Jump to content

ജെയിംസ് ബോസ്‌വെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ബോസ്വെൽ
തൊഴിൽഅഭിഭാഷകൻ, ദിനവൃത്താന്തകൻ, എഴുത്തുകാരൻ

പതിനെട്ടാം നൂറ്റാണ്ടിൽ (ഒക്ടോബർ 29, 1740 - മേയ് 19, 1795) സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ ജനിച്ച ഒരു അഭിഭാഷകനും, ദിനവൃത്താന്തകനും എഴുത്തുകാരനും ആയിരുന്നു ജെയിംസ് ബോസ്വെൽ . പ്രഖ്യാത ഇംഗ്ലീഷ് സാഹിത്യകാരനും വിമർശകനുമായിരുന്ന സാമുവൽ ജോൺസണുമായുള്ള അടുപ്പമാണ് ബോസെലിന് പ്രശസ്തിയിലേക്കുള്ള വഴിതീർത്തത്. ഒരാളുടെ സന്തതസഹചാരി, നിരീക്ഷകൻ എന്നീ അർത്ഥങ്ങളിൽ അദ്ദേഹത്തിന്റെ പേരും അതിൽ നിന്ന് ഉരുത്തിരിഞ്ഞ ബോസ്വെല്ലിയൻ, ബോസ്വെലിസം എന്നീ വാക്കുകളും ഇംഗ്ലീഷ് ഭാഷയിലെ പദസമുച്ചയത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. ജോൺസന്റെ ഏറ്റവും പ്രസിദ്ധമായ ജീവചരിത്രത്തിന്റെ സ്രഷ്ടാവെന്ന നിലയിലാണ് ബോസ്വെൽ മുഖ്യമായും അറിയപ്പെടുന്നത്. "എക്കാലത്തേയും ഏറ്റവും മഹത്തായ ജീവചരിത്രം" (The greatest of all biographies) എന്നുപോലും അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]

ദീർഘകാലം അദ്ദേഹം എഴുതിയിരുന്ന വിശദവും തുറന്നതുമായ ഡയറിക്കുറിപ്പുകളുടെ പേരിലും ബോസ്വെൽ അറിയപ്പെടുന്നു. രചയിതാവിന്റെ മരണം നടന്ന് ഒന്നേകാൽ നൂറ്റാണ്ട് കഴിഞ്ഞ്, 1920-കളിൽ മാത്രമാണ് ആ കുറിപ്പുകൾ കണ്ടുകിട്ടിയത്. യൗവനത്തിൽ നടത്തിയ നീണ്ട യൂറോപ്യൻ പര്യടനത്തിന്റേയും ജോൺസണുമായി സ്കോട്ട്ലൻഡിൽ നടത്തിയ യാത്രയുടേയും വിശദമായ വിവരണങ്ങൾ ഈ കുറിപ്പുകളിലുണ്ട്. അക്കാലത്തെ പ്രഖ്യാതവ്യക്തികളും ജോൺസന്റെ ക്ലബിലെ അംഗങ്ങളുമായിരുന്ന നടൻ ഡേവിഡ് ഗാറിക്, രാഷ്ട്രീയചിന്തകൻ എഡ്മൻഡ് ബർക്ക്, ചിത്രകാരൻ ജോഷ്വാ റെയ്നോൾഡ്സ്, സാഹിത്യകാരൻ ഒലിവർ ഗോൾഡ്സ്മിത്ത് എന്നിവരുമായുള്ള മുഖാമുഖങ്ങളുടെയും സംഭാഷണങ്ങളുടേയും വിവരണങ്ങളും ഈ കുറിപ്പുകളിലുണ്ട്. ബോസ്വെലിന്റെ രചനകളിൽ വിഷയമായത് മറ്റുള്ളവരാണ്. എന്നാൽ ജോൺസണെ ചുറ്റിനിന്ന ശ്രദ്ധേയരായ പ്രതിഭാശാലികളുടെ ക്ലബ്ബിൽ പ്രവേശനം നേടാൻ കഴിഞ്ഞ ബോസ്വെൽ, സുഹൃദ്ഭാവം, സംഭാഷണനൈപുണ്യം എന്നിവയുടെ പേരിൽ സ്വന്തം നിലക്കും പേരെടുത്തിരുന്നു.

തുടക്കം

[തിരുത്തുക]
Account of Corsica, 1768

ബാല്യം

[തിരുത്തുക]

ഏഡിൻബറോയിലെ വിശുദ്ധ ഗൈൽസിന്റെ ഭദ്രാസനപ്പള്ളിക്കടുത്താണ് ബോസ്വെലിന്റെ ജന്മസ്ഥലം. ന്യായാധിപനായിരുന്ന അലക്സാൻഡർ ബോസ്വെലും യൂഫീമിയ എർകൈന്റേയും മൂത്തപുത്രൻ ആയിരുന്നു അദ്ദേഹം. അമ്മ കാൽവിനിസ്റ്റ് പ്രൊട്ടസ്റ്റന്റ് മതത്തിലെ ഉറച്ചവിശ്വസിയായിരുന്നു. പിതാവിന് തന്നോട് തണുപ്പൻ സമീപനമായിരുന്നെന്ന് ബോസ്വെൽ കരുതി. ബാല്യത്തിൽ ലോലസ്വഭാവം പ്രകടിപ്പിച്ച ബോസ്വെലിന് പരമ്പരാഗതമായി ഏതോ നാഡീ രോഗവും കിട്ടിയിരുന്നു. അദ്ദേഹത്തിന്റെ രണ്ട് അമ്മാവന്മാരും ഒരു സഹോദരനും മനോവിഭ്രാന്തിയുടെ അരികോളം എത്തിയിരുന്നു. ഈ രോഗം ബോസ്വെലിനെ ജീവിതകാലം മുഴുവൻ ഇടക്കിടെ പീഡിപ്പിച്ചിരുന്നു. അഞ്ചാം വയസ്സിൽ അക്കാലത്തെ മുന്തിയ വിദ്യാശാലകളിലൊന്നായി കണക്കാപ്പെട്ടിരുന്ന ജെയിംസ് മുൻഡലിന്റെ അക്കാദമിയിൽ ചേർത്തു. അവിടെ ഇംഗ്ലീഷ്, ലത്തീൻ, ഗണിതം എന്നിവയായിരുന്നു വിഷയങ്ങൾ. എന്നാൽ ഈ സ്ഥാപനത്തിൽ ബോസ്വെൽ സന്തുഷ്ടനായിരുന്നില്ല. തത്‌ഫലമായി അക്കാലത്ത് അദ്ദേഹത്തിന്റെ നാഡീരോഗം, രാത്രിയിലെ കടുത്ത ഭയം, അനിയന്ത്രിതമായ ലജ്ജാശീലം എന്നീ ലക്ഷണങ്ങൾ കാട്ടി.

