Jump to content

ഗുലാബ് സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗുലാബ് സിങ് ഡോഗ്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുലാബ് സിങ് ഡോഗ്ര
ജമ്മു കശ്മീരിന്റെ രാജാവ്
ഭരണകാലം 1846-1857
മുൻഗാമി ജീത് സിംഗ്
ജമ്മുവിലെ രാജാവ്
പിൻഗാമി രൺബീർ സിങ്
മക്കൾ
രൺബീർ സിങ്
രാജവംശം ജംവാൽ
പിതാവ് കിഷോർ സിങ്
മതം ഹിന്ദു

ജമ്മു കശ്മീർ നാട്ടുരാജ്യത്തിന്റെ സ്ഥാപകനും ആദ്യത്തെ മഹാരാജാവുമായിരുന്നു ഗുലാബ് സിങ് എന്ന ഗുലാബ് സിങ് ഡോഗ്ര. പഞ്ചാബിലെ രഞ്ജിത് സിങ്ങിന്റെ സഭാംഗമായിരുന്ന ഇദ്ദേഹം, രഞ്ജിത്തിന്റെ മേൽക്കോയ്മയിൽ ജമ്മുവിന്റെ ഭരണാധികാരിയായിരുന്നു. ഗുലാബ് സിങ്ങിന്റെ സഹോദരന്മാരായ സുചേത് സിങ്, ധിയാൻ സിങ് എന്നിവരും, ധിയാൻ സിങ്ങിന്റെ പുത്രനായ ഹീരാ സിങ്ങും രഞ്ജിത് സിങ്ങിന്റെ സഭാംഗങ്ങളായിരുന്നു. രഞ്ജിത് സിങ്ങിന്റെ മരണശേഷം ജമ്മുവിൽ ഗുലാബ് സിങ് സ്വതന്ത്രഭരണം ആരംഭിച്ചു. ഒന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതിലൂടെ അവരുമായി മികച്ച ബന്ധം പുലർത്താൻ ഗുലാബ് സിങ്ങിനായി. ജമ്മു ഫോക്സ് എന്നാണ് ഇദ്ദേഹം ബ്രിട്ടീഷുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്.[1] ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ പഞ്ചാബികൾ ബ്രിട്ടീഷുകാർക്ക് അടിയറവച്ച കശ്മീരടക്കമുള്ള മലമ്പ്രദേശങ്ങൾ ബ്രീട്ടീഷുകാർ ഗുലാബ് സിങ്ങിന് വിട്ടുനൽകി. അങ്ങനെ ഗുലാബ് സിങ് ജമ്മുവിന്റെയും കശ്മീരിന്റെയും മഹാരാജാവായി.

ജമ്മുവിലെ അമർ മഹൽ കൊട്ടാരത്തിലുള്ള ഗുലാബ് സിംഗിന്റെ പ്രതിമ

ജമ്മുവിൽ സ്വതന്ത്രഭരണം

[തിരുത്തുക]

1839-ൽ രഞ്ജിത് സിങ്ങിന്റെ മരണാനന്തരം ഗുലാബ് സിങ് തന്റെ തട്ടകം സിഖ് സാമ്രാജ്യതലസ്ഥാനമായ ലാഹോറിൽ നിന്ന് ജമ്മുവിലേക്ക് മാറ്റുകയും അവിടെ സ്വതന്ത്രമായി ഒരു ഡോഗ്ര സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. രഞ്ജിത് സിങ്ങിന്റെ സഭാംഗങ്ങളായിരുന്ന മറ്റു ഡോഗ്ര സഹോദരന്മാർ ലാഹോറിൽത്തന്നെ ദർബാറിൽത്തുടർന്നു. രഞ്ജിത്തിന്റെ മരണശേഷം ലാഹോറിൽ ഉടലെടുത്ത അധികാരത്തർക്കങ്ങൾ മുതലെടുത്ത് ഗുലാബ് സിങ് ജമ്മുവിൽ സ്വതന്ത്രമായി ഭരണം ആരംഭിച്ചു. എന്നാൽ അൽപകാലത്തിനുള്ളിൽ സിഖ് സാമ്രാജ്യത്തിന്റെ ഖൽസ സേന ഗുലാബ് സിങ്ങിനെ പരാജയപ്പെടുത്തി. ഖൽസ സേനക്കു മുമ്പാകെ കീഴടങ്ങിയ അദ്ദേഹം, രാജാ ലാൽ സിങ്ങിനോട് കൂറുപ്രഖ്യാപിച്ച് ജമ്മുവിൽ ഭരണത്തിൽ തുടർന്നു. ഇതിനുശേഷം ഗുലാബ് സിങ് അഫ്ഗാനികളോടും ബ്രിട്ടീഷുകാരോടും ചർച്ചകൾ നടത്തുകയും സിഖുകാരുമായി യുദ്ധമുണ്ടായാൽ ഒപ്പം നിൽക്കാമെന്ന് ബ്രിട്ടീഷുകാർക്ക് ഉറപ്പുനൽകുകയും ചെയ്തു.[2]

