കൂത്താട്ടുകുളം മേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൂത്താട്ടുകുളം മേരി
വ്യക്തിഗത വിവരണം
ജനനം
പി.ടി.മേരി

(24-09-1921)സെപ്റ്റംബർ 1921, 24 invalid day
കൂത്താട്ടുകുളം, തിരുവിതാംകൂർ
മരണം22 ജൂൺ 2014
മുളന്തുരുത്തി
രാഷ്ട്രീയ പാർട്ടിസ്റ്റേറ്റ് കോൺഗ്രസ്സ്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിസി.എസ്സ്.ജോർജ്ജ്
മക്കൾഷൈല, ഗിരിജ,
ഐഷ, സുലേഖ

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരിൽ ഒരാളായിരുന്നു പി.ടി.മേരി എന്ന കൂത്താട്ടുകുളം മേരി (24 സെപ്തംബർ 1921 - 22 ജൂൺ 2014). സ്റ്റേറ്റ് കോൺഗ്രസ്സിലൂടെയാണ് മേരി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ രാഷ്ട്രീയരംഗത്തേക്കിറങ്ങി.[1] വിദ്യാഭ്യാസത്തിനുശേഷം ലഭിച്ച സർക്കാർ ജോലിയിൽ പ്രവേശിക്കാതെ, സാമൂഹ്യപ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചു. ഈ സമയത്താണ് കമ്മ്യൂണിസ്റ്റ് നേതാക്കളായ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്. നമ്പൂതിരിപ്പാട് എന്നിവരുമായി പരിചയപ്പെടുന്നത്.

1948-ൽ ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. പാർട്ടിയുടെ നേതാക്കളുമായി ബന്ധം കുടിപുലർത്തുകയും, ഒപ്പം തന്നെ രഹസ്യസൂക്ഷിപ്പിന്റെ കടമയേറ്റെടുക്കുന്ന ടെക് ആയി പ്രവർത്തിക്കാൻ തുടങ്ങി. കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന സി.എസ്സ്.ജോർജ്ജിനേയാണ് വിവാഹം ചെയ്തത്. 1949- ൽ പോലീസ് പിടിയിലായി. പാർട്ടിയുടെ രഹസ്യങ്ങൾ സൂക്ഷിക്കാൻ വേണ്ടി പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്കിരയായി. 1951-ൽ ജയിൽ മോചിതയായി.

ആദ്യകാല ജീവിതം[തിരുത്തുക]

1921 സെപ്തംബർ 24-നാണ് പള്ളിപ്പാട്ടത്ത് തോമസ് മേരി എന്ന പി.ടി.മേരി ജനിച്ചത്. കെ.ജെ.പത്രോസ്, സി.ജെ.ഏലിയാമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ.[2] കൂത്താട്ടുകുളത്തിനടുത്തുള്ള വടകര സെന്റ് ജോൺസ് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1857-ലെ ലഹളയെ താഴ്ത്തിക്കെട്ടുന്ന രീതിയിൽ സംസാരിച്ച അദ്ധ്യാപകർക്കെതിരേ മേരി ഉച്ചത്തിൽ ശബ്ദമുയർത്തി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സ്കൂളിലെ നേതൃത്വം മേരി സ്വമേധയാ തന്നെ ഏറ്റെടുത്തു. 1938-ൽ ദേശീയനേതൃത്വത്തിന്റെ ആഹ്വാനപ്രകാരം നടത്തിയ സമരത്തിൽ പങ്കെടുത്തതിന് മാപ്പെഴുതിക്കൊടുക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടുവെങ്കിലും മേരി അനുസരിച്ചില്ല. ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ ഷഷ്ഠിപൂർത്തിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ നിർബന്ധിത പിരിവിനെ എതിർത്ത മേരിയെ സ്കൂളിൽ നിന്നും പുറത്താക്കി.[3] പിന്നീട് സ്കൂളിൽ തിരികെ പ്രവേശിച്ച് പഠനം പൂർത്തിയാക്കുകയും, അതിനുശേഷം ടി.ടി.സി പഠനത്തിനായി തിരുവനന്തപുരത്തെ സെന്റ് റോക്സ് കോൺവെന്റിൽ ചേർന്നു.