തുടർന്ന് എട്ടുവയസ്സുള്ള ബോസ്വെലിനെ അക്കാഡമിയിൽ നിന്നു മാറ്റി, മാറിമാറിവന്ന സ്വകാര്യ ട്യൂട്ടർമാരുടെ ശിക്ഷണത്തിലാക്കി. പ്രശസ്തകവി ജോൺ ഡൺ‍, ഫർഗൂസൺ എന്നുപേരുള്ള ഒരാൾ എന്നിവർ അങ്ങനെ നിയോഗിക്കപ്പെട്ട ഗുരുക്കന്മാരിൽ ചിലരായിരുന്നു. ഇവരിൽ ഡൺ ആണ് കൂടുതൽ മികവുകാട്ടിയത്: സാഹിത്യം നൽകുന്ന ആനുഭൂതികളിലേക്കും മതത്തിന്റെ ആനന്ദങ്ങളിലേക്കും ബോസ്വെലിന്റെ കണ്ണുതുറന്നത് ഡൺ ആണ്. 1752-ൽ ഗുരുതരമായ രോഗം ബാധിച്ച് ഉത്തര ഡംഫ്രീഷയറിലെ മൊഫാറ്റ് എന്ന ഗ്രാമത്തിൽ കഴിയേണ്ടിവന്ന ബോസ്വെലിനൊപ്പം ഡണ്ണും ഉണ്ടായിരുന്നിരിക്കാം എന്ന് കരുതപ്പെടുന്നു. വിശാലസമൂഹവുമായി അടുത്തിടപഴകാൻ കിട്ടിയ ഈ ആദ്യ അവസരം അദ്ദേഹത്തിന്റെ സുഖപ്രാപ്തി ത്വരിതവും പൂർണ്ണവുമാക്കി.


പതിമൂന്നാം വയസ്സിൽ എഡിൺബറോ സർവകലാശാലയിൽ ചേർന്ന ബോസ്വെൽ 1753 മുതൽ 1758 വരെ അവിടെ പഠിച്ചു. ഈ പഠനത്തിനിടക്കും അദ്ദേഹത്തെ വിഷാദരോഗവും നാഡീസംബന്ധമായ പ്രശ്നങ്ങളും വിഷമിപ്പിച്ചു. എന്നാൽ സുഖപ്രാപ്തി കിട്ടിയ ബോസ്വെൽ, സ്വഭാവത്തിന്റെ മൃദുലപ്രകൃതി മാറി ഉന്മേഷവാനായി. ഇരുണ്ട നിറവും, കറുത്ത മുടിയും കണ്ണുകളുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇടത്തരം ഉയരവും ചീർക്കുന്ന പ്രകൃതിയുള്ള ശരീരവും പ്രത്യേകതകളായിരുന്നു. ഇടപെടുന്നവരെ ആകർഷിക്കുന്ന ഫലിതബോധം അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു.

മതം‌മാറ്റം

[തിരുത്തുക]

പത്തൊൻപതു വയസ്സു തികഞ്ഞപ്പോൾ, തുടർന്നുള്ള വിദ്യാഭ്യാസത്തിനായി ബോസ്വെൽ ഗ്ലാസ്ഗോ സർവകലാശാലയിൽ ചേർന്നു. അവിടെ അദ്ദേഹത്തിന്റെ ആദ്ധ്യാപകന്മാരിൽ ഒരാൽ പ്രശ്സ്ത സാമ്പത്തിക ശാസ്ത്രജ്ഞാൻ ആദം സ്മിത്തായിരുന്നു. അക്കാലത്ത് ബോസ്വെൽ കത്തോലിക്കാ മതത്തിന്റെ ആകർഷണത്തിൽ വന്നു.[ക] കത്തോലിക്കനാകാനും സംന്യാസം സ്വീകരിക്കാനും അദ്ദേഹം തീരുമാനിച്ചു. ഇതറിഞ്ഞ പിതാവ് മകനെ തിരികെ വിളിച്ചു. മടങ്ങിച്ചെല്ലുന്നതിനു പകരം ബോസ്വെൽ ലണ്ടണിലെക്ക് ഓടിപ്പോയി കുത്തഴിഞ്ഞ ജീവിതത്തിൽ മൂന്നും മാസം കഴിച്ചു. ഒടുവിൽ പിതാവ് മകനെ സ്കോട്ട്ലൻഡിലേക്ക് കൂട്ടിക്കൊണ്ടുപോയി വീണ്ടും എഡിൻബറോ സർവകലാശാലയിൽ ചേർത്തു. പിതൃസ്വത്തിലുള്ള അവകാശത്തിനു പകരമായി 100 പൗണ്ടിന്റെ വാർഷികദത്ത വാങ്ങാൻ സമ്മതിക്കുന്ന ഒരു രേഖയിൽ നിർബന്ധിച്ച് ഒപ്പുവയ്പ്പിക്കുകയും ചെയ്തു.

