Jump to content

ജോൺ ഡൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ഡൺ
ജോൺ ഡൺ
ജോൺ ഡൺ
തൊഴിൽകവി, പുരോഹിതൻ, വക്കീൽ
ദേശീയതഇംഗ്ലീഷ്
Genreഹാസ്യം, ഭാവഗീതം, വിലാപഗീതം, പ്രഭാഷണം
വിഷയംപ്രേമം, ലൈംഗികത, മതം, മരണം
സാഹിത്യ പ്രസ്ഥാനംമെറ്റഫിസിക്കൽ കവിത

ഇംഗ്ലീഷ് ജാക്കോബിയൻ കവിയും പ്രഭാഷകനും ആയിരുന്നു ജോൺ ഡൺ (1572മാർച്ച് 31, 1631). പതിനേഴാം നൂറ്റാണ്ടിലെ മെറ്റഫിസിക്കൽ കവികളിൽ പ്രമുഖനായി അദ്ദേഹം എണ്ണപ്പെടുന്നു. ഡണ്ണിന്റെ കവിതകളിലെ യാഥാതഥവും ഐന്ദ്രികവുമായ ശൈലി പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഭാവഗീതങ്ങളും, പ്രേമഗീതങ്ങളും, നർമ്മോക്തികളും, വിലാപകാവ്യങ്ങളും, ആക്ഷേപഹാസ്യവും, പ്രഭാഷണങ്ങളും, ലത്തീനിൽ നിന്നുള്ള പരിഭാഷകളും എല്ലാം ചേർന്നതാണ് അദ്ദേഹത്തിന്റെ രചനാലോകം. ഡണ്ണിന്റെ കവിതകൾ, ഭാഷയുടെ ചടുലത, ഭാവനയുടെ നവീനത, എന്നിവയിൽ അക്കാലത്തെ മറ്റുകവികളുടെ രചനകളിൽ നിന്ന് വേറിട്ടുനിൽക്കുന്നു.

ഉയർന്ന വിദ്യാഭ്യാസവും കവിതാവാസനയും ഉണ്ടായിരുന്നിട്ടും സമ്പന്നരായ സുഹൃത്തുക്കളുടെ ഔദാര്യത്തെ ആശ്രയിച്ചല്ലാതെ കഴിയാൻ നിവൃത്തിയില്ലാത്തത്ര ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹത്തിൻറെ ജീവിതം ഏറിയഭാഗവും. 1615-ൽ ആംഗ്ലിക്കൻ പുരോഹിതനായി അഭിഷിക്തനായ ഡൺ, 1621-ൽ ലണ്ടണിലെ വിശുദ്ധ പൗലോസിന്റെ ഭദ്രാസനത്തിലെ ഡീൻ ആയി നിയമിക്കപ്പെട്ടു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഡണ്ണിന്റെ സാഹിത്യസൃഷ്ടികൾ ഈ ജീവിതഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു. [ക] ഈ വാദമനുസരിച്ച്, ഡൺ പ്രേമഗീതങ്ങളും ആക്ഷേപഹാസ്യകൃതകളും യൗവനത്തിലും മതപ്രഭാഷണങ്ങൾ പിൽക്കാലത്തുമാണ് എഴുതിയത്. ഹെലൻ ഗാർഡ്നർ തുടങ്ങിയ പണ്ഡിതന്മാർ ഈ കാലഗണനാരീതിയുടെ വിശ്വസനീയത ചോദ്യം ചെയ്യുന്നു. ഡണ്ണിന്റെ മിക്കവാറും കവിതകൾ മരണാനന്തരമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ജീവിതകാലത്തുതന്നെ 1612-ലും 1623-ലുമായി പ്രസിദ്ധീകരിക്കപ്പെട്ട വാർഷികങ്ങൾ(Anniversaries) പ്രത്യേകാവസരങ്ങളിലെ പ്രാർത്ഥനകൾ എന്നിവയുടെ രചനാകാലം അറിവുണ്ട്. ഡണ്ണിന്റെ പ്രഭാഷണങ്ങൾ എഴുതപ്പെട്ടതെന്നെന്നും, ആണ്ടും തിയതിയും ഉൾപ്പെടെ, ഏറെക്കുറെ ഉറപ്പായി നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.

ആദ്യകാലജീവിതം

[തിരുത്തുക]

ജനനം, ബാല്യം

[തിരുത്തുക]

