Jump to content

ജയജയ കോമള കേരള ധരണി (ഗാനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ സാംസ്‌കാരികഗാനമാണ് ജയജയ കോമള കേരള ധരണി.... എന്നു തുടങ്ങുന്ന ഗാനം. ബോധേശ്വരനാണ് ഈ ഗാനത്തിന്റെ രചയിതാവ്. 2014-ലാണ് കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചത്.[1]

ചരിത്രം

[തിരുത്തുക]

1938-ൽ ബോധേശ്വരൻ രചിച്ച കേരളഗാനം ഐക്യകേരള രൂപവത്കരണശേഷമുള്ള ആദ്യ നിയമസഭയിൽ ആലപിച്ചിരുന്നു. ആകാശവാണിയിലെ ആർട്ടിസ്റ്റുകളായിരുന്ന പറവൂർ സഹോദരിമാർ എന്നറിയപ്പെടുന്ന ശാരദാമണിയും രാധാമണിയുമാണ് ആദ്യ നിയമസഭാ സമ്മേളനത്തിൽ കേരളഗാനം ആലപിച്ചത്. സാസ്‌കാരിക പരിപാടികളിൽ ഈ ഗാനം ആലപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ജയജയ കോമള കേരള ധരണി
ജയജയ മാമക പൂജിത ജനനി
ജയജയ പാവന ഭാരത ഹരിണി
ജയജയ ധർമ്മ സമന്വയരമണീ

ജയജയ ജയജയ ജയജയ ജനനി
ജനനി മാമക കേരള ധരണി

ചേരപുരാതനപാവന ചരിതേ
ആര്യകുലോൽക്കടഭാർഗ്ഗവനിരതേ
ദ്രാവിഡപരിവൃഡവനിതേമഹിതേ
ദ്രാവിഡസംസ്കൃതവംശോജ്ജ്വലിതേ

പ്രേമദമാകും പ്രമദവനം താൻ
ശ്യാമളസുന്ദരമെന്നുടെ രാജ്യം
മലയജസുരഭിലമാരുതനേൽക്കും
മലയാളം ഹാ മാമകരാജ്യം

പശ്ചിമജലധിതരംഗാവലിതൻ
ഉൽസൃതശീതളശികരസേവ്യം
കുന്ദലതാപരിസേവിതനിലയം
സുന്ദരകേതകഭൂഷിതവലയം

ചന്ദനമണിയും ചാരുകിശോരക -
ബന്ധുരമാകും മലയാളത്തിൻ
തുഞ്ചശുകീകളകണ്ഠനിനാദം
തഞ്ചും മാമക മലയാളത്തിൽ
മാമക മോഹം മാമക ഗേഹം
മാമക നാകം മാമകവിലയം
ജനനീ ജനനീ ജനനീ

അവതരണങ്ങൾ

[തിരുത്തുക]
  • കേരളഗാനം സാംസ്‌കാരിക ഗാനമാക്കിയപ്പോൾ, ഗാനം എഡിറ്റ് ചെയ്ത് എം. ജയചന്ദ്രൻ ഈണം നൽകി തയ്യാറാക്കിയിട്ടുണ്ട്. സരിത രാജീവ്, രവിശങ്കർ, സുദീപ്കുമാർ, അഖില ആനന്ദ് എന്നിവരാണ് പാടിയത്.
  • ജോയ് തോട്ടനും കെ.പി. ഉദയഭാനുവും സംഗീതം നൽകി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികളുടെ ഗാനങ്ങൾ എന്ന സംഗീത ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ദേവരാജൻ സംഗീതം നൽകി ദേശീയ ഗാനങ്ങൾ എന്ന പേരിൽ സംഗീത ആൽബം പുറത്തു വന്നിട്ടുണ്ട്.
  • 'യാചകൻ' (1951) എന്ന സിനിമയിൽ എസ്.എൻ. ചാമി (എസ്.എൻ. രംഗനാഥൻ) സംഗീത ചെയ്ത ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

അവലംബങ്ങൾ

[തിരുത്തുക]
  1. "'ജയജയ കോമള കേരള ധരണി...'ഒടുവിൽ കേരളത്തിന്റെ സാംസ്‌കാരികഗാനം". www.mathrubhumi.com. Archived from the original on 2014-11-01. Retrieved 1 നവംബർ 2014.