ജോൺസണെ കണ്ടുമുട്ടുന്നു

[തിരുത്തുക]

1762 ജൂലൈ 30-ന് ബോസ്വെൽ സർവകലാശാലയിലെ ഇന്റെർവ്യൂ പരീക്ഷ മികവോടെ വിജയിച്ചതിനെ തുടർന്ന് പിതാവ് അദ്ദെഹത്തിന്റെ വാർഷിക ബത്ത 200 പൗണ്ടായി ഇരട്ടിപ്പിക്കുകയും ലണ്ടണിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തു. ലണ്ടണിലെ ഈ രണ്ടാം വാസത്തിനിടക്കാണ് ബോസ്വെൽ തന്റെ ലണ്ടൻ കുറിപ്പുകൾ എഴുതിയതും 1763 മേയ് 16-ന് സമുവൽ ജോൺസണെ ആദ്യമായി കണ്ടതും.

ജോൺസൺ പതിവായി സന്ദർശിച്ചിരുന്ന തോമസ് ഡേവീസിന്റെ പുസ്തകക്കടയിൽ ചായയും മോന്തി ഇരുന്ന ബോസ്വെലിന് "അങ്ങേയറ്റം വിലക്ഷണമായ രൂപമുള്ള ഒരു മനുഷ്യൻ" (a man of most dreadful appearance) കയറി വരുന്നതു കണ്ടപ്പോൾ അത് ജോൺസണാണെന്ന് തിരിച്ചറിഞ്ഞു. സ്കോട്ട്ലൻഡുകാരെ ജോൺസണ് വെറുപ്പാണെന്ന്[ഖ] കേട്ടിരുന്നതിനാൽ, താൻ ആ നാട്ടുകാരനാണെന്ന് ജോൺസണോട് പറയരുതെന്ന് കടയുടമസ്ഥൻ ഡേവീസിനോട് ബോസ്വെൽ അപേക്ഷിച്ചെങ്കിലും, തമാശ ആസ്വാദിക്കാനാഗ്രഹിച്ച ഡേവീസ് ആദ്യം പറഞ്ഞത് അതാണ്. തുടർന്നുള്ള അവരുടെ സംഭാഷണം ബോസ്വെൽ "സാമുവൽ ജോൺസന്റെ ജീവിതം" എന്ന ജീവചരിത്രത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

ബോസ്വെൽ: "മിസ്റ്റർ ജോൺസൺ, ഞാൻ സ്കോട്ട്ലൻഡിൽ ജനിച്ചവൻ തന്നെയാണ്. പക്ഷേ അക്കാര്യത്തിൽ എനിക്കെന്തു ചെയ്യാനാകും."

ജോൺസൺ: "നിങ്ങളുടെ നാട്ടുകാരിൽ മിക്കവർക്കും ഉള്ള നിസ്സഹായതയാണ് അതെന്ന് എനിക്കറിയാം, സർ."[2]

ആദ്യസംഭാഷണം അസുഖകരമായിരുന്നെങ്കിലും താമസിയാതെ അവർ സുഹൃത്തുക്കളായി. ജോൺസൻ അദ്ദേഹത്തെ 'ബോസി' എന്നാണ് വിളിച്ചിരുന്നത്.

ജോൺസണുമായുള്ള ആദ്യത്തെ മുഖാമുഖം നടന്ന് മൂന്നുമാസത്തിന് ശേഷമാണ് നെഥർലാൻഡ്സിലെ യൂട്രെക്ട് സർവകലാശാലയിൽ ചേർന്ന്, താൻ തുടങ്ങിയിരുന്ന നിയമപഠനം പൂർത്തിയാക്കാനായി ബോസ്വെൽ തിരിക്കുന്നത്. 53 വയസ്സുള്ള ജോൺസൺ, 22 വയസ്സുള്ള ബോസ്വെലിനെ ഹാർവിച്ച് തുറമുഖത്തെത്തി യാത്ര അയക്കാൻ മാത്രം ഉറപ്പുള്ളതായിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക് അവരുടെ സൗഹൃദം.

യൂറോപ്യൻ പര്യടനം

[തിരുത്തുക]

യൂട്രേക്ടിൽ ബോസ്വെൽ കഴിച്ചത് ഒരു വർഷം മാത്രമാണ്. ആദ്യത്തെ മാസങ്ങൾ തീരെ വിരസമായിരുന്നെങ്കിലും പിന്നീടുള്ള സമയം ആനന്ദപ്രദമായിരുന്നു. ബുദ്ധിമതിയുംപുരോഗമനചിന്താഗതിക്കാരിയും ഉയർന്ന സാമൂഹ്യപശ്ചാത്തലത്തിൽ നിന്നുള്ളവളുമായ ബെല്ലി വാൻ സൂയ്‌ലെൻ എന്ന നാട്ടുകാരിയുമായി ബോസ്വെൽ ചങ്ങാത്തത്തിലാവുകയും അവരെ പ്രണയിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥനക്ക് അവർ കൊടുത്ത മറുപടി, പരിഹാസം നിറഞ്ഞു നിന്ന ഒരു കത്താണ്.[1] ഗീൽവിങ്ക് എന്ന യുവവിധവയുമായും ബോസ്വെൽ പ്രേമത്തിലായെങ്കിലും അവരും വിവാഹത്തിന് സമ്മതിച്ചില്ല. തുടർന്നുള്ള രണ്ടുവർഷക്കാലം ബോസ്വെൽ യൂറോപ്പു മുഴുവൻ ചുറ്റിക്കറങ്ങുന്നതിന് ചെലവഴിച്ചു. അതിനിടെ അദ്ദേഹം വോൾട്ടയർ റുസ്സോ മുതലായ ഉന്നതന്മാരുമായിപ്പോലും കൂടിക്കഴ്ച നടത്തുകയും റോമിലേക്ക് തീർത്ഥയാത്ര നടത്തുകയും ചെയ്തു. ഇറ്റലിയിൽ ബോസ്വെൽ എങ്ങനെ സമയം പോക്കിയെന്നറിയാൻ വിൽ-ഏരിയൽ ഡുറാന്റുമാരുടെ താഴെ കൊടുക്കുന്ന വിവരണം സഹായിക്കും:

പിൽക്കാലത്ത് നെപ്പോളിയന്റെ ജന്മസ്ഥലമായി അറിയപ്പെട്ട കോർസിക്ക ദ്വീപു സന്ദർശിച്ച ബോസ്വെൽ അവിടെ തന്റെ ആരാധ്യപുരുഷൻ, കോർസിക്കയുടെ സ്വാതന്ത്ര്യസമരനേതാവ് പാസ്ക്വേൽ പാവോളിയേയും കണ്ടു. "പാവോലിയുമോത്ത് അത്താഴമുണ്ടിട്ടുള്ള കോർസിക്കൻ ബോസ്വെൽ" എന്ന പ്രശസ്തി ഇത് അദ്ദേഹത്തിന് നാട്ടിൽ നേടിക്കൊടുത്തു. മടങ്ങിയെത്തിയ ശേഷം ബോസ്‌വെൽ കോർസിക്കയെക്കുറിച്ചും പാവോലിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പ്രസിദ്ധീകരിച്ച ലഘുപുസ്തകം ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും കോർസിക്കൻ സ്വാതന്ത്ര്യവാദികൾക്ക് രഹസ്യമായാണെങ്കിലും ആയുധമെത്തിക്കാൻ ബ്രിട്ടീഷ് സർക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്തു. യൂറോപ്യൻ യാത്രയെ സംബന്ധിച്ച വിശദമായ കുറിപ്പുകൾ, "ബോസ്വെൽ ഹോളണ്ടിൽ", "ബോസ്വെൽ ദീർഘയാത്രയിൽ" എന്നീ പേരുകളിൽ പുസ്തകങ്ങളായി വേറേയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പിൽക്കാലജീവിതം

[തിരുത്തുക]

ബോസ്വെൽ 1766 ഫെബ്രുവരിയിൽ ലണ്ടണിലെത്തിയത് റുസ്സോയുടെ സഹധർമ്മിണി തെരീസയുമൊത്താണ്. നേരത്തെ ലണ്ടണിലെത്തിയിരുന്ന റുസ്സോയുടെ അടുത്ത് അവരെ എത്തിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. യാത്രാമധ്യേ അവരുമായും താൻ ഒരു 'ബന്ധപ്പെട്ടെന്ന്' ബോസ്വെൽ കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.[1] ലണ്ടണിൽ ഏതാനും മാസങ്ങൾ ചെലവിട്ടശേഷം നിയമപരീക്ഷയുടെ അവസാനഭാഗം പൂർത്തിയാക്കാനായി ബോസ്വെൽ സ്കോട്ട്ലൻഡിലേക്കുപോയി. പരീക്ഷ വിജയിച്ച അദ്ദേഹം വക്കീലായി. തുടർന്ന് വക്കീൽപ്പണിക്ക് നിയോഗിച്ച ഒരു ദശാബ്ദത്തിലേറെക്കാലം, വർഷത്തിൽ ഒരു മാസം മാത്രമാണ് ബോസ്വെൽ ജോൺസണോടൊത്ത് കഴിഞ്ഞത്. എന്നാൽ ജോൺസണും ലണ്ടണിലെ സാഹിത്യകൂട്ടായ്മയിലെ മറ്റുള്ളവരും ആയി ഇടപഴകി സ്കോട്ട്ലൻഡിലെ ജീവിതത്തിലെ വിരസതമാറ്റാൻ വർഷത്തിലൊരിക്കലുള്ള ആ യാത്ര അദ്ദേഹം ഒരിക്കലും മുടക്കിയില്ല. സമന്മാരെന്ന് താൻ കരുതിയവരുമായുള്ള ബൗദ്ധികവ്യാപാരം ഒഴിവാക്കാനാവാത്തതായി ബോസ്വെൽ കരുതി.


1769 നവംബറിൽ ബോസ്വെൽ തന്നേക്കാൾ മൂപ്പുണ്ടായിരുന്ന കസിൻ, മാർഗരറ്റ് മോണ്ട്ഗോമറിയെ വിവാഹം കഴിച്ചു. മദ്യപാനിയും വ്യഭിചാരിയുമെന്ന ദുഷ്പേര്, ദാമ്പദ്യ ജീവിതത്തിലേക്ക് അദ്ദേഹത്തിന് മറ്റുവഴികൾ അടച്ചിരുന്നു.[1] വിവാഹശേഷവും ബോസ്വെൽ തന്റെ പഴയരീതികൾ മാറ്റിയില്ലെങ്കിലും, 1789-ൽ ക്ഷയരോഗം വന്നു മരിക്കുന്നതുവരെ മാർഗരറ്റ് അദ്ദേഹത്തോട് വിശ്വസ്തയായിരുന്നു. ഓരോ വിശ്വാസവഞ്ചനക്കുശേഷവും ബോസ്വെൽ മാർഗരറ്റിനോട് കണ്ണീരോടെ മാപ്പപേക്ഷിക്കുകയും തുടർന്ന് അത്തരം തെറ്റുകൾ ആവർത്തിക്കുകയില്ലെന്ന് അവർക്കും തനിക്കുതന്നെയും വാക്കുകൊടുക്കുകയും ചെയ്തിരുന്നു. ബോസ്വെലിലും മാർഗരറ്റിനും നാല് ആണ്മക്കളും മൂന്നു പെണ്മക്കളും ജനിച്ചു. ആണ്മക്കളിൽ രണ്ടുപേർ ശൈശവത്തിൽ മരിച്ചു; ഗാനരചയിതാവായ അലക്സാണ്ടർ ബോസ്വെലും ജെയിംസുമാണ് മറ്റുരണ്ടുപേർ. അവരുടെ പെണ്മക്കൾ വേറോനിക്ക, യുഫീമിയ, എലിസബത്ത് എന്നിവരായിരുന്നു. വിവാഹേതരബന്ധത്തിൽ ജനിച്ച ചാൾസ്, സാലി എന്നീ രണ്ടു സന്താനങ്ങൾ കൂടിയെങ്കിലും ബോസ്വെലിനുണ്ടായിരുന്നു.

