Jump to content

ചെറുപയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറുപയർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
V. radiata
Binomial name
Vigna radiata
(L.) R. Wilczek
Synonyms

Phaseolus aureus Roxb.

boiled mung beans
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 110 kcal   440 kJ
അന്നജം     3.6 g
- പഞ്ചസാരകൾ  2.0g
- ഭക്ഷ്യനാരുകൾ  7.6 g  
Fat0.38 g
പ്രോട്ടീൻ 7.02 g
ജീവകം സി  1.0 mg2%
കാൽസ്യം  27 mg3%
മഗ്നീഷ്യം  48 mg13% 
ഫോസ്ഫറസ്  99 mg14%
പൊട്ടാസിയം  266 mg  6%
സോഡിയം  2 mg0%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ഭാരതത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യുന്നതും വളരെയധികം പോഷകമൂല്യമുള്ളതുമായ പയർ വർഗ്ഗചെടിയാണ് ചെറുപയർ. ഇംഗ്ലീഷ്:Cherupayar ഔഷധമായും ഈ ധാന്യം ഉപയോഗിക്കുന്നുണ്ട്. ഇതിൽ അന്നജം, കൊഴുപ്പ് ,നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസിയം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നി അടങ്ങിയിട്ടുണ്ട്. മങ് ബീൻ, ഗ്രീൻ ഗ്രാം, മാഷ്, മൂങ് എന്നിവ സാധാരണനാമങ്ങളാണ്.

ചെറുപയർ ഏഴുതരമുണ്ടെന്നു പറയുന്നു.[1]

പേരുകൾ[തിരുത്തുക]

സംസ്കൃതത്തിൽ മുദ്ഗ:, ശിംബിശ്രേഷ്ഠ, വർണാഹ:, രസോത്തമ: എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദി നാമം മൂംഗ് എന്നാണ്. പച്ചയ് പയറു, പച്ചയ് പേശലു എന്നീ പേരുകളിൽ തമിഴ്, തെലുഗു എന്നീ ഭാഷകളിലും അറിയപ്പെടുന്നു.

രസഗുണങ്ങൾ[തിരുത്തുക]

മധുരം, കഷായം എന്നിങ്ങനെ രസം, ലഘു, രൂക്ഷം എന്നീ ഗുണങ്ങൾ, ശീത വീര്യം, മധുരം വിപാകം എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.

ഔഷധ ഉപയോഗങ്ങൾ[തിരുത്തുക]

വിത്തും വേരും ഔഷധത്തിനു ഉപയോഗിക്കുന്നു.മദ്ധ്യമ പഞ്ചമൂലത്തിലെ ഒരു ഘടകമാണ്. ചെറുപയർ ത്രിദോഷങ്ങൾ നിയന്ത്രിച്ചു ശരീരം പുഷ്ടിപ്പെടുത്തുന്നു. ചെറുപയർ പൊടി താളിയായി ഉപയോഗിച്ചാൽ താരൻ മാറും. രസം (mercury) ഉള്ളിൽ ചെന്നുണ്ടാകുന്ന വിഷം ശമിക്കുന്നതിനു് ചെറുപയർ സൂപ്പ് ശർക്കര ചേർത്ത് 100 മില്ലി ലിറ്റർ വീതം ഇടക്കിടെ കഴിച്ചു കൊണ്ടിരിക്കുക എന്ന് ചില ഗ്രന്ഥകാരന്മാർ അഭിപ്രയപ്പെടുന്നു.[1]

മുളപ്പിച്ച ചെറുപയർ

ഘടന[തിരുത്തുക]

30 മുതൽ 120 സെന്റീമീറ്റർ വരെ പൊക്കത്തിൽ നിവർന്നു വളരുന്ന ഏകവർഷിസസ്യമാണിത്. തണ്ടുകൾ തവിട്ട് നിറത്തിൽ രോമാവൃതമായി കാണപ്പെടുന്നു. മൂന്ന് ഇതളുകൾ വീതമുള്ള ഇലകൾ ഏകാന്തര രീതിയിലാണ് കാണപ്പെടുന്നത്. പൂവ് കുലകളായി പത്രകക്ഷത്തിൽ നിന്നും ഉണ്ടാകുന്നു. നാലോ അഞ്ചോ പൂക്കൾ വീതമുള്ള പൂങ്കുലകൾക്ക് 10 മുതൽ 23 സെന്റീമീറ്റർ വരെ നീളമുണ്ടാകും. പൂങ്കുലകൾ രോമാവൃതമാണ്. ബാഹ്യ ദളം അണ്ഡാകൃതിയിൽ അഗ്രം കൂർത്തതായി കാണപ്പെടുന്നു. ഇതിന്റെ ബാഹ്യദലം രോമം നിറഞ്ഞതായിരിക്കും. ബാഹ്യ ദളപുടത്തിന് 3 മില്ലീമീറ്ററോളം നീളവും ഉണ്ടായിരിക്കും. കൂടാതെ ദളപുടത്തിന് മഞ്ഞ നിറവും 5-6 മില്ലീമീറ്റർ നീളവും ഉണ്ടായിരിക്കും. 10 -15 വരെ വിത്തുകൾ; ഉരുണ്ടതും മിനുസമുള്ളതും പച്ച നിറവുമുള്ളവയായിരിക്കും. ഇവ നീണ്ട കായ്കളിൽ കാണപ്പെടുന്നു. വിത്ത് ,വേര് എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ.

