കെ.വി. രാമൻ ഇളയത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.വി. രാമൻ ഇളയത്
ജനനം1894
പാലക്കുഴ, കൂത്താട്ടുകുളം, എറണാകുളം ജില്ല,
മരണം1967
അയ്യന്തോൾ, തൃശ്ശൂർ ജില്ല,

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നവോത്ഥാന കേരളത്തിന് വിസ്മരിക്കാൻ കഴിയാത്ത പേരുകളിലൊരാളാണ് കെ.വി. രാമൻ ഇളയത്. വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുത്ത് അദ്ദേഹം കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ കണ്ണിൽ, സവർണ്ണർ ചേർന്ന് ചുണ്ണാമ്പെഴുതിപ്പിടിപ്പിച്ചത് സത്യാഗ്രഹ സമരചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു.

എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗത്ത്, കൂത്താട്ടുകുളത്ത് പാലക്കുഴയിലെ കീഴേട്ടില്ലം അക്കാലത്ത് നാട്ടിലെ ഏറ്റവും സമ്പന്നമായ ജന്മി കുടുംബങ്ങളിൽ ഒന്നായിരുന്നു. സ്വാഭാവികമായും പഴകി ജീർണ്ണിച്ച വിശ്വാസങ്ങളുടെയും കാലഹരണപ്പെട്ട ആചാരങ്ങളുടെയും തടവറയിലായിരുന്നു രാമൻ ഇളയത് ജനിച്ച് വളർന്നത്. എന്നാൽ യൗവ്വനാരംഭത്തിൽ തന്നെ തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളെ കഠിനമായി വെറുത്തിരുന്ന അദ്ദേഹം,  യാഥാസ്ഥിതികത്വത്തിന്റെ ഉഗ്രശാസനകളെ ധിക്കരിച്ചുകൊണ്ട് സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങളിൽ ഇടപെടുവാൻ തുടങ്ങി.

അക്കാലത്ത് യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളുമായി നാട്നീളെ ചുറ്റിസഞ്ചരിച്ചിരുന്ന കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് പാലക്കുഴയിലെ കീഴേട്ടില്ലത്ത് വരികയും രാമനിളയതുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. കുരൂറുമായി ഉണ്ടായിരുന്ന അടുപ്പവും അനാചാരങ്ങളോടുള്ള ശക്തമായ എതിർപ്പുമാണ് രാമനിളയതിനെ വൈക്കത്തെത്തിച്ചതും സത്യാഗ്രഹസമരത്തിലെ മുന്നണിപ്പോരാളികളിൽ ഒരാളാക്കിമാറ്റിയതും.

1924 ജൂൺ 27 ന് ഒരു സംഘം സന്നദ്ധഭടന്മാരുമായി സത്യാഗ്രഹമനുഷ്ഠിക്കാൻ വൈക്കം ക്ഷേത്രത്തിന്റെ തെക്കേനടയിലേക്ക് നടന്ന് പോകുന്നതിനിടയിലായിരുന്നു രാമനിളയതിന് നേരെ ആക്രമണം ഉണ്ടായത്. അഹിംസാമാർഗ്ഗത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ഗാന്ധിയനായ അദ്ദേഹത്തെ വഴിയിൽ തടഞ്ഞ്നിർത്തി മർദ്ദനത്തിനിരയാക്കിയ ശേഷം ബലമായി പിടിച്ച് കണ്ണിൽ ചുണ്ണാമ്പെഴുതുകയാണുണ്ടായത്. 1924 ജൂലൈ 3 ന് മഹാത്മാഗാന്ധി ‘യംഗ് ഇൻഡ്യ’ യിൽ ഇൗ സംഭവത്തെ ശക്തമായി അപലപിക്കുകയും രാമനിളയതിന്റെ ധീരതയേയും ത്യാഗത്തേയും പ്രകീർത്തിച്ചുകൊണ്ട് എഴുതുകയും ചെയ്തിരുന്നു.

