ജെനോവ (1953 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെനോവ
സംവിധാനംഎഫ്. നാഗൂർ
നിർമ്മാണംഇ. പി. ഈപ്പൻ
രചനസ്വാമി ബ്രഹ്മവ്രതൻ 
തിരക്കഥസ്വാമി ബ്രഹ്മവ്രതൻ
അഭിനേതാക്കൾ
എം.ജി. രാമചന്ദ്രൻ
ബി.എസ്. സരോജ
എം.ജി. ചക്രപാണി
സംഗീതംഎം.എസ്. വിശ്വനാഥൻ, ജ്ഞാനാമണി, കല്യാണം
ഛായാഗ്രഹണംജി. വിറ്റൽ റാവു
സ്റ്റുഡിയോചന്ദ്ര പിക്ചേഴ്സ്
റിലീസിങ് തീയതി
  • 17 ഏപ്രിൽ 1953 (1953-04-17)
രാജ്യം ഇന്ത്യ
ഭാഷമലയാളം,തമിഴ്

എഫ്. നാഗൂർ സംവിധാനം ചെയ്ത് 1953-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചലച്ചിത്രമാണ് ജെനോവ.[1] എം.ജി. രാമചന്ദ്രൻ, ബി.എസ്. സരോജ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. കല്യാണം, ജ്ഞാനമണി, എം.എസ്. വിശ്വനാഥൻ എന്നിവർ സംഗീതസംവിധാനം നിർവഹിച്ചു. മലയാളത്തിലും തമിഴിലുമായി ഒരേ സമയം ചിത്രീകരണം കഴിഞ്ഞെങ്കിലും മലയാളത്തിലിറങ്ങി രണ്ടുമാസത്തിനു ശേഷം ആണ് തമിഴിലിൽ റിലീസ് ചെയ്ത്. മലയാളത്തിൽ എം.ജി.ആർ അഭിനയിച്ച ഏക ചിത്രമാണിത്.[2]

കഥാസാരം[തിരുത്തുക]

മിഥ്യയുടെയും ചരിത്രത്തിന്റെയും മിശ്രിതമാണ് ഇതിന്റെ കഥ. ഭക്തരെ രക്ഷിക്കാനായി ഭൂമിയിലേക്ക് ഇറങ്ങിവരുന്ന അമ്മ മറിയത്തിന്റെ മഹത്ത്വം എന്നിവയെല്ലാം ചിത്രീകരിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകൾക്കു് മുമ്പുള്ള റോമൻ ചരിത്രത്തിൽ നിന്നും അടർത്തിയെടുത്ത ഒരേടാണു് ജനോവ. പരാക്രമിയായ ആർദ്ദിനാ രാജാവു് സിപ്രസോ സുന്ദരിയായ ജനോവ രാജകുമാരിയെ പരിഗ്രഹിച്ചു. മധുവിധുകാലം കഴിയുംമുമ്പേ രാജാവു് അതിർത്തിയാക്രമിച്ച ശത്രു സംഹാരത്തിനായി യുദ്ധാങ്കണത്തിലേക്കു് യാത്രയായി. ആ തിരക്കിനിടയിൽ താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത രാജാവിനെ അറിയിക്കുവാൻ ജനോവയ്ക്കു് സാധിച്ചില്ല. ‍രാജ്ഞിയുടെ സ്നേഹമസൃണമായ പെരുമാറ്റം പ്രേമമാണെന്നു തെറ്റിദ്ധരിച്ച പ്രധാനമന്ത്രി ഗോലോ തന്റെ അഭിനിവേശം രാജ്ഞിയോടുണർത്തിച്ചു. കോപാകുലയായി അന്തഃപ്പുരം വിട്ടുപോകാൻ ആജ്ഞാപിച്ച റാണിയെ ബലാൽക്കാരം ചെയ്യാൻ ആ ദുഷ്ടബുദ്ധി ശ്രമിച്ചു. രാജ്ഞിയെ രക്ഷിക്കാൻ ഗാർത്തുസു് എന്ന വിശ്വസ്ത ഭൃത്യൻ ഓടിയെത്തി. പക്ഷെ ഗോലോ തന്ത്രപരമായി ബഹളമുണ്ടാക്കി ഗാർത്തൂസു് രാജ്ഞിയുടെ ജാരനാണെന്നു് ഓടിക്കൂടിയ പരിചാരകരെ വിശ്വസിപ്പിച്ചു. അങ്ങനെ ജെനോവയേയും ഗാർത്തൂസിനേയും അയാൾ കാരാഗ്രഹത്തിലടച്ചു. ഇരുമ്പഴിക്കുള്ളിൽ കിടന്നു് ആ രാജകന്യക ഒരാൺകുട്ടിയെ പ്രസവിച്ചു. ‍യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ രാജാവിനേയും തെറ്റിദ്ധരിപ്പിക്കുവാൻ മന്ത്രിയ്ക്കു കഴിഞ്ഞു. കോപാന്ധനായ രാജാവു് ഗാർത്തൂസിന്റെ തല വെട്ടാനും രാജ്ഞിയേയും കുഞ്ഞിനേയും കാട്ടിൽ കൊണ്ടുപേക്ഷിക്കുവാനും കൽപ്പന നൽകി. ഇഷ്ടജനങ്ങളാൽ പരിത്യക്തയ ആ സാദ്ധ്വിയേയും കുഞ്ഞിനേയും വിശുദ്ധമാതാ മറിയം അനുഗ്രഹിച്ചു. അവൾ തപസ്വിനിയായി നാൾ കഴിച്ചു. ‍മന്ത്രിയുടേയും സൈന്യാധിപനായ അന്നാസിന്റേയും കുചേഷ്ടിതങ്ങൾ രാജാവിനു് മനസ്സിലായി. സംശയാലുവായ സിപ്രസോവിനെ ഇനിയും വഞ്ചിക്കുക സാദ്ധ്യമല്ലെന്നു മനസ്സിലാക്കിയ മന്ത്രി അദ്ദേഹത്തിനു് ഭ്രാന്താണെന്നു പറഞ്ഞുപരത്തി. രാജാവിനെ ബന്ധനസ്ഥനാക്കുകയും സ്വയം രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു. രാജാവിനെ ഗോലോ കൊന്നതിനുശേഷം ഗോലോയെ നിഗ്രഹിച്ചു് രാജ്യം തട്ടിയെടുക്കാമെന്നാണു് സൈന്യാധിപനായ അന്നാസിന്റെ മോഹം. രാജാവിനെ കൊല്ലാനുള്ള ശ്രമമറിഞ്ഞ വിശ്വസ്തരായ പരിചാരകർ സൂത്രത്തിൽ അദ്ദേഹത്തെ മോചിപ്പിച്ചു. രാജാവും ഗോപാലവും ഏറ്റുമുട്ടി. അതിനിടയിൽ അന്നാസു് കൊല്ലപ്പെടുന്നു. ഗോലോ തോറ്റോടിയതോടെ തന്റെ പ്രിയ പത്നിയേയും കുട്ടിയേയും തേടി രാജാവു് കാട്ടിലേക്കു പോകുന്നു. അവിടെവച്ചു് വീണ്ടും ഗോലോയുമായി ഏറ്റുമുട്ടുന്നു. ദ്വന്ദ്വയുദ്ധത്തിൽ ഗോലോയെ കൊന്നു. അവശനായി ഒരു അരുവിയുടെ തീരത്തു് വീണുകിടന്ന രാജാവിനെ ഒരു കൊച്ചുകുമാരൻ കൂട്ടി അമ്മയുടെ സമീപം എത്തിക്കുന്നു. അങ്ങനെ സിപ്രസോ രാജാവു് ജനോവയെ വീണ്ടും കണ്ടുമുട്ടി. കാത്തിരുന്ന പ്രജകളുടെ നടുവിലേക്കു ചെന്നെത്തിയ രാജകുടുംബത്തെ ആഹ്ലാദാരവത്തോടെ അവർ സ്വീകരിച്ചു.[3][2]