യൂറോപ്യൻ പര്യടനത്തെ സംബന്ധിച്ച രചനകൾ താരതമ്യേനയുള്ള സാഹിത്യവിജയം നേടിക്കൊടുത്തെങ്കിലും വക്കീലെന്ന നിലയിൽ ബോസ്വെൽ തികഞ്ഞ പരാജയമായിരുന്നു. 1770-കളായപ്പോൾ, മദ്യത്തിനും ചൂതുകളിക്കും അദ്ദേഹം കൂടുതൽ അടിമപ്പെട്ടു. ബാല്യം മുതൽ മരണം‌വരെ മനോനിലയുടെ കടുത്ത ചാഞ്ചാട്ടം ബോസ്വെലിനെ അലട്ടിയിരുന്നു. ചീത്ത ശീലങ്ങൾ വിഷാദാവസ്ഥയെ വഷളാക്കിയപ്പോൾ അതിൽ നിന്ന് രക്ഷപെടാനായി അദ്ദേഹം അത്തരം ശീലങ്ങളെ കൂടുതൽ ആശ്രയിച്ചു. സന്തുഷ്ടനായിരുന്നപ്പോൾ ബോസ്വെൽ പൊതുവേ സന്മാർഗ്ഗചാരിയായിരുന്നു. യൂറോപ്യൻ ജ്ഞാനോദയം നൽകിയ യുക്തിനിഷ്ടയും കാല്പനികമായ ഒരു തരം സൗന്ദര്യതൃഷ്ണയും മൂന്നാംകിട ഇഷ്ടങ്ങളും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ കെട്ടുപിണഞ്ഞുകിടന്നു. സ്വഭാവത്തിന്റെ ഈ അവസാന ഘടകമാണ് ലണ്ടണിൽ അദ്ദേഹം ഇടപഴകിയ സാഹിത്യകൂട്ടായ്മയിലെ വമ്പന്മാരിൽ പലരും ബോസ്വെലിനെ ഗൗരവമായെടുക്കാതിരിക്കാൻ കാരണമായത്. എന്നാൽ സഹജമായ ഫലിതബോധവും പൊതുവേയുള്ള സൗഹൃദഭാവവും അദ്ദേഹത്തിന് പല അജീവനാന്ത സുഹൃത്തുക്കളേയും നേടിക്കൊടുത്തു.

1784-ൽ ജോൺസന്റെ മരണത്തിനുശേഷം ഇംഗ്ലണ്ടിൽ അഭിഭാഷകവൃത്തിയിൽ ഭാഗ്യം പരീക്ഷികാനായി ബോസ്വെൽ ലണ്ടണിലേക്ക് താമസം മാറ്റി. എന്നാൽ ആ രംഗത്ത് അവിടെ അദ്ദേഹത്തെ കാത്തിരുന്നത് സ്കോട്ട്ലൺഡിലുണ്ടായതിനേക്കാൽ കനത്ത പരാജയമാണ്. ഇടയ്ക്ക് പാർലമെന്റിലേക്കു മത്സരിക്കുന്ന കാര്യവും അദ്ദേഹം പരിഗണിച്ചെങ്കിലും ആവശ്യത്തിന് പിന്തുണകിട്ടാതിരുന്നതുകൊണ്ട് വേണ്ടെന്നുവച്ചു. അവസാനവർഷങ്ങൾ അദ്ദേഹം ജോൺസന്റെ ജീവിതകഥ എഴുതുന്നതിൽ മുഴുകി. ഇക്കാലത്ത് മദ്യപാനവും രതിജന്യരോഗങ്ങളും ചേർന്ന് അദ്ദേഹത്തിന്റെ ആരോഗ്യം തകർത്തു. 1795-ൽ ബോസ്വെൽ ലണ്ടണിൽ അന്തരിച്ചു.

"സാമുവൽ ജോൺസന്റെ ജീവിതം"

[തിരുത്തുക]
1781-ൽ സർ ജോഷ്വാ റെയ്നോൾഡ്സിന്റെ വീട്ടിൽ നടന്ന ഒരു സാഹിത്യവിരുന്നിൽ "ക്ലബിലെ" അംഗങ്ങളായ ബോസ്വെൽ(ഇടത്തേയറ്റം), ജോൺസൺ, റെയ്നോൾഡ്സ്, അഭിനേതാവ് ഡേവിഡ് ഗാറിക്ക്, രാഷ്ട്രതന്ത്രജ്ഞൻ ഏഡ്മൻഡ് ബർക്ക്, കോർസിക്കൻ ദേശീയവാദി പാസ്കൽ പാവോളി, സംഗീതചരിത്രകാരൻ ചാൾസ് ബർണി, ആസ്ഥാനകവി തോമസ് വാർട്ടൺ, എഴുത്തുകാരൻ ഒലിവർ ഗോൾഡ്സ്മിത്ത് എന്നിവർ

1791-ൽ പ്രസിദ്ധീകരിക്കപ്പെട്ട ബോസ്വെലിന്റെ "സാമുവൽ ജോൺസന്റെ ജീവിതം" ബോസ്വെൽ എക്കാലവും തേടിയിരുന്ന പ്രശസ്തി അദ്ദേഹത്തിന് നേടിക്കൊടുത്തു. പിന്നീടൊരിക്കലും ആ കൃതിയുടെ മതിപ്പ് കുറഞ്ഞതുമില്ല. അത് ജീവചരിത്രരചനയുടെ രംഗത്ത് വിപ്ലവം തന്നെ സാധിച്ചു. ബോസെൽ കേട്ട് രേഖപ്പെടുത്തിയ ജോൺസന്റെ സംഭഷണങ്ങൾ ഉൾക്കൊള്ളിച്ചിരുന്നത് വലിയ പുതുമയായിരുന്നു. ജോൺസണെ സംബന്ധിച്ച വ്യക്തിപരവും മാനുഷികവുമായ വിശദാംശങ്ങൾ ചേർത്തിരുന്നതും അക്കാലത്തെ വായനക്കാർക്ക് പുതിയ അനുഭവമായിരുന്നു. ജോൺസന്റെ പൊതുജീവിതത്തിന്റെ ബഹുമാനപൂർവമുള്ള വരണ്ട ചിത്രം അവതരിപ്പിക്കുന്നതിന് പകരം, ജോൺസണെന്ന മനുഷ്യന്റെ മിഴിവുറ്റ മുഴുവൻ ചിത്രമാണ് ബോസ്വെൽ വരച്ചുകാട്ടിയത്. ഇക്കാലത്തും, ഇതുവരേ എഴുതപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മഹത്തായ ജീവചരിത്രം എന്ന് ബോസ്വെലിന്റെ രചന വിശേഷിപ്പിക്കപ്പെടാറുണ്ട്. ജോൺസന്റെ നീണ്ടുനിൽക്കുന്ന പ്രശസ്തി വലിയൊരളവോളം ആ രചനയെ ആശ്രയിച്ചാണ്.

ജോൺസണുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച കഴിഞ്ഞ് ഏറെത്താമസിയാതെ 1863-ൽ തന്നെ ബോസ്‌വെൽ അദ്ദേഹത്തെക്കുറിച്ച് കുറിപ്പുകൾ എഴുതി സൂക്ഷിക്കാൻ തുടങ്ങിയിരുന്നു. ചുരുക്കെഴുത്ത് വശമില്ലാതിരുന്ന ബോസ്‌വെൽ ഓരോ കൂടിക്കാഴ്ചയും കഴിഞ്ഞ് മടങ്ങിവന്നശേഷം ഓർമ്മയിൽ നിന്ന് എഴുതുകയാണ് ചെയ്തത്. ജോൺസന്റെ മരണത്തിന് 12 വർഷം മുൻപ് 1972-ൽ തന്നെ, അദ്ദേഹം ജീവചരിത്രം മനസ്സിൽ കണ്ടിരുന്നെങ്കിലും ജോൺസന്റെ മരണത്തിനുശേഷവും അദ്ദേഹം അതെഴുതാൻ തിടുക്കം കാട്ടിയില്ല. മറ്റുള്ളവർ എഴുതിയ ജോൺസന്റെ ജീവചരിത്രങ്ങൾ ഇറങ്ങിക്കൊണ്ടിരുന്നപ്പോഴും, തന്റെ കൃതിയിൽ ചേർക്കാൻ പുതിയ വിവരങ്ങൾക്കായി ഓടിനടക്കുകയായിരുന്നു ബോസ്‌വെൽ. 1786 ജൂലൈ മാസത്തിൽ തുടങ്ങിയ രചന പ്രസിദ്ധീകരിച്ചത് 1791-ലാണ്.

ബോസ്വെലിനെപ്പോലൊരാൾക്ക് ഇത്ര മഹത്തായൊരു കൃതി എങ്ങനെ എഴുതാൻ കഴിഞ്ഞെന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. മക്കാളേ പ്രഭുവും ചരിത്രകാരൻ തോമസ് കാളൈലും ഈ ചോദ്യത്തിന് മറുപടി കണ്ടെത്താൻ ശ്രമിച്ചവരിൽ ചിലരാണ്. ബോസ്വെലിനെ അനുഗ്രഹിച്ചിരുന്ന മൂഢത്വവും ബാലിശഭാവവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ യോഗ്യതകളായിരുന്നെന്ന് മക്കാളേ കരുതി. [ഘ] എന്നാൽ മറ്റുള്ളവർ കണ്ട മൂഢത്വത്തിനും ബാലിശഭാവത്തിനും പിന്നിൽ യഥാർത്ഥ മഹത്ത്വം മനസ്സിലാക്കാൻ കഴിയുന്ന മനസ്സും അത് അംഗീകരിക്കാൻ തയ്യാറുള്ള ഹൃദയവും ഉണ്ടായിരുന്നെന്നും, നിരീക്ഷണപാടവവും, നാടകീയസന്ദർഭങ്ങൾ പിടിച്ചെടുക്കാനുള്ള കഴിവും അവയ്ക്കു കൂട്ടായി നിന്നു എന്നും കാർളൈൽ കരുതി.

അടിമവ്യവസ്ഥയോടുള്ള നിലപാട്

[തിരുത്തുക]

1787-ൽ അടിമവ്യവസ്ഥയുടെ നിരോധനത്തിന് പാർലമെന്റിൽ മുൻകയ്യെടുക്കാൻ വില്ല്യം വിൽബർഫൊഴ്സിനെ പ്രേരിപ്പിക്കാനായി സ്ഥാപിക്കപ്പെട്ട അടിമത്തനിരോധനസമിതിയുടെ ആദ്യസമ്മേളനത്തിൽ ബോസ്വെൽ പങ്കെടുത്തിരുന്നു. എന്നാൽ നിരോധനത്തെ ആദ്യം പിന്തുണച്ച അദ്ദേഹം പിന്നീട് അതിന്റെ ശത്രുവായെന്ന് "നിരോധനവാദി" (abolitionist) തോമസ് ക്ലാർക്ക്സൺ പറയുന്നു. നിരോധനത്തെ പിന്തുണച്ച ക്ലാർക്ക്സണേയും, വിൽബർഫൊഴ്സിനേയും, വില്യം പിറ്റിനേയും പരിഹസിച്ചെഴുതിയ "അടിമത്ത നിരോധനം ആവശ്യമില്ല" എന്ന കവിതയിൽ ബോസ്വെൽ അടിമവ്യവസ്ഥയെ പിന്തുണച്ചു. "സ്നേഹത്തിന്റെ വിശ്വസാമ്രാജ്യം" (The Universal Empire of Love) എന്നുകൂടി പേരിട്ടിരുന്ന ആ കവിതയിൽ, അടിമകൾക്ക് സ്വന്തം അവസ്ഥ ആസ്വാദ്യമാണെന്നുപോലും ബോസ്വെൽ വാദിച്ചു. "ദി ചീയർഫുൽ ഗാങ്ങ്" എന്നാണ് ഈ കവിതയിൽ അദ്ദേഹം അടിമത്തത്തിൽ കഴിയുന്ന കറുത്ത മനുഷ്യരെ വിശേഷിപ്പിച്ചത്.