പഠനശേഷം പി.എസ്.സി വഴി ടെലിഫോൺ വകുപ്പിൽ ജോലി ലഭിച്ചുവെങ്കിലും, അതു നിരസിച്ച് സാമൂഹ്യപ്രവർത്തനത്തിറങ്ങി പുറപ്പെട്ടു. കോട്ടയം മഹിളാ സദനത്തിൽ സന്നദ്ധപ്രവർത്തകയായി ജോലി തുടങ്ങി. കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സദനമായിരുന്നുവെങ്കിലും, അവിടുത്തെ അന്തേവാസികളെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാരായിരുന്നു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

പി.കൃഷ്ണപിള്ള, ഇ.എം.എസ്സ് തുടങ്ങിയവരുമായി പരിചയപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന തോപ്പിൽ ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ അനുവാദം നൽകാതിരുന്നതിനാൽ മേരി സദനം വിട്ടു. 1945-46 കാലത്ത് തിരുനെൽവേലിയിൽ വിമൻസ് വെൽഫെയർ ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. തിരുനെൽവേലിയിലെ താമസത്തിനിടക്കാണ് നാട്ടിൽ മേമ്മുറി സംഭവം നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായിരുന്ന മേരിയുടെ ബന്ധുകൂടിയായിരുന്ന ഡേവിഡ് രാജൻ ഒളിവിൽ താമസിച്ചത് മേരിയുടെ കൂടെയായിരുന്നു. ഇവിടെ വെച്ചാണ് മേരി മാർക്സിസത്തിന്റെ ലോകവീക്ഷണങ്ങളും, ശാസ്ത്രീയ ചിന്തകളും മനസ്സിലാക്കുന്നത്.[4]

തിരുനെൽവേലിയിലെ ഉദ്യോഗം ഉപേക്ഷിച്ച് പരിപൂർണ്ണ രാഷ്ട്രീയപ്രവർത്തനത്തിനായി കേരളത്തിലേക്കു തിരിച്ചു. പാർട്ടിയുടെ രഹസ്യസൂക്ഷിപ്പിന്റെ കടമയേറ്റെടുക്കുന്ന ടെക് ആയി മേരി പ്രവർത്തിക്കാൻ തുടങ്ങി. പാർട്ടി പ്രവർത്തനത്തിനിടക്കു പരിചയപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കൂടിയായ സി.എസ്.ജോർജ്ജിനെ വിവാഹം കഴിച്ചു. പാർട്ടിയുടെ കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറിയായി മേരി തിരഞ്ഞെടുക്കപ്പെട്ടു. ഒരു രാത്രി കമ്മിറ്റി കഴിഞ്ഞു വരുന്ന വഴി, പോലീസ് പിടിയിലായി.

അറസ്റ്റ്, ജയിൽവാസം[തിരുത്തുക]

ലോക്കപ്പിൽ വെച്ച് മേരിയെ ക്രൂരമായി മർദ്ദനത്തിനു വിധേയമാക്കി. പാർട്ടി രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചുവെങ്കിലും, പോലീസിനു അതു കിട്ടിയില്ല. പോലീസ് ലോക്കപ്പിൽ മേരിയെ നഗ്നയാക്കി നിർത്തി മർദ്ദിച്ചു. ഭർത്താവിനെ, കൺമുമ്പിൽ കൊണ്ടുവന്ന് മർദ്ദിച്ചു കൊലപ്പെടുത്തുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയിട്ടുപോലും മേരി പാർട്ടി രഹസ്യങ്ങൾ പുറത്തു പറയാൻ തയ്യാറായില്ല. മേരിയുടെ ഗുഹ്യഭാഗങ്ങളിൽ പോലീസ് ലാത്തിപ്രയോഗം നടത്തിയെന്ന്, ഒളിവിലെ ഓർമ്മകൾ എന്ന ആത്മകഥയിൽ തോപ്പിൽ ഭാസി രേഖപ്പെടുത്തിയിരിക്കുന്നു.[5]