മാതാപിതാക്കന്മാരുടെ ആറുമക്കളിൽ മൂന്നാമനായി 1572-ൽ ലണ്ടണിലാണ് ജോൺ ഡൺ ജനിച്ചത്. പിതാവിന്റെ പേരും ജോൺ ഡൺ എന്നുതന്നെയായിരുന്നു. ലണ്ടണിലെ ഇരുമ്പായുധ നിർമ്മാണസ്ഥാപനങ്ങളിലൊന്നിലെ ജോലിക്കാരനായിരുന്ന പിതാവിന്റെ പൂർവികർ വെയിൽസിൽ നിന്നുള്ളവരായിരുന്നു. കത്തോലിക്കനായിരുന്ന അദ്ദേഹം മതപീഡനം ഭയന്ന്, സർക്കാരിന്റെ നോട്ടത്തിൽ പെടാതിരിക്കാൻ കഴിയുന്നത്ര ശ്രദ്ധിച്ചിരുന്നു.[2][3] 1576-ൽ പിതാവിന്റെ മരണത്തോടെ മക്കളെ വളർത്തുന്ന ചുമതല അമ്മ ഇലിസബത്ത് ഹേവുഡിന്റേതായി.[3] ഇലിസബത്തും അറിയപ്പെടുന്ന ഒരു കത്തോലിക്കാകുടുംബത്തിൽ നിന്നായിരുന്നു. നാടകകൃത്തായ ജോൺ ഹേവുഡിന്റെ മകളും, പരിഭാഷകനും ഈശോസഭാവൈദികനുമായ ജാസ്പർ ഹേവുഡിന്റെ സഹോദരിയുമായിരുന്നു അവർ. കത്തോലിക്കാ രക്തസാക്ഷിയായ തോമസ് മോറും അവരുടെ പൂർവികരിൽ ഉൾപ്പെട്ടിരുന്നു.[4] രക്തസാക്തിത്വത്തിന്റെ ഈ പാരമ്പര്യം ഡോണിന്റെ അടുത്തബന്ധുക്കൾക്കിടയിൽ തുടർന്നു. അവരിൽ പലരും മതവിശ്വാസത്തിന്റെ പേരിൽ വധിക്കപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്തു.[5] കത്തോലിക്കാസംന്യാസസമൂഹമായ ഈശോസഭയുമായി അടുക്കുന്നത് അക്കാലത്തെ ഇംഗ്ലണ്ടിൽ അപകടകമായിരുന്നിട്ടും ഡണിന്റെ കുടുംബം അദ്ദേഹത്തിന് ഈശോസഭാ സ്ഥാപനത്തിൽ ആരംഭവിദ്യാഭ്യാസം ഏർപ്പാടുചെയ്തു. ഈവഴിക്ക് ലഭിച്ച അഗാധമായ മതബോധം ഡണിനെ പിൽക്കാലത്തെ ആശയസമരങ്ങൾക്ക് സജ്ജനാക്കി.[4] പിതാവിന്റെ മരണത്തിന് ഏതാനും മാസങ്ങൾക്കുശേഷം അമ്മ, സമ്പന്നനായ ഡോക്ടർ ജോൺ സിമിങ്ങ്‌സിനെ വിവാഹം കഴിച്ചു. മുൻവിവാഹത്തിൽ മൂന്നുകുട്ടികളുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു. അടുത്തവർഷം, 1577-ൽ ഡോണിന്റെ സഹോദരി ഇലിസബത്ത് മരിച്ചു. സഹോദരിമാരായ മേരിയും കാതറിനും, നാലുവർഷം കഴിഞ്ഞ്, 1581-ൽ മരിച്ചു. അങ്ങനെ, ഡണ്ണിന് പത്തുവയസ്സാകുന്നതിനുമുൻപ്, അടുത്തബന്ധുക്കളിൽ നാലുപേർ മരിച്ചു.

പിർഫോർഡിൽ ജോൺ ഡൺ ജീവിച്ചിരുന്ന വീടിന്റെ ഒരു ഭാഗം

വിദ്യാഭ്യാസം, നാടോടിജീവിതം

[തിരുത്തുക]

പതിനൊന്നു വയസ്സുള്ള ഡൺ, ഓക്സ്‌ഫോർഡിൽ ഇന്നത്തെ ഹെർട്ട്‌ഫോർഡ് കോളജായ ഹാർട്ട് ഹാളിൽ പഠനം തുടങ്ങി. അവിടെ മൂന്നുവർഷത്തെ പഠനത്തിനുശേഷം അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ ചേർന്ന് മൂന്നുവർഷം കൂടി പഠിച്ചു. ബിരുദം ലഭിക്കാൻ, രാജാവിനെ ആംഗലസഭയുടെ തലവനായി ഏറ്റുപറയുന്ന ശപഥം എടുക്കേണ്ടിയിരുന്നതിനാൽ, കത്തോലിക്കനായ ഡണിന് രണ്ടു സ്ഥാപനങ്ങളിൽ നിന്നും ബിരുദം എടുക്കാനായില്ല.[4] 1591-ൽ ലണ്ടണിലെ തവീസ് ഇൻ നിയമവിദ്യാലയത്തിൽ ചേർന്ന ഡൺ 1592-ൽ ലിങ്കൺസ് ഇൻ എന്ന സ്ഥാപനത്തിലെക്കുമാറി.[4] ഡണിന്റെ സഹോദരൻ ഹെന്റിയും, ഒരു കത്തോലിക്കാ പുരോഹിതന് അഭയം കോടുത്തതിന് 1593-ൽ അറസ്റ്റുചെയ്യപ്പെടുന്നതുവരെ സർവകലാശാലാവിദ്യാർത്ഥിയായിരുന്നു. ജയിലിൽ വച്ച് ഹെന്റി ബുബോണിക് പ്ലേഗ് പിടിച്ചുമരിച്ചു. തന്റെ കത്തോലിക്കാവിശ്വാസം പുന:പരിശോധിക്കാൻ ഇത് ഡണിനെ പ്രേരിപ്പിച്ചു.[3]


വിദ്യാഭ്യാസകാലത്തും പിന്നീടും, ഡൺ പൈതൃകസ്വത്തിൽ വലിയഭാഗം പ്രേമബന്ധങ്ങൾ, പുസ്തകങ്ങൾ, യാത്ര, എന്നിവക്കായി ചെലവഴിച്ചു.[2][4] യാത്രചെയ്തത് എവിടേക്കാണെന്നതിന് കൃത്യമായ രേഖകളൊന്നുമില്ലെങ്കിലും അദ്ദേഹം യൂറോപ്പ് സന്ദർശിക്കുകയും സസക്സിലെ പ്രഭു, സർ വാൾട്ടർ റാലി എന്നിവർക്കൊപ്പം സ്പയിൻകാർക്കെതിരായി 1596-ലെ കദീസ് യുദ്ധത്തിലും 1597-ലെ അസോർ യുദ്ധത്തിലും പങ്കെടുത്ത്, സ്പെയിനിന്റെ പതാകക്കപ്പലായ സാൻ ഫെലിപ്പെയുടേയും അതിലെ നാവികരുടേയും നാശത്തിന് സാക്ഷിയാവുകയും ചെയ്തതായി കരുതപ്പെടുന്നു.[1][3][6] 1640-ൽ ഡണിന്റെ ജീവചരിത്രം എഴുതിയ ഇസ്സാക്ക് വാൾട്ടൺ രേഖപ്പെടുത്തിയിരിക്കുനതനുസരിച്ച്:

