ഗൃഹപ്രവേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുതുതായി വച്ച ഒരു ഗൃഹത്തിൽ കയറി താമസിക്കുന്ന ചടങ്ങാണ് ഗൃഹപ്രവേശം എന്നറിയപ്പെടുന്നത്. ഈ ചടങ്ങ് പുരവാസ്തുബലി, പാലുകാച്ചൽ, കുറ്റൂശ (കുറ്റിയിട്ടുപൂജ) എന്നും വിളിച്ചു പോരുന്നു. ഗ്രഹപ്രവേശന ചടങ്ങിനു കേരളത്തിൽ ചില പ്രദേശങ്ങളിൽ പറഞ്ഞുവരുന്ന പേരാണ്‌ . കുറ്റിയിട്ടുപൂജ അഥവാ കുറ്റൂശയ്ക്ക് പുരവാസ്തു ബലി എന്നും പറയാറുണ്ട്.

വീടിൻറെ അധിഷ്ഠാനദേവത വാസ്തുദേവത അഥവാ വാസ്തുപുരുഷനാണെന്നാണ് സങ്കൽപം. ഒരു ഭൂമിയിൽ ഗൃഹം വെച്ച് താമസിക്കുമ്പോൾ ആ ഭൂമിയും വീടും നമുക്ക് വാസയോഗ്യമാക്കിത്തീർക്കാൻ ഭൂമിയിൽ വാസ്തുപുരുഷന്റെ ശരീരത്തിൽ ഇരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന ബ്രഹ്മാദിദേവന്മാരെ പ്രീതിപ്പെടുത്തി അനുജ്ഞ വാങ്ങുന്ന കർമ്മമാണ് പുരവാസ്തുബലി.

വാസ്തുപുരുഷൻ തല വടക്കുകിഴക്കും കാൽ തെക്കുപടിഞ്ഞാറുമായി ശയിക്കുന്നു എന്നാണ് വിശ്വാസം. വാസ്തുദേവതയെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന കർമ്മമാണ് കുറ്റിയിട്ടുപൂജ. വാസ്തുപുരുഷൻറെ ദേഹത്ത് അമ്പത്തിനാല് ദേവതകൾ വസിക്കുന്നു എന്നും പൂജനടത്തി പ്രസാദിപ്പിച്ചില്ലെങ്കിൽ ഉപദ്രവങ്ങൾ ഉണ്ടാവുമെന്നുമാണ് വിശ്വാസം. കുറ്റിയിട്ടുപൂജ ആശാരിമാർ നടത്തിക്കഴിഞ്ഞാൽ പുര താമസസജ്ജമാകുന്നു.

ചടങ്ങുകൾ[തിരുത്തുക]

ഗൃഹപ്രവേശദിവസം കാലത്ത് ഉദയത്തിനുമുമ്പ് ഗണപതിഹോമം നടത്തുന്നു. മുഹൂർത്തത്തിനുമുമ്പേതന്നെ ഗൃഹം ശുചിയാക്കി പടിക്കലും പ്രധാനഗൃഹത്തിന്റെ പ്രധാന ദ്വാരങ്ങളിലും തോരണങ്ങൾ കെട്ടി അലങ്കരിച്ച് കളഭം കലക്കി തളിക്കുന്നു. കടുക്, മലർ, വെള്ളപ്പൂക്കൾ ഇവ ധാരാളം വിതറി അഷ്ടഗന്ധം, ചന്ദനത്തിരി മുതലായ സുഗന്ധദ്രവ്യങ്ങളെക്കൊണ്ട് പുകയ്ക്കുകയുമാവാം. മുഹൂർത്തസമയമായാൽ ഗൃഹനായിക നിലവിളക്ക് ഭദ്രദീപമായി കൊളുത്തി മുമ്പിൽ നടക്കണം. പിറകിലായി കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും കൂടി ഭവനത്തെ പ്രദക്ഷിണം വെക്കണം. തുളസിത്തറയേയും പ്രദക്ഷിണം വെച്ച് കിഴക്കോട്ടോ, പടിഞ്ഞാട്ടോ ദർശനമായി വലതുകാൽ വെച്ചായിരിക്കണം പുരുഷന്മാർ) ഗൃഹത്തിലേക്ക് പ്രവേശിക്കേണ്ടത്. ഗൃഹനാഥ ഇടതുകാലും ഗൃഹനാഥൻ വലതുകാലും വെച്ചുവേണം പുതുഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കുവാനാണ് ശാസേ്ത്രാപദേശം. നേരത്തെ ഗണപതിഹോമം കഴിച്ച ഹോമകുണ്ഡത്തിലെ തീയെടുത്ത് അടുപ്പിലിട്ട് പാൽകാച്ചണം. തിളപ്പിച്ചുവാങ്ങിയ പാൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും കൊടുത്ത് എല്ലാവരും കഴിക്കുക. വിറകടുപ്പ് ഇല്ലാത്തപക്ഷം ഹോമകുണ്ഡത്തിൽ തന്നെ പാൽ തിളപ്പിക്കാവുന്നതാണ്. തുടർന്ന് ക്ഷേത്രത്തിൽനിന്നു കൊണ്ടുവന്നതും ശേഖരിച്ചതുമായ ദേവന് നിവേദിച്ച പായസാദികൾ എല്ലാവർക്കും കൊടുക്കാവുന്നതാണ്.

പാലുകാച്ചൽ[തിരുത്തുക]

പാൽ കാച്ചിയശേഷം ഈശ്വരനെ പ്രാർത്ഥിച്ചുകൊണ്ട്‌ അത് താഴെയിറക്കിവയ്ക്കുക. അതിനുശേഷം മൂന്നു ചെറിയസ്പൂൺ പാൽ മൂന്നുതവണയായി അടുപ്പിലോഴിച്ച് അഗ്നിദേവന് സമർപ്പിക്കുക. തികഞ്ഞ പ്രാത്ഥനയോടുകൂടി സ്ത്രീയും പുരുഷനും ചേർന്നുവേണം പാൽപ്പാത്രം അടുപ്പിൽ വെയ്ക്കാനും പിന്നീട് ഇറക്കിവെയ്ക്കാനും.

വിവിധ പേരുകൾ[തിരുത്തുക]

  • കുടീരിക്കൽ
  • പെരേക്കൂടൽ
  • കുറ്റൂസ (കുറ്റൂശ)
  • ഗൃഹപ്രവേശം
  • വീട്ടിൽകൂടൽ
"https://ml.wikipedia.org/w/index.php?title=ഗൃഹപ്രവേശം&oldid=2599936" എന്ന താളിൽനിന്ന് ശേഖരിച്ചത്