ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2002-ലെ ഗുജറാത്ത് കലാപസമയത്ത് അഹമ്മദാബാദിലെ ചമൻപുരയിലെ മുസ്ലീങ്ങൾ താമസിക്കുന്ന ഒരു പ്രദേശമായ ഗു‌ൽബർഗ് സൊസൈറ്റിയിൽ ഹിന്ദുക്കളുടെ ഒരു കൂട്ടം നടത്തിയ ആക്രമണമാണ് ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല എന്നറിയപ്പെടുന്നത്. 2002 ഫെബ്രുവരി 28-നാണ് ഇത് നടന്നത്. ഇവിടെയുണ്ടായിരുന്ന മിക്ക വീടുകളും കത്തിക്കപ്പെടുകയും ഒരു മുൻ കോൺഗ്രസ്സ് എം.പി.ആയ എഹ്സാൻ ജാഫ്രി ഉൾപ്പെടെ 35 പേരെയെങ്കിലും ചുട്ടുകൊല്ലുകയും ചെയ്തു. 31 പേർ ഈ സംഭവത്തിനുശേഷം കാണാതാവുകയുമുണ്ടായി. ഇവർ മരിച്ചുപോയിട്ടുണ്ടാകും എന്ന നിഗമനത്തിൽ പിന്നീട് എത്തിച്ചേരുകയുണ്ടായി. ഇതോടെ മരണസംഖ്യ 69 ആയി.[1][2][3][4][5]

ദേശീയ മനുഷ്യാവകാശ കമ്മീഷനും സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയും ഫയൽ ചെയ്ത പെറ്റീഷൻ അടിസ്ഥാനമാക്കി ഇന്ത്യയുടെ സുപ്രീം കോടതി ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പ്രധാന കേസുകളിൽ വിചാരണ സ്റ്റേ ചെയ്യുകയുണ്ടായി. സി.ബി.ഐ. അന്വേഷണവും കേസുകളുടെ വിചാരണ ഗുജറാത്തിനു പുറത്തേയ്ക്ക് മാറ്റുക എന്ന ആവശ്യവുമാണ് ഇവർ മുന്നോട്ടുവച്ചത്. 2008 മാർച്ച് 26-ന് സുപ്രീം കോടതി ബെഞ്ച്[6] ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ.യുടെ മുൻ മേധാവിയായ ആർ.കെ. രാഘവന്റെ നേതൃത്വത്തിൽ ഒരു പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിക്കുവാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദ്ദേശം നൽകുകയുണ്ടായി. 2009 ഫെബ്രുവരിയിൽ സംഭവം നടന്ന് ഏഴുവർഷങ്ങൾക്കുശേഷം ഒൻപത് കലാപക്കേസുകൾ പുനരന്വേഷണം നട‌ത്തുവാൻ ഈ സംഘം തീരുമാനമെടുത്തു. ആ സമയത്ത് ഗുജറാത്ത് പോലീസിൽ ഡി.വൈ.എസ്.പി. ആയിരുന്ന എർഡയെ കൃത്യവിലോ‌പവും തെളിവുനശിപ്പിക്കലും നടത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തിനു സംരക്ഷണം നൽകേണ്ടിയിരുന്ന പോലീസുദ്യോഗസ്ഥനായ എർഡ കലാപകാരികൾക്ക് കൊലപാതകം നട‌ത്താൻ സഹായം ചെയ്തു എന്നു മാത്രമല്ല, അവരെ ശവശരീരങ്ങൾ കത്തിക്കുവാൻ സഹായിക്കുകയും ചെയ്തു എന്ന് രക്ഷപെട്ട ചിലർ ആരോപിക്കുകയുണ്ടായി.[7] 2010 മേയ് 14-ന് പ്രത്യേകാന്വേഷണസംഘം സുപ്രീം കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി.[2][8]

ഈ സൊസൈറ്റി പിന്നീട് ഉപേക്ഷിക്കപ്പെടുകയുണ്ടായി. കത്തിക്കപ്പെട്ട 18 വീടുകളിൽ ഒരെണ്ണം മാത്രമേ പിന്നീട് പുനർനിർമ്മിക്കപ്പെട്ടിരുന്നുള്ളൂ. ഇവിടെ താമസിച്ചിരുന്ന ഒരു കുടുംബം പോലും പിന്നീട് ഇങ്ങോട്ട് തിരിച്ചുവരുകയുണ്ടായില്ല. ഇവരിൽ ചിലർ ഈ സംഭവം നടന്നതിന്റെ വാർഷികത്തിൽ ഇവിടെ ഒത്തുകൂടി പ്രാർത്ഥിക്കാറുണ്ട്.[9]

പശ്ചാത്തലം[തിരുത്തുക]