പ്രണയം, ജെയിൽ, വിവാഹം

[തിരുത്തുക]

നയതന്ത്രജ്ഞനാകാനാണ് ഡൺ ശ്രമിച്ചിരുന്നതന്ന് തോന്നുന്നു. ഇരുപത്തഞ്ചാം വയസ്സിൽ അതിനുവേണ്ട പരിശീലനം പൂർത്തിയാക്കിയതിനെ തുടർന്ന്[6] രാജമുദ്രയുടെ സൂക്ഷിപ്പുകാരൻ, ബ്രാക്ക്‌ലിയിലെ ഒന്നാം വൈക്കൗണ്ട് തോമസ് എഗേർട്ടൻ പ്രഭുവിന്റെ മുഖ്യസചിവനായി നിയമിക്കപ്പെട്ട അദ്ദേഹം പ്രഭുവിന്റെ ലണ്ടനിലെ വസതിയായ സ്ട്രാൻഡിലെ യോർക്ക് ഹൗസിൽ താമസമാക്കി. അക്കാലത്ത് ഇംഗ്ലണ്ടിലെ സാമൂഹ്യജീവിതത്തിന്റെ കേന്ദ്രസ്ഥാനമായിരുന്ന വൈറ്റ്‌ഹാൾ കൊട്ടാരത്തിന് വളരെ അടുത്തായിരുന്നു യോർക്ക് ഹൗസ്. അടുത്ത നാലുവർഷത്തിനിടെ അദ്ദേഹം പ്രഭുവിന്റെ പതിനേഴിൽ താഴെ വയസ്സു പ്രായമുണ്ടായിരുന്ന അനന്തരവൾ ആനിയുമായി പ്രണയത്തിലായി. 1601-ൽ പ്രഭുവിന്റേയും ആനിയുടെ പിതാവ് ജോർജ്ജ് മോറിന്റേയും എതിർപ്പിനെ അവഗണിച്ച് അവർ രഹസ്യമായി വിവാഹിതരായി. ഇങ്ങനെ ഡൺ ജോലിയും നയതന്ത്രരംഗത്തെ ഭാവിയും കളഞ്ഞുകുളിച്ചെന്നുമാത്രമല്ല ഹ്രസ്വകാലത്തെ ജെയിൽവാസവും സമ്പാദിച്ചു . ഫ്ലീറ്റ് ജെയിലിൽ അദ്ദേഹത്തോടൊപ്പം വിവാഹം നടത്തിക്കൊടുത്ത പുരോഹിതനും അതിന് സാക്ഷിനിന്നയാളും ഉണ്ടായിരുന്നു. വിവാഹം സാധുവാണെന്ന് തെളിഞ്ഞതോടെ ഡൺ ജെയിൽ വിമുക്തനായി. മറ്റുരണ്ടുപേരെ ജെയിൽമുക്തരാക്കാൻ അദ്ദേഹം മുൻകൈയ്യെടുത്തു. ജോലി നഷ്ടമായ കാര്യം പറഞ്ഞ് ആനിക്കെഴുതിയ കത്തിൽ ഡൺ തന്റെ പേരിനുതാഴെ ജോൺ ഡൺ, ആനി ഡൺ, അൺഡൺ(തുലഞ്ഞു) എന്നെഴുതിയതായി ജീവചരിത്രകാരൻ വാൾട്ടൺ പറയുന്നു. 1609-ൽ മാത്രമാണ് ഭാര്യാപിതാവ് എഗേർട്ടൺ ഡണുമായി രമ്യതയിലായതും ആനിക്ക് സ്ത്രീധനം കൊടുത്തതും.

ദാരിദ്ര്യം

[തിരുത്തുക]
യുവാവായ ജോൺ ഡൺ - 1595-നടുത്ത് രചിക്കപ്പെട്ട ഈ ചിത്രം ലണ്ടണിലെ ദേശീയ ഛായാചിത്രഗാലറിയിലെ ശേഖരത്തിലാണുള്ളത് - ചിത്രകാരനാരെന്ന് നിശ്ചയമില്ല.[7]

ജയിൽ മുക്തിയെ തുടർന്ന് ഡൺ തൊഴിലൊന്നുമില്ലാതെ സറി എന്ന സ്ഥലത്തെ പിർഫോർഡിൽ ഗ്രാമജീവിതവുമായി ഒതുങ്ങി.[4] തുടർന്നുവന്ന കുറേ വർഷങ്ങൾ വക്കീലായി ജോലി ചെയ്ത് അദ്ദേഹം അരിഷ്ടിച്ചു കഴിഞ്ഞു. ഭാര്യയുടെ കസിൻ ഫ്രാൻസിസ് വോളിയാണ് അദ്ദേഹത്തിനും കുടുംബത്തിനും താമസിക്കാനിടം കൊടുത്തത്.


