ഗബ്രിയേൽ ടെറാ
ഗബ്രിയേൽ ടെറാ | |
---|---|
President of Uruguay | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | August 1, 1873 ഉറുഗ്വേ |
മരണം | സെപ്റ്റംബർ 15, 1942 ഉറുഗ്വേ, Montevideo | (പ്രായം 69)
ദേശീയത | Uruguayan |
രാഷ്ട്രീയ കക്ഷി | Colorado Party |
പങ്കാളി | María Marcelina Ilarraz Miranda |
അൽമ മേറ്റർ | Universidad de la República |
ജോലി | Politician, lawyer |
ഗബ്രിയേൽ ടെറാ ഉറുഗ്വേയുടെ മുൻ പ്രസിഡന്റായിരുന്നു (1931-38). 1873 ഓഗസ്റ്റ് 1-ന് മൊണ്ടെവിഡിയോയിൽ ജനിച്ചു.
ജീവിതരേഖ
[തിരുത്തുക]മൊണ്ടെവിഡിയോ സർവ്വകലാശാലയിൽനിന്ന് 1895-ൽ നിയമബിരുദം സമ്പാദിച്ചു. പിന്നീട് ഇദ്ദേഹം ഈ സർവകലാശാലയിൽതന്നെ നിയമാധ്യാപകനായി ജോലി നോക്കി. ഉറുഗ്വേയിലെ ഭരണകക്ഷിയായ കൊളറാഡോ പാർട്ടിയിൽ ഇദ്ദേഹം അംഗമായിരുന്നു. നാഷണൽ കോൺഗ്രസിൽ (നിയമസഭ) ഇദ്ദേഹം നിരവധി വർഷം അംഗമായിരുന്നിട്ടുണ്ട്.
ഉറൂഗ്വേയുടെ പ്രസിഡന്റ്
[തിരുത്തുക]1931-ൽ ഇദ്ദേഹം ഉറുഗ്വേയുടെ പ്രസിഡന്റായി. അക്കാലത്തുണ്ടായ ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് ഇദ്ദേഹം 1933 മാർച്ച് 31-ന് നാഷണൽ കോൺഗ്രസിനെയും ദേശീയ ഭരണസമിതിയെയും (എക്സിക്യൂട്ടീവിനെ നിയന്ത്രിക്കാൻ 1919-ലെ ഭരണഘടനയനുസരിച്ച് രൂപവത്ക്കരിച്ചിരുന്ന സമിതി) പിരിച്ചുവിട്ട് സ്വന്തം നിലയിൽ ഭരണം നിയന്ത്രിച്ചുതുടങ്ങി. ഉറുഗ്വേയ്ക്കുണ്ടായിരുന്ന ജനാധിപത്യസ്ഥിരതയ്ക്ക് ഇതോടെ ഭംഗമുണ്ടായി.
പുതിയ ഭരണഘടന ഉണ്ടാക്കി
[തിരുത്തുക]1919-ലെ ഭരണഘടന റദ്ദുചെയ്തുകൊണ്ട് പുതിയ ഒരു ഭരണഘടനാസമിതിയെ നിയോഗിക്കുകയും 1934-ൽ പുതിയ ഭരണഘടനയുണ്ടാക്കുകയും ചെയ്തു. ഇതനുസരിച്ച് എക്സിക്യൂട്ടീവ് അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമായിരുന്നു. പ്രസിഡന്റിനെ സഹായിക്കാൻ ഒരു മന്ത്രിസഭയ്ക്കും രുപം നൽകി. 1934-ൽ രണ്ടാമതു തവണയും ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1935-ലെ ഒരു അട്ടിമറി ശ്രമം ഇദ്ദേഹം പരാജയപ്പെടുത്തി. മുൻ പ്രസിഡന്റായിരുന്ന ബാറ്റ്ലി വൈ ഒർദോനെസ് തുടങ്ങിവച്ച ജനക്ഷേമകരമായ സാമൂഹ്യവൽക്കരണ പരിപാടികൾ ഇദ്ദേഹവും തുടർന്നു. 1938 വരെ ഇദ്ദേഹം പ്രസിഡന്റായിരുന്നു. 1942 സെപ്റ്റംബർ 15-ന് മൊണ്ടെവിഡിയോയിൽ അന്തരിച്ചു.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെറാ, ഗബ്രിയേൽ (1873-1942) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |