2002-ലെ ഗുജറാത്ത് കലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2002-ലെ ഗുജറാത്ത് കലാപം
Ahmedabad riots1.jpg
കലാപത്തെ തുടർന്ന് പുകയുയരുന്ന അഹ്മദാബാദ്
Date 27 ഫെബ്രുവരി 2002 (2002-02-27)
Mid-June 2002
Location ഗുജറാത്ത്
Causes Tension between Hindus and Muslims
Casualties
790 Muslims[1] 254 Hindus[1]

2002-ൽ ഗുജറാത്തിൽ നടന്ന ഒരു കലാപമാണ് ഗുജറാത്ത് കലാപം അഥവാ ഗുജറാത്ത് വംശഹത്യ[2][3][4]. അഹമദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു[5][6]. ഗോധ്രയിൽ സബർമതി എക്സ്പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ [7] കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു[8][9]. എന്നാൽ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലർ വാദിക്കുന്നുണ്ട്[10][11].

കലാപങ്ങളിൽ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും ചെയ്തു[1] എന്നാണ് ഔദ്യോഗിക കണക്ക്.

ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം 2002 ഫെബ്രുവരി 28നാണ് നരോദപാട്യ കൂട്ടക്കൊല അരങ്ങറേിയത്. ഗോധ്ര സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദിൽ പ്രകടനം നടത്തിയ ബന്ദനുകൂലികൾ ന്യൂനപക്ഷവിഭാഗക്കാർക്കുനേരേ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിന് നേതൃത്വം നൽകിയതായി കണ്ടെത്തിയ മായാബെൻ കോഡ്നാനി (ഗുജറാത്ത് മുൻ മന്ത്രി),ക്ക് 28 വർഷം തടവാണ് 2012 ആഗസ്റ്റിൽ വിചാരണ കോടതി വിധിച്ചത്.[12] സംഘ്പരിവാർ നേതാവ് ബാബു ബജ്റംഗി[13] ജീവിതത്തിന്റെ ശിഷ്ടകാലം ജയിലിൽ കഴിയണമെന്നും കോടതി വിധിച്ചു. മറ്റ് എട്ടുപേർക്ക് 31 വർഷവും 22 പേർക്ക് 24 വർഷവും തടവ് വിധിച്ചു.[14][15][16].

ഗുജറാത്ത് വംശഹത്യക്ക് ഫെബ്രുവരി 28ന് 15 വർഷം പൂർത്തിയാവുകയാണ്. രാജ്യത്തെ 2000ത്തിലേറെ വരുന്ന പൗരന്മാരെ അവർ മുസ്‌ലിംകൾ ആയിരുന്നു എന്നതുകൊണ്ടു മാത്രം, ആരെന്നോ എന്തിനെന്നോ അറിയാത്ത ഏതോ അപരാധത്തിന്റെ പേരിൽ അയൽക്കാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ചേർന്ന് കൊന്നുകളഞ്ഞു എന്നതുകൊണ്ടു മാത്രമല്ല ഓർമകളിലെ ഈ വിതുമ്പൽ. ഇന്ത്യയെന്ന ഈ മഹാരാജ്യം നമ്മുടെ സ്വപ്‌നങ്ങളിൽ നിന്നും പകിട്ടാർന്ന സങ്കൽപനങ്ങളിൽ നിന്നും എങ്ങോ കുതറിയകന്നു പോയതിന്റെയും നമ്മുടെ ആത്മനിശ്വാസങ്ങൾ ഒരു തലോടലില്ലാതെ സ്വന്തം രാജ്യത്തിനകത്ത് അനാഥമായി അലഞ്ഞുപോയതിന്റെയും ശവക്കച്ചയണിഞ്ഞ് ജീവനറ്റുകിടന്ന കുറേ ദിനരാത്രങ്ങളുടെ കണ്ണീരണിഞ്ഞ ഓർമകളിൽ ഒരു രാജ്യത്തിന് എന്തൊക്കെ ആയിത്തീരാൻ കഴിയുമെന്നതിന്റെയും ഓർമപ്പെടുത്തൽ കൂടിയാണ് ഈ 15 വർഷം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്വതന്ത്ര മനുഷ്യാവകാശ പ്രവർത്തകരുടെയും മനുഷ്യാവകാശ സംഘടനകളുടെയും നിരീക്ഷണത്തിൽ, 2002 ഫെബ്രുവരി 28നും മാർച്ച് 2നുമിടയിൽ ഗുജറാത്തിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരേ നടന്നത് വംശ ഹത്യയുടെ പൂർണമായ നിർവചനങ്ങൾക്കകത്തു വരുന്ന അത്യാചാരങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ്. 1948 ഡിസംബർ 9നു ചേർന്ന യുഎൻ അസംബ്ലിക്ക് കീഴിൽ നടന്ന വംശഹത്യയെക്കുറിച്ച സമ്മേളനം അംഗീകരിച്ച പ്രമേയം 260 (3) അനുസരിച്ച്, ഒരു വിഭാഗത്തെ ലക്ഷ്യമിട്ടു കൊല്ലുന്നതും അവരെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നതും ഒരു വിഭാഗത്തിന്റെ പൂർണമോ ഭാഗികമോ ആയ നാശം ലക്ഷ്യമിട്ട് ആളുകളെ ഇളക്കിവിടുന്നതും അവരിലെ ജനനപ്രക്രിയ തടസ്സപ്പെടുത്തുന്നതും അവരിലെ കുട്ടികളെ ബലമായി മറ്റൊരു വിഭാഗത്തിലേക്ക് ചേർക്കുന്നതും വംശഹത്യയുടെ പരിധിയിൽ വരും. ഗുജറാത്ത് വംശഹത്യയുടെ കാര്യത്തിൽ ആദ്യ നാലു മാനദണ്ഡങ്ങളും പൂർണാർഥത്തിൽ പൂർത്തീകരിക്കപ്പെട്ടതായി ഇന്റർനാഷനൽ ഇനീഷ്യേറ്റീവ് ഫോർ ജസ്റ്റിസ് ചൂണ്ടിക്കാണിക്കുന്നു.

2002 ഫെബ്രുവരി 27ന് അയോധ്യയിൽനിന്ന് കർസേവകരായ തീർത്ഥാടകരുമായി പുറപ്പെട്ട സബർമതി എക്‌സ്പ്രസ് ഗോധ്രാ സ്റ്റേഷനിൽ എത്തിയ വേളയിൽ കർസേവകരും സ്റ്റേഷനിലെ മുസ്‌ലിം കച്ചവടക്കാരും തമ്മിൽ സംഘർഷമുണ്ടായതായി പറയപ്പെടുന്നു. ഈ സംഘർഷത്തിനിടയിൽ കർസേവകർ സഞ്ചരിച്ച എസ് 6 കോച്ചിന് തീപ്പിടിക്കുകയും അകത്തുണ്ടായിരുന്ന 59 തീർത്ഥാടകർ വെന്തുമരിക്കുകയും ചെയ്തു. ബോഗിക്കകത്ത് തീ പടർന്നത് എങ്ങനെയെന്നത് ഇന്നും ദുരൂഹമാണ്.

2002 ഫെബ്രുവരി 27ന് നടന്ന ഫോറൻസിക് പരിശോധനാ റിപോർട്ട് എസ് 6 കോച്ചിനകത്ത് തീ പടർന്നത് പുറത്തുനിന്നല്ലെന്നു വ്യക്തമാക്കുന്നു. തീ ഉയർന്നത് ഉള്ളിൽനിന്നുതന്നെ ആണെന്നാണ് ഫോറൻസിക് പരിശോധനയിലൂടെ എത്തിപ്പെടുന്ന നിഗമനം. തീവണ്ടിക്കുള്ളിൽ തന്നെ ജ്വലനശേഷിയുള്ള വസ്തുക്കൾ ഉണ്ടായിരുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. സുപ്രിംകോടതി ജഡ്ജിയായിരുന്ന യു സി ബാനർജി അധ്യക്ഷനായ കമ്മീഷൻ 2005 ജനുവരി 17ന് സമർപ്പിച്ച റിപോർട്ടിൽ, സംഭവം തീർത്തും യാദൃച്ഛികമായുണ്ടായ അപകടമാണെന്നും ഭീകരാക്രമണമല്ലെന്നും തീർത്തുപറയുന്നു. ഗോധ്രയിലെ മുസ്‌ലിംകളുടെ സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തിയാലും കർസേവകരെ കൂട്ടക്കൊല ചെയ്യുന്നതുപോലുള്ള ഒരു അതിസാഹസികതയിലേക്ക് എടുത്തു ചാടാനുള്ള സാധ്യത ഒട്ടുംതന്നെയില്ലെന്നാണ്  ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ദൈനംദിനജീവിതം തന്നെ ക്ലേശകരമായി മുന്നോട്ടുനീക്കുന്ന ഒരു ജനവിഭാഗം ആത്മഹത്യാപരമായ അത്തരമൊരു സാഹസികതയ്ക്ക് മുതിരില്ലെന്നുതന്നെയാണ് സാമൂഹികശാസ്ത്രപരമായ നിഗമനം.  