പ്രധാന ലേഖനം: ഗോധ്ര സംഭവം

2002 ഫെബ്രുവരി 27 ലെ ഗോധ്ര സംഭവത്തെത്തുടർന്ന് ഒരു കൂട്ടം കലാപങ്ങൾ ഗുജറാത്തിൽ അരങ്ങേറുകയുണ്ടായി. അയോധ്യയിൽ നിന്നും മടങ്ങുകയായിരുന്ന ഹിന്ദു തീർത്ഥാടകർ അടങ്ങിയ സബർമതി എക്സ്പ്രസ്സ് ഗോധ്ര സ്റ്റേഷനിൽ നിറുത്തിയിട്ടപ്പോൾ ഒരു കൂട്ടം മുസ്ലീമുകൾ ട്രെയിൻ ആക്രമിക്കുകയും അതിനു തീവെക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 58 ഓളം തീർത്ഥാടകർ ഈ സംഭവത്തിൽ മരണമടയുകയുണ്ടായി.[൨] വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവർത്തകരും, കർസേവകരുമായിരുന്നു മരണപ്പെട്ടവരെല്ലാവരും.[10][11] ഗോധ്ര സംഭവത്തെത്തുടർന്ന് മുസ്ലിം അക്രമികൾ മൂന്നു ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊട്ടു പോയി എന്ന വ്യാജവാർത്ത അന്തരീക്ഷത്തെ വീണ്ടും സംഘർഷത്തിലാഴ്ത്തി. ഒരു തിരിച്ചടി പോലെ മുസ്ലിം സമുദായത്തിലുള്ളവർക്കെതിരേ അന്നു വൈകീട്ടോടെ ഒറ്റ തിരിഞ്ഞുള്ള ആക്രമണം തുടങ്ങി. ഗുൽബർഗ് സൊസൈറ്റി എന്ന ഒരു മുസ്ലിം ഹൗസിംഗ് കോളനി, ജനക്കൂട്ടം കല്ലെറിഞ്ഞു തകർത്തശേഷം, തീവെച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവായ ഇഹ്സാൻ ജെഫ്രി ഉൾപ്പെടെ 35പേർ വെന്തു മരിച്ചു. 31 പേരെ സംഭവത്തെത്തുടർന്ന് കാണാതാവുകയും, പിന്നീട് ഇവർ മരണപ്പെട്ടുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.[12][13] ഹിന്ദു പെൺകുട്ടികളെ അക്രമികൾ തട്ടിക്കൊണ്ടു പോയി എന്ന വ്യാജവാർത്തയായിരുന്നു തുടക്കത്തിൽ അക്രമം പടരാൻ കാരണമായി പറയപ്പെടുന്നത്. അടുത്ത ദിവസം ഗ്രാമീണമേഖലകളിലേക്കു അക്രമം പടരാൻ തുടങ്ങി. പഞ്ചമഹൽ, മെഹ്സാന, ഖേദ, ആനന്ദ്, നർമ്മദ തുടങ്ങിയ സ്ഥലങ്ങളിലും അക്രമം വ്യാപിച്ചു.

കൂട്ടക്കൊല[തിരുത്തുക]

2002 ഫെബ്രുവരി 28 ന്, ചമൻപുരയിലെ ഗുൽബർഗ് സൊസൈറ്റിക്കു മുന്നിൽ ഒരു കൂട്ടം ആളുകൾ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് തടിച്ചു കൂടി. ഹിന്ദു സമുദായത്തിലുള്ളവർ കൂടുതൽ താമസിക്കുന്ന പ്രദേശമാണ് ചമൻപുര. 29 ബംഗ്ലാവുകളും, 10 ചെറിയ കെട്ടിടങ്ങളുമടങ്ങിയതായിരുന്നു ഗുൽബർഗ് സൊസൈറ്റി. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ജീവിതം നയിച്ചിരുന്ന മുസ്ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു സൊസൈറ്റിയിലെ താമസക്കാർ. ക്ഷുഭിതരായ ജനക്കൂട്ടത്തെക്കണ്ട് ഭയന്ന സൊസൈറ്റിയിലെ താമസക്കാർ മുൻ കോൺഗ്രസ്സ് എം.പി.യും സൊസൈറ്റിയിലെ താമസക്കാരനുമായ എഹ്സാൻ ജാഫ്രിയുടെ വീട്ടിൽ അഭയം തേടിയിരുന്നു. ജാഫ്രി നിരവധി തവണ പോലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും, ഫലം കണ്ടില്ല. ഉച്ച തിരിഞ്ഞതോടെ തടിച്ചു കൂടിയ ജനക്കൂട്ടം, അക്രമാസക്തമാവുകയും, സൊസൈറ്റിയുടെ മതിലുകൾ തകർത്ത് വീടുകൾക്ക് തീവെക്കുകയും, താമസക്കാരെ ആക്രമിക്കുകയും ചെയ്യാൻ തുടങ്ങി. ആക്രമണത്തിൽ 69ഓളം ആളുകൾ കൊല്ലപ്പെട്ടു, നൂറുകണക്കിനാളുകൾക്ക് പരുക്കേറ്റു. ഇഹ്സാൻ ജാഫ്രിയെ അക്രമികൾ ജീവനോടെ ചുട്ടു കൊന്നു.[14][15]

അനന്തരഫലങ്ങൾ[തിരുത്തുക]

