ജോവാൻ ബ്ലോണ്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോവാൻ ബ്ലോണ്ടൽ
ജോവാൻ ബ്ലോണ്ടൽ 1936ൽ
ജനനം
റോസ് ജോവാൻ ബ്ലോണ്ടൽ

(1906-08-30)ഓഗസ്റ്റ് 30, 1906
മരണംഡിസംബർ 25, 1979(1979-12-25) (പ്രായം 73)
അന്ത്യ വിശ്രമംഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്, ഗ്ലെൻഡേൽ
തൊഴിൽനടി
സജീവ കാലം1927–1979
ജീവിതപങ്കാളി(കൾ)
കുട്ടികൾനോർമൻ പവൽl ഉൾപ്പെടെ 2.
ബന്ധുക്കൾGloria Blondell (sister)

റോസ് ജോവാൻ ബ്ലോണ്ടൽ (ജീവിതകാലം: ഓഗസ്റ്റ് 30, 1906 - ഡിസംബർ 25, 1979) ഏകദേശം 50 വർഷത്തോളം സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു.[1] ജോവാൻ ബ്ലോണ്ടൽ തന്റെ കരിയർ ആരംഭിച്ചത് വോഡ്‌വില്ലെകളിലൂടെയാണ്. ഒരു സൗന്ദര്യമത്സരത്തിൽ വിജയിയായ ശേഷം സിനിമാ പ്രവേശനം നടത്തിയ അവർ വാർണർ ബ്രദേഴ്‌സിന്റെ സിനിമകളിലെ മാദക വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്ഥിരസാന്നിധ്യമാകുകയും ഏകദേശം 100-ലധികം സിനിമകളിലും ടെലിവിഷൻ നിർമ്മാണങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. 1930 കളിലും 1940 കളുടെ തുടക്കത്തിലും ചലച്ചിത്ര രംഗത്ത് ഏറ്റവും സജീവമായിരുന്ന അവർ അക്കാലത്ത് ഒമ്പത് സിനിമകളിൽ സഹപ്രവർത്തകയും അടുത്ത സുഹൃത്തുമായിരുന്ന ഗ്ലെൻഡ ഫാരലിനൊപ്പം അഭിനയിച്ചു. തന്റെ ജീവിതകാലം മുഴുവൻ സിനിമയിലും ടെലിവിഷനിലും അഭിനയം തുടർന്ന അവർ പിൽക്കാലത്ത് പലപ്പോഴും ചെറിയ, സഹവേഷങ്ങളും അവതരിപ്പിച്ചു. ബ്ലൂ വെയിൽ (1951) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

ജീവിതാവസാനത്തോട് അടുത്ത്, ഓപ്പണിംഗ് നൈറ്റ് (1977) എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്ലണ്ടെൽ മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. രക്താർബുദം ബാധിച്ച് മരിക്കുന്നതിന് തൊട്ടുമുമ്പ് പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ സംഗീതാത്മ ചിത്രം ഗ്രീസ് (1978), ഫ്രാങ്കോ സെഫിറെല്ലിയുടെ ദി ചാമ്പ് (1979) എന്നീ രണ്ട് ചിത്രങ്ങളിലും അവർ അഭിനയിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

ന്യൂയോർക്ക് നഗരത്തിൽ വാഡ്വില്ലെ ഷോകളിൽ പങ്കെടുത്തിരുന്ന ഒരു കുടുംബത്തിൽ ജനിച്ച റോസ് ജോവാൻ ബ്ളോണ്ടൽ തൻറെ ജനനത്തീയതി ഓഗസ്റ്റ് 30, 1906 ആയിരുന്നുവെങ്കിലും കരിയറിന്റെ തുടക്കത്തിൽ 1909 എന്ന് തെറ്റായി ചിത്രീകരിച്ചിരുന്നു. അവരുടെ ചരമവാർത്തകൾ ഉൾപ്പെടെയുള്ള സ്രോതസുകൾ യഥാർത്ഥ ജന്മവർഷവുമായി യോജിക്കുന്നു.[2]

