ബി.എസ്. സരോജ
B. S. Saroja | |
---|---|
ജനനം | Thiruvananthapuram, India | 18 നവംബർ 1929
ദേശീയത | Indian |
തൊഴിൽ | Film actor |
സജീവ കാലം | 1951–1978 |
ജീവിതപങ്കാളി(കൾ) | T. R. Ramanna |
കുട്ടികൾ | Ganesh, Kalarani, Shanthi |
ബന്ധുക്കൾ | T. R. Rajakumari (sister-in-law) |
ഒരു പ്രശസ്ത തമിഴ്-മലയാളചലച്ചിത്ര അഭിനേത്രിയാണ് ബി.എസ്. സരോജ. മലയാളചലച്ചിത്രരംഗത്തെ ആദ്യകാല നായികമാരിലൊരാളായ സരോജ മലയാളത്തിലെയും തമിഴിലെയും അക്കാലത്തെ ഒട്ടു മിക്ക പ്രമുഖ നടന്മാരുടെയും നായികയായി അഭിനയിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]ബാല്യം
[തിരുത്തുക]മലയാള സിനിമയിൽ ആദ്യമായി വില്ലൻ വേഷം അവതരിപ്പിച്ച[1] ജോൺസന്റെ(ജോൺ വിക്ടർ)യും അമ്മിണിയുടെയും മകളാണ് സരോജ. സരോജയുടെ അമ്മയുടെ അച്ഛന്റെ വീട് തിരുവനന്തപുരത്താണ്. പൂർവിക കുടുംബം ഹിന്ദുമതത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും പിന്നീട് തമിഴ്‌നാട്ടിലെ സേലത്തേക്ക് പോന്നു. സേലത്താണ് സരോജ ജനിച്ചതും ശൈശവം പിന്നിട്ടതും. പിന്നീട്, അച്ഛനും അമ്മയുമൊത്ത് സരോജ ചെന്നൈയിലെത്തി. ചെന്നൈയിലെത്തുന്നതിന് മുമ്പുതന്നെ അമ്മിണി ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്ന് രാജലക്ഷ്മി എന്ന പേർ സ്വീകരിച്ചിരുന്നു.
ചലച്ചിത്ര രംഗത്തേക്ക്
[തിരുത്തുക]സരോജയുടെ സിനിമാപ്രവേശം യാദൃച്ഛികമായിരുന്നു. കുട്ടിക്കാലത്തേ സരോജ നന്നായി പാടുമായിരുന്നു. അതുകണ്ട് ഒരു ബന്ധു 11 വയസ്സുള്ള സരോജയെ കോറസ് പാടാനായി ജെമിനി സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി ചേർത്തു. കോറസ് പാടാൻ പതിവായി എത്താറുള്ള സുന്ദരിയായ ഈ പെൺകുട്ടിയെ അഭിനേത്രിയാക്കുവാൻ ജെമിനി സ്റ്റുഡിയോ അധികൃതർ അലോചിച്ചു. അങ്ങനെ 45 രൂപ മാസശമ്പളത്തിൽ സരോജ ജെമിനി സ്റ്റുഡിയോയിൽ ചേർന്നു. അക്കാലത്ത് അഭിനേതാക്കളെല്ലാം നിർമ്മാണക്കമ്പനിയുടെ മാസശമ്പളക്കാരായിരുന്നു. എന്നാൽ നാലു വർഷങ്ങൾക്ക് ശേഷമാണ് ഒരു സിനിമയിൽ അഭിനയിക്കുവാൻ സരോജയ്ക് സാധിച്ചത്. ജെമിനി സ്റ്റുഡിയോ അക്കാലത്ത് നിർമ്മിച്ചു കൊണ്ടിരുന്ന നാട്യറാണി എന്ന ചിത്രത്തിലെ നായിക പ്രശസ്ത നടിയായ വൈജയന്തിമാലയുടെ അമ്മ വസുന്ധരയായിരുന്നു. ചിത്രീകരണം പകുതിയായപ്പോഴേക്കും എതോ കാരണത്താൽ അവർ ചിത്രത്തിൽ നിന്നും പിന്മാറി. തുടർന്ന് കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ബാക്കി ഭാഗം സരോജയെ വെച്ച് ചിത്രം പൂർത്തീകരിച്ചു.