ഗോധ്ര സംഭവം വിലയിരുത്തിയവരുടെയും അന്വേഷണം നടത്തിയവരുടെയും വിദഗ്ധാഭിപ്രായങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും സംഭവം നടന്ന് നിമിഷങ്ങൾക്കകം, കർസേവകരെ തീയിട്ടുകൊന്നതിനു പിന്നിൽ മുസ്‌ലിം ഭീകരരാണെന്നും ഹിന്ദുക്കളെ വകവരുത്താനും സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തി സാമ്പത്തികമായി തകർക്കാനുമുള്ള മുസ്‌ലിം ഭീകരരുടെ പദ്ധതിയാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്നും ആരോപിച്ചുകൊണ്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും സംഘപരിവാര നേതാക്കളും രംഗത്തുവന്നു. എരിതീയിൽ എണ്ണയൊഴിക്കാൻ ഉദ്ദേശിച്ച് മൂന്നു ഹിന്ദു പെൺകുട്ടികളെ മുസ്‌ലിംകൾ തട്ടിക്കൊണ്ടുപോയതായുള്ള വ്യാപക പ്രചാരണവും അതോടൊപ്പം നടന്നു. ഗുജറാത്തിൽ നടന്ന ആക്രമണങ്ങളും കൂട്ടക്കൊലകളും വ്യത്യസ്തമാവുന്നത് അതിന്റെ അടുക്കുംചിട്ടയും കൊണ്ടു കൂടിയാണ്. വംശഹത്യയുടെ എല്ലാ ലക്ഷണങ്ങളും അതിനുണ്ടായിരുന്നു.

ഇന്ത്യയിൽ നടന്ന ഹിന്ദു-മുസ്‌ലിം സംഘർഷങ്ങളെക്കുറിച്ചു പഠനം നടത്തിയ അശുതോഷ് വർഷിണി, സ്വതന്ത്ര ഇന്ത്യയിലെ സമ്പൂർണമായ ആദ്യ കൂട്ടക്കൊല എന്നാണ് ഗുജറാത്ത് വംശഹത്യയെ വിശേഷിപ്പിക്കുന്നത്.ഗോധ്ര സംഭവം നടന്ന 2002 ഫെബ്രുവരി 27ന് വൈകീട്ട് മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉയർന്ന പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ, ഹിന്ദുക്കൾ മുസ്‌ലിംകൾക്കെതിരേയുള്ള രോഷം പ്രകടിപ്പിക്കട്ടെയെന്ന് അദ്ദേഹം നിർദേശിച്ചുവെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് പിന്നീട് സുപ്രിംകോടതിയിൽ ഒരു സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. നേരത്തേ തന്നെ പുറത്തു പ്രചരിച്ച വാർത്തയുടെ സ്ഥിരീകരണം കൂടിയായിരുന്നു അത്. തീർത്തും സൈനികമായ അച്ചടക്കത്തോടെയാണ് ഗുജറാത്തിൽ വംശഹത്യ നടന്നതെന്ന് ചരിത്രകാരനായ ക്രിസ്റ്റോഫ് ജഫ്രിലോ പറയുന്നു. ഗുജറാത്ത് വംശഹത്യയെക്കുറിച്ചു പഠനം നടത്തിയ പലരും ഇക്കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