പൊള്ളിയ കണ്ണുകളുമായി വേദന കടിച്ചമർത്തി സത്യാഗ്രഹാശ്രമത്തിൽ തന്നെ കഴിഞ്ഞുകൂടിയ അദ്ദേഹം സമരരംഗത്ത് നിന്ന് മടങ്ങിപ്പോകാൻ കൂട്ടാക്കിയില്ല. സത്യാഗ്രഹാശ്രമത്തിൽ തന്നെ താമസിച്ചിരുന്ന അദ്ദേഹത്തെ ആശ്രമത്തിലെ  വൈദ്യനായിരുന്ന ശ്രീ രാമനാഥനാണ് ചികിത്സിച്ചിരുന്നത്. ദീർഘനാളത്തെ ചികിത്സയും പരിചരണവും കൊണ്ട് വേദന ശമിച്ചെങ്കിലും ഒരു കണ്ണിന്റെ കാഴ്ചശക്തി പൂർണ്ണമായും തിരിച്ച് കിട്ടിയിരുന്നില്ല.

ഒടുവിൽ സത്യാഗ്രഹാശ്രമത്തിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിലെ അദ്ദേഹം അയിത്തോച്ഛാടനം, ഖാദിപ്രചാരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ദളിതരായതിന്റെ പേരിൽ വിദ്യാലയപ്രവേശനം ലഭിക്കാതെപോയ കുട്ടികളെ തേടിപ്പിടിച്ച് അവർക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഹരിജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ഇളയത് സ്വന്തം ഇല്ലപ്പറമ്പിൽ ഒരു സംവിധാനം ഉണ്ടാക്കിയെടുത്തു. ഇൗ സ്കൂളിന്റെ ഉദ്ഘാടനത്തിന് അയ്യങ്കാളിയെ ക്ഷണിച്ചുകൊണ്ട് വന്നിരുന്നു. അവിടെ പഠിക്കാൻ വന്നിരുന്ന കുട്ടികൾക്ക് സ്ളേറ്റും പെൻസിലും മാത്രമല്ല ആഹാരവും വസ്ത്രവുംവരെ ഇല്ലത്ത് നിന്ന് സൗജന്യമായിട്ടായിരുന്നു നൽകിയിരുന്നത്. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടന്ന മിശ്രഭോജനത്തിന്റെ ചുവട് വിടിച്ച് അത്തരം സമരങ്ങളും ഇളയതത് സംഘടിപ്പിക്കുകണ്ടായി.

1937 ൽ ഗാന്ധിയുടെ കേരള സന്ദർശത്തിനിടയിൽ രാമനിളയത് അദ്ദേഹത്തെ കണ്ട് സംഭാഷണം നടത്തി. ഗാന്ധിയെ സന്ദർശിക്കാൻപോയ ഇളയത് മൂത്തമകൻ വാസുദേവനെയും കൂടെക്കൊണ്ടുപോയിരുന്നു. സന്ധ്യാസമയത്ത് ആയിരുന്നു ആ കൂടിക്കാഴ്ച. രാമനിളയതിന്റെ ആഗ്രഹമനുസരിച്ച് മകൻ വാസുദേവനെ പൂണൂൽ അണിയിച്ച് ഉപനയനം ചെയ്തത് ഗാന്ധിജിയായിരുന്നു. അബ്രാഹ്മണനായ ഗാന്ധിജിയെക്കൊണ്ട് ഉപനയനം ചെയ്യിച്ച നടപടിയിലൂടെ പൗരോഹിത്യ സംവിധാനത്തിലെ ജാതിമേധാവിത്വത്തെ ചോദ്യം ചെയ്യുകയാണ് രാമൻ ഇളയത് ചെയ്തത്. തുടർന്ന് ഇനി എന്ത് പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് ഉദ്ദേശമെന്ന് അദ്ദേഹത്തോട് ഗാന്ധിജി ചോദിക്കുകയുണ്ടായി. ജീവിതാന്ത്യംവരെ അയിത്തോച്ഛാടനത്തിനും ഹരിജനോദ്ധാരണത്തിനും വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നായിരുന്നു ഇളയതിന്റെ മറുപടി.