26 മാർച്ച് 2008 ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട 10 കേസുകൾ പുനരന്വേഷിക്കാൻ സുപ്രീം കോടതി മോദി സർക്കാരിനോടാവശ്യപ്പെട്ടു. ഗോധ്ര സംഭവം, നരോദ പാടിയ കൂട്ടക്കൊല, ഗുൽബർഗ് കൂട്ടക്കൊല, ബെസ്റ്റ് ബേക്കറി കേസ്, സർദാർപൂർ കൂട്ടക്കൊല, തുടങ്ങിയ കേസുകൾ പുനരന്വേഷിക്കാൻ പറഞ്ഞവയിൽ പെടുന്നു.[16] കൊല്ലപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകനും, മുൻ പാർലിമെന്റംഗവുമായ ഇഹ്സാൻ ജഫ്രിയുടെ വിധവ സാക്കിയ ജാഫ്രിയുടെ ഹർജിയിന്മേലാണ് കോടതി ഇങ്ങനെയൊരു ഉത്തരവിറക്കിയത്. കലാപം അമർച്ചചെയ്യാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ മോദിയോ, മറ്റു മന്ത്രിമാരോ, ഉദ്യോഗസ്ഥരോ യാതൊരു നടപടിയും എടുത്തില്ല എന്ന് പരാതിയിൽ പറഞ്ഞിരുന്നു. കലാപം തടയാൻ യാതൊരു നടപടിയും എടുത്തില്ല എന്നതിനു പുറമേ, കലാപകാരികളെ സഹായിക്കുക കൂടി ചെയ്തിരുന്നു എന്നും സാക്കിയ പരാതിയിൽ ആരോപിക്കുന്നു.[17] പരാതിയുമായി സാക്കിയ ആദ്യം സമീപിച്ചത് ഗുജറാത്ത് ഹൈക്കോടതിയേയായിരുന്നുവെങ്കിലും, അവരുടെ പരാതി സ്വീകരിക്കാൻ കോടതി വിസമ്മതിക്കുകയും പ്രത്യേക കോടതിക്കു മുന്നിൽ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 27 ഏപ്രിൽ 2009 ന് ഇതേ പരാതിയുമായി സാക്കിയ സുപ്രീം കോടതിയെ സമീപിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചുകൊണ്ട് ഉത്തരവായി. സാക്കിയ ജാഫ്രിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണത്തെക്കുറിച്ചന്വേഷിക്കാനും, ഗുജറാത്ത് കലാപം നടന്ന സമയത്ത് സംസ്ഥാനം നിഷ്ക്രിയമായിരുന്നുവോ എന്നന്വേഷിക്കാനും സുപ്രീം കോടതി പ്രത്യേകാന്വേഷണ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.[18]

ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ പങ്കെടുത്തതിന്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവായ മേഘ്സിങ് ചൗധരിയെ പ്രത്യേകന്വേഷണ കമ്മീഷൻ അറസ്റ്റു ചെയ്യുകയുണ്ടായി.[19] അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ കൂടെചേർന്ന് മുസ്ലിം സമുദായത്തിൽപ്പെട്ടവരെ കൊല്ലുവാൻ മേഘ്സിങും ഉണ്ടായിരുന്നുവെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.[20] 2010 മാർച്ചിൽ പ്രത്യേകാന്വേഷണ കമ്മീഷൻ നരേന്ദ്ര മോദിയോട് അവരുടെ മുമ്പിൽ ഹാജരാകുവാൻ ആവശ്യപ്പെട്ടിരുന്നു. സാക്കിയ ജാഫ്രിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് നേരിട്ടന്വേഷിക്കാനാണ് മോദിയോട് കമ്മീഷന്റെ മുന്നിൽ ഹാജരാവുകാൻ ആവശ്യപ്പെട്ടത്. 27 മാർച്ച് 2010 ന് മോദി കമ്മീഷന്റെ മുന്നിൽ ഹാജരായി.[21][22] കലാപം നടന്ന സമയത്ത്, മോദിയുടെ പോലീസും, മന്ത്രിമാരും മനപൂർവ്വം നിഷ്ക്രിയരായിരുന്നു എന്ന് അക്കാലത്ത് ഗുജറാത്ത് ഇന്റലിജൻസ് വകുപ്പ് മേധാവിയായിരുന്ന ആർ.ബി.ശ്രീകുമാർ പ്രത്യേകാന്വേഷണ കമ്മീഷനു മൊഴി നൽകിയിരുന്നു.[23] രൂപാ മോദി, ഇംതിയാസ് പഥാൻ എന്നീ ദൃക്സാക്ഷികളും മോദിക്കെതിരേ വിചാരണക്കോടതിയിൽ തെളിവു കൊടുത്തിരുന്നു. ഗുൽബർഗ് കൂട്ടക്കൊല സമയത്ത്, ജനക്കൂട്ടം അക്രമാസക്തമായപ്പോൾ ജഫ്രി സഹായത്തിനായി മോദിയെ വിളിച്ചിരുന്നുവെന്നും, പോലീസിനെ സഹായത്തിനായി വിളിച്ചപ്പോൾ അവർ അത് നിരസിച്ചുവെന്നും ഇംതിയാസ് വിചാരണക്കോടതിക്കു മുമ്പാകെ തെളിവു നൽകിയിരുന്നു. ഗുൽബർഗ് കൂട്ടക്കൊലയിൽ തന്റെ കുടുംബത്തിലെ 6 പേരെ നഷ്ടപ്പെട്ടയാളായിരുന്നു ഇംതിയാസ് പഥാൻ. കേസിൽ അറസ്റ്റു ചെയ്ത 100 പേരിൽ 20 പേരെ ഇംതിയാസ് തിരിച്ചറിഞ്ഞിരുന്നു.[24] കോടതിയിൽ തെളിവു നൽകാനെത്തിയിരുന്ന ദൃക്സാക്ഷികൾ എല്ലാവരും തന്നെ, കലാപ സമയത്ത് ജോലിയിലുണ്ടായിരുന്ന എല്ലാ പോലീസുദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് ആരോപിക്കുകയുണ്ടായി.[25]

