിനോതീരിയം. ഇവ ഹോ കൊമ്പനാന (Hoe tusker) എന്ന പേരിലും അറിയപ്പെട്ടിരുന്നു.[1] ഡിനോതീറിഡെ ജന്തു കുടുംബത്തിലെ ഏക അംഗമായിരുന്നു ഇത്. മയോസീൻ കാലഘട്ടത്തിൽ യൂറോപ്പിലും ഏഷ്യയിലും കാണപ്പെട്ടിരുന്ന ഇത്തരം ജീവികളെ അമേരിക്കയിൽ കണ്ടെത്താനായില്ല.

വലിപ്പം[തിരുത്തുക]

ഡിനോതീരിയത്തിന്റെ തലയോട്, ഓക്സ്ഫോർഡ് നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നും

സസ്തനികളിൽ ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളവയിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമാണ് ഡിനോതീരിയത്തിന്. ആനയേക്കാൾ വലിപ്പം കൂടിയ ഇവയ്ക്ക് അഞ്ചു മീറ്ററിലധികം നീളമുണ്ടായിരുന്നു. ആണുങ്ങൾക്ക് സാധാരണയായി 3.5 - 4.5 മീറ്റർ (12 - 15 അടി) ഉയരവും 5 - 10 ടൺ ഭാരവുമുണ്ടായിരുന്നു. ഡിനോതീരിയത്തിന് ഇന്നു അറിയപ്പെട്ട ഏറ്റവും വലിയ ഉയരം 5 മീറ്ററും, ഭാരം 14 ടണ്ണുമാണ്.[2].

ശരീരഘടന[തിരുത്തുക]

ഇവയുടെ കീഴ്ത്താടിയുടേയും കൊമ്പുകളുടേയും അസാധാരണ ഭാരം ഭാഗികമായെങ്കിലും ഇവ ജലജീവികളായിരുന്നിരിക്കാം എന്ന സംശയത്തിനിടനൽകുന്നു. ജലസസ്യങ്ങളുടെ വേരുകൾ തുരന്നെടുത്തു ഭക്ഷിക്കാൻ ഈ കൊമ്പുകൾ പ്രയോജനപ്പെടുത്തിയിരുന്നതായി കരുതപ്പെടുന്നു. ചില ശാസ്ത്രകാരന്മാർ കടൽപശുക്കളുടെ ബന്ധുവായി നേരത്തെ ഇവയെ വിശേഷിപ്പിച്ചിരുന്നു. ഡിനോതീരിയം യഥാർഥ ആനകളിൽ നിന്നും പ്രകടമായ വ്യത്യാസങ്ങളുള്ളവയായിരുന്നു. ഡിനോതീരിയം ജൈജാന്റിയത്തിന്റെ തലയോട്ടിയായിരുന്നു ജീവാശ്മപഠനങ്ങൾക്ക് ആദ്യമായി ലഭ്യമായത്.

ഡിനോതീരിയത്തിന്റെ അസ്ഥികൂടം

ഇതിന്റെ കീഴ്ത്താടിയിൽ വളരെ ശക്തമായ ഒരു ജോടി ഉളിപ്പല്ലുകൾ കാണപ്പെട്ടിരുന്നു. ആനകൾക്ക് മേൽത്താടിയിലാണ് ഒരു ജോടി ഉളിപ്പല്ലുകളുള്ളത്. കീഴ്ത്താടിയുടെ അസ്ഥി-ഉപാസ്ഥി സംയോഗം നീളം കൂടിയതും, താഴേയ്ക്ക് നന്നായി വളഞ്ഞിരിക്കുന്നതുമായിരുന്നു. ഇക്കാരണത്താലാണ് ഡിനോതീരിയത്തിന്റെ കൊമ്പുകൾ തലയുടെ നീ അക്ഷത്തിൽ നിന്നും സമകോണമായിട്ടായി ഉണ്ടായത് എന്ന് ശാസ്ത്രജ്ഞർ ഊഹിക്കുന്നു. ഇവ പിന്നിലേക്ക് വളഞ്ഞാണ് കാണപ്പെട്ടിരുന്നത്. താടിയെല്ലിന്റെ ഇരുവശത്തും അഞ്ചു ചർവണകങ്ങൾ വീതം ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. ടപീറുകളുടേതിൽ നിന്നും വ്യത്യസ്തമായി കുറുകേ രണ്ടോ മൂന്നോ അരികുപാളികളുളള അണപ്പല്ലുകളായിരുന്നു ഇവയ്ക്കുണ്ടായിരുന്നത്. പല്ലിന്റെ അരികുപാളികൾക്കിടയിലായി സിമെന്റ് കാണപ്പെട്ടിരുന്നില്ല. രണ്ട് അഗ്രചർവണകങ്ങളും മൂന്നു ചർവണകങ്ങളുമുണ്ടായിരുന്നു. എല്ലാ പല്ലുകളും വലിപ്പം കുറഞ്ഞവയായിരുന്നതിനാൽ താടിയെല്ലിൽ ഒരേ നിരയിലായി ക്രമീകരിക്കുവാനും, ഒരേ സമയം എല്ലാ പല്ലുകളും ഉപയോഗപ്പെടുത്തുവാനും ഇവയ്ക്ക് കഴിയുമായിരുന്നു.

അസ്ഥികൂടത്തിലെ അസ്ഥികളെല്ലാം തന്നെ ആനകളുടേതുപോലെയായിരുന്നുവെങ്കിലും ഡിനോതീരിയത്തിന്റെ തലയോട്ടി ആദിമ സവിശേഷതകളുള്ളതായിരുന്നു. പ്രൊബോസിഡെ അംഗങ്ങളിൽ ഏറ്റവും ആദിമസ്ഥാനം ഡിനോതീരിയത്തിനാണ്. ഇവയെ ആനകളുടെ മുൻഗാമികളായി കാണാനാകില്ല എന്നാണ് ശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.

അവലംബം[തിരുത്തുക]


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിനോതീരിയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡിനോതീരിയം&oldid=3633276" എന്ന താളിൽനിന്ന് ശേഖരിച്ചത്