ടപ്പീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടപ്പീർ
Temporal range: Early Eocene–Recent
ബ്രസീലിയൻ ടപ്പീർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Tapiridae

Gray, 1821
Genus:
Tapirus

Brünnich, 1772
Species

See text.

പെരിസോഡാക്ടൈല ഗോത്രത്തിലെ ടപ്പീറിഡെ കുടുംബത്തിൽപ്പെടുന്ന സസ്തനിയാണ് ടപ്പീർ. തടിച്ച ശരീരവും ചെറിയ തുമ്പിക്കൈ മാതിരിയുള്ള മൂക്കും ഈ ജീവിയുടെ സവിശേഷതകളാണ്. ആധുനിക പെരിസോഡാക്ടൈലുകളിലെ ഏറ്റവും ആദിമ ഇനമാണിത്.

കാണപ്പെടുന്ന സ്ഥലങ്ങൾ[തിരുത്തുക]

ടപ്പീർ

ടപ്പീറുകളെ മലയ, ജാവ, സുമാട്ര, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. ഇതിന്റെ മൂന്നു സ്പീഷീസ് അമേരിക്കയിലും ഒരെണ്ണം ഏഷ്യയിലുമാണുള്ളത്. ടപ്പീറുകളുടെ ജന്മദേശം യൂറോപ്പാണ്. 35 ദശലക്ഷം വർഷങ്ങൾക്കുമുമ്പ്, ഒലിഗോസീൻ യുഗത്തിൽ, വടക്കേ അമേരിക്കയിൽ ടപ്പീറുകളുണ്ടായിരുന്നതായി ജീവാശ്മ പഠനങ്ങൾ സൂചന നൽകുന്നു. ഇവിടെ നിന്നാവണം ഏഷ്യയിലേക്കും തെക്കേ അമേരിക്കയിലേക്കും ടപ്പീറുകൾ ദേശാന്തരഗമനം നടത്തിയത്. മെക്സിക്കോ മുതൽ ഇക്വഡോർ വരെയുള്ള ഭൂഭാഗങ്ങളിൽ ബെയേഴ്സ് ടപ്പീർ എന്നയിനമാണ് കാണപ്പെടുന്നത്. കൊളംബിയ, വെനിസുല, ബ്രസീൽ എന്നിവിടങ്ങളിൽ ബ്രസീലിയൻ ടപ്പീർ എന്ന ഇനമാണ് അധികം കാണുന്നത്. മൗണ്ടൻ ടപ്പീർ ഇനം ധാരാളമായുള്ളത് കൊളംബിയ, പെറു എന്നിവിടങ്ങളിലും വെനിസുലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുമാണ്. മലയൻ ഇനമായ ടപ്പീറസ് ഇൻഡിക്കസ് മ്യാൻമർ, തായ്ലന്റ്, വിയറ്റ്നാം, മലേഷ്യ, സുമാട്ര എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ടപ്പീറുകൾ കൊടുംവനത്തിൽ ജീവിക്കുന്നു.

ശരീരഘടന[തിരുത്തുക]

അമേരിക്കൻ ഇനങ്ങളുടെ പുറംഭാഗത്തിന് ചുവപ്പുകലർന്ന തവിട്ടോ കറുപ്പോ നിറമായിരിക്കും. വയറിനടിഭാഗത്ത് നിറം കുറവുമാണ്. ശരീരം രോമാവൃതമായിരിക്കുന്നു. തടിച്ച ശരീരവും കുറിയ കാലുകളും, ചെറിയ വാലും തലയോട്ടിയിലേക്ക് കുഴിഞ്ഞിരിക്കുന്ന കണ്ണുകളും ടപ്പീറുകളുടെ പ്രത്യേകതകളാണ്. മൂക്കും മേൽച്ചുണ്ടും കൂടിച്ചേർന്ന് ചെറിയൊരു തുമ്പിക്കൈ പോലെ രൂപംകൊണ്ടിരിക്കുന്നു. ഇവയുടെ ശരീരത്തിന് 1.8 - 2.5 മീറ്റർ നീളം വരും. വാലിന് 5 - 10 സെന്റിമീറ്റർ നീളമേയുള്ളു. തോളറ്റം വരെ ഒരു മീറ്ററോളം ഉയരം വരും. പൂർണവളർച്ചയെത്തിയ ഒരു ടപ്പീറിന് 225 - 300 കിലോഗ്രാം ഭാരമുണ്ടായിരിക്കും. മുൻകാലുകളിൽ നാലും പിൻകാലുകളിൽ മൂന്നും വിരലുകൾ കാണാം. മലയൻ ടപ്പീറുകളുടെ ശരീരത്തിന്റെ മുന്നറ്റത്തിന് കറുപ്പുനിറമാണ്. മുൻകാലുകൾ മുതൽ പിന്നറ്റം വരെ വെള്ളനിറവും. വളർച്ചയുടെ ആദ്യഘട്ടത്തിൽ എല്ലായിനം ടപ്പീറുകൾക്കും കറുത്ത നിറമായിരിക്കും. ശരീരത്തിൽ മഞ്ഞ വരകളും കാണപ്പെടുന്നുണ്ട്.

പ്രജനനം[തിരുത്തുക]

ടപ്പീറുകളുടെ ഗർഭകാലം 13 മാസമാണ്. ഒരു പ്രസവത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളാണുണ്ടായിരിക്കുക.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടപ്പീർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടപ്പീർ&oldid=3936792" എന്ന താളിൽനിന്ന് ശേഖരിച്ചത്