ആയിരക്കണക്കിനു പേരാണ് നിമിഷങ്ങൾക്കകം യൂനിഫോമിട്ട് തെരുവിലിറങ്ങിയത്. മിക്കവരും കാക്കി നിക്കർ ധരിക്കുകയും കാവിനിറമുള്ള നാടകൾ തലയിൽ അണിയുകയും ചെയ്തിരുന്നു. മൊബൈൽ ഫോണുകളിലൂടെ നിർദേശങ്ങൾ സ്വീകരിക്കുകയും നൽകുകയും ചെയ്തുകൊണ്ട് പൂർണമായ ഏകോപനം നിലനിർത്തിക്കൊണ്ടായിരുന്നു അക്രമികൾ  നീങ്ങിക്കൊണ്ടിരുന്നത്. എല്ലാവരും കൈയിൽ കുടിവെള്ളം നിറച്ച ബോട്ടിലുകൾ കരുതിയിരുന്നു. മോദി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിമാർ പലരും അക്രമികൾക്കു നിർദേശം നൽകിക്കൊണ്ട് ഓരോ സംഘത്തോടൊപ്പം സഞ്ചരിച്ചിരുന്നതായി ചില മാധ്യമങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. മന്ത്രിമാരായ ഗോർധൻ സദാഫിയയും അശോക് ഭട്ടും പ്രതാപ് സിങ് ചൗഹാനും പോലിസ് ആസ്ഥാനങ്ങൾ കൈയടക്കിയതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 28ന് കാലത്തുതന്നെ മുസ്‌ലിം കടകളും സ്ഥാപനങ്ങളും കൃത്യമായി നിർണയിക്കുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നതായി വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഈ ആവശ്യത്തിനു സർക്കാർ സംവിധാനങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നത് വ്യക്തമാണ്.

ഹിന്ദു പേരുകൾ വഹിച്ച മുസ്‌ലിം സ്ഥാപനങ്ങളും ഹിന്ദുക്കളുടെ പേരിൽ രജിസ്റ്റർ ചെയ്ത മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കൃത്യമായി നിർണയിച്ചു തകർക്കാൻ കഴിഞ്ഞത് അതുകൊണ്ടാണെന്നാണ് മനസ്സിലാവുന്നത്.ഗ്യാസ് സിലിണ്ടറുകളുടെ വ്യാപകമായ ഉപയോഗവും ലഭ്യതയും ഭരണസംവിധാനത്തിന്റെ നഗ്‌നമായ പങ്കിനു തെളിവാണ്. ഗ്യാസ് സിലിണ്ടറുകൾ നിറച്ച വാഹനങ്ങൾ ആവശ്യാനുസരണം കലാപകാരികൾക്കൊപ്പം നീങ്ങിയിരുന്നു. ഭരണകൂടത്തിന്റെ അനുവാദമില്ലാതെ അതൊരിക്കലും സാധ്യമാവില്ല.

സൈനിക ബാരക്കുകളിൽനിന്നെന്നപോലെ യൂനിഫോംധാരികളായ കലാപകാരികളെ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ട്രക്കുകളിൽ ഇറക്കിക്കൊണ്ടിരുന്നു. പതിവിൽനിന്നു വ്യത്യസ്തമായി കലാപം പട്ടണങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും വ്യാപിച്ചു.കലാപകാരികൾക്കെതിരേ പട്ടാളം രംഗത്തിറങ്ങുന്നത് മോദി സർക്കാർ തടഞ്ഞു. രാഷ്ട്രപതി കെ ആർ നാരായണന്റെ നിർദേശമനുസരിച്ച് സംസ്ഥാനത്തെത്തിയ സൈനികർ കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കാതെ മൂന്നുദിവസം അഹ്മദാബാദിലെയും മറ്റും ക്യാംപുകളിൽ കഴിയുകയായിരുന്നു. ഗുജറാത്തിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാരുകൾ കലാപകാര്യത്തിൽ ഗൂഢാലോചനയിൽ ഏർപ്പെട്ടതായി സംഭവസമയത്ത് രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ പിന്നീട് ആരോപിക്കുകയുണ്ടായി. വംശഹത്യയിൽ ഭരണകൂടത്തിനു പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തത്‌സംബന്ധമായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിക്കു താൻ നിരവധി കത്തുകൾ എഴുതിയിരുന്നുവെങ്കിലും അദ്ദേഹം ഒന്നും ചെയ്യാൻ സന്നദ്ധനായില്ലെന്നും മുൻ രാഷ്ട്രപതി കുറ്റപ്പെടുത്തുന്നു. ഗുജറാത്ത് വംശഹത്യ ബിജെപിയിലെ സാത്വികനായി പലരും വാഴ്ത്താറുള്ള വാജ്‌പേയിയെ അസ്വസ്ഥനാക്കിയിരുന്നു എന്നു ചിലർ എഴുതിയിട്ടുണ്ട്. എന്നാൽ, ഗോവയിൽ ബിജെപി യോഗത്തിൽ പ്രസംഗിച്ച അന്നത്തെ പ്രധാനമന്ത്രി പറഞ്ഞത്, ഗോധ്രയുണ്ടായിരുന്നില്ലെങ്കിൽ ഗുജറാത്ത് ഉണ്ടാവുമായിരുന്നില്ല എന്നാണ്. ഗുജറാത്ത് മാത്രമല്ല ഗോധ്രയും തങ്ങളുടെത്തന്നെ സൃഷ്ടിയാണെന്നത് അദ്ദേഹം അറിയാതിരിക്കാൻ ഇടയില്ല. സംഘപരിവാരത്തെ പുറത്തുനിന്ന് അറിയുന്നവർക്കുപോലും അതൊന്നും ഇപ്പോൾ വലിയ അതിശയോക്തി നിറഞ്ഞ കാര്യങ്ങളല്ല.

ഗോധ്രയ്ക്കു പിന്നിൽ ബിജെപി തന്നെയാണെന്നു ഗുജറാത്തിലെ പട്ടേൽ നേതാക്കൾ ഈയിടെ പ്രസ്താവന നടത്തിയിരുന്നു. മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന ക്രൂരതകളുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഗുജറാത്ത് വംശഹത്യക്കിടയിലെ ഓരോ സംഭവങ്ങളും. കലാപത്തിൽ ഉടനീളം പ്രകടമായ ഹിംസയുടെ ധാരാളിത്തം മനുഷ്യരായി പിറന്നവരെക്കുറിച്ചു നമുക്കുണ്ടാകാവുന്ന എല്ലാ ശുഭപ്രതീക്ഷകളെയും അസ്ഥാനത്താക്കുന്നതായിരുന്നു. അക്രമികൾ കുട്ടികളെന്നോ സ്ത്രീകളെന്നോ വൃദ്ധരെന്നോ യുവാക്കളെന്നോ ഉള്ള വ്യത്യാസമൊന്നും ഇരകൾക്കിടയിൽ കൽപിച്ചിരുന്നില്ല.

മുസ്‌ലിമെന്നു കണ്ട ഓരോ മനുഷ്യജീവനെയും ഭ്രാന്തമായ അനുഭൂതിയോടെ അവർ പിച്ചിച്ചീന്തി. യുവാക്കളെ കൈകാലുകൾ കൊത്തിയരിഞ്ഞു തീയിലേക്കിട്ടു. കുട്ടികളെ പെട്രോൾ കുടിപ്പിച്ച് അവരുടെ വായിലേക്കു തീ കൊളുത്തി. ആ കുരുന്നുകൾ ഒരു പടക്കം പോലെ ജീവനോടെ പൊട്ടിച്ചിതറുന്നതു കണ്ട് അവർ ആർത്തുവിളിച്ചു. പെൺകുട്ടികൾ നിമിഷങ്ങൾക്കകം പൂർണനഗ്‌നരാക്കപ്പെട്ടു. കാമവെറിപൂണ്ട ഹിന്ദുത്വപടയാളികൾ ഒരു വിശുദ്ധകർമം പോലെ അവരുടെ ചാരിത്ര്യം  കടിച്ചുകീറി, ശേഷം അവരുടെ നഗ്‌നശരീരങ്ങൾ വെട്ടിയരിഞ്ഞു തീയിലേക്കെറിഞ്ഞു. ഗർഭിണികളുടെ വയർ കുത്തിക്കീറി ഗർഭസ്ഥശിശുവിനെ ശൂലത്തിൽ കുത്തിയെടുത്തു തീയിലേക്കെറിഞ്ഞു. വൃദ്ധരെ തലയ്ക്കടിച്ചും വെട്ടിയും കൊന്നു. വൃദ്ധസ്ത്രീകൾ പോലും ക്രൂരമാംവിധം കൂട്ടബലാൽസംഗങ്ങൾക്കിരയായി. ഓരോ ക്രൂരതകൾക്കു ശേഷവും തെളിവുകൾ നശിപ്പിക്കാൻ ശ്രദ്ധാപൂർവമാണ് അക്രമികൾ പ്രവർത്തിച്ചത്. നേരത്തേ ലഭിച്ച പരിശീലനത്തിന്റെ മികവു തെളിയിക്കുന്നതായിരുന്നു ഈ നീക്കങ്ങൾ.