സ്വകാര്യജീവിതം[തിരുത്തുക]

1933 ജനുവരി 4 ന് അരിസോണയിലെ ഫീനിക്സിലുള്ള ഫസ്റ്റ് പ്രെസ്ബിറ്റീരിയൻ ദേവാലയത്തിൽ വെച്ച് നടന്ന ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ ഛായാഗ്രാഹകൻ ജോർജ്ജ് ബാർണുമായി ആദ്യ വിവാഹം നടത്തിയ ബ്ലൊണ്ടൽ ആകെ മൂന്ന് തവണ വിവാഹിതയായിട്ടുണ്ട്. ഒരു മികച്ച നിർമ്മാതാവ്, സംവിധായകൻ, ടെലിവിഷൻ എക്സിക്യൂട്ടീവ് എന്നീ നിലകളിൽ നോർമൻ പവൽ എന്നറിയപ്പെടുന്ന നോർമൻ സ്കോട്ട് ബാർൺസ് അവരുടെ കുട്ടിയാണ്. ജോവാനും ജോർജും 1936-ൽ വിവാഹമോചനം നേടി. 1936 സെപ്റ്റംബർ 19-ന്, നടനും സംവിധായകനും ഗായകനുമായ ഡിക്ക് പവലിനെ അവർ വിവാഹം കഴിച്ചു. അവർക്ക് ഒരു സ്റ്റുഡിയോ ഹെയർ സ്റ്റൈലിസ്റ്റായി മാറിയ എലൻ പവൽ എന്ന ഒരു മകളുണ്ടായിരുന്നു. പവൽ ജോവാൻറെ മുൻ വിവാഹത്തിലെ മകനെ നോർമൻ സ്കോട്ട് പവൽ എന്ന പേരിൽ ദത്തെടുത്തു. 1944 ജൂലൈ 14 ന് ബ്ലോണ്ടലും പവലും വിവാഹമോചനം നേടി. പവലിന്റെ പുതിയ ഭാര്യ ജൂൺ അല്ലിസണുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെങ്കിലും അവർ പിന്നീട് ദി ഓപ്പോസിറ്റ് സെക്‌സ് (1956) എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു.

1947 ജൂലൈ 5-ന് ബ്ളോണ്ടൽ നിർമ്മാതാവ് മൈക്ക് ടോഡിനെ വിവാഹം കഴിച്ചു. വൈകാരികവും സാമ്പത്തികവുമായി ഒരു ദുരന്തമായിരുന്ന ടോഡുമായുള്ള അവരുടെ വിവാഹം 1950-ൽ വിവാഹമോചനത്തിൽ കലാശിച്ചു.

മരണം[തിരുത്തുക]

1979 ലെ ക്രിസ്മസ് ദിനത്തിൽ കാലിഫോർണിയയിലെ സാന്താ മോണിക്ക നഗരത്തിൽവച്ച് രക്താർബുദം ബാധിച്ചിരുന്ന ബ്ലണ്ടൽ മരിച്ചു. മരണസമയത്ത് കുട്ടികളും സഹോദരിയും സമീപത്തുണ്ടായിരുന്നു.[3] മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം കാലിഫോർണിയയിലെ ഗ്ലെൻഡേലിലുള്ള ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ അടക്കം ചെയ്തു. മരണസമയത്ത് അവർക്ക് 73 വയസ്സായിരുന്നു.

അവലംബം[തിരുത്തുക]

  1. Obituary Variety, December 26, 1979.
  2. "Joan Blondell, Actress, Dies at 70; Often Played Wisecracking Blonde". The New York Times. December 26, 1979. Archived from the original on November 20, 2015. Retrieved August 30, 2015.
  3. "Joan Blondell, Actress, Dies at 70; Often Played Wisecracking Blonde". The New York Times. December 26, 1979. Archived from the original on November 20, 2015. Retrieved August 30, 2015.
"https://ml.wikipedia.org/w/index.php?title=ജോവാൻ_ബ്ലോണ്ടൽ&oldid=3973858" എന്ന താളിൽനിന്ന് ശേഖരിച്ചത്