അക്കാലത്ത് മിക്കവാറും എല്ലാവർഷവും തന്നെ അവർക്ക് ഓരോ കുട്ടി ജനിച്ചു. വക്കീൽപണിയും ലഘുലേഖകൾ എഴുതുന്നതിൽ തോമസ് മോർട്ടൺ മെത്രാനെ സഹായിക്കുന്ന ജോലിയും ചെയ്തിരുന്നെങ്കിലും, വലിയ കുടുംബത്തെ പാലിക്കേണ്ടിയിരുന്നതിനാൽ സാമ്പത്തികമായി ഡൺ നിത്യം ഞെരുക്കത്തിലായിരുന്നു.[4] ആനിക്കും ഡണിനും പന്ത്രണ്ടു മക്കൾ ജനിച്ചു. മൂന്നു പേർ ജനനത്തിലേ മരിച്ചു. മറ്റുള്ള ഒൻപതുകുട്ടികൾക്ക്, കോൺസ്റ്റൻസ്, ജോൺ, ജോർജ്ജ്, ഫ്രാൻസിസ്, ലൂസി, ബ്രിഡ്ജിറ്റ്, മേരി, നിക്കോളസ്, മാർഗരറ്റ് എന്നീ പേരുകളാണിട്ടത്. ഫ്രാൻസിസും മേരിയും പത്തുവയസ്സു തികയുന്നതിനു മുൻപു മരിച്ചു. "ഒരു കുട്ടിമരിച്ചാൽ തീറ്റിപ്പോറ്റാൻ ഒരുവയർ കുറയുമെന്ന ആശ്വാസമുണ്ടെങ്കിലും ശവസംസ്കാരച്ചെലവ് താങ്ങാൻ പാടാണ്" എന്ന് നിരാശയുടെ അങ്ങേയറ്റത്ത് ഡൺ എഴുതി. ബൈബിളിൽ നിന്നും മറ്റും ന്യായങ്ങൾ ഉദ്ധരിച്ച് ആത്മഹത്യയെ ന്യായീകരിക്കുന്ന 'ബിയാത്താനാറ്റോസ്'(Biathanotos) എന്ന അസാമാന്യകൃതി ഡോൺ എഴുതിയത് ഇക്കാലത്താണ്. അത് അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടില്ല.[5]

ആദ്യകവിതകൾ

[തിരുത്തുക]

ഡണിന്റെ ആദ്യകവിതകൾ ഇംഗ്ലീഷ് സമൂഹത്തെക്കുറിച്ചുള്ള അഗാധമായ അറിവും സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചുള്ള വിമർശനാത്മകമായ നിലപാടും പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഹാസ്യരചനകൾ ന്യായപാലനരംഗത്തെ അഴിമതി, മൂന്നാം‌കിട കവികൾ, പൊങ്ങച്ചക്കാരായ കൊട്ടാരപ്പരിഷകൾ എന്നിവ പോലുള്ള പതിവ് ഇലിസബത്തൻ വിഷയങ്ങളെക്കുറിച്ചായിരുന്നെങ്കിലും, ധിഷണാസംസ്കൃതിയും പിടിച്ചുനിർത്തുന്ന ബിംബങ്ങളും അവയെ മാറ്റിനിർത്തി. രോഗങ്ങളുടേയും, ഛർദ്ദിയുടേയും, ചീഞ്ഞളിയലിന്റേയും, പ്ലേഗിന്റേയും രംഗങ്ങൾ നിറഞ്ഞ ആ രചനകളിൽ, ഇംഗ്ലണ്ടിലെ മുഴുവൻ വിഡ്ഢികളും തെമ്മാടികളും നിറഞ്ഞ ഒരു ലോകത്തിന്റെ ഹാസ്യചിത്രം പിറന്നു. മൂന്നാമത്തെ ഹാസ്യരചനയിൽ ഡൺ ഏറെ പ്രധാനമായി കരുതിയ മതത്തിന്റെ വിഷയമാണ് കൈകാര്യം ചെയ്തത്. ഏതെങ്കിലും പാരമ്പര്യത്തെ അന്ധമായി പിന്തുടരാതെ ഓരോരുത്തരും അവരുടെ മതപരമായ ബോദ്ധ്യങ്ങളെ ശ്രദ്ധാപൂർവം പരിശോധിക്കണമെന്ന് ഡൺ വാദിച്ചു. "ഹാരി എന്നെ ഇതുപഠിപ്പിച്ചു, മാർട്ടിൻ അതുപഠിപ്പിച്ചു" എന്ന വിശദീകരണം അന്ത്യവിധിദിവസം ആരുടേയും രക്ഷക്കെത്തുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.[5]

ഡണിന്റെ ആദ്യകാല രചനകൾ, പ്രത്യേകിച്ച് "വിലാപകവിതകൾ" (Elegies) വിചിത്രസങ്കല്പങ്ങളും ലൈംഗികബിംബങ്ങളും നിറഞ്ഞവയായിരുന്നു. കാമുകീകാമുകന്മാർക്ക് കിട്ടിയ ചെള്ളുകടി കവിയെ മൈഥുനസ്മൃതിയിലെത്തിച്ചത് ഉദാഹരണമാണ്. ഇരുവരേയും കടിച്ച കീടം കമിതാക്കളെ രക്തം കൊണ്ട് വിവാഹിതരാക്കിയിരിക്കുകയാൽ അവർക്ക് പാപഭയം കൂടാതെ ഹർഷോന്മാദം ആസ്വദിക്കാം എന്നായിരുന്നു കവിയുടെ യുക്തി[6]ശയ്യയേറുന്ന പ്രേയസിയോട് എന്ന പത്തൊൻപതാം എലിജിയിൽ അദ്ദഹം കാമുകിയെ കാവ്യാത്മകമായി വിവസ്ത്രയാക്കുകയും ശരീരലാളനത്തെ അമേരിക്കയിലെ പര്യവേഷണത്തോട് താരതമ്യപ്പെടുത്തുകയും ചെയ്യുന്നു . പതിനെട്ടാം എലിജിയിൽ കാമുകിയുടെ സ്തനങ്ങൾക്കിടയിലെ വിടവിനെ കവി യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള കടലിടുക്കായ ഹെല്ലസ്പോണ്ടിനോടാണുപമിച്ചത്.[6] "ബഹുഭാര്യത്വം പാപമായി കണക്കാക്കാതിരുന്ന പൗരാണികകാലത്തെ നമ്മുടെ പിതാക്കന്മാർ എത്ര ഭാഗ്യവാന്മാരായിരുന്നു" എന്നാണ് പതിനേഴാം എലിജിയിലെ വിലാപം. ഈ കവിതകൾ കൈയെഴുത്തുപ്രതികളുടെ രൂപത്തിൽ കാര്യമായി പ്രചരിച്ചെങ്കിലും ഡോൺ അവ പ്രസിദ്ധീകരിച്ചില്ല.[6][ഖ]

പ്രേമകവിതകൾക്ക് അക്കാലത്ത് ഏറെ പ്രചാരമുണ്ടായിരുന്നു. ഡണിന്റെ വികാരതീവ്രമായ പ്രേമഗീതങ്ങൾക്ക് വിഷയമായത് പത്നി ആനി ആയിരുന്നോയെന്ന കാര്യത്തിൽ അഭിപ്രായൈക്യമില്ല. പതിനാറുവർഷത്തെ വിവാഹജീവിതം മുഴുവൻ തന്നെ ആനി ഗർഭവും ശിശുപാലനവും ആയി കഴിച്ചു. [ഘ] ചാപിള്ളയായ അവരുടെ പന്ത്രണാം സന്താനത്തിനു ജന്മം നൽകി അഞ്ചുദിവസം കഴിഞ്ഞ് 1617 ഓഗസ്റ്റ് പതിനഞ്ചാം തിയതി അവർ മരിച്ചു. ഡൺ അവരുടെ മരണത്തിൽ അഗാധമായി ദുഃഖിച്ചു. വിശുദ്ധഭാവഗീതങ്ങളിൽ പതിനേഴാമത്തേത് ഡൺ എഴുതിയത് അവരുടെ സ്മരണയിലാണ്.[4] വലിയ ഒരു കുടുംബത്തെ പരിപാലിക്കേണ്ടിയിരുന്നിട്ടും, അദ്ദേഹം പിന്നെ വിവാഹം കഴിച്ചില്ല; ഇത് അക്കാലത്തെ പതിവിൽ നിന്ന് വ്യത്യസ്തമായിരുന്നു.

ഉദ്യോഗവും പിൽക്കാലജീവിതവും

[തിരുത്തുക]
1615-ൽ മരണത്തിന് ഏതാനും മാസങ്ങൾക്കുമുൻപ്, പുനരുദ്ധാനത്തിൽ താൻ എങ്ങനെ കാണപ്പെടുമെന്ന ഊഹം വച്ചുള്ള തന്റെ ഒരു ചിത്രം വരയ്‍ക്കാൻ ഡൺ ഏർപ്പാടുചെയ്തു.[8] ജീവിതത്തിന്റെ നൈമിഷികതയെ ഓർക്കാനായി അദ്ദേഹം അത് തന്റെ മുറിയുടെ ഭിത്തിയിൽ തൂക്കി.

ആശ്രയദാതാക്കൾ

[തിരുത്തുക]

1602-ൽ ഡൺ ബ്രാക്ക്‌ലി മണ്ഡലത്തിൽ നിന്ന് ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പാർലമെന്റ് അംഗങ്ങൾക്ക് ശമ്പളമൊന്നുമില്ലാതിരുന്നതുകൊണ്ട്, സമ്പന്നരായ സുഹൃത്തുക്കളെ ആശ്രയിച്ചാണ് ഡൺ കുടുംബം പോറ്റിയത്.[4] അക്കാലത്ത് നടപ്പിലിരുന്ന സ്തുതിപാഠകവിതകൾ ആശ്രയദാതാക്കളെ കിട്ടാൻ ഡണിനെ സഹായിച്ചു. തന്റെ പ്രധാന ആശ്രയമായി മാറിയ റോബർട്ട് ഡ്രൂറിയെയും മറ്റും പോലെ സമ്പത്തും സ്വാധീനവുമുള്ളവരെ പുകഴ്ത്തി അദ്ദേഹം കവിതകൾ എഴുതി.[6] 1611-ലും 1612-ലുമായി എഴുതിയ വാർഷികങ്ങളായ (Anniversaries) ലോകത്തിന്റെ ഘടന, ആത്മാവിന്റെ പുരോഗതി എന്നിവ ഡ്രൂറിക്കുവേണ്ടിയായിരുന്നു.

വിശ്വാസപരിവർത്തനം

[തിരുത്തുക]

ഡൺ കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാനുള്ള കാരണങ്ങളെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. അദ്ദേഹം മുൻപേതന്നെ ജെയിംസ് ഒന്നാമൻ രാജാവുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നുവെന്ന് വ്യക്തമാണ്. 1610-ലും 1611-ലുമായി ഡൺ, കപടരക്തസാക്ഷി, ഇഗ്നേഷ്യസിന്റെ രഹസ്യസംഘം എന്നീ പേരുകളിൽ രണ്ടു കത്തോലിക്കാവിരുദ്ധലേഖനങ്ങൾ പ്രസിദ്ധീകരിച്ചു[4] ഈ രചനകൾ ജെയിംസ് രാജാവിനെ പ്രീതിപ്പെടുത്തിയെങ്കിലും ഡണിനെ രാജസഭയിൽ അംഗമാക്കാൻ അദ്ദേഹം വിസമ്മതിച്ചു. പകരം, പൗരോഹിത്യം സ്വീകരിക്കാൻ ഡണിനോടാവശ്യപ്പെടുകയാണ് രാജാവ് ചെയ്തത്.[3] വിശുദ്ധ അഭിക്ഷേകത്തിന് താൻ യോഗ്യനല്ലെന്നുകരുതിയ ഡൺ ആദ്യം വിസമ്മതിച്ചുവെങ്കിലും രാജാവിന്റെ നിർബ്ബന്ധത്തിനുവഴങ്ങി 1615-ൽ അദ്ദേഹം ആംഗ്ലിക്കൻ സഭയിലെ പൗരോഹിത്യം സ്വീകരിച്ചു.[6]