നിർമ്മാണ ചരിത്രം[തിരുത്തുക]

‘'ജെനോവ', 'ജെനോവ പർവ്വം' എന്നീ പേരുകളിൽ ഒരു പ്രമുഖ നാടകസംഘം കേരളത്തിൽ അരങ്ങേറ്റം നടത്തിയ സംഗീത നാടകമായിരുന്നു ജെനോവ. ഈ നാടകത്തിന്റെ വിജയവും ഇതിന്റെ സമാന ഇതിവൃത്തത്തിലൂന്നിയ -ലെ തമിഴ് സിനിമ ഗ്നാണ സൗന്ദരിയുടെ വിജയവും ആണ് ഒരു സിനിമാ നിർമ്മാതാവും സംവിധായകനായിരുന്ന നാഗറിനെ ഈ ചിത്രം നിർമ്മിക്കാൻ പ്രേരിപ്പിച്ചത്. ഒരു ഈസ്റ്റർ റിലീസിനായാണ് ഈ ചിത്രം തയ്യാറാക്കിയത് . എന്നാൽ, ഈസ്റ്റർ കഴിഞ്ഞ് 13 ദിവസങ്ങൾക്ക് ശേഷമാണ് ഇത് തിയേറ്ററുകളിലെത്തിയത്.[2] 

പ്രധാന വില്ലൻ വേഷമൊഴികെ രണ്ട് ഭാഷകളിലും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത് ഒരേ കലാകാരന്മാർ തന്നെയായിരുന്നു. മലയാളത്തിൽ ആലപ്പി വിൻസെന്റ് അവതരിപ്പിച്ച ഗോലോ എന്ന മന്ത്രിയുടെ വില്ലൻ വേഷം തമിഴിൽ എസ്. വീരപ്പയാണ് ചെയ്തത്.  നടൻ എം.ജി. ചക്രപാണി, സംഗീതസംവിധായകൻ എം.എസ്. വിശ്വനാഥൻ എന്നിവരുടെ കന്നി സിനിമാ സംരംഭം കൂടിയായിരുന്നു ഈ ചിത്രം. മദിരാശിയിലെ ന്യൂട്ടൻ സ്റ്റുഡിയോയിൽ ആണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടത്തിയത്.[2]

അവലംബം[തിരുത്തുക]

  1. http://www.malayalachalachithram.com/movie.php?i=35
  2. 2.0 2.1 2.2 2.3 "GENOVA 1953". The Hindu.
  3. "കഥാസാരവും അവലോകനവും". Malayala Sangeetham.

പുറമെനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെനോവ_(1953_ചലച്ചിത്രം)&oldid=3660004" എന്ന താളിൽനിന്ന് ശേഖരിച്ചത്