Jump to content

ജി. രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി. രാമചന്ദ്രൻ
ജി. രാമചന്ദ്രൻ
ജനനം
ജി. രാമചന്ദ്രൻ

ഒക്ടോബർ 7, 1904
മരണംജനുവരി 17, 1995(1995-01-17) (പ്രായം 90)
തൊഴിൽസാമൂഹ്യ പരിഷ്കർത്താവ്, രാജ്യസഭാംഗം, അധ്യാപകൻ
ജീവിതപങ്കാളി(കൾ)ടി.എസ്. സൗന്ദ്രം

സ്വാതന്ത്ര്യസമരസേനാനി, ഗാന്ധിയൻ, വിദ്യാഭ്യാസ വിചക്ഷണൻ, പത്രപ്രവർത്തകൻ, അധ്യാപകൻ എന്നിങ്ങനെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ജി. രാമചന്ദ്രൻ (7 ഒക്ടോബർ 1904 – 17 ജനുവരി 1995). ആറു വർഷം രാജ്യസഭാംഗമായിരുന്നു. ഗാന്ധിജിയുടെ സന്ദേശങ്ങൾ ലോകമാകെ വ്യാപിപ്പി ക്കാൻ നിരവധി വിദേശരാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. കേരളസംസ്ഥാന ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഗോവിന്ദപ്പിള്ളയുടെയും മാധവിത്തങ്കച്ചിയുടെയും മകനായി 1907 ഒക്‌ടോബർ ഏഴിനാണ് ജി. രാമചന്ദ്രന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ മഹാകവി രബീന്ദ്രനാഥ ടാഗോറിനെയും വിശ്വഭാരതിയെയും കുറിച്ചറിയുകയും അവിടെ പഠിക്കാൻ താത്പര്യപ്പെടുകയും ചെയ്തു. കോട്ടയം സിഎംഎസ് എച്ച്എസ്എസ്, തിരുവനന്തപുരം മോഡൽ എച്ച്എസ്, പരവൂർ ഗവ. എച്ച്എസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം വിശ്വഭാരതിയിൽ ഉപരിപഠനം നടത്തി. ടാഗോറിന്റെ വിശ്വഭാരതിയിൽനിന്ന് നേരെ ഗാന്ധിജിയുടെ സബർമതിയിലേക്ക് (1925) വന്നു. ടാഗോറും മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. ഉപ്പുസത്യാഗ്രഹത്തിൽ പങ്കു ചേർന്നു പ്രവർത്തിച്ചു. സ്‌റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രവർത്തനത്തിന്റെ പ്രധാന ഘട്ടങ്ങളിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു.

രാമചന്ദ്രൻ ഹരിജൻ സേവക് സംഘിന്റെ സെക്രട്ടറിയായിരിക്കുമ്പോഴാണ് ടി.വി. സുന്ദരമയ്യങ്കാരുടെ പുത്രി സൗന്ദ്രവുമായുള്ള വിവാഹം നടന്നത്. വധൂവരന്മാരെ അനുഗ്രഹിക്കാൻ ഗാന്ധിജി മധുരയിലെത്തി. ഗാന്ധിജി സ്വന്തം കൈകൊണ്ടു നെയ്ത കല്യാണപ്പുടവ സൗന്ദ്രത്തിനു സമ്മാനിച്ചു. ടി.എസ്. സൗന്ദ്രം കേന്ദ്രമന്ത്രിസഭയിൽ ഡെപ്യൂട്ടി മന്ത്രിയായിരുന്നു നെഹ്‌റുവിന്റെ കാലത്ത്. മദ്രാസ് സ്റ്റേറ്റിലെ രാജാജി ഗവൺമെന്റ് രൂപം നൽകിയ ബേസിക് എഡ്യൂക്കേഷൻ അസസ്‌മെന്റ് കമ്മിറ്റിയുടെ ചെയർമാനായും 1948-ൽ കുറച്ചുകാലം തിരുവിതാംകൂറിൽ പട്ടം താണുപിള്ള മന്ത്രിസഭയിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പു മന്ത്രയായിരുന്നു. മദ്രാസിലെ അഡയാറിൽ ഇന്ത്യൻ എക്‌സ് പ്രസ് പത്രത്തിന്റെ യും ഗാന്ധിമാർഗ് എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെയും എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു.