ബ്രിട്ടീഷ് ബന്ധം

[തിരുത്തുക]

രഞ്ജിത് സിങ്ങിന്റെ പുത്രൻ ഷേർ സിങ്ങിന്റെ നിർദ്ദേശപ്രകാരമാണ് ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ബ്രിട്ടീഷുകാരെ സഹായിക്കാൻ 1842 ജനുവരിയിൽ ഗുലാബ് സിങ്ങും സൈന്യവും പെഷവാറിലെത്തിയത്. യുദ്ധാനന്തരം ബ്രിട്ടീഷുകാർ ജമ്മു രാജാവിന്, പെഷവാറിന്റെയും ജലാലാബാദിന്റെയും നിയന്ത്രണം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു.[1]

ബ്രിട്ടീഷുകാരുമായുള്ള നല്ല ബന്ധം, ഗുലാബ് സിങ് പിൽക്കാലത്തും തുടർന്നുപോന്നു. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധകാലത്ത് ബ്രിട്ടീഷുകാരുമായുള്ള സമാധാനചർച്ചകൾക്കായി സിഖ് ദർബാർ, ഗുലാബ് സിങ്ങിനെയാണ് നിയോഗിച്ചത്.[2]

കശ്മീരിന്റെ നിയന്ത്രണം

[തിരുത്തുക]

1846-ൽ ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ പരാജിതരായ സിഖ് സാമ്രാജ്യം, സന്ധിവ്യവസ്ഥ പ്രകാരമുള്ള നഷ്ടപരിഹാരം കൊടുക്കാൻ കഴിവില്ലാത്തതുകൊണ്ട് ജമ്മുവും കശ്മീരും ഇന്നത്തെ ഹിമാചൽ പ്രദേശുമടങ്ങുന്ന മേഖലകൾ ബ്രിട്ടീഷുകാർക്ക് അടിയറവച്ചിരുന്നു. വടക്കൻ പ്രദേശങ്ങളുടെ നേരിട്ടുള്ള ഭരണത്തിന് താൽപര്യമില്ലാത്തിരുന്ന ബ്രിട്ടീഷുകാർ, 1846 മാർച്ച് 16-ന് ജമ്മുവും കശ്മീരും 75 ലക്ഷം രൂപ പ്രതിഫലം വാങ്ങി ഗുലാബ് സിങ്ങിന് കൈമാറി.[2] അങ്ങനെ ഗുലാബ് സിങ് ജമ്മു കശ്മീരിന്റെ രാജാവായി.

കശ്മീരിന്റെ നിയന്ത്രണം ഗുലാബ് സിങ്ങിന് ഔദ്യോഗികമായി സിദ്ധിച്ചെങ്കിലും, അവിടത്തെ സിഖ് പ്രതിനിധിയായിരുന്ന ഷേഖ് ഇമാമുദ്ദീൻ 1846 അവസാനം വരെയും പ്രദേശത്തിന്റെ നിയന്ത്രണം വിട്ടൊഴിയാൻ തയ്യാറായിരുന്നില്ല. രാജാ ലാൽ സിങ്ങിന്റെ പ്രേരണയും ഇമാമുദ്ദീന്റെ നടപടിക്കു പിന്നിലുണ്ടായിരുന്നു. 1846 ഒക്ടോബറിൽ ഗുലാബ് സിങ് കശ്മീരിലേക്ക് പടനയിക്കാൻ തീരുമാനിച്ചു. നീക്കത്തിന് ബ്രിട്ടീഷ് പിന്തുണയും ഉണ്ടായിരുന്നു. പഞ്ചാബിലെ ബ്രിട്ടീഷ് റെസിഡന്റായിരുന്ന ഹെൻറി ലോറൻസിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഷേഖ് ഇമാമുദ്ദീൻ കശ്മീരിന്റെ നിയന്ത്രണം ഉപേക്ഷിച്ച് ലാഹോറിലേക്ക് മടങ്ങുകയും, 1846 നവംബർ 9-ന് ഗുലാബ് സിങ് ശ്രീനഗറിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "3 - പ്രൊമോഷൻ ആൻഡ് റെക്കഗ്നിഷൻ (Promotion and Recognition), 1840-1843". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 80–82. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
  2. 2.0 2.1 2.2 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 133–136, 139. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
  3. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "6 - സ്റ്റേയിങ് ഓൺ ഇൻ 1846 - ലാഹോർ, കശ്മീർ ആൻഡ് ബൈരോവാൾ (Staying on in 1846 - Lahore, Kashmir and Byrowal)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 168–172. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
"https://ml.wikipedia.org/w/index.php?title=ഗുലാബ്_സിങ്&oldid=3088313" എന്ന താളിൽനിന്ന് ശേഖരിച്ചത്