കുറ്റാരോപിതർക്കെതിരേ പ്രത്യേക കോടതിയിലെ ന്യായാധിപനും, പ്രത്യേകാന്വേഷണ കമ്മീഷനും മൃദുസമീപനം സ്വീകരിക്കുന്നു എന്നാരോപിച്ച് പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന ആർ.കെ.ഷാ രാജിവെച്ചിരുന്നു, ഇതോടെ വിചാരണ സുപ്രീം കോടതി തൽക്കാലത്തേക്ക് തടഞ്ഞു.[26] പ്രത്യേകാന്വേഷണ കമ്മീഷൻ സാക്ഷികളോട്, നിർദ്ദയമായി പെരുമാറുകയും, അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഷാ ആരോപിച്ചിരുന്നു. കൂടാതെ, നിയമപരമായി കമ്മീഷൻ തെളിവുകൾ പ്രോസിക്യൂഷന് പരിശോധിക്കാനായി കൈമാറേണ്ടിയിരുന്നുവെങ്കിലും അവർ അതിനു തയ്യാറായിരുന്നില്ല.[27] 2010 ഏപ്രിൽ 20 ന് സാമൂഹിക പ്രവർത്തകയും, പത്രപ്രവർത്തകയുമായ ടീസ്റ്റ കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അഹമ്മദാബാദ് പോലീസ് കമ്മീഷണറായിരുന്ന പി.സി.പാണ്ഡേയും, ജോയിന്റ് കമ്മീഷണറായിരുന്ന എം.കെ.ടാണ്ടനും തമ്മിലുള്ള ടെലിഫോൺ വിളികളുടെ രേഖകൾ ഇതിലുണ്ടായിരുന്നു. ഇതിൻ പ്രകാരം, കലാപം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന ടാണ്ടനുമായി പാണ്ഡേ ആറു പ്രാവശ്യം ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നു കാണുന്നു. കലാപത്തെ അടിച്ചമർത്താനുള്ള എല്ലാ സന്നാഹങ്ങളും, ടാണ്ടനുണ്ടായിരുന്നുവെങ്കിലും, അവയൊന്നും ഫലപ്രദമായി ഉപയോഗിക്കാതെ ടാണ്ടൻ പ്രദേശം വിട്ടുപോവുകയായിരുന്നു, ടാണ്ടന്റെ അസാന്നിദ്ധ്യമാണ് ഗുൽബർഗ് കൂട്ടക്കൊലയിലേക്കു നയിച്ചതെന്നും ഈ സത്യവാങ്മൂലത്തിൽ പറയുന്നു.[28]

വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവായ പ്രവീൺ തൊഗാഡിയയെ ചോദ്യം ചെയ്യേണ്ടതുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്ന് പ്രത്യേകാന്വേഷണ കമ്മീഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 14 മേയ് 2010 ന് കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് മുദ്ര വെച്ച കവറിൽ സുപ്രീംകോടതിക്കു സമർപ്പിച്ചു. ജാഫ്രി, ജനക്കൂട്ടത്തെ പ്രകോപിതരാക്കിയതുകൊണ്ടാണ് ജനക്കൂട്ടം പ്രതികരിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതു കൂടാതെ, ജാഫ്രി ജനക്കൂട്ടത്തിനു നേരെ വെടിവെക്കുകയും ചെയ്തു, ഇത് ജനക്കൂട്ടത്തെ അക്രമാസക്തരാക്കുകയും അവർ സൊസൈറ്റിക്ക് തീവെക്കുകയും ചെയ്തുവെന്നാണ് പ്രത്യേകാന്വേഷണ കമ്മീഷൻ കണ്ടെത്തിയത്.[29][30][31]

കെ.ജി. എർഡ[തിരുത്തുക]

ഗുജറാത്ത് കലാപത്തിന്റെ പേരിൽ വിവാദനായകനായ പൊലീസ് ഉദ്യോഗസ്ഥനാണ് കെ.ജി എർഡ. ഇദ്ദേഹത്തെ 2002ലെ കലാപസമയത്ത് കൃത്യവിലോപം കാണിച്ചു എന്ന കുറ്റത്തിൽ സുപ്രീം കോടതി നിയോഗിച്ച സംഘം അറസ്റ്റ് ചെയ്തിരുന്നു.[32] തന്റെ 36 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ മികച്ച സേവനത്തിന് 550 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് എർഡ കോടതിയിൽ വാദിക്കുകയുണ്ടായി.[33] ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല നടന്ന ദിവസം ഡി.വൈ.എസ്.പി. ആയിരുന്ന എർഡയും പോലീസ് സംഘവും മുൻ ഗേറ്റിനു കാവൽ നിൽക്കുമ്പോൾ കലാപകാരികൾ പിന്നിലെ മതിൽ തകർത്ത് അകത്തുകടക്കുകയായിരുന്നുവെന്ന് കോടതിയിൽ മൊഴി നൽകപ്പെടുകയുണ്ടായി.[34][35]

നരേന്ദ്ര മോദിക്കെതിരേയുള്ള ആരോപണങ്ങൾ[തിരുത്തുക]

