ഗീതാ ഗോപിനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gita Gopinath at the World Economic Forum on India 2012

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ(ഐ.എം.എഫ്) ചീഫ് എക്കോണമിസ്റ്റാണു ഗീതാ ഗോപിനാഥ് (Gita gopinath). ഐ എം എഫിന്റെ ചീഫ് എക്കോണമിസ്റ്റാകുന്നതിനു മുൻപ് ഹാർവാഡ് സർവകലാശാലയിലെ ഒരു സാമ്പത്തികശാസ്ത്ര പ്രഫസറായിരുന്നു .  സാമ്പത്തിക ചാഞ്ചാട്ടം, വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തി. ഗ്രീസിലും യൂറോപ്പിലുമുണ്ടായ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചു പഠിച്ചു.[1][2][3]

ജീവിതരേഖ[തിരുത്തുക]

മൈസൂരിൽ ജനിച്ചു. കണ്ണൂർ മയ്യിൽ സ്വദേശിയായ ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. സഹപാഠിയായിരുന്ന ഇഖ്‌ബാൽ ധലിവാളാണ് ഭർത്താവ്. മസാചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തികശാസ്ത്ര വകുപ്പിൽ ജോലി ചെയ്യുന്നു.

അമേരിക്കൻ പൗരത്വമുള്ള ഗീതാ ഗോപിനാഥ് ഭർത്താവും മകനുമായി മസാചുസറ്റ്സിലാണ് താമസം.[4]

വിദ്യാഭ്യാസം[തിരുത്തുക]

ഡൽഹി ലേഡി ശ്രീറാം കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും(1992) ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി(1994). അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. ഷിക്കാഗോ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി. ഐ.എം.എഫ്. ഡയരക്ടറായിരുന്ന കെന്നത്ത് റോഗോഫിന്റെയും ഫെ‍ഡറൽ റിസർവ്വ് മുൻ ചെയർമാൻ ബെൻ ബെർണാൻകെയുടെയും മെന്റർഷിപ്പിലായിരുന്നു ഗവേഷണം. 

2011 ൽ ലോക സാമ്പത്തിക ഫോറം യംഗ് ഗ്ലോബൽ ലീ‍ഡർമാരിലൊരാളായി തെരഞ്ഞെടുത്തു. 

സാമ്പത്തിക വിദഗ്ദ്ധ[തിരുത്തുക]

38-ാം വയസ്സിൽ ഹാർവാർഡിൽ  സ്ഥിരം പ്രൊഫസറായി. നൊബൽ സമ്മാനജേതാവായ അമർത്യസെന്നിനുശേഷം ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഓക്സ്ഫഡ് സർവകലാശാല, നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക്ക് റിസർച്ച്(NBER), ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ബോസ്റ്റൺ, ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്ക്, വെതർഹെഡ് സെന്റർ ഫോർ ഇന്റർനാഷണൽ അഫയർസ് തുടങ്ങിയവയിലും സേവനം അനുഷ്ഠിച്ചു. രണ്ടു വർഷം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഉപദേശക സംഘാംഗമായും പ്രവർത്തിച്ചു. 

അമേരിക്കൻ എക്കണോമിക് റിവ്യൂ, ജേണൽബുക്ക് ഒഫ് ഇന്റർനാഷണൽ എക്കണോമിക് റിവ്യൂ, ഐ.എം.എഫ്. എക്കണോമിക് റിവ്യൂ തുടങ്ങിയവയുടെ കോ -എഡിറ്ററും റിവ്യൂ ഒഫ് എക്കണോമിക് സ്റ്റഡീസിന്റെ മാനേജിംഗ് എഡിറ്ററുമാണ്. ഹാർവാഡ് സർവകലാശാലയിലെ ഗ്രാജ്വേറ്റ് സ്റ്റുഡൻറ്സ് കൗൺസിൽ പുരസ്കാരം, നാഷനൽ സയൻസ് ഫൗണ്ടേഷൻ ഗ്രാൻറ്(മൂന്ന് പ്രാവശ്യം), ഹാർവാഡ് ഇക്കണോമിക്സ് ഡിപ്പാർട്മെൻറ് ഫെലോഷിപ്, ഭഗവതി പ്രൈസ്, ജോസഫ് ആർ. ലെവിൻസൺ ടീച്ചിങ് പ്രൈസിന് നോമിനേഷൻ, ജയിംസ് എസ്. കെംപെർ ഫൗണ്ടേഷൻ സ്കോളർ തുടങ്ങി നിരവധി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും ഗീതാ ഗോപിനാഥിന് ലഭിച്ചിട്ടുണ്ട്.നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് പുസ്തകങ്ങളുടെ രചനയിലാണിപ്പോൾ. ഹാർവാഡിൽ അനവധി വിദ്യാർഥികൾ അവർക്ക് കീഴിൽ ഗവേഷണം നടത്തിയിട്ടുണ്ട്. കേരളത്തിൽ 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായി.[4]

അവലംബം[തിരുത്തുക]

  1. Professor Gopinath
  2. Harvard's newest India Connection
  3. Q&A: Gita Gopinath, Professor of Economics, Harvard University
  4. 4.0 4.1 "India-born Gita Gopinath appointed IMF chief economist". www.indiatoday.in. ശേഖരിച്ചത് 2018-10-02.
"https://ml.wikipedia.org/w/index.php?title=ഗീതാ_ഗോപിനാഥ്&oldid=2950456" എന്ന താളിൽനിന്ന് ശേഖരിച്ചത്