Jump to content

ജയിൽ കുറിപ്പുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്റോണിയോ ഗ്രാംഷി

ഇറ്റാലിയൻ മാർക്സിസ്റ്റ് അന്റോണിയോ ഗ്രാംഷി ബെനെഡിറ്റൊ മുസോളിനിയുടെ ഫാഷിസ്റ്റ് ഭരണകാലത്ത് ജയിലിൽ വച്ച് എഴുതിയ കുറിപ്പുകളാണു പ്രിസൺ നോട്ബുക്സ്.[1] 1929 - 1935 കാലത്താണു ഗ്രാംഷി മൂവായിരത്തോളം പേജുകൾ വരുന്ന മുപ്പതോളം നോട്ടുബുക്കുകൾ എഴുതുന്നത്. 1930-കളിൽ ജയിലിൽ നിന്നും പുറത്തു കടത്തിയ ജയിൽ കുറിപ്പുകൾ 1950-കളിൽ മാത്രമാണു പ്രസിദ്ധീകൃതമാവുന്നത്.[2] ചിട്ടയായി എഴുതപ്പെട്ടതല്ലെങ്കിലും രാഷട്ര മീമാംസയിൽ മൗലികമായ സംഭാവനയായി ജയിൽ കുറിപ്പുകൾ പരിഗണിക്കപ്പെടുന്നു. 1970കളിൽ ഇംഗ്ലീഷിലേക്ക് തർജമ്മ ചെയ്യപ്പെട്ടു. ജ്യൊർജ് സോരെൽ, ബെനെഡിറ്റൊ ക്രോചെ, നിക്കോളോ മാക്യവെല്ലി, ഹെഗെൽ, കാൾ മാർക്സ് തുടങ്ങിയ ചിന്തകരിൽ നിന്നും പ്രചോദനമുൾക്കൊള്ളുന്ന ഗ്രാംഷി ഇറ്റാലിയൻ ചരിത്രത്തെയും ദേശീയതയെയും, ഫാഷിസം, ഫ്രെഞ്ച് വിപ്ലവം, പൗര സമൂഹം, മതം, ജനകീയ സംസ്കാരം തുടങ്ങി വിവിധങ്ങളായ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നു. മാർക്സിസ്റ്റ് ചിന്താധാരയിലെ പല ആശയങ്ങളും ഗ്രാംഷിയോടു കടപ്പെട്ടിരിക്കുന്നു.

അധീശത്വം അഥവാ നായകത്വം (Hegemony)

[തിരുത്തുക]

ജനകീയ വിപ്ലവത്തിൽ തൊഴിലാളി വർഗത്തിന്റെ നേതൃത്വപരമായ പങ്ക് സൂചിപ്പിക്കാൻ വ്ലാദിമിർ ലെനിനാണു അധീശത്വം എന്ന വാക്കു ആദ്യമായി ഉപയോഗിക്കുന്നത്. ലെനിനിൽ നിന്നും ഈ വാക്ക് കടം കൊള്ളുന്ന ഗ്രാംഷി മാർക്സിസം പ്രവചിക്കുന്ന തരത്തിൽ ഒരു തൊഴിലാളി വർഗ വിപ്ലവം ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിൽ നടക്കാതിരിക്കുന്നതിനെ അപഗ്രഥിക്കുന്നു. മുതലാളിത്തം സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരത്തിലൂടെ മാത്രമല്ല, പ്രത്യയശാസ്ത്രപരമായും സമൂഹികനിയന്ത്രണം സാധ്യമാക്കുന്നുവെന്നു ഗ്രാംഷി വാദിക്കുന്നു. പ്രത്യയശാസ്ത്രപരമായ അധീശത്വത്തിലൂടെയാണു ബൂർഷ്വാസി തങ്ങളുടെ മൂല്യവ്യവസ്ഥയെ സാർവലൗകികമായ "പൊതു ബോധ"മായി (common sense) പരിവർത്തിപ്പിക്കുന്നത്. ഇത്തരത്തിൽ സാമൂഹിക യാഥാസ്ഥിതികത്വം നിലനിർത്തുന്നതിലൂടെ ബൂർഷ്വാസിയുടെ താല്പര്യങ്ങൾ തൊഴിലാളി വർഗം തങ്ങളുടെ തന്നെ താല്പര്യങ്ങളായി മനസ്സിലാക്കുന്നു.

ബുദ്ധിജീവികളും വിദ്ധ്യാഭ്യാസവും (Intellectuals and Education)

[തിരുത്തുക]

ബുദ്ധിജീവികളുടെ സാമൂഹിക ദൗത്യത്തെക്കുരിച്ചുള്ള ചിന്തക്ക് ഗ്രാംഷി പരമമായ പ്രാധാന്യമാണു കൊടുക്കുന്നത്. എല്ലാ മനുഷ്യരും ചിന്തിക്കാനാവശ്യമായ യുക്തിയുള്ളവരാണു, എന്നാൽ എല്ലാവരും ബുദ്ധിജീവിയുടെ സമൂഹിക ദൗത്യം നിർവഹിക്കുന്നില്ല. ആധുനിക സമൂഹത്തിലെ ബുദ്ധിജീവികൾ സമൂഹത്തെ നയിക്കുകയും പ്രത്യയശാസ്ത്രപ്രവർത്തനത്തിലൂടെ അധീശത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. വിദ്ധ്യാഭ്യാസം, മതം, വിവിധ മാധ്യമങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ നടത്തുന്ന പരോക്ഷമായ അധികാരപ്രയോഗങ്ങളെയാണു പ്രത്യയശാസ്ത്രപ്രവർത്തനം എന്നതുകൊണ്ട് അർഥമാക്കുന്നത്. പാരമ്പര്യ ബുദ്ധിജീവികൾ (traditional intellectuals), മൗലിക ബുദ്ധിജീവികൾ (organic intellectuals) എന്നിങ്ങനെ ഗ്രാംഷി രണ്ടു തരം പ്രത്യയശാസ്ത്ര പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പാരമ്പര്യബുദ്ധിജീവികൾ തങ്ങളെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തി ഒരു പ്രത്യേക വർഗമായി പരിഗണിക്കുമ്പോൾ, മൗലികബുദ്ധിജീവികൾ സമൂഹത്തിന്റെ ഭാഗമായി മൂല്യങ്ങളുടെ പരിവർത്തനത്തിനു വേണ്ടി പ്രവർത്തിക്കുന്നു.