ജി.ആറിന്റെ കഠിനപ്രയത്നത്താലാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് യാഥാർഥ്യമായത്. ഗാന്ധി പീസ് ഫൗണ്ടേഷൻ ആരംഭിച്ചു. ഗാന്ധി സ്മാരക നിധി സെക്രട്ടറി, അഖില ഭാരത ഗ്രാമീണ വ്യവസായത്തിന്റെ ജനറൽ സെക്രട്ടറി, അഖില ഭാരത ഖാദി വ്യവസായത്തിന്റെയും ഗ്രാമീണ വ്യവസായ കമ്മിഷന്റെയും ചെയർമാൻ എന്നീ പദവികളിൽ സേവനം അനുഷ്ടിച്ചു.[1]

രാമചന്ദ്രനും ടി.എസ്. സൗന്ദ്രവും കൂടിയാണ് അംബാത്തുറയിൽ (മധുരയ്ക്കടുത്ത്) ഗാന്ധിഗ്രാം സർവ്വകലാശാല സ്ഥാപിച്ചത്. ദീർഘകാലം ഗാന്ധിഗ്രാമിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം സർവ്വകലാശാല ആരംഭിച്ചപ്പോൾ വൈസ് ചാൻസലറുമായിത്തീർന്നു.

ജീവിതസായാഹ്നത്തിൽ നെയ്യാറ്റിൻകരയിലെ മാതൃഗൃഹമായ മാധവിമന്ദിരത്തിലേയ്ക്ക് ജി ആർ തിരിച്ചെത്തി. ഗാന്ധിജി 1937-ൽ തിരുവനന്തപുരം സന്ദർശിച്ചപ്പോൾ ഒരു ദിവസം രാമചന്ദ്രന്റെകൂടെ മാധവിമന്ദിരത്തിൽ താമസിച്ചിട്ടുണ്ട്. അത് 1937 ജനുവരി 14-നായിരുന്നു. അന്നു മുതൽ അത് ലൈബ്രറിയാക്കി മാറ്റി.[2] സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി നെയ്യാറ്റിൻകരയിലെ മാധവിമന്ദിരം ലോക്‌സേവാ ട്രസ്റ്റ് സ്ഥാപിച്ചു. 1990 ൽ ഡോ. ജി.ആർ പബ്ലിക് സ്കൂൾ സ്ഥാപിച്ചു. ശിഷ്യ സിസ്റ്റർ മൈഥിലിയാണ് സ്കൂൾ മാനേജിംഗ് ട്രസ്റ്റി.

കൃതികൾ[തിരുത്തുക]

  • അഡ്വഞ്ചറിംഗ് വിത്ത് ലൈഫ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിശ്വഭാരതി സർവകലാശാലയുടെ ഉത്തമഗുരുനാഥനുള്ള ദേശികോത്തമ പുരസ്കാരം

അവലംബം[തിരുത്തുക]

  1. "ദേശികോത്തമ ഡോ. ജി.ആറിന്റെ സ്മരണയിൽ; ജന്മനാട്ടിലെ വിദ്യാലയത്തിൽ ഇന്ന് സ്ഥാപകദിനാഘോഷം". രാഷ്ട്രദീപിക. October 7, 2016. Archived from the original on 2020-08-23. Retrieved August 23, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "തികച്ചും അപ്രതീക്ഷിതമായിരുന്നു മരണം". ഡിസി. ജനുവരി 22, 1995. Retrieved ഓഗസ്റ്റ് 23, 2020.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജി._രാമചന്ദ്രൻ&oldid=3970242" എന്ന താളിൽനിന്ന് ശേഖരിച്ചത്