ഏപ്രിൽ 2012 ന് ഇഹ്സാൻ ജാഫ്രി കൊലപാതക്കേസിൽ നരേന്ദ്ര മോദിക്കെതിരേ യാതൊരു തെളിവുകളുമില്ലെന്ന് പ്രത്യേകാന്വേഷണ കമ്മീഷൻ കണ്ടെത്തി.[36] പ്രത്യേകാന്വേഷണ കമ്മീഷന്റെ ഈ കണ്ടെത്തലിനെതിരേ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി ഒരു പരാതി സുപ്രീം കോടതിക്കു സമർപ്പിച്ചിരുന്നു.[37][38] സാക്കിയയുടെ പരാതിക്കെതിരേ പ്രത്യേകാന്വേഷണ കമ്മീഷൻ രംഗത്തെത്തി, സാക്കിയയുടെ പരാതിയിൽ യാതൊരു കഴമ്പുമില്ലെന്നും, ആളുകളെ കൂട്ടക്കൊല ചെയ്യാൻ നരേന്ദ്ര മോദി ഒരിടത്തു പറഞ്ഞിട്ടില്ലെന്നും കമ്മീഷൻ വാദിച്ചു.[39] മോദിയുടെ അറിവില്ലാതെ ഗുജറാത്ത് കലാപം നടക്കുമായിരുന്നില്ലെന്ന്, സുപ്രീം കോടതി മുൻ ന്യായാധിപൻ വി.എൻ.ഖാരെ പറഞ്ഞിരുന്നു. താനായിരുന്നെങ്കിൽ നരേന്ദ്ര മോദിക്കെതിരെ പ്രഥമവിവര റിപ്പോർട്ടനുസരിച്ച് കേസെടുക്കുമായിരുന്നുവെന്നും ഖാരെ ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.[40] ന്യായാധിപന്റെ കസേരയിലിരിക്കാത്തിടത്തോളം ഖാരേയുടെ പ്രസ്താവന തികച്ചും വ്യക്തിപരമായി മാത്രമേ കാണേണ്ടതുള്ളു എന്നാണ് ഇതിനെക്കുറിച്ച് മോദി പ്രതികരിച്ചത്.[41] 2013 ഡിസംബറിൽ അഹമ്മദാബാദ് മെട്രോപൊലിറ്റൻ കോടതി സാക്കിയയുടെ പരാതി തള്ളി.[42] മെട്രോപൊലിറ്റൻ കോടതിയുടെ വിധിക്കെതിരേ സാക്കിയ ഒരു പരാതി ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.[43][44] ഇതിനിടെ, ഗുജറാത്ത് കലാപത്തെക്കുറിച്ച് പ്രത്യേകാന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ തൃപ്തികരമാണെന്നും, കലാപത്തെക്കുറിച്ച് ഇനിയും അന്വേഷിക്കാൻ മറ്റൊരു അന്വേഷണകമ്മീഷനെ നിയോഗിക്കുകയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി.[45][46]

തെഹൽക ഒളിക്യാമറ[തിരുത്തുക]

കോൺഗ്രസ്സ് എംപി എഹ്സാൻ ജാഫ്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെഹൽക നടത്തിയ രഹസ്യ ക്യാമറ ഓപറേഷനിൽ കെ.ജി എർഡയുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു. ഗുജറാത്ത് വംശഹത്യയിൽ പൊലീസ് ഇടപെടുന്നതിന് മുൻപ് മൂന്ന് നാലു മണിക്കൂർ നിങ്ങൾക്ക് സമയം ഉണ്ടെന്ന് എർഡ കലാപകാരികളോട് പറഞ്ഞുവെന്ന് ആർ.എസ്.എസ്. പ്രവർത്തകർ തെഹൽക നടത്തിയ രഹസ്യക്യാമറ ഓപ്പറേഷനിൽ വെളിപ്പെടുത്തിയിരുന്നു.[47][48]

വിധി[തിരുത്തുക]

ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ കുറ്റാരോപിതരായ 24 പേർ കുറ്റക്കാരെന്നു അഹമ്മദാബാദിലെ പ്രത്യേക വിചാരണ കോടതി കണ്ടെത്തി.[49]ബി.ജെ.പി നേതാവ് വിപിൻ പട്ടേലടക്കം 36 പേരെ കോടതി വെറുതേ വിട്ടു. മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് ന്യൂനപക്ഷങ്ങളെ കൊലചെയ്തതെന്ന് ഇരകളുടെ അഭിഭാഷകൻ വാദിച്ചു. അക്രമത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ്സ് നേതാവ് ഇഹ്സാൻ ജാഫ്രി ജനക്കൂട്ടത്തിനു നേരെ നിരവധി തവണ വെടിവെച്ചതുകൊണ്ടാണ് ജനക്കൂട്ടം അക്രമാസക്തരായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദമുഖം. എന്നാൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു കോടതി നിരീക്ഷിക്കുകയുണ്ടായി.[50] ആറു വർഷം നീണ്ട വിചാരണയിൽ 338 സാക്ഷികളെ വിസ്തരിക്കുകയുണ്ടായി.[51]