ഡയറികളിലെ ബോസ്വെൽ

[തിരുത്തുക]

1920-കളിൽ വ്യക്തിപരമായ കുറിപ്പുകളടക്കമുള്ള ബോസ്വെലിന്റെ സ്വകാര്യകടലാസുകളുടെ ഒരു വലിയ ശേഖരം അയർലൻഡിൽ ഡബ്ലിനു വടക്കുള്ള മലാഹൈഡ് കൊട്ടാരത്തിൽ നിന്ന് കണ്ടെടുത്തു. ബോസ്വെലിന്റെ ജീവിതത്തിലേക്കും വിചാരപ്രപഞ്ചത്തിലേക്കും വെളിച്ചം വീശുന്ന ആ ശേഖരം അമേരിക്കക്കാരനായ റാൽഫ് ഇഷാം വിലക്കുവാങ്ങി. പിന്നീട് അവ യേൽ സർവകലാശാലക്ക് കൈമാറ്റം ചെയ്യപ്പെട്ടു. കുറിപ്പുകളുടേയും കത്തിടപാടുകളുടേയും പണ്ഡിതോചിതമായി സംശോധിതമായ ഒരു പൊതു പതിപ്പ് സർവകലാശാല പ്രസിദ്ധീകരിച്ചു. പിന്നീട് കണ്ടുകിട്ടിയ മറ്റൊരു ശേഖരവും ഇഷാം തന്നെ വിലക്കുവാങ്ങി. അവയോടൊപ്പം കിട്ടിയ മൂലകൈയെഴുത്തുപ്രതിയെ ആധാരമാക്കി, സ്കോട്ട്ലൻഡിലേക്ക് ജോൺസണോടൊപ്പം ബോസ്വെൽ നടത്തിയെ യാത്രയുടെ വിവരണത്തിന്റെ ഒരു വിസ്തരിച്ച പതിപ്പ് 1936-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. "1762-63 കാലത്തെ ലണ്ടൻ കുറിപ്പുകൾ" 1950-ലും, 1789-95 കാലത്തെ സംബന്ധിച്ച കുറിപ്പുകൾ 1989-ലും യേൽ സർവകലാശാല പ്രസിദ്ധീകരിച്ചു.

ബോസ്വെലിന്റെ സ്വകാര്യക്കുറിപ്പുകൾ തുറന്നുകാട്ടുന്നത് അമ്പരപ്പും കൗതുകവും ഉണർത്തുന്ന ഒരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും കൗതുകങ്ങളും മനോസംഘർഷങ്ങളും അവയിൽ തെളിഞ്ഞു നിൽക്കുന്നു. 1763 മാർച്ച് 27-ന് ലണ്ടണിലെ വിശുദ്ധ ഡൺസ്റ്റന്റെ പള്ളിയിൽ ബോസ്വെൽ ആരാധനയിൽ പങ്കെടുത്തു. എന്നാൽ മാർച്ച് 31-ന് പാർക്കിൽ ചുറ്റിക്കറങ്ങി, ആദ്യം കണ്ട പെണ്ണിനെ ("the first whore I met") തെരഞ്ഞെടുക്കുകയാണ് അദ്ദേഹം ചെയ്തത്. നെഥർലൻഡ്സിലെ താമസത്തിന്റെ തുടക്കത്തിൽ തന്റെ ദൗർബ്ബല്യങ്ങളെക്കുറിച്ചോർത്ത് വിഷാദിച്ച ബോസ്വെൽ, ഒരു സ്വയം നവീകരണപദ്ധതി എഴുതിവച്ചു. മതാത്മകമായി ജീവിക്കാനും, ക്രിസ്തീയധാർമ്മികതയെ മുറുകെപ്പിടിക്കാനുമായിരുന്നു തീരുമാനം. എന്നാൽ പിന്നീട് പെൺസഹവാസം കൊതിച്ച് ആംസ്റ്റർഡാമിലേക്ക് പോയി അവിടത്തെ വൃത്തികെട്ട തെരുവുകളിൽ അദ്ദേഹം അലഞ്ഞുതിരിഞ്ഞു. യാത്ര തുടർന്ന് ബെർലിനിലെത്തിയ ബോസ്വെലിന് കിട്ടിയത് ഗർഭിണിയായ ഒരു ചോക്കലേറ്റ് കച്ചവടക്കാരിയാണ്. ഫ്രാൻസിലെ മാർസേലിൽ (Marseilles) "പൊക്കം കൂടി മാന്യനായ ഒരു ഇടനിലക്കാരൻ (a tall and decent pimp) അദ്ദേഹത്തിന് അപകടമില്ലാത്തെ ഒരു മര്യാദക്കാരി പഞ്ചപാവം പെണ്ണിനെ(an honest safe and disinterested girl) സംഘടിപ്പിച്ചുകൊടുത്തു. വിവാഹശേഷവും തന്റെ പഴയരീതികൾ തുടർന്ന ബോസ്വെൽ, തന്റെ അവിശ്വസ്തതയെക്കുറിച്ച് വിഷാദത്തിലായെങ്കിലും ബൈബിളിലെ പൂർവപിതാക്കന്മാർക്കും വെപ്പാട്ടികൾ ഉണ്ടായിരുന്നെന്ന നീതീകരണത്തിൽ ആശ്വാസം കണ്ടെത്തി.[1]

വിലയിരുത്തൽ

[തിരുത്തുക]