യാഥാസ്ഥിതികരായിരുന്ന ചില സ്വസമുദായഗംങ്ങളിൽ നിന്നുള്ള എതിർപ്പുകൾ താങ്ങാവുന്നതിലധികം വർദ്ധിച്ചുവന്നു. ഒടുവിൽ വസ്തുവകകൾ വിറ്റ് കുടുംബസമേതം തൃശൂരിനടുത്ത് കൂറ്റൂരിലേക്ക് അദ്ദേഹം താമസം മാറ്റി.

അവിടെ താമിസക്കുന്ന കാലത്ത് സാമ്പത്തിക പ്രയാസങ്ങൾമൂലം ഏറെ കഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ദുരിതജീവിതം അറിഞ്ഞ് കെ. കേളപ്പൻ കോഴിക്കോട്ട് ഖാദി കേന്ദ്രത്തിൽ ജോലി നൽകുകയും കുടുംബത്തോടൊപ്പം അവിടെ താമസിക്കാൻ സൗകര്യം നൽകുകയും ചെയ്തു. പിന്നീട് കേളപ്പൻ മുൻകയ്യെടുത്ത് നിലമ്പൂർ ഭൂദാന കോളനിയിൽ സ്ഥലം നൽകി. അങ്ങനെ ഇളയത് താമസം നിലമ്പൂരിലേക്ക് മാറ്റി. അവിടെയും ഏറെക്കാലം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

1967 ൽ 73-ാമത്തെ വയസ്സിൽ ആണ് അദ്ദേഹം അന്തരിക്കുന്നത്. തൃശൂർ മുനിസിപ്പാലിറ്റിയുടെ ലാലൂരിലുള്ള പൊതുശ്മശാനത്തിൽ മൃതശരീരം സംസ്കരിച്ചു. അടുത്ത ബന്ധുക്കളെ കൂടാതെ ചിരകാല സുഹൃത്തായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും ആ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വൈക്കത്ത് ഇ.വി രാമസ്വാമി നായ്ക്കരുടെ സ്മാരകത്തിൽ തമിഴ്നാട് സർക്കാർ സ്ഥാപിച്ചിട്ടുള്ള ശിലാഫലകത്തിൽ സത്യാഗ്രഹസമരത്തിലെ പ്രമുഖ നേതാക്കളുടെ പേരുകൾക്കൊപ്പം രാമനിളയതിന്റെ പേരും അടയാളപ്പെടുത്തിയിട്ടുണ്ട്. രാമനിളയതിന്റെ ജന്മനാടാ പാലക്കുഴ പഞ്ചായത്തിലെ ഉപ്പുകണ്ടം പബ്ലിക് ലൈബ്രറിയാണ് ആദ്യമായി അദ്ദേഹത്തിന്റെ പേരിൽ ഒരു ഹാൾ നിർമ്മിക്കുകയും ഫോട്ടോ അനാച്ഛാദനം നടത്തുകയും ചെയ്തിട്ടുള്ളതാണ്. പിന്നീട് പാലക്കുഴ പഞ്ചായത്തിലെ ലൈബ്രറി രാമനിളയതിന്റെ പേരിൽ പുനർനാമകരണം നടത്തുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. വൈക്കം സത്യാഗ്രഹ രേഖകൾ; എഡിറ്റർ അഡ്വ. പി.കെ. ഹരികുമാർ, നാഷണൽ ബുക്ക് സ്റ്റാൾ.
  2. രക്തസാക്ഷികളുടെ നാട്; ജോസ് കരിമ്പന, നാഷണൽ ബുക്ക് സ്റ്റാൾ.
  3. Greate Soul Mahatma Gandhi and His Struggle with India; Joseph Lelyveld, Harper Collins India.
  4. ജ്വലിക്കുന്ന ഓർമയായി കീഴേട്ട് രാമൻ ഇളയത് , എൽദോ ജോൺ, Saturday Apr 1, 2023, ദേശാഭിമാനി
"https://ml.wikipedia.org/w/index.php?title=കെ.വി._രാമൻ_ഇളയത്&oldid=3958111" എന്ന താളിൽനിന്ന് ശേഖരിച്ചത്