ഗോധ്ര സംഭവം നടക്കുന്നതിന് എത്രയോ മുമ്പുതന്നെ വംശഹത്യക്കുള്ള ഒരുക്കങ്ങളും ഗൃഹപാഠങ്ങളും നടന്നിരുന്നുവെന്നത് ആർക്കും ബോധ്യപ്പെടുംവിധം വ്യക്തമായിരുന്നു. ഗോധ്രയിലേതു തയ്യാറാക്കപ്പെട്ട ഒരു പദ്ധതിയുടെ സ്വിച്ച്ഓൺ കർമം മാത്രമായിരുന്നു. നിമിഷങ്ങൾക്കകം ആ പദ്ധതി സംസ്ഥാനത്തെ 24 ജില്ലകളിൽ 16ലും ഒരേ താളത്തിൽ പ്രവർത്തനക്ഷമമായി. മോദിയുടെ ‘ന്യൂട്ടൻ സിദ്ധാന്തം’ ദ്യോതിപ്പിക്കുന്നതുപോലെ അതൊരു ആകസ്മിക പ്രതികരണമായിരുന്നില്ല. കൃത്യതയോടെ തയ്യാറാക്കപ്പെട്ട പദ്ധതിയുടെ പ്രയോഗവൽക്കരണമായിരുന്നു. നരോദാപാട്യ, ബെസ്റ്റ് ബേക്കറി, ഗുൽബർഗ സൊസൈറ്റി എന്നിവിടങ്ങളിൽ ഭീകരമായ കൂട്ടക്കൊലകൾ അരങ്ങേറി. കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഇഹ്‌സാൻ ജഫ്‌രി അടക്കം നൂറുകണക്കിനു നിരപരാധികൾ സംസ്ഥാനത്തെങ്ങും അറുകൊല ചെയ്യപ്പെട്ടു. പോലിസും എല്ലാ സർക്കാർ സംവിധാനങ്ങളും ഈ നരമേധത്തിൽ തങ്ങളാലാവുംവിധം പങ്കുചേർന്നു.

സംരക്ഷണം ആവശ്യപ്പെട്ടു പോലിസിനെ തേടിച്ചെന്നവർക്കുനേരെ പലേടത്തും പോലിസ് നിറയൊഴിച്ചു. അഭയം തേടി ചെന്നവരെ അക്രമികൾക്കു മുമ്പിലേക്ക് എറിഞ്ഞുകൊടുത്തു. ഇതുസംബന്ധമായി അഭയാർഥിക്യാംപുകളിൽ കഴിയുന്നവരിൽ നിന്നു തെളിവുകൾ ശേഖരിക്കാനെത്തിയ ചില മാധ്യമപ്രവർത്തകർ നൽകുന്ന വിവരമനുസരിച്ച് അവരിൽ 98 ശതമാനം പേരും പോലിസ് അക്രമികൾക്കൊപ്പം ചേർന്ന തായി പരാതിപ്പെട്ടതായി പറയുന്നു. ഭരണഘടനയെ പിടിച്ച് ആണയിട്ട് അധികാരത്തിലേറിയ ഒരു ഭരണകൂടം സ്വന്തം സംസ്ഥാനത്തെ ജനങ്ങളിലൊരു വിഭാഗത്തോട് ചെയ്ത കടുംകൈകൾ ചരിത്രത്തിൽ തുല്യതയില്ലാത്തതായിരുന്നു. ഗുജറാത്ത് വംശഹത്യക്കു ശേഷം സ്വന്തം രാജ്യത്ത് അഭയാർഥികളാക്കപ്പെട്ടവരുടെ എണ്ണം മൂന്നു ലക്ഷത്തോളം വരും. അവരെ അഭയാർഥിക്യാംപുകളിൽ തള്ളിയ ഭരണകൂടത്തിൽ നിന്നു വലുതായൊന്നും പ്രതീക്ഷിക്കുന്നതിൽ അർഥമുണ്ടായിരുന്നില്ല. സർക്കാർ തികഞ്ഞ അവഗണനയാണ് അവരോട് കാണിച്ചത്.