പുരോഹിതൻ, പ്രഭാഷകൻ

[തിരുത്തുക]

1615-ൾ ഡൺ കൊട്ടാരം പുരോഹിതനായി നിയമിതനായി. അടുത്തവർഷം ലിങ്കൺസ് ഇന്നിൽ ദൈവശാസ്ത്രാദ്ധ്യാപകനായി നിയമിതനായ അദ്ദേഹത്തെ 1618-ൽ കേംബ്രിഡ്ജ് സർവകലാശാല ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നൽകി ബഹുമാനിച്ചു.[4] 1618 അവസാനം ഒരു നയതന്ത്രദൗത്യത്തിനു നിയോഗിക്കപ്പെട്ട ഡൊങ്കാസ്റ്റർ പ്രഭുവിന്റെ സംഘത്തിലെ ചാപ്ലിനായി ജർമ്മനിയിലേക്കുപോയ ഡൺ ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയത് 1620-ലാണ്.[4] 1621-ൽ അദ്ദേഹം ലണ്ടണിലെ വിശുദ്ധ പൗലോസിന്റെ ഭദ്രാസനത്തിലെ മുഖ്യപുരോഹിതനായി നിയമിക്കപ്പെട്ടു. ആംഗ്ലിക്കൻ സഭയലെ ഒന്നാംകിടയിൽ പെട്ടതും നല്ല വരുമാനമുള്ളതുമായ സ്ഥാനമായിരുന്നു ഇത്. 1631-ലെ മരണം വരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു. അക്കാലത്ത് അദ്ദേഹത്തിന്റെ മകൾ ലൂസി, പതിനെട്ടാമത്തെ വയസ്സിൽ മരിച്ചു.

അവശേഷിച്ച കാലത്തെ ഡണിന്റെ രചനകളേറെയും മതപരമായ വിഷയങ്ങളിലാണ്. ഉറ്റവരിൽ പലരുടേയും മരണം അടക്കമുള്ള അനുഭവങ്ങൾ നൽകിയ ശോകം നേരത്തേ സന്ദേഹിയായിരുന്ന ഡണിനെ പരമ്പരാഗതമതത്തിലുള്ള തീവ്രവിശ്വാസത്തിലെത്തിച്ചു. 1623 നവംബർ-ഡിസംബറിൽ ഡൺ ടൈഫസ് രോഗബാധിതനായി മരണത്തിന്റെ വക്കോളമെത്തി. സുഖപ്രാപ്തിയുടെ സമയത്ത് അദ്ദേഹം, ആരോഗ്യം, വേദന, രോഗം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഒരുകൂട്ടം ധ്യാനങ്ങളും പ്രാർത്ഥനകളും എഴുതി. 1624-ൽ അത് "ആപത്‌സന്ധികളിലെ ഭക്ത്യാഭ്യാസങ്ങൾ" എന്നപേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു.

1624-ൽ ഡണിന് സെയിന്റ് ഡൻസ്റ്റൻ പള്ളിയിലെ വികാരി സ്ഥാനവും 1625-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ പുരോഹിതസ്ഥാനവും ലഭിച്ചു.[4]

ഡൺ മതപ്രഭാഷണങ്ങളിലും ആദ്ധ്യാത്മികവിഷയങ്ങളിലെ കവിതകളിലും ശ്രദ്ധയൂന്നി . ഒരു പ്രഭാഷകനെന്ന നിലയിൽ ഡണിന്റെ പ്രശസ്തി ഇക്കാലത്ത് പരന്നു. ഡണിന്റെ നൂറ്റിയറുപതോളം പ്രഭാഷണങ്ങൾ ഇന്ന് ലഭ്യമാണ്

ഡണിന്റെ സംസ്കാരസ്ഥാനത്തെ ഈ സ്മാരകം, മരണത്തിന് ഏതാനും മാസം മുൻപ് അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശമനുസരിച്ച് വരച്ച ചിത്രത്തെ മാതൃകയാക്കിയുള്ളതാണ്

മരണം ഡണിന്റെ രചനകളിൽ നിത്യപ്രമേയമായിരുന്നു. "ആപത്‌സന്ധികളിലെ ഭക്താഭ്യാസങ്ങൾ" എന്ന പുസ്തകത്തിലെ പതിനേഴാം ധ്യാനം ഇതിന് ഉദാഹരണമാണ്. അതിലെ ഈ വരികൾ ഡണിന്റെ ഏറ്റവും അറിയപ്പെടുന്ന മൊഴികളിൽ പെടുന്നു:

ജീവിതാന്ത്യത്തിനടുത്ത് പലരചനകളിലും ഡൺ, മരണത്തെയും അത് മനുഷ്യരിൽ ഉളവാക്കുന്ന ഭയത്തേയും, മരണാനന്തരസ്വർഗ്ഗപ്രാപ്തിയിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വെല്ലുവിളിച്ചു. ഈ വെല്ലുവിളിയുടെ ഏറ്റവും നല്ല ഉദാഹരണം അദ്ദേഹത്തിന്റെ പത്താമത്തെ വിശുദ്ധഭാവഗീതം ആണ്. അതിലെ ഈ വരികൾ അതിപ്രശസ്തമാണ്:

1631-ലെ വലിയ നോയമ്പുകാലത്ത് മരണക്കിടക്കയിൽ നിന്നെഴുന്നേറ്റ് ഡൺ മരണത്തിന്റെ മല്പ്പിടുത്തം എന്ന പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ തന്നെ ചരമപ്രസംഗം എന്ന് അത് പിന്നീട് വിശേഷിപ്പിക്കപ്പെട്ടു. ജീവിതത്തെ സഹനത്തിലൂടെ മരണത്തിലേക്കുള്ള യാത്രയായി ചിത്രീകരിക്കുന്ന ഈ പ്രഭാഷണം, മരണാനന്തരം യേശുവിലൂടെ ലഭിക്കുന്ന രക്ഷയായ പുനരുദ്ധാനത്തിന്റെ ദൈവാശ്ലേഷത്തിൽ ആശവയ്ക്കുന്നു.[5][6][9] 1631 ഫെബ്രുവരി മാസം വൈറ്റ്‌ഹാൾ കൊട്ടാരത്തിൽ ചാൾസ് ഒന്നാമൻ രാജാവിന്റെ സാന്നിദ്ധ്യത്തിലാണ് ഡൺ ഈ പ്രഭാഷണം നിർവഹിച്ചത്.

ഡണിന്റെ മരണത്തിൽ കലാശിച്ച രോഗം ഉദരാർബുദമായിരുന്നു എന്ന് കരുതപ്പെടുന്നു. 1631 മാർച്ച് 31-നായിരുന്നു മരണം. അന്നേവരെ ഡണിന്റെ ഒരു കവിതപോലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ തന്റെ കാലത്തെ വൈകാരികവും ബൗദ്ധികവുമായ സംഘർഷങ്ങളിൽ തീവ്രമായി പങ്കുചേരുന്ന ഒരു രചനാസമുച്ചയം അദ്ദേഹം വിട്ടുപോയിരുന്നു. ജോൺ ഡണിനെ സംസ്കരിച്ചിരിക്കുന്നത് ലണ്ടണിലെ വിശുദ്ധ പൗലോസിന്റെ ഭദ്രാസനപ്പള്ളിയിലാണ്. അവിടെ, അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശമനുസരിച്ച വരക്കപ്പെട്ട ചിത്രത്തെ ആശ്രയിച്ച് ഒരു സ്മാരകപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ലത്തീനിലുള്ള സ്മാരകക്കുറിപ്പ് ഡണിന്റെ തന്നെ രചനയാവാം.

വിലയിരുത്തൽ

[തിരുത്തുക]

ഡണിനെ ശ്രദ്ധേയനാക്കിയത് അദ്ദേഹത്തിന്റെ കവിതയിലെ തത്ത്വമീമാംസയാണ്. ജീവിതത്തോടും അതിലെ ആനന്ദങ്ങളോടും ആരോഗ്യകരമായ ആഭിമുഖ്യം കട്ടിയ അദ്ദേഹത്തിന്റെ കവിത, തീവ്രഭാവങ്ങളുടെ ആവിഷ്കരണത്തിലും സാമർത്ഥ്യം കാട്ടി. ഡൺ ഇതുചെയ്തത് വിരുദ്ധരൂപകങ്ങളും(conceits), ഫലിതവും ഉപയോഗിച്ചാണ്. "ഉദിക്കുന്ന സൂര്യൻ", "എന്റെ ഹൃദയത്തെ ഇടിച്ചുപൊടിക്കുക" എന്നീ കവിതകൾ ഇതിനുദാഹരണങ്ങളാണ്.

തത്ത്വമീമാംസയിൽ ഡണിന്റെ മുഖ്യഉപകരണമായത് വിരുദ്ധരൂപകങ്ങളായിരുന്നു(Metaphysical conceits). രൂപകങ്ങളുടെ പരമ്പരാഗതരീതിയെ മറികടന്ന് വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ രണ്ട് ആശയങ്ങളെ ഒരേ സങ്കല്പമായി കൂട്ടിയിണക്കുകയാണ് അദ്ദേഹം ചെയ്തത്.[5] കാനനൈസേഷൻ എന്ന കവിതയിൽ കമിതാക്കളെ പുണ്യാത്മാക്കളോട് താരതമ്യം ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്. മറ്റൊരിടത്ത് അദ്ദേഹം അകന്നിരിക്കുന്ന കാമുകീകാമുകന്മാരെ, ദൂരമാപിനിയുടെ(Compass) രണ്ടുകാലുകലോട് താരതമ്യപ്പെടുത്തുന്നു. മറ്റ് ഇലിസബത്തൻ കവികൾ താരതമ്യസാധ്യതയും സാദൃശ്യവും ഉള്ള വസ്തുക്കളേയോ ആശയങ്ങളേയോ ആണ് അവരുടെ അലങ്കാരങ്ങളിൽ കൂട്ടിച്ചേർത്തിരുന്നത്. പ്രേമത്തെ റോസാപ്പുഷ്പത്തോടുപമിക്കുക്കുന്നതും മറ്റും ഇതിന് ഉദാഹരണമാണ്.

