ഗൗരി (ചെറുകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൗരി ഉൾക്കൊള്ളുന്ന കഥാസമാഹാരത്തിന്റെ പുറംചട്ട

ടി. പത്മനാഭൻ എഴുതിയ ഒരു മലയാളചെറുകഥയാണ് ഗൗരി. യൗവനത്തിന്റേയും മദ്ധ്യവയസ്സിന്റേയും ഇടപ്രായത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ആർദ്രവും പക്വവുമായ പ്രണയമാണ് ഈ കഥയുടെ പ്രമേയം. "പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ" എന്ന് സാഹിത്യനിരൂപകൻ കെ.പി. അപ്പൻ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. [1]കലാകൗമുദി വാരികയിലാണ് 'ഗൗരി' വെളിച്ചം കണ്ടത്. താനെഴുതിയ കഥകളെല്ലാം തനിക്കു പ്രിയപ്പെട്ടതാണെങ്കിലും 'ഗൗരി' കേവലം ഒരു കഥയെന്നതിനുപരി, തന്റെ "ആത്മാവിന്റെ അംശം" തന്നെയാണെന്നു ടി. പത്മനാഭൻ വെളിപ്പെടുത്തിയിട്ടുണ്ട്.[2]

കഥ[തിരുത്തുക]

കാലബോധം[തിരുത്തുക]

ഉയർന്ന ഉദ്യോഗങ്ങളുമായി വ്യത്യസ്ത സ്ഥലങ്ങളിൽ ജീവിക്കുന്ന ഗൗരിയുടേയും, കഥയിൽ പേരുപറയാത്ത പുരുഷസുഹൃത്തിന്റേയും പ്രണയത്തിന്റെ കഥയാണിത്. തങ്ങളുടെ ജോലിസ്ഥലങ്ങളിൽ നിന്ന്, ഒഡീഷയിൽ ഗോപാൽപൂർ എന്ന കടലോരം സന്ദർശിക്കാനെത്തുന്ന അവർ, പ്രഭാതത്തിൽ സൂര്യോദയം കാണാനായി കടലോരത്തു പോകുന്നതാണ് കഥയുടെ സന്ദർഭം. ആറുമാസത്തെ ഇടവേളക്കു ശേഷം പരസ്പരം കാണുകയായിരുന്നു അവർ . ഗൗരി ക്ഷീണിച്ചിരിക്കുന്നതായി കണ്ട അയാൾ അതിന്റെ കാരണം സ്നേഹപൂർവം അന്വേഷിച്ചു. പൊതുവേയുള്ള ഉത്സാഹക്കുറവും, കാലത്തെക്കുറിച്ചും വയസ്സിനെക്കുറിച്ചുമുള്ള ബോധത്തിന്റെ അലട്ടലുമാണ് തന്റെ പ്രശ്നമെന്ന അവളുടെ മറുപടിയിൽ വേദനിച്ചെങ്കിലും അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ചിത[തിരുത്തുക]

Error: No text given for quotation (or equals sign used in the actual argument to an unnamed parameter)

ഗൗരിയുമൊത്ത് കടലോരത്തേക്കു നടക്കുമ്പോൾ അയാൾ, ആറുമാസം മുൻപ് നേപ്പാളിൽ അവളോടൊത്തു നടത്തിയ ഒരു യാത്രക്കിടെ കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം സന്ദർശിച്ചതോർത്തു. ക്ഷേത്രത്തിനടുത്ത് ബാഗ്മതിയുടെ കരയിലെ ചിതകൾ അവർ കണ്ടിരുന്നു. "മുക്കാലും കത്തിത്തീരാറായ ശവങ്ങൾ, കത്തി പാതിയായ ശവങ്ങൾ, തീപിടിച്ചു തുടങ്ങിയ ശവങ്ങൾ, തങ്ങളുടെ ഊഴവും കാത്ത് നദിക്കരയിൽ വിറങ്ങലിച്ചു കിടന്ന ശവങ്ങൾ" എല്ലാം അവിടെയുണ്ടായിരുന്നു. അന്ന് എരിഞ്ഞടങ്ങിക്കൊണ്ടിരുന്ന ശവങ്ങളെ നോക്കി "എല്ലാം മറന്ന് ചിത്രത്തിലെന്ന പോലെ സ്തബ്ധയായി നിന്ന" ഗൗരിയുടെ രൂപം അയാളുടെ മനസ്സിൽ മാഞ്ഞുപോയിരുന്നില്ല. എങ്കിലും ആ യാത്രയിൽ തന്നെ അന്നപൂർണ്ണയുടെ തണലിലുള്ള തടാകത്തിലെ ദ്വീപിൽ ചെലവഴിച്ച ദിവസങ്ങളിൽ അവൾ സന്തുഷ്ടയായിരുന്ന കാര്യവും അയാൾ ഓർത്തു.

പ്രണയകഥ[തിരുത്തുക]

അവരുടെ പ്രണയത്തിന് മുൻകൈയ്യെടുത്തത് അവളായിരുന്നു. കടലോരത്തേക്കുള്ള വഴിയിൽ ഒരു വിളക്കുകാലിനു താഴെ വച്ച് അവൾ, തന്നോടു മടുപ്പു തോന്നുന്നുണ്ടൊ എന്നന്വേഷിച്ചത് അയാളെ വേദനിപ്പിച്ചു. അവളുടെ ജീവിതകഥയുടെ രൂപരേഖ തുടർന്നുള്ള സംഭാഷണത്തിൽ തെളിയുന്നു. തകർന്ന വിവാഹത്തിന്റെ ഇരയായ അവൾക്ക് ഭർത്താവിന്റെ പിടിവാശിമൂലം വിവാഹമോചനം ലഭിച്ചിരുന്നില്ല. സ്വന്തം മകളെ ഹോസ്റ്റലിൽ ഒളിച്ചു കാണേണ്ട അവസ്ഥയായിരുന്നു അവളുടേത്. തുടർന്ന് കടലോരത്ത് സൂര്യോദയത്തിനായുള്ള കാത്തിരിപ്പിനിടെ, യൗവനത്തിലെ തന്റെ തന്നെ അസഫലപ്രണയത്തെ ഒരു കഥയായി അയാളും അവതരിപ്പിക്കുന്നു. ആ പ്രണയത്തിലെ നായിക, അയാളുടെ ഉപേക്ഷ കൊണ്ട് മറ്റൊരാളുടെ ഭാര്യയായി തീർന്നു. ഒടുവിൽ അസന്തുഷ്ടമായ ദാമ്പത്യത്തിൽ ആരോഗ്യം തകർന്ന് അവൾ മരിച്ച കാര്യവും അവളെപ്പോലിരിക്കുന്ന അവളുടെ മകളെ വർഷങ്ങൾക്കുശേഷം യാദൃച്ഛികമായി അയാൾ കണ്ടുമുട്ടിയ കാര്യവും ആ കഥയിലുണ്ടായിരുന്നു.

കാത്തിരിപ്പ്[തിരുത്തുക]

ഗോപാൽപൂരിലെ കടലിനു മുകളിൽ ഉണ്ടായിരുന്ന മേഘങ്ങൾക്കു പിന്നിൽ ഒളിച്ചുകളിച്ചിരുന്ന സൂര്യനെ കാണാൻ അവർ ക്ഷമാപൂർവം കാത്തിരിക്കുമ്പോഴാണ് 'ഗൗരി' അവസാനിക്കുന്നത്.

നിരൂപണം[തിരുത്തുക]

ഗൗരിയെക്കുറിച്ച്, "പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ" എന്ന ശീർഷകത്തിൽ പ്രസിദ്ധമായൊരു ലേഖനം നിരൂപകൻ കെ.പി. അപ്പൻ എഴുതിയിട്ടുണ്ട്. ഈ കഥയെ ലേഖകൻ "സംയമനം കൊണ്ട് ആരോഗ്യകരമായിത്തീർന്ന" അതിന്റെ കാല്പനികസൗന്ദര്യത്തിന്റെ പേരിൽ പുകഴ്ത്തുന്നു. "രാഗചേഷ്ഠകളേയും രതിവിലാസങ്ങളേയും ഒഴിവാക്കുന്ന സ്ത്രീപുരുഷബന്ധത്തിന്റെ പ്രൗഢത വെളിപ്പെടുന്ന കഥ", "മൃത്യുദർശനത്തിന്റെ അഗ്നിയിലിട്ടു നീറ്റി പ്രേമത്തെ പരിശുദ്ധമാക്കുന്ന കല"-യുടെ മാതൃക എന്നെല്ലാം അതിനെ വിശേഷിപ്പിക്കുന്ന അപ്പൻ, "സ്നേഹവും മരണവും കാട്ടുപക്ഷികളെക്കണക്ക് ഇണചേരുന്ന" മികച്ച സ്നേഹകാവ്യങ്ങളുടെ ഗണത്തിൽ അതിനെ ഉൾപ്പെടുത്തുന്നു. ഗൗരി ആദ്യം വെളിച്ചം കണ്ട കലാകൗമുദി വാരികയിൽ തന്നെയാണ് ഈ നിരൂപണവും വന്നത്.[1]

മലയാളത്തിലെ കഥാവിമർശനശാഖയിൽ നാഴികക്കല്ലായിത്തീർന്ന ലേഖനം എന്ന് കഥാകൃത്ത് ഇതിനെ വിശേഷിപ്പിക്കുന്നു. ടി. പത്മനാഭന്റെ കഥകൾ അവതാരികയില്ലാതെയാണ് സാധാരണ പ്രസിദ്ധീകരിക്കാറെങ്കിലും, ഈ നിരൂപണത്തെ തുടർന്നിറങ്ങിയ ഗൗരിയുടെ പതിപ്പുകളിലെല്ലാം അതു ചേർത്തിരുന്നു.[2]

സമാഹാരം[തിരുത്തുക]

ഈ കഥ ഉൾപ്പെടെയുള്ള പത്മനാഭന്റെ 12 കഥകൾ ചേർന്ന സമാഹാരത്തിനും 'ഗൗരി' എന്നു തന്നെയാണു പേര്. മലയാളത്തിൽ കഥയ്ക്കുള്ള ആദ്യത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡു നേടിയത് ഈ കൃതിയാണ്.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 കെ.പി. അപ്പൻ, "പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ" 1997 ഡിസംബർ 21-ന് കലാകൗമുദി വാരിക പ്രസിദ്ധീകരിച്ച ലേഖനം.
  2. 2.0 2.1 ടി. പത്മനാഭൻ: "ഒരേയോരു അപ്പൻ" കെ.പി. അപ്പന്റെ ഫിക്‌ഷന്റെ അവതാരലീലകൾ എന്ന കൃതിയുടെ തുടക്കത്തിൽ ചേർത്തിരിക്കുന്ന ലേഖനം
  3. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ടി.പത്മനാഭന്റെ ഗൗരി, 1999-ലെ പതിപ്പ്
"https://ml.wikipedia.org/w/index.php?title=ഗൗരി_(ചെറുകഥ)&oldid=4022405" എന്ന താളിൽനിന്ന് ശേഖരിച്ചത്