വെള്ളമോ വെളിച്ചമോ ഭക്ഷണമോ ഇല്ലാതെ അവർ നരകിച്ചു. അവർക്കായി ക്യാംപുകൾ ഒരുക്കാൻ മുൻകൈയെടുത്തത് ചില മുസ്‌ലിം സംഘടനകൾ തന്നെയായിരുന്നു. പിന്നീട് മറ്റു ചില എൻജിഒകളും രംഗത്തുവന്നു. ഗോധ്ര അഭയാർഥികൾക്ക് അനുവദിച്ച തുകയുടെ പകുതിയായിരുന്നു മുസ്‌ലിംകൾക്ക് സഹായധനമായി പ്രഖ്യാപിച്ചിരുന്നത്. കലാപത്തിൽ സർവതും നഷ്ടപ്പെട്ട ഭൂരിപക്ഷം പേർക്കും ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തതിനാൽ ഒന്നും ലഭിച്ചില്ല. എല്ലാം നഷ്ടപ്പെട്ട പലർക്കും 500 മുതൽ 1000 രൂപ വരെയാണ് ലഭിച്ചത്. അഭയാർഥിക്യാംപുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ നടപടികൾ എടുക്കുന്നതിനു പകരം ക്യാംപുകളെ ‘കുട്ടികളെ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ’ എന്നു പരിഹസിക്കുകയാണ് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ചെയ്തത്.

മാത്രമല്ല, ഒക്ടോബർ 30നുള്ളിൽ അഭയാർഥിക്യാംപുകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഇന്നും വലിയൊരു വിഭാഗം അഭയാർഥിക്യാംപുകളിൽ തന്നെ കഴിയുകയാണ്. ഗുജറാത്ത് വംശഹത്യ സംഘപരിവാരം പ്രതീക്ഷിക്കാത്തവിധം രാജ്യത്തിനു വെളിയിൽ പോലും വലിയ പ്രതിഷേധങ്ങൾ ഉയർത്തിയതോടെ ലോകത്തിന്റെ കണ്ണിൽപ്പൊടിയിടാനാണെങ്കിലും  കുറ്റവാളികളായ പലരെയും അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കാൻ സർക്കാർ നിർബന്ധിതരായി. അതൊരുനിലയിൽ കുറ്റവാളികളെ സംരക്ഷിക്കാനുള്ള അടവുകൂടിയായിരുന്നു. രജിസ്റ്റർ ചെയ്ത നാലായിരം കേസുകളിൽ രണ്ടായിരത്തിലും ഒരു അന്വേഷണവും നടന്നില്ല. പിന്നീട് കേസുകളിൽ സുപ്രിംകോടതി ഇടപെടേണ്ടിവന്നു.

സർക്കാർ ഇടപെടലുകൾ ഒഴിവാക്കാൻ പല കേസുകളും ഗുജറാത്തിനു പുറത്തേക്കു മാറ്റുകയാണ് ചെയ്തത്. വംശഹത്യയുടെ ഈ 15ാം ആണ്ടിൽ നാം തിരിഞ്ഞുനോക്കുമ്പോൾ വിജയപീഠത്തിൽ കൊലക്കത്തികളുടെ തിളക്കം തന്നെയാണ് നമ്മെ എതിരേൽക്കുന്നത്. പാപക്കറ പറ്റിയ പലരും അധികാരത്തിന്റെ വലിയ സാധ്യതകൾക്കും അഹന്തകൾക്കും പിന്നിൽ മുഖം പൂഴ്ത്തിക്കഴിയുന്നത് രാജ്യത്തിന്റെ ഭാവിസ്വപ്‌നങ്ങൾക്കു മേൽ പുതഞ്ഞ അപശകുനമായേ കാണാനാവൂ. അതിനാൽ, ഭാവിയിലേക്കുള്ള കാൽവയ്പുകൾക്ക് കൂടുതൽ കരുതലും ജാഗ്രതയും ആവശ്യമാണെന്നു തിരിച്ചറിയാൻ രാജ്യത്തിന്റെ ഐക്യവും ഭദ്രതയും കാംക്ഷിക്കുന്നവർക്കു കഴിയണം. രാജ്യം ഒരു ദൂഷിതവലയത്തിൽ അകപ്പെട്ടുപോയിരിക്കുന്നുവെന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടുള്ള കരുതൽ നടപടികളാണ് ജനങ്ങളിൽ നിന്നുണ്ടാവേണ്ടത്.