ഡണിന്റെ രചനകളിൽ ഫലിതവും സമൃദ്ധമായുണ്ട്. വൈരുദ്ധ്യങ്ങളും ശ്ലേഷങ്ങളും മറ്റും ഉപയോഗിച്ചാണ് അദ്ദേഹം ഫലിതം സൃഷ്ടിക്കുന്നത്. പ്രേമത്തേയും മനുഷ്യവ്യാപാരങ്ങളേയും പരാമർശിക്കുമ്പോൾ ഡൺ ദോഷദൃക്കാകുന്നു. ഡണിന്റെ കവിതകളിലെ സാധാരണവിഷയങ്ങൾ ആദ്യകാലങ്ങളിൽ പ്രേമവും, പിന്നെ, പ്രത്യേകിച്ച് പത്നിയുടെ മരണശേഷം മരണവും, ഒടുവിൽ മതവും ആയിരുന്നു.[5]

ക്ലാസിക്കൽ ശൈലിയിൽ നിന്ന് കൂടുതൽ വ്യക്തിനിഷ്ടമായ ശൈലിയിലേക്കുള്ള ഇംഗ്ലീഷ് കവിതയുടെ മാറ്റത്തെ ഡണിന്റെ കവിത എടുത്തുകാട്ടി.[10] സംസാരഭാഷയോട് സാമ്യമുള്ള തിരിഞ്ഞുമറിഞ്ഞ വൃത്തരീതിയാണ് അദ്ദേഹം സ്വീകരിച്ചത്. "താളം തെറ്റിച്ചെഴുതിയതിന് ഡണിനെ തൂക്കിലിടേണ്ടതായിരുന്നു" എന്നാണ് ക്ലാസിക്കൽ ശൈലിയുടെ ഉപാസകനായിരുന്ന ബെൻ ജോൺസൺ പറഞ്ഞത്.[5]

ഡണിന്റെ കവിതയുടെ വിമർശകന്മാർ പ്രധാനമായും അതിലെ തത്ത്വമീമാംസയുടെ വിധിയെഴുത്താണ് നടത്തിയത്.[5] അദ്ദേഹത്തിനു തൊട്ടുപിന്നാലെ വന്ന ഇംഗ്ലീഷ് കവികൾക്ക് അദ്ദേഹത്തോടുണ്ടായിരുന്നത് സന്നിഗ്ധമനോഭാവമായിരുന്നു. നവക്ലാസിക്കൽ കവികളാകട്ടെ ഡണിന്റെ വിരുദ്ധരൂപകങ്ങളെ അലങ്കാരത്തിന്റെ ദുരുപയോഗമായി കണക്കാക്കി. കോളറിഡ്ജിനേയും ബ്രൗണിങ്ങിനേയും പോലുള്ള കാല്പനികകവികൾ അദ്ദേഹത്തെ വിലമതിച്ചിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഡണിന് പുനർജ്ജന്മം നൽകിയ റ്റി.എസ്. ഇലിയറ്റും മറ്റും ഡണിനെ കാല്പനികവിരുദ്ധനായാണ് എണ്ണിയത്.[11]

കുറിപ്പുകൾ

[തിരുത്തുക]

ക.^ ഇലിസബത്തിന്റെ കാലത്ത് പ്രേമവും, ജെയിംസിന്റെ കാലത്ത് ഭക്തിയും, ചാൾസിന്റെ കാലത്ത് മരണവും ഡണിന് വിഷയമായെന്നാണ് വിൽ ഡുറാന്റിന്റെ നിരീക്ഷണം.


ഖ.^ ഈ കവിതകളെക്കുറിച്ച് ഡൺ അങ്ങയറ്റം പശ്ചാത്തപിച്ചുവെന്നും അവയുടെ പ്രതികളെല്ലാം നശിപ്പിക്കാൻ ആഗ്രഹിച്ചുവെന്നും ബെൻ ജോൺസൺ എഴുതിയിട്ടുണ്ട്.

ഘ.^ ഡണിന് കവിതകളും മക്കളും ഒരുപോലെ അനായാസമായി പിറന്നു എന്ന് വിൽ ഡുറാന്റ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Donne, John. Columbia Encyclopedia, Sixth Edition. Accessed 2007-2-19. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Colum" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 "Donne, John" by Richard W. Langstaff. Article from Collier's Encyclopedia, Volume 8. Bernard Johnsto n, general editor. P.F. Colliers Inc., New York: 1988. pp. 346–349.
  3. 3.0 3.1 3.2 3.3 3.4 "Donne, John." Article in British Authors Before 1800: A Biographical Dictionary. Edited by Stanley Kunitz and Howard Haycraft. The H.W. Wilson Company, New York: 1952. pp. 156–158.
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 Jokinen, Anniina. "The Life of John Donne." Luminarium. 22 June 2006. Accessed 2007-1-22.[1]
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 Greenblatt, Stephen. The Norton anthology of English literature, Eighth edition. W. W. Norton and Company, 2006. ISBN 0-393-92828-4. pp. 600–602 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Nort" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 വിൽ, ഏരിയൽ ഡുറാന്റുമാർ - സംസ്കാരത്തിന്റെ കഥ, ഏഴാം ഭാഗം: യുക്തിയുഗത്തിന്റെ തുടക്കം
  7. The painting Archived 2008-09-12 at the Wayback Machine. on the NPG's website.
  8. Lapham, Lewis. The End of the World. Thomas Dunne Books: New York, 1997. page 98.
  9. Fulfilling the Circle: A Study of John Donne's Thought by Terry G. Sherwood University of Toronto Press, 1984, page 231
  10. John Donne Archived 2009-03-17 at the Wayback Machine.. Island of Freedom. Accessed 2007-2-19.
  11. The Best Poems of the English Language. Harold Bloom. HarperCollins Publishers, New York: 2004. pp. 138–139.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോൺ_ഡൺ&oldid=3919998" എന്ന താളിൽനിന്ന് ശേഖരിച്ചത്