ചെന്നൈയിൽ വെച്ച് സരോജയുടെ ഒരു നൃത്തപ്രകടനം കാണാനിടയായ കെ. സുബ്രഹ്മണ്യറാവു എന്ന നിർമാതാവ് വികടയോഗി എന്ന സിനിമയിൽ പ്രധാന വേഷത്തിലേക്ക് ക്ഷണിച്ചു. 1947ൽ ആയിരുന്നു അത്. തമിഴിലെ അക്കാലത്തെ മുൻനിര താരങ്ങളായ പി.യു. ചിന്നപ്പയും ടി.ആർ. രാമചന്ദ്രനും അഭിനയിച്ച ഈ ചിത്രം വൻ ഹിറ്റായി. തുടർന്ന് ധന അമരാവതി(1947) ദേവമനോഹരി(1949), കല്യാണി(1952) തുടങ്ങിയ തമിഴ്‌ചിത്രങ്ങളിലും വേഷമിട്ടു. ഓർ ഇരവ്, വണ്ണക്കിളി, കുമുദം തുടങ്ങിയ ചിത്രങ്ങളും വൻ ഹിറ്റുകളായി. തമിഴിലെ എക്കാലത്തെയും പ്രമുഖ താരങ്ങളായ എം.ജി.ആറും ശിവാജി ഗണേശനും ഒന്നിച്ച് അഭിനയിച്ച ഏകചിത്രമായ കൂണ്ടുക്കിളി(1954) എന്ന ചിത്രത്തിലെ നായികയാവാനും സരോജക്ക് അവസരമുണ്ടായി. ഇവർക്ക് പുറമേ നാഗേശ്വര റാവു, എസ്. എസ്. രാജേന്ദ്രൻ, എം.എൻ. നമ്പ്യാർ, ടി.ആർ. മഹാലിംഗം, മനോഹർ തുടങ്ങിയവരുടെയെല്ലാം നായികയായി സരോജ അഭിനയിച്ചിട്ടുണ്ട്. 1960കളുടെ അവസാനത്തിൽ പുറത്തിറങ്ങിയ അരുണഗിരിനാഥൻ എന്ന ചിത്രത്തോടെ അവർ അഭിനയരംഗത്തുനിന്നും വിരമിച്ചു. അപ്പോഴേക്കും മൊത്തം 75-ൽപരം ചിത്രങ്ങളിൽ സരോജം അഭിനയിച്ചുകഴിഞ്ഞിരുന്നു.[2]
മലയാളചലച്ചിത്ര ലോകത്ത്
[തിരുത്തുക]തമിഴ് സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന കാലത്താണ് മലയാളചിത്രമായ ജീവിത നൗകയിൽ തിക്കുറിശ്ശിയുടെ നായികയാവാൻ ബി.എസ്. സരോജയെ കുഞ്ചാക്കോ ക്ഷണിക്കുന്നത്. 1951-ൽ പുറത്തിറങ്ങിയ ജീവിതനൗകയിലെ 'ലക്ഷ്മി' എന്ന നായിക കഥാപാത്രത്തിലൂടെ ബി.എസ്. സരോജ മലയാളികൾക്കും പ്രിയങ്കരിയായി. 1952-ൽ സത്യൻ നായകനായ ആത്മസഖിയിൽ സരോജ അഭിനയിച്ചു. സത്യന്റെ ആദ്യ ചിത്രമായിരുന്നു ഇത്.1952-ൽ തന്നെ അച്ഛൻ എന്ന ചിത്രത്തിലൂടെ സരോജ പ്രേംനസീറിന്റെ നായികയുമായി. എം.ജി.ആർ അഭിനയിച്ച ഏക മലയാളചിത്രമായ ജനോവ (1953)യിലും സരോജയായിരുന്നു നായിക. 15 വർഷത്തോളം ബി.എസ്. സരോജ മലയാള സിനിമയിൽ സജീവമായിരുന്നു. ലോകനീതി, ആശാദീപം, അവൻ വരുന്നു, ആത്മാർപ്പണം, ആത്മശാന്തി, അച്ഛനും മകളും, ലില്ലി, ഉമ്മ, കൃഷ്ണകുചേല, പുതിയ ആകാശം പുതിയ ഭൂമി, കടലമ്മ, റെബേക്ക എന്നിവയാണ് സരോജയുടെ മറ്റ് പ്രധാനചിത്രങ്ങൾ.[1] 1966-ൽ പുറത്തിറങ്ങിയ തറവാട്ടമ്മയായിരുന്നു മലയാളത്തിലെ ഇവരുടെ അവസാന ചിത്രം.[2]
കുടുംബം
[തിരുത്തുക]അഭിനയ ജീവിതത്തിനിടയിൽതന്നെ അവർ പ്രശസ്ത സംവിധായകൻ രാമണ്ണയെ വിവാഹംചെയ്തു. കൂണ്ടുക്കിളി അടക്കം സരോജ അഭിനയിച്ച ചില ചിത്രങ്ങളും രാമണ്ണ സംവിധാനംചെയ്തിട്ടുണ്ട്. രാമണ്ണ ഏതാനും വർഷങ്ങൾക്ക് മുമ്പ് അന്തരിച്ചു. അവർക്ക് ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. സൗണ്ട് എൻജിനീയർ കൂടിയായ മകൻ ഗണേശ് രാമണ്ണ സംഗീതസംവിധായകനാണ്. തമിഴിലും തെലുങ്കിലും ചില ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ജീവിതനൗകയിലെ നായിക". ദേശാഭിമാനി. Retrieved മേയ് 12, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 "അവർ കാത്തിരിക്കുന്നു, മമ്മൂട്ടിയെ". ബി.എസ്. സരോജയെക്കുറിച്ചുള്ള ലേഖനം, മാധ്യമം വാരിക. Retrieved മേയ് 12, 2012.