ജലചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചക്രം ചവിട്ടുന്ന കൃഷിക്കാരൻ, കുട്ടനാട്ടിൽ നിന്നൊരു ദൃശ്യം

കായൽ നിലങ്ങളിലും (കുട്ടനാട്, കോൾ നിലങ്ങൾ) ആഴം കൂടിയ പാടങ്ങളിലും വെള്ളം വറ്റിക്കുന്നതിനായുള്ള കർഷികോപകരണമാണ്‌ ജലച്ചക്രം. ജലം തേവാനും ഇവ ഉപയോഗിച്ചിരുന്നു. മരം കൊണ്ടുണ്ടാക്കിയ ദളങ്ങളോടുകൂടിയ വൃത്താകൃതിയിലുള്ള (ടർബൈൻ) ഉപകരണമാണിവ. നെൽകൃഷിക്കായി മുൻ‌കാലങ്ങളിൽ ധാരാളം ഉപയോഗിച്ചിരുന്നതും, ഇപ്പോൾ വിരളമായിക്കോണ്ടിരിക്കുന്നതുമായ ഒരു ജലസേചന ഉപാധിയാണ് ചക്രം. അടുത്തകാലത്തഅയി വൈദ്യുത യന്ത്രം ഘടിപ്പിച്ച ചക്രങ്ങൾ ഉപയോഗിക്കുന്നു. തടിപ്പെട്ടിക്കുള്ളിൽ തിരശ്ചിനമായി വക്കുന്ന ചക്രത്തെ യന്ത്രസഹായത്തോടെ കറക്കിയാണിത് സദധ്യമാക്കുന്നത്.

രൂപകൽപന[തിരുത്തുക]

മരം കൊണ്ടാണ്‌ ചക്രം ഉണ്ടാക്കുന്നത്. (പ്രധാന ഭാഗം ദളങ്ങൾ അഥവാ ചക്രപ്പല്ലുകൾ/ഇലകൾ ആണ്‌. 4,മുതൽ 25വരെ എണ്ണം ദളങ്ങൾ ഉള്ള ചക്രങ്ങൾ ഉണ്ട്. ദളങ്ങളുടെ വലിപ്പമനുസരിച്ചും ചക്രങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ഈ ദളങ്ങൾ മരത്തിൽ നിർമ്മിച്ച ചട്ടക്കൂടിനു വെളിയിലേക്ക് തള്ളി നിൽകുന്നു. ചക്രത്തിന്റെ വലിപ്പത്തിനു ആനുപാതികമായായിട്ടാണ്‌ ചക്രപ്പല്ലുകളുടെ എണ്ണം. 25 ചക്രപ്പല്ലുകൾ ഉള്ള ചക്രത്തിന്‌ 10 അടിയോളം വ്യാസമെങ്കിലും ഉണ്ടായിരിക്കും. ഭൂരിഭാഗം ചക്രങ്ങളും വൃത്താകൃതിയിലാണെങ്കിലും ചതുരഅകൃതിയിലും ഷഡ്‌ഭുജാകൃതിയിലും ചക്രങ്ങൾ ഉണ്ടാക്കാറുണ്ട്. ചതുരചക്രങ്ങൾക്ക് നാലും ഷഡ്ഭുജാകൃതിയിലുള്ളവക്ക് ആറും ദളങ്ങളാണുണ്ടാവുക.

നിരണം പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ചക്രം.jpg

അടിയിലെ പല്ലുകൾ വെള്ളത്തിൽ മുങ്ങത്തക്കവിധം ജലം ഒഴുക്കേണ്ട ചാലിന്റെ വീതിയിൽ‍ തടിയിൽ നിർമ്മിച്ച കൂട് ചെളിയിൽ ഉറപ്പിക്കുന്നു. അതിനുള്ളിലാണ് തേക്കിലോ വീട്ടിയിലോ നിർമ്മിച്ച ‍ചക്രം സ്ഥാപിക്കുന്നത്. ചക്രത്തിന്റെ പിന്നിൽ മുളയിൽ നിർമ്മിച്ച ചട്ടക്കൂടിനു മുകളിൽ ഇരുന്ന് കാലുകൾ വച്ച് ചവിട്ടുമ്പോൾ ചക്രം തിരിയുകയും അതേ ദിശയിൽ ജലം ഒഴുകുകയും ചെയ്യും.ജലസേചനം നടത്തേണ്ട പാടത്തിന്റെ വലിപ്പമനുസരിച്ച് ചക്രത്തിന്റെ വലിപ്പവും വ്യത്യാസപ്പെടുന്നു. വലിപ്പം കൂടുതലുള്ള ചക്രങ്ങൾ ചവിട്ടുവാൻ രണ്ടോ അതിൽ കൂടുതൽ ആളുകളോ വേണ്ടിവരും. വലിയ ചക്രങ്ങൾ മുഖ്യമായും വെള്ളം വറ്റിക്കാനാണുപയോഗിച്ചിരുന്നതെങ്കിൽ ചെറിയവ വെള്ളം തേവാനാണുപയോഗിച്ചിരുന്നത്.

