ക്രിസ്തുവിന്റെ ആറാം തിരുമുറിവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1986-ൽ അവതരിപ്പിക്കപ്പെട്ട ഒരു മലയാളനാടകമാണ് ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. മലയാളം തീയേറ്റർ ആക്ടിവിസ്റ്റായിരുന്ന പി.എം. ആന്റണി കസൻ‌ദ്സക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയെ ആധാരമാക്കിയാണ് ഈ നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്[1].

സൂര്യകാന്തി തിയറ്റേഴ്​സിന്റെ ബാനറിൽ അവതരിപ്പിക്കപ്പെട്ട നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും സർക്കാർ ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. വിവാദത്തെത്തുടർന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുളള ചർച്ചകൾ കേരളത്തിൽ ആദ്യമായി സജീവമായി. 1986-ൽ ആലപ്പുഴയിലെ ഏതാനും അരങ്ങുകൾക്കുശേഷം തൃശൂർ നഗരത്തിൽ അവതരിപ്പിക്കാനിരിക്കെയാണ് സഭ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

വിമോചന സമരത്തിന് ശേഷം സഭ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ ഏറ്റവും ശക്തമായ ഇടപ്പെട്ട സന്ദർഭം കൂടിയായിരുന്നു ഇത്.നാടകം പത്തിലേറെ അരങ്ങുകളിൽ ബുക്ക് ചെയ്തിരുന്നു. കോടതി ആദ്യം നാടകത്തിനനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. മൂന്നിടത്ത് നാടകം കളിക്കാൻ അനുമതി കിട്ടി. ആലപ്പുഴയിൽ സുഗതൻ സ്മാരക ഹാളിലും, വലപ്പാട്ടും, തൃശൂരിലും നാടകം കളിക്കാനായി. പക്ഷെ സഭയും പളളിക്കാരും പ്രതിഷേധവും പ്രകടനവുമൊക്കെ സംഘടിപ്പിച്ചു. ക്രമസമാധാനം തകരുമെന്നു പറഞ്ഞു നാടകം കളിക്കുന്ന ജില്ലയിലെ ഡെപ്യൂട്ടി കളക്ടർമാർ നാടകം നിരോധനം ഏർപ്പെടുത്തി. അടുത്ത ജില്ലയിൽ പോകുമ്പോൾ അവിടെയും നിരോധനം. ഇങ്ങനെ ആലപ്പുഴയൊഴിച്ച് കേരളം മൊത്തത്തിൽ നാടകം നിരോധിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ മലയാളികൾ അവിടെ നാടകം അവതരിപ്പിക്കാൻ ക്ഷണിച്ചെങ്കിലും കന്യസ്ത്രീകളും അച്ചൻമാരും നാടകത്തിനെതിരെ രംഗത്തെത്തിയതിനെ തുടർന്ന് അവിടെയും നിരോധിക്കപ്പെട്ടു.

സംഘാടകർ ബോംബെ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. ഇന്ത്യ മുഴുവൻ നിരോധനമായിരുന്നു സുപ്രീം കോടതി വിധി[2]. നാടകത്തിൽ യേശുക്രിസ്തു മഗ്ദലന മറിയത്തെ പ്രേമിച്ചിരുന്നതായുള്ള വ്യാഖ്യാനം സഭാവിശ്വാസത്തിന് എതിരാണെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് മാർ ആർച്ച് ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലിയും തൃശൂരിൽ നടത്തി. സമരം വ്യാപകമായപ്പോൾ സർക്കാർ നാടകം നിരോധിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഏറ്റവും ഗൗരവതരമായ ചർച്ച ഉയർന്നുവരാൻ ഇടയാക്കിയതും ആറാം തിരുമുറിവിന്റെ നിരോധനമായിരുന്നു. ആവിഷ്കാര സ്വാതന്ത്യ കൺവൻഷൻ തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ചതും ഇതേത്തുടർന്നായിരുന്നു. ഗദ്ദർ ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ പോരാളികളും സാംസ്കാരിക പ്രവർത്തകരും ഈ കൺവൻഷനിൽ പങ്കെടുത്തു[3]. തിരുമുറിവ് നാടക വിവാദം പ്രമേയമാക്കി ജോസ് ചിറമ്മലാണ് "കുരിശിന്റെ വഴി" എന്ന തെരുവുനാടകവുമായി രംഗത്തു വന്നത്. ഇത് സാമുദായിക മൈത്രിയെ ഹനിക്കുന്നതാണെന്ന് പറഞ്ഞ് നാടക പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാദകാരണം[തിരുത്തുക]

ക്രൈസ്തവർ ക്രിസ്തുവിന്റെ ശരീരത്തിൽ അഞ്ചു തിരുമുറിവുകൾ ഉണ്ടെന്നു വിശ്വസിക്കുന്നു. എന്നാൽ നാടകത്തിൽ ക്രിസ്തുവിന്റെ ഹൃദയത്തിലും ഒരു മുറിവ് സംഭവിച്ചെന്നും അങ്ങനെ ആറ് മുറിവുകൾ ക്രിസ്തുവിന്റെ ശരീരത്തിലുണ്ടെന്നു നാടകത്തിൽ വ്യഖ്യാനിക്കുന്നു. ഇതാണ് വിവാദകാരണമായി മാറിയത്.

നാടകത്തിന്റെ ചുവർ പരസ്യങ്ങൾ[തിരുത്തുക]

കേരളത്തിലങ്ങോളമിങ്ങോളം നാടകത്തെക്കുറിച്ചുള്ള ചുവർ പരസ്യങ്ങൾ റിഹേഴ്​സൽ കാലത്തേ നാടകത്തെ ശ്രദ്ധേയമാക്കി
ദൈവ പുത്രനല്ലാത്ത യേശു
ഒറ്റുകാരനല്ലാത്ത ജൂദാസ്
വേശ്യയല്ലാത്ത മറിയം
കൊളളക്കാരനല്ലാത്ത ബറാബാസ് എന്നായിരുന്നു നാടകത്തെക്കുറിച്ചുളള പരസ്യവാചകം.[4]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-24. Retrieved 2011-12-23.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-23. Retrieved 2011-12-23.
  3. http://www.deshabhimani.com/newscontent.php?id=98963
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-23. Retrieved 2011-12-23.