ബോസ്‌വെൽ വലിയ മനുഷ്യരെ ആരാധിക്കുകയും അവരുമായി അടുക്കാൻ ആഗ്രഹിക്കുകയും ചെയ്തു. ജോൺസണു പുറമേ, വോൾട്ടയർ, റുസ്സോ, കോർസിക്കൻ ദേശീയവാദി പാവോലി എന്നിവരുമായി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞത്, ആരാധ്യപുരുഷന്മാരെ തേടിയെത്താൻ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവിന് തെളിവാണ്. ജീവിതകാലത്തു തന്നെ ബോസ്‌വെലിന്റെ ബലഹീനതകൾ പരക്കെ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പുകളുടെ പ്രസിദ്ധീകരണം അവയെ കൂടുതൽ വ്യക്തതയോടെ വെളിച്ചത്തുകൊണ്ടുവന്നു. എന്നാൽ ആ ദൗർബ്ബല്യങ്ങൾ പരസ്യമായിരുന്നിട്ടും, ലണ്ടണിലെ പല മാന്യവസതികളിലും അദ്ദേഹം സ്വാഗതം ചെയ്യപ്പെട്ടിരുന്നു എന്ന് ഡുറാന്റുമാർ ചൂണ്ടിക്കാട്ടുന്നു. അവരുടെ അഭിപ്രായത്തിൽ "ജോൺസണേയും ജോഷ്വാ റെയ്നോൾഡ്സിനേയും പോലുള്ള മഹാന്മാർ ബോസ്‌വെലിനെ ഇഷ്ടപ്പെട്ടിരുന്നു എന്നതുതന്നെ അദ്ദേഹം ഏറെ നന്മകൾ ഉള്ളവനായിരുന്നു എന്നതിന് തെളിവാണ്. ഉപരിതലം മാത്രം തൊട്ടറിഞ്ഞ്, ക്ഷതമേല്പിച്ച മാംസത്തിനുപിന്നിലെ വിങ്ങുന്ന ആത്മാവിനെ കാണാൻ നിൽക്കാതെ, പെണ്ണിൽ നിന്ന് പെണ്ണിലേക്കും ആശയങ്ങളിൽ നിന്ന് ആശയങ്ങളിലേക്കും, തിരക്കുപിടിച്ച യാത്രക്കാരനെപ്പോലെ ഓടിനടക്കുന്നവനാണ് അദ്ദേഹമെന്ന് ബുദ്ധിമാന്മാരായ അവർ മനസ്സിലാക്കിയിരിക്കണം. താൻ ശകലങ്ങൾ പെറുക്കാൻ മാത്രം കഴിവുള്ളവനാണെന്നും, ഒന്നും അതിന്റെ പൂർണ്ണതയിൽ തന്റെ മനസ്സിൽ തങ്ങുകയില്ലെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ പെറുക്കിയെടുത്ത ശകലങ്ങളാണ് ഒടുവിൽ ബോസ്‌വെലിന്റെ രക്ഷക്കെത്തിയതും അദ്ദേഹത്തിന്റെ ഓർമ്മയെ അനശ്വരമാക്കിയതും. "സാമുവൽ ജോൺസന്റെ ജീവിതം" വായിക്കുമ്പോൾ നാം ബോസ്‌വെലിന്റെ പാപങ്ങൾ മറക്കുന്നു."[1]

കുറിപ്പുകൾ

[തിരുത്തുക]

ക. ^ ഈ പരിവർത്തനത്തെക്കുറിച്ച് വിൽ-ഏരിയൽ ഡുറാന്റുമാരുടെ കമന്റ് രസകരമാണ്: "ഉല്ലാസകരമായ ജീവിതവുമായി കാൽവിനിസത്തേക്കാൾ ചേർന്നുപോകുന്നത് കത്തോലിക്കാവിശ്വാസമാണെന്ന് ബോസ്വെലിന് തോന്നി. ഒരു പാപിക്ക് ഏതാനും യുഗങ്ങൾ എരിതീയിൽ കഴിഞ്ഞശേഷം രക്ഷപേടാൻ വഴിയൊരുക്കുന്ന കത്തോലിക്കരുടെ ശുദ്ധീകരണസ്ഥലം അദ്ദേഹത്തിന് ഏറെ ബോധിച്ചു".[1]

ഖ. ^ ജോൺസൻ സ്കോട്ട്ലൻഡുകാരെ വെറുത്തിരുന്നു എന്ന് പൊതുവേ വിശ്വാസമുണ്ടായിരുന്നു; എന്നാൽ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജോൺസൺ പറഞ്ഞത് അത് മറ്റുള്ളവരുടെ മുൻവിധി മാത്രമാണെന്നാണ്.

ഗ. ^ "Sampled feminine wares at every stop."

ഘ. ^ ബോസ്വെലിനുനേറെ മക്കാളേ എറിഞ്ഞ വിഷം പുരട്ടിയ വിമർശനത്തിനു പിന്നിൽ രാഷ്ടീയകാരണങ്ങളും ഉണ്ടായിരുന്നിരിക്കാം: റ്റോറി കക്ഷിക്കാരനായിരുന്ന ബോസ്വെൽ വിഗ് ചരിത്രകാരനായ മക്കാളേയുടെ വിമർശനത്തിനിരയാവുക സ്വാഭാവികം മാത്രം. അതിനു പുറമേ, മക്കാളേയുടെ മുത്തച്ഛൻ ജോൺസന്റെ ഏറ്റവും വലിയ വിമർശനത്തിനിരയായവരിലൊരാളായിരുന്നു എന്നതും പ്രസക്തമാണ്. "സർ, ഒരു മനുഷ്യൻ നല്ല തത്ത്വസംഹിതകൾ കൊണ്ടുനടക്കുകയും അവയൊന്നും പിന്തുടരാതിരിക്കുകയും ചെയ്തേക്കാമെന്ന് മനസ്സിലാക്കാൻ മാത്രമുള്ള അറിവുപോലും അങ്ങേക്ക് മനുഷ്യസ്വഭാവത്തെക്കുറിച്ച് ഇല്ലെന്നോ?".[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 സംസ്കാരത്തിന്റെ ചരിത്രം പത്താം ഭാഗം(റുസ്സോയും വിപ്ലവവും - വിൽ, ഏരിയൽ ഡുറാന്റുമാർ (പുറങ്ങൾ 778-785 & 840-842)‍
  2. ജെയിംസ് ബോസ്വെൽ സാമുവൽ ജോൺസന്റെ ജീവിതം, [1992] എവ്‌രിമാൻ പതിപ്പ്, പുറം,247
  3. A Short Biographical Dictionary of English Literature by John W. Cousin - Full Text Free Book (Part 2/13)
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ബോസ്‌വെൽ&oldid=3097556" എന്ന താളിൽനിന്ന് ശേഖരിച്ചത്