ചക്രക്കാരൻ[തിരുത്തുക]

ചക്രം ചവിട്ടുന്നവരെയാണ്‌ ചക്രക്കാരനെന്നു വിളിക്കുന്നത്. ചക്രത്തിന്റെ പിന്നിൽ മുളയിൽ നിർമ്മിച്ച ചട്ടക്കൂടിനു മുകളിൽ ഇരുന്ന് കാലുകൾ വച്ച് ചവിട്ടുകയാണ്‌ ചെയ്യുന്നത്. ചക്രത്തിന്റെ വലിപ്പം അനുസരിച്ച് ചവിട്ടുകാരുടെ എണ്ണവും വർദ്ധിക്കും 20-25 വരെ ദളമുള്ള ചക്രം ചവിട്ടണമെങ്കിൽ 25 ഓളം ചക്രക്കാർ വേണ്ടിവരും. വലിയ ചക്രങ്ങൾ ചവിട്ടാനായി പല തട്ടുകളായാണ്‌ പടികൾ ക്രമീകരിക്കുക. ഓരോ തട്ടിലും രണ്ടു പേർ വീതം ഇരുന്ന് ചക്രങ്ങൾ ചവിട്ടുന്നു. ചിലർ ഇരുന്നും ചിലർ നിന്നും ചക്രങ്ങൾ ചവിട്ടും. ഏറ്റവും പരിചയ സമ്പന്നനായ ആളായിരിക്കും ഏറ്റവും മുകളിൽ ഉണ്ടാവുക. ചവിട്ടു തുടങ്ങിയാൽ പാടത്തിലെ വെള്ളം വറ്റുന്നതു വരെ മൂന്നു നാലു ദിവസം നിർത്തതെ ചക്രം തിരിക്കാറുണ്ട്. ഇടക്കു വിശ്രമം വേണ്ടവർക്ക് പകരം പുതിയ ചക്രക്കാർ വന്നിരിക്കും. ആറാറു മണിക്കൂറ് ഇടവിട്ടാണ്‌ ചക്രക്കാര് മാറുക.

3 ചക്രങ്ങളൂം 36 ആളുകളുമുണ്ടെങ്കിൽ 10 പറ കണ്ടത്തിൽ നിന്നും മൂന്ൻ അടി വെളളം ഒരു ദിവസം കൊണ്ട് വറ്റിക്കാൻ സാധിക്കും. 174800 കുബിക് അടിയാണിത് എന്ന് ബുക്കാനൻ വിവരിച്ചിട്ടുണ്ട്.

പേർഷ്യൻ ചക്രം[തിരുത്തുക]

ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന ഒരു ജലസേചനോപാധിയാണ് പേർഷ്യൻ ചക്രം. തൊട്ടികൾ ഘടിപ്പിച്ച ഒരു ചക്രമാണ് ഈ യന്ത്രത്തിന്റെ പ്രധാനഭാഗം. കേരളത്തിൽ ഉപയോഗിക്കുന്ന ചക്രത്തിനു സമാനമായ പ്രവർത്തനരീതിയാണെങ്കിലും ഇത് പ്രവർത്തിപ്പിക്കുന്നത് കാള, ഒട്ടകം എന്നിവയെപ്പോലുള്ള മൃഗങ്ങളെക്കൊണ്ടാണ്. ജലവിതരണതോടൂകളിൽ നിന്ന് ജലം തങ്ങളുടേ പറമ്പുകളിലേക്ക്ക് തിരിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.

ഒരു തണ്ടിൽ കെട്ടിയിരിക്കുന്ന മൃഗം, അതിനു ചുറ്റുമായി തിരിയുന്നു. ഈ തിരിച്ചിൽ ബലത്തെ ചക്രവുമായി ബന്ധിപ്പിച്ച് ചക്രത്തെ കറക്കുന്നു. ചക്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന തൊട്ടികൾ, താഴെ നിന്ന് വെള്ളം കോരിയെടുത്ത് മുകളിലെ വെള്ളച്ചാലിലേക്ക് ഒഴിക്കുന്നു. ഒരേ ദിശയിൽ കറങ്ങിക്കൊണ്ടീരിക്കുന്ന മൃഗത്തിന്റെ തല കറങ്ങാതിരിക്കുന്നതിന് അതിന്റെ കണ്ണ് മൂടിക്കെട്ടാറുണ്ട്[1]‌.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. പുറം. 160. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ജലചക്രം&oldid=2680871" എന്ന താളിൽനിന്ന് ശേഖരിച്ചത്