പാപ്പിലിയോണേസി (Pappilionaceae) സസ്യകുടുംബത്തിൽ പെട്ടതാണ് ചെറുപയർ. ഇതിനെ ഇംഗ്ലീഷിൽ ഗ്രീൻ ഗ്രാം (Green gram) എന്നും സംസ്കൃതത്തിൽ മുദ്ഗഃ എന്ന് സംസ്കൃതത്തിലും വിളിക്കുന്നു. പച്ചനിറത്തിലുള്ളതും മഞ്ഞനിറത്തിലുളളതുമായ രണ്ടുതരം ചെറുപയറിൽ ഏറ്റവും ഉത്തമമായിട്ടുള്ളത് പച്ചനിറത്തിലുള്ളതാണ്. ആഫ്രിക്കയിലെ ചെറുപയറാണ് ഏറ്റവും മുന്തിയ ഇനം. ഒരു പയറുവർഗധാന്യമായ ചെറുപയർ പുഷ്ടികരമായ ഒരാഹാരധാന്യവും കൂടിയാണ്. ദഹിക്കുവാൻ പ്രയാസമുള്ള ഇത് അയുർവേദ വൈദ്യന്മാരുടെ അഭിപ്രായത്തിൽ ഇത് കഫപിത്തങ്ങളെ ശമിപ്പിക്കുകയും ശരീരത്തിന് ഓജസ്സും ബലവും നല്കുകയും ചെയ്യും. കണ്ണിന് വളരെ നല്ലതായ ഇത് വാതരോഗികൾക്ക് അത്ര നല്ലതല്ല എന്നു അവർ കരുതുന്നു. രക്തവർധനവിനും വളരെ നല്ലതാണ് ചെറുപയർ. കൂടാതെ രക്തദോഷം, പിത്തം, കഫം, മഞ്ഞപ്പിത്തം, നേത്രരോഗം, ജ്വരം എന്നിവയെ ശമിപ്പിക്കുവാനും നല്ലതാണിത്. 100 ഗ്രാം ചെറുപയർ 24 ഔൺസ് വെള്ളത്തിൽ പുഴുങ്ങി 6 ഔൺസാക്കി കുറുക്കി പിഴിഞ്ഞെടുത്തുണ്ടാക്കുന്ന സൂപ്പ് 3 ഔൺസ് വീതം രണ്ട് നേരം തേൻ ചേർത്ത് കഴിക്കുന്നത് രോഗം വന്ന് മാറിയവർക്ക് പെട്ടെന്ന് ആരോഗ്യം കൈവരിക്കാൻ ഉതകുന്ന ഒരു അമൃതാണ്. ചെറുപയറിൻ സൂപ്പ് പാൽ ചേർത്ത് കഴിച്ചാൽ ഉദരപ്പുണ്ണിന് നല്ലതാണ്. കരൾവീക്കം, പ്ലീഹാവീക്കം എന്നിവയുള്ള രോഗികൾക്കും പ്രമേഹരോഗികൾക്കും ചെറുപയറിൻ സൂപ്പ് നല്ലതാണ്. ചെറുപയറും സമം ഉണക്കലരിയും കൂടി കഞ്ഞിവെച്ച് പശുവിൻ നെയ്യ് ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിക്കുന്നത് നാഡിപിഴ സംബന്ധമായ രോഗങ്ങൾക്ക് പഴയമുറപ്രകാരമുള്ള നല്ലൊരു ചികിത്സയാണ്. കളരിപ്പയറ്റ് ശീലമാക്കുന്നവർക്ക് കർക്കിടകമാസത്തിൽ ഈ കഞ്ഞി വളരെ ഫലപ്രദമായിരിക്കും. സാധാരണക്കാർക്ക് ശരീരപുഷ്ടിയും ബലവും നല്കുന്ന ഇത് തടിച്ചവർക്ക് അത്ര നല്ലതല്ല. മുളപ്പിച്ച ചെറുപയർ ഒറ്റയ്ക്കോ മറ്റു ആഹാരത്തോടുകൂടിയോ പ്രഭാതത്തിൽ കഴിക്കുകയോ ഇതുകൊണ്ട് കഞ്ഞിയുണ്ടാക്കി തേങ്ങയും സ്വല്പം മധുരവും ചേർത്ത് കഴിക്കുന്നതും പ്രമേഹരോഗികൾക്കും കളരിപ്പയറ്റ്, ഭാരോദ്വഹനം മുതലായ വ്യായാമമുറകൾ ചെയ്യുന്നവർക്കും ഏറ്റവും ഫലം കിട്ടുന്നതാണ്. ഈ കഞ്ഞിയിൽ വിറ്റാമിൻ ഇ ധാരാളമായുണ്ട്. കണ്ണിന്റെ ഉഷ്ണം തീർക്കാൻ ചെറുപയർ പൊടിച്ച് റോസ് വാട്ടറിൽ അരച്ച് പശപോലെയാക്കി കണ്ണിനു മുകളിൽ വെച്ചാൽ കണ്ണിന് നല്ല കുളിർമ്മയുണ്ടാകും. സ്തനവീക്കത്തിന് ചെറുപയർ പുഴുങ്ങി അരച്ച് പശപോലെയാക്കി തേച്ചാൽ നല്ല ഫലം കിട്ടും. ചെറുപയറിന്റെ കഷായം തേൾ കടിച്ച വിഷത്തിന് കഴിക്കാവുന്നതാണ്. ചെറുപയറിൻ പൊടിയിൽ ചുണ്ണാമ്പ് കൂട്ടിച്ചേർത്ത് കടിവായിൽ പുരട്ടുകയും ചെയ്യാം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
"https://ml.wikipedia.org/w/index.php?title=ചെറുപയർ&oldid=3903539" എന്ന താളിൽനിന്ന് ശേഖരിച്ചത്