ശിക്ഷ[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "ഇയർ ലേറ്റർ, ഗുൽബർഗ് ഈസ് സ്റ്റിൽ എ ഗോസ്റ്റ് ടൗൺ". ഇന്ത്യൻ എക്സ്പ്രസ്സ്. മാർച്ച് 1, 2003.
 2. 2.0 2.1 "അപ്പെക്സ് കോർട്ട് സിറ്റ് സബ്മിറ്റ്സ് റിപ്പോർട്ട് ഓൺ ഗുൽബർഗ് സൊസൈറ്റി മസ്സാക്കർ". ദ ഹിന്ദുസ്ഥാൻ ടൈംസ്. 2010-05-14. ശേഖരിച്ചത് 2014-05-30.
 3. ഷെൽട്ടൺ, പുറം 502
 4. "ദ ഗുൽബർഗ് സൊസൈറ്റി മസ്സാക്കർ: വാട്ട് ഹാപ്പൻഡ്". എൻ.ഡി.ടി.വി. മാർച്ച് 11, 2010.
 5. "സേഫ് ഹൗസ് ഓഫ് ഹൊറേഴ്സ്". തെഹൽക്ക.കോം. 2007-11-03.
 6. ജെ., വെങ്കിടേശൻ (27 മാർച്ച് 2008). "നോട്ടിഫൈ സിറ്റ് ഇൻ 10 ഡേയ്സ്, കോർട്ട്". ദ ഹിന്ദു. ശേഖരിച്ചത് 30 മേയ് 2014.
 7. "എർഡ, എക്സ് ഡെപ്യൂട്ടി. എസ്.പി. അറസ്റ്റഡ് ഫോർ റോൾ ഇൻ റയട്ട്സ്". സി.എൻ.എൻ.-ഐ.ബി.എൻ. 10 ഫെബ്രുവരി 2009. ശേഖരിച്ചത് 30 മേയ് 2014.
 8. "ഗുജറാത്ത് റയട്ട്സ്: സിറ്റ് സബ്മിറ്റ് റിപ്പോർട്ട് ടു സുപ്രീം കോർട്ട്". ദ ഇന്ത്യൻ എക്സ്പ്രസ്സ്. മേയ് 15, 2010. ശേഖരിച്ചത് 30 മേയ് 2014.
 9. "ഗുൽബർഗ് സൊസൈറ്റി ബിയോണ്ട് റെക്കഗനിഷൻ സെവൻ ഇയേഴ്സ് ആഫ്ടർ ദ കാർനേജ്". ഇന്ത്യൻ എക്സ്പ്രസ്സ്. 2009-02-28. ശേഖരിച്ചത് 2014-05-30.
 10. "ഇന്ത്യാ ഗോധ്ര ട്രെയിൻ ബ്ലേസ് വെർഡിക്ട്, 31 കൺവിക്ടഡ്". ബി.ബി.സി. 22 ഫെബ്രുവരി 2011. ശേഖരിച്ചത് 25 മേയ് 2014.
 11. "ഡെത്ത് ഫോർ 11, ലൈഫ് സെന്റൻസ് ഫോർ 20 ഇൻ ഗോധ്ര ട്രെയിൻ ബേണിംഗ് കേസ്". ടൈംസ് ഓഫ് ഇന്ത്യ. 01 മാർച്ച് 2011. ശേഖരിച്ചത് 25 മേയ് 2014. Check date values in: |date= (help)
 12. "അപെക്സ് കോർട്ട് എസ്.ഐ.ടി സബ്മിറ്റ് റിപ്പോർട്ട് ഓൺ ഗുൽബർഗ് സൊസൈറ്റി മസ്സാക്കർ". 14 മേയ് 2010. ശേഖരിച്ചത് 24 മേയ് 2014.
 13. "ഗുൽബർഗ് സൊസൈറ്റി മസ്സാക്കർ, വാട്ട് ഹാപ്പൻഡ്". എൻ.ഡി.ടി.വി. 11 മാർച്ച് 2011. ശേഖരിച്ചത് 25 മേയ് 2014.
 14. "ഗുജറാത്ത് റയട്ട്സ്, മോദി സമ്മൺഡ് ബൈ ദ സുപ്രീം കോർട്ട് പാനൽ". എൻ.ഡി.ടി.വി. 12 മാർച്ച് 2010. ശേഖരിച്ചത് 30 മേയ് 2014.
 15. "റേ ഓഫ് ലൈറ്റ് ഇൻ ഗുൽബർഗ് ഗ്ലൂം". ഹിന്ദുസ്ഥാൻ ടൈംസ്. 28 ഏപ്രിൽ 2009. ശേഖരിച്ചത് 30 മേയ് 2014.
 16. അശോക്, ബാഗ്രിയ (28 മാർച്ച് 2008). "സുപ്രീംകോടി, ഓർഡേഴ്സ് ഗോധ്ര റയട്ട് റീഇൻവെസ്റ്റഗേഷൻ". സി.എൻ.എൻ-ഐ.ബി.എൻ. ശേഖരിച്ചത് 30 മേയ് 2014.
 17. "ടൈംലൈൻ ഓഫ് സാക്കിയ ജാഫ്രി കേസ് എഗെയിൻസ്റ്റ് മോദി". എൻ.ഡി.ടി.വി. 2011-09-12. ശേഖരിച്ചത് 2014-05-30.
 18. "സ്കാൻ മോദി, സുപ്രീം കോർട്ട് ടു എസ്.ഐ.ടി". ഇക്കണോമിക്സ് ടൈംസ്. 28 ഏപ്രിൽ 2009. ശേഖരിച്ചത് 30 മേയ് 2014.
 19. മധു പൂർണ്ണിമ, കിശ്വാർ (26 മാർച്ച് 2009). "സെക്യൂലാരിസ്റ്റ്സ് ആർ നോട്ട് സെയിന്റ്സ്". ടൈംസ് ഓഫ് ഇന്ത്യ. ശേഖരിച്ചത് 30 മേയ് 2014.