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 "Gujarat riot death toll revealed". BBC News Online. 2005-05-11.  "BJP cites govt statistics to defend Modi". ExpressIndia. 2005-05-12.  Text " author - PTI " ignored (സഹായം) PTI (2005-05-11). "254 Hindus, 790 Muslims killed in post-Godhra riots". Indiainfo.com. 
 2. Gujarat Pogrom-2002, Krishna Gopal, Jaunpuri Shiksha Mission, 2006
 3. Pogrom in Gujarat: Hindu Nationalism and Anti-Muslim Violence in India, Parvis Ghassem-Fachandi, Princeton University Press, 2012
 4. The Gujarat pogrom: compilation of various reports, Indian Social Institute, 2002
 5. Ghassem-Fachand, Parvis (2012). Pogrom in Gujarat: Hindu Nationalism and Anti-Muslim Violence in India. Princeton University Press. pp. 1–2. ഐ.എസ്.ബി.എൻ. 978-0-691-15177-9. 
 6. Escherle, Nora Anna (2013). Gabriele Rippl, Philipp Schweighauser, Tiina Kirss, Margit Sutrop, Therese Steffen, എഡി. Haunted Narratives: Life Writing in an Age of Trauma (3rd Revised എഡി.). University of Toronto Press. p. 205. ഐ.എസ്.ബി.എൻ. 978-1-4426-4601-8. 
 7. The truth about Godhra,ദ ഹിന്ദു
 8. Hakeem, Farrukh B.; Maria R. Haberfeld, Arvind Verma (2012). Policing Muslim Communities: Comparative and International Context. Springer. p. 81. ഐ.എസ്.ബി.എൻ. 978-1-4614-3551-8. 
 9. Jeffery, Craig (2011). Isabelle Clark-Decès, എഡി. A Companion to the Anthropology of India. Wiley-Blackwell. p. 1988. ഐ.എസ്.ബി.എൻ. 978-1-4051-9892-9. 
 10. Brass, Paul R. (2005 July 15). The Production of Hindu-Muslim Violence in Contemporary India. University of Washington Press. p. 388. ഐ.എസ്.ബി.എൻ. 978-0-295-98506-0. 
 11. Kabir, Ananya Jahanara (2010). Sorcha Gunne, Zoe Brigley Thompson, എഡി. Feminism, Literature and Rape Narratives: Violence and Violation. Routledge. ഐ.എസ്.ബി.എൻ. 978-0-415-80608-4. 
 12. [1]
 13. [2]
 14. "ശബ്ദമില്ലാത്ത ശബ്ദം" (ഭാഷ: മലയാളം). മലയാളം വാരിക. 2012 സെപ്റ്റംബർ 14. ശേഖരിച്ചത് 2013 മാർച്ച് 03. 
 15. "നരോദ പാട്യ: വിധി പറഞ്ഞതും പറയാത്തതും" (ഭാഷ: മലയാളം). മലയാളം വാരിക. 2012 സെപ്റ്റംബർ 14. ശേഖരിച്ചത് 2013 ഫെബ്രുവരി 10. 
 16. "Maya Kodnani jailed for 28 years in Gujarat riots case" (ഭാഷ: english). മാധ്യമം ദിനപത്രം. 2012 ആഗസ്റ്റ് 31. ശേഖരിച്ചത് 2013 ഫെബ്രുവരി 10.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)


"https://ml.wikipedia.org/w/index.php?title=2002-ലെ_ഗുജറാത്ത്_കലാപം&oldid=2508965" എന്ന താളിൽനിന്നു ശേഖരിച്ചത്