ആറുമാസം നീണ്ട പീഡനങ്ങൾക്കൊടുവിൽ രഹസ്യങ്ങളുടെ തരിമ്പു പോലും കിട്ടാതായപ്പോൾ പോലീസ് മേരിയെ ആശുപത്രിയിൽ കൊണ്ടു ചെന്നാക്കി. പീഡനങ്ങൾക്കൊടുവിൽ വന്നു ചേർന്ന ടൈഫോയിഡായിരുന്നു കാരണം. ആശുപത്രിയിൽ കാവലിരുന്ന പോലീസുകാരനെ വെട്ടിച്ച് പുറത്തു ചാടാൻ ശ്രമിച്ചുവെങ്കിലും, ആരോഗ്യപ്രശ്നങ്ങളാൽ പിന്നീടു വേണ്ടെന്നു വച്ചു.[6]

രണ്ടു വർഷത്തെ ജയിൽവാസമായിരുന്നു കോടതി വിധിച്ച ശിക്ഷ. പറവൂർ സബ് ജയിലിലും, തിരുവനന്തപുരം സെൻട്രൽ ജയിലിലുമായിരുന്നു തടവ്. സഹോദരൻ ശിക്ഷക്കെതിരേ അപ്പീൽ നൽകിയിരുന്നുവെങ്കിലും, കോടതി ശിക്ഷ ശരിവക്കുകയായിരുന്നു.[7]

വ്യക്തിജീവിതം[തിരുത്തുക]

വനംമന്ത്രിയായിരുന്ന ബിനോയ്‌ വിശ്വത്തിന്റെ ഭാര്യ ഷൈല സി ജോർജ്ജ് ഇവരുടെ മകളാണ്. ഗിരിജ, ഐഷ, സുലേഖ എന്നിവരാണ് മറ്റ് മക്കൾ. മേരിയുടെ മാതൃസഹോദരിയായിരുന്നു കവയിത്രിയായിരുന്ന മേരി ജോൺ കൂത്താട്ടുകുളം.[8]

ആത്മകഥ[തിരുത്തുക]

കനലെരിയും കാലം

അവലംബം[തിരുത്തുക]

  • എ.വി., അനിൽകുമാർ. സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ. നാഷണൽ ബുക്ക് സ്റ്റാൾ. ISBN 978-0000-235299.
  1. ജെ., ദീപ (15-ഡിസംബർ-2012). "വിത്ത് ഫയർ ഇൻ ഹെർ ബെല്ലി". ദഹിന്ദു. ശേഖരിച്ചത് 04-മാർച്ച്-2014. Check date values in: |accessdate= and |date= (help)
  2. സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ പുറം 229
  3. സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ പുറം 230
  4. സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ പുറം 231
  5. ടി.ജി., ബിജു (20-ഒക്ടോബർ-2002). "നെഞ്ചിൽ കനവുമായി ഒരു നിശ്ശബ്ദ വിപ്ലവം". സൺഡേ മംഗളം. Check date values in: |date= (help)
  6. ജോളി, എ (മേയ്-1997). "ഒരു തീജ്ജ്വാലയുടെ ഓർമ്മക്ക്". ഗൃഹലക്ഷ്മി. Check date values in: |date= (help)
  7. സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ പുറം 228
  8. സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ പുറം 229
"https://ml.wikipedia.org/w/index.php?title=കൂത്താട്ടുകുളം_മേരി&oldid=3439091" എന്ന താളിൽനിന്ന് ശേഖരിച്ചത്