 20. ഐഷ, ഖാൻ (22 ഫെബ്രുവരി 2009). "ഇൻ കസ്റ്റഡി ഫോർ മെന്റേഴ്സ് മർ‍ഡർ". ദ ഇന്ത്യൻ എക്സ്പ്രസ്സ്. ശേഖരിച്ചത് 30 മേയ് 2014. Unknown parameter |coauthors= ignored (|author= suggested) (help)
 21. "മോദി അപ്പിയേഴ്സ് ബിഫോർ സിറ്റ്". ദ ഇക്കണോമിക്സ് ടൈംസ്. 25 മാർച്ച് 2010. ശേഖരിച്ചത് 30 മേയ് 2014.
 22. "മോദി അപ്പിയേഴ്സ് ബിഫോർ സിറ്റ്, സേയ്സ് ഇറ്റ് ഈസ് എ ഫിറ്റിംഗ് റിപ്ലൈ ടു ക്രിട്ടിക്സ്". ദ ഹിന്ദു. 28 മാർച്ച് 2010. ശേഖരിച്ചത് 30 മേയ് 2014.
 23. "ഗുൽബർഗ് സൊസൈറ്റി മസ്സാക്കർ, എ റെഡി റെക്കണർ". സി.എൻ.എൻ.-ഐ.ബി.എൻ. 2011-09-12. ശേഖരിച്ചത് 2014-05-30.
 24. രോഹിത്, ഭാൻ (05 നവംബർ 2009). "ഗുജറാത്ത് റയട്ട്സ് ട്രയൽ വിറ്റ്നസ്സ് ബ്ലെയിംസ് മോദി". എൻ.ഡി.ടി.വി. ശേഖരിച്ചത് 30 മേയ് 2014. Check date values in: |date= (help)
 25. "ഗുൽബർഗ് സൊസൈറ്റി മസ്സാക്കർ വിറ്റ്നസ്സ് വാണ്ട് ടാണ്ടൻ ആന്റ് 7 അതേഴ്സ് അസ് അക്യൂസ്ഡ്". ടൈംസ് ഓഫ് ഇന്ത്യ. 24 ഡിസംബർ 2009. ശേഖരിച്ചത് 30 മേയ് 2014.
 26. "പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സ് ഓഫ് ഗുൽബർഗ് റയട്ട് കേസ് റിസൈൻസ്". ഔട്ട്ലുക്ക് ഇന്ത്യ. 02 മാർച്ച് 2010. ശേഖരിച്ചത് 30 മേയ് 2014. Check date values in: |date= (help)
 27. സാബ, നഖ്വി (29 മാർച്ച് 2010). "നീറോ ഔവർ". ഔട്ട്ലുക്ക് ഇന്ത്യ. ശേഖരിച്ചത് 30 മേയ് 2014.
 28. മനോജ്, മിത്ത (25 ഏപ്രിൽ 2010). "പോസ്റ്റ് ഗോധ്ര റയട്ട്സ്, ടീസ്റ്റ ഡിഗ്സ് അപ് കോൾ റെക്കോഡ്സ്". ടൈംസ് ഓഫ് ഇന്ത്യ. ശേഖരിച്ചത് 30 മേയ് 2014.
 29. "ഗുജറാത്ത് റിപ്പോർട്ട് സേയ്സ്, ജാഫ്രി പ്രൊവോക്ക്ഡ് ദ മർ‍ഡേഴ്സ്". ബി.ബി.സി. 11 മേയ് 2011. ശേഖരിച്ചത് 30 മേയ് 2014.
 30. വിദ്യാ, സുബ്രഹ്മണ്യം (12 മേയ് 2012). "എസ്.ഐ.ടി. സേയ്സ്, ഇഹ്സാൻ ജാഫ്രി പ്രൊവോക്ക്ഡ് ദ മർഡറേഴ്സ്". ദ ഹിന്ദു. ശേഖരിച്ചത് 30 മേയ് 2014.
 31. "ജാഫ്രി പ്രൊവോക്ക്ഡ് ഗുൽബർഗ് മോബ്. എസ്.ഐ.ടി സേയ്സ്". ടൈംസ് ഓഫ് ഇന്ത്യ. 12 മേയ് 2012. ശേഖരിച്ചത് 30 മേയ് 2014.
 32. "ഗോധ്ര റയട്ട്സ്, ട്രയൽ ബിഗാൻ ഇൻ ഗുൽബർഗ് മസ്സാക്കർ കേസ്". റീഡിഫ്.കോം. മൂലതാളിൽ നിന്നും 2014 ജനുവരി 21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 21. Check date values in: |accessdate= and |archivedate= (help)
 33. "എർഡ ഗോസ് റ്റു ജെയിൽ, ഫയൽസ് ഫോർ ബെയിൽ". ടൈംസ് ഓഫ് ഇന്ത്യ. 14 ഫെബ്രുവരി 2009. ശേഖരിച്ചത് 30 മേയ് 2014.
 34. "സാക്കിയാസ് കംപ്ലെയിന്റ് എഗെയിൻസ്റ്റ് മോദി ഗവൺമെന്റ് ഈസ് ഇറ്റവലന്റ് - സിറ്റ്". റീഡിഫ്.കോം. 2013 മാർച്ച് 26. മൂലതാളിൽ നിന്നും 2014 ജനുവരി 21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 21. Check date values in: |accessdate=, |date=, and |archivedate= (help)
 35. "ഫ്രം സ്കൾസ് ടു സ്കൾ ക്യാപ്സ്, ഗുൽബർഗ് സൊസൈറ്റി, ഡീപൊസിഷൻ ഓഫ് കെ.ജി.എർഡ". ട്രൂത്ത് ഓഫ് ഗുജറാത്ത്. മൂലതാളിൽ നിന്നും 2013-11-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 21. Check date values in: |accessdate= (help)