രാഷ്ട്രവും പൗരസമൂഹവും (State and Civil Society)

[തിരുത്തുക]

അധീശത്വം എന്ന ഗ്രാംഷിയൻ സങ്കല്പം പ്രത്യക്ഷമായ ബലപ്രയോഗത്തിലൂടെയും (Force) പരോക്ഷമായ പൊതുസമ്മതിയിലൂടെയും (Consensus) പ്രവർത്തിക്കുന്ന മുതലാളിത്ത രാഷ്ട്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. രാഷ്ട്രം എന്ന പരികല്പനയെ ഗ്രാംഷി മനസ്സിലാക്കുന്നത് രാഷ്ട്രസമൂഹത്തിന്റെയും (Political society) പൗരസമൂഹത്തിന്റെയും (Civil society) സാകല്യമായാണ്. രാഷ്ടസമൂഹം ബലപ്രയോഗത്തിലോടെയും പൗരസമൂഹം അധീശത്വത്തിലൂടെയും അധികാരം നിലനിർത്തുന്നു. ഈ വ്യത്യസ്ത മണ്ഠലങ്ങൾ തമ്മിൽ വിശകലനാത്മകമായ വിഭജനം സാധ്യമാണെങ്കിലും ഇവ പരസ്പരം പൂരകമായിനിലകൊള്ളുന്നുവെന്ന് ഗ്രാംഷി വാദിക്കുന്നു.

ചരിത്രവാദം (Historicism)

[തിരുത്തുക]

ഗ്രാംഷിയുടെ കാഴ്ചപ്പാടിൽ മാനുഷികമായ ആത്മനിഷ്ടപ്രവർത്തനങ്ങളും ചരിത്രത്തിന്റെ വസ്തുനിഷ്ഠമായ പ്രക്രിയയും ചേർന്നാണ് സമൂഹികമായ ഏതു മൂല്യവും അർഥവും സൃഷ്ടിക്കപ്പെടുന്നത്. ആത്മനിഷ്ടവും വസ്തുനിഷ്ഠവുമായ വശങ്ങളുടെ യൊജിപ്പിനെയാണ് ഗ്രാംഷി "പ്രയോഗം" (praxis) എന്ന് വിശേഷിപ്പിക്കുന്നത്. ഇതിന്റെ അർഥം മാറ്റമില്ലാതെ തുടരുന്ന "മനുഷ്യ സത്ത" (human nature) എന്ന ആശയത്തെ ഗ്രാംഷി നിഷേധിക്കുന്നു എന്നാണ്; മനുഷ്യസത്തയെ ചരിത്രപരമായി മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഇതിനാൽത്തന്നെ തത്ത്വചിന്തക്കോ ശാസ്ത്രത്തിനോ ചരിത്രാതീതമായ പരമസത്യങ്ങളെ ആവിഷ്കരിക്കാൻ സാധ്യമല്ല.

സാമ്പത്തിക വാദത്തിന്റെ വിമർശനം

[തിരുത്തുക]

യാഥാസ്ഥിതിക മാർക്സിസത്തിന്റെ പ്രത്യേകത സാമ്പത്തിക നിർണയ വാദത്തിലൂന്നിക്കൊണ്ട് (economic determinism) തൊഴിളാലിവർഗത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവത്തെ അനിവാര്യമായ ഒന്നായി കണ്ടുവെന്നതാണ്. സാമ്പത്തിക നിർണയവാദത്തെ വിമർശിച്ചുകൊണ്ട് "രാഷ്ട്രീയ" പ്രവർത്തനത്തിന് ഗ്രാംഷി ഊന്നൽ കൊടുക്കുന്നു. സമൂഹികമാറ്റത്തെ സാധ്യമാക്കുന്ന തരത്തിൽ ചരിത്രപ്രക്രിയയിൽ ഒരു നിയമവും അന്തർലീനമല്ലെന്നും, സമൂഹികമാറ്റം മനുഷ്യന്റെ രാഷ്ട്രീയപ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നും ഗ്രാംഷി വാദിക്കുന്നു.

അവലംബം

[തിരുത്തുക]
  1. ഗ്രാംഷി, അന്റോണിയോ. "ജയിൽ കുറിപ്പുകൾ". marxists.org.
  2. ഗാർട്ടൻ, റോസെൻ. "ഗ്രാംഷിയുടെ ജീവിതത്തിനും ചിന്തക്കും ഒരാമുഖം". http://www.marxists.org/. http://www.marxists.org/. Retrieved 29 ജനുവരി 2015. {{cite web}}: External link in |publisher= and |website= (help)
"https://ml.wikipedia.org/w/index.php?title=ജയിൽ_കുറിപ്പുകൾ&oldid=3318102" എന്ന താളിൽനിന്ന് ശേഖരിച്ചത്