 36. "നരേന്ദ്ര മോദി ഹാഡ് നോ ഹാൻഡ് ഇൻ ജാഫ്രി കില്ലിങ് സേയ് സിറ്റ്". ഹിന്ദുസ്ഥാൻ ടൈംസ്. 10 ഏപ്രിൽ 2012. ശേഖരിച്ചത് 31 മേയ് 2014.
 37. "സാക്കിയാ ജാഫ്രീസ് പ്ലീ എഗെയിൻസ്റ്റ് മോദി ടു ബീ ഹേഡ്". ഹിന്ദുസ്ഥാൻ ടൈംസ്. 24 ഏപ്രിൽ 2013. ശേഖരിച്ചത് 31 മേയ് 2014.
 38. "എസ്.സി സ്റ്റെപ്സ് ഇൻ, എച്ച്.സി.റിവോക്സ് ട്രാൻസ്ഫർ ഓഫ് മജിസ്ട്രേറ്റ് ഹിയറിംഗ് സാക്കിയ പ്ലീ". ഇന്ത്യൻ എക്സ്പ്രസ്സ്. 12 മേയ് 2013. ശേഖരിച്ചത് 31 മേയ് 2014.
 39. "മോദി ഡിഡ് നോട്ട് ഇൻസൈറ്റ് റയട്ട്സ്, സിറ്റ്". ഹിന്ദുസ്ഥാൻ ടൈംസ്. 25 ഏപ്രിൽ 2013. ശേഖരിച്ചത് 31 മേയ് 2014.
 40. സാദിഖ്, നഖ്വി (28 ഫെബ്രുവരി 2012). "ഐ വുഡ് ഹാവ് ലോഡ്ജ്ഡ് ആൻ എഫ്.ഐ.ആർ എഗെയിൻസ്റ്റ് മോദി ഓൺ ചാർജസ് ഓഫ് ജെനോസൈഡ് ആന്റ് മാൻസ്ലോട്ടർ". ഹാർ‍ഡ്ന്യൂസ്. ശേഖരിച്ചത് 31 മേയ് 2014.
 41. "ജസ്റ്റീസ് ഖാരേസ് റിമാർക്സ് ഇർക്ക് ഗുജറാത്ത് സി.എം". ടൈംസ്ഓഫ്ഇന്ത്യ. 03 മേയ് 2004. ശേഖരിച്ചത് 31 മേയ് 2014. Check date values in: |date= (help)
 42. ദർശൻ, ദേശായി (27 ഡിസംബർ 2013). "സാക്കിയ ലോസസ് പ്ലീ എഗെയിൻസ്റ്റ് മോദി". ദ ഹിന്ദു. ശേഖരിച്ചത് 31 മേയ് 2014.
 43. "സാക്കിയ മൂവ്സ് ഗുജറാത്ത് ഹൈക്കോർട്ട് ഓവർ സിറ്റ്സ് ക്ലീൻ ചിറ്റ് ടു മോദി". ദ ഹിന്ദു. 18 മാർച്ച് 2014. ശേഖരിച്ചത് 31 മേയ് 2014.
 44. "എച്ച്.സി.ഡെഫേഴ്സ് ഹിയറിങ് ഓൺ സാക്കിയാസ് പ്ലീ എഗെയിൻസ്റ്റ് ക്ലീൻ ചിറ്റ് ടു മോദി". ബിസിനസ്സ് സ്റ്റാൻഡാഡ്. 20 മാർച്ച് 2014. ശേഖരിച്ചത് 31 മേയ് 2014.
 45. ഉത്കർഷ്, ആനന്ദ് (11 ഏപ്രിൽ 2014). "സുപ്രീംകോടതി ജങ്ക്സ് പി.ഐ.എൽ സീക്കീങ് റീകൊൺസ്റ്റിറ്റ്യൂഷൻ ഓഫ് സിറ്റ് പ്രോബിങ് ഗുജറാത്ത് റയട്ട്സ്". ഇന്ത്യൻ എക്സ്പ്രസ്സ്.
 46. "ഗുജറാത്ത് റയട്ട്സ്". സീന്യൂസ്. 11 ഏപ്രിൽ 2014. ശേഖരിച്ചത് 31 മേയ് 2014.
 47. "മോദി സാങ്ഷൻഡ് ഗുജറാത്ത് വയലൻസ്, തെഹൽക്ക പ്രോബ്". ഡി.എൻ.എ ഇന്ത്യ. 25 ഒക്ടോബർ 2007. ശേഖരിച്ചത് 31 മേയ് 2014.
 48. "സ്ടിങ് ട്രാപ്സ് ഫുട്സോൾജിയേഴ്സ് ഓഫ് ഗുജറാത്ത് റയട്ട്സ് ബോസ്റ്റിങ് എബൗട്ട് കില്ലിങ് വിത്ത് സ്റ്റേറ്റ് സപ്പോർട്ട്". ഇന്ത്യൻ എക്സ്പ്രസ്സ്. 26 ഒക്ടോബർ 2007. ശേഖരിച്ചത് 31 മേയ് 2014.
 49. "ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല 24 പേർ കുറ്റക്കാരെന്നു കോടതി". മനോരമ. 2016-06-02. ശേഖരിച്ചത് 2016-06-03.
 50. Mahesh, Langa (2016-06-02). "Special court convicts 24 for Gulbarg Society massacre". IndianExpress. ശേഖരിച്ചത് 2016-06-03.
 51. "ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല: 24 പേർ കുറ്റക്കാർ; 36 പേരെ വെറുതെവിട്ടു". മംഗളം ഓൺലൈൻ. 2016-06-02. ശേഖരിച്ചത് 2016-06-03.