കാൾ ബാർട്ട്
കാൾ ബാർട്ട് | |
---|---|
പ്രമാണം:Karlbarth01.jpg | |
തൊഴിൽ | ദൈവശാസ്ത്രജ്ഞൻ; ഗ്രന്ഥകാരൻ |
Genre | ദൈവശാസ്ത്രം |
ശ്രദ്ധേയമായ രചന(കൾ) | റോമാക്കാർക്കെഴുതിയ ലേഖനം; ചർച്ച് ഡോഗ്മാറ്റിക്സ് |
സ്വിറ്റ്സർലണ്ടുകാരനായ ഒരു പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞനായിരുന്നു കാൾ ബാർട്ട് ( മേയ് 10, 1886 – 1968 ഡിസംബർ 10). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്തീയചിന്തകന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ ബാർട്ടിനെ തോമസ് അക്വീനാസിനു ശേഷമുള്ള ഏറ്റവും പ്രധാന ദൈവശാസ്ത്രജ്ഞനെന്ന് വിശേഷിപ്പിച്ചു.[1] ഒരു പാസ്റ്ററായുള്ള തുടക്കത്തിനുശേഷം, യൂറോപ്യൻ പ്രൊട്ടസ്റ്റന്റ് മതത്തിൽ അക്കാലത്ത് പ്രബലമായിരുന്ന സ്വതന്ത്രദൈവശാസ്ത്രത്തിൽ തനിക്കു കിട്ടിയ പരിശീലനത്തെ അദ്ദേഹം തള്ളിപ്പറഞ്ഞു.[2] അതിന്റെ സ്ഥാനത്ത് ദൈവശാസ്ത്രത്തിൽ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറക്കുകയാണ് ബാർട്ട് ചെയ്തത്. ദൈവികസത്യങ്ങളുടെ വൈരുദ്ധ്യാത്മകസ്വഭാവത്തിൽ (ഉദാഹരണമായി, മനുഷ്യരാശിയുമായുള്ള ദൈവത്തിന്റെ ബന്ധത്തിൽ കൃപയും വിധിയും ഉൾക്കൊള്ളുന്നു) ഊന്നൽ കൊടുത്തതിനാൽ ഈ പുതിയ ദൈവശാസ്ത്രം "വൈരുദ്ധ്യാത്മക ദൈവശാസ്ത്രം" (Dialectical theology) എന്ന് അറിയപ്പെട്ടു.[3] ചില വിമർശകർ അദ്ദേഹത്തെ ഒരു നവ-സ്ഥിതികതയുടെ പിതാവെന്ന് വിശേഷിപ്പിച്ചു.[2] എന്നാൽ ഈ വിശേഷണത്തെ ബാർട്ട് തള്ളിക്കളഞ്ഞു.[4] അദ്ദേഹത്തിന്റെ രചനകൾക്ക് കൂടുതൽ ചേരുന്ന വിശേഷണം, "വചനത്തിന്റെ ദൈവശാസ്ത്രം" എന്നായിരിക്കും.[5] ബാർട്ടിന്റെ ദൈവശാസ്ത്രചിന്ത, പ്രത്യേകിച്ച്, രക്ഷിക്കപ്പെടുന്നവരുടെ തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തം, ദൈവത്തിന്റെ പരമാധിപത്യത്തിന് പ്രാധാന്യം കല്പിച്ചു.
ആദ്യകാലജീവിതം
[തിരുത്തുക]സ്വിറ്റ്സർലണ്ടിലെ ബാസലിൽ ജനിച്ച ബാർട്ട് ബാല്യം കഴിച്ചത് ബേണിലാണ്. 1911 മുതൽ 1921 വരെ അദ്ദേഹം ആർഗൗ പ്രവിശ്യയിലെ സാഫൻവിൽ എന്ന ഗ്രാമത്തിൽ ഉപദേശിയായിരുന്നു. 1913-ൽ അദ്ദേഹം നെല്ലി ഹോഫ്‌മാൻ എന്ന പ്രതിഭാശാലിയായ വയലിൻവാദകയെ വിവാഹം കഴിച്ചു. അവർക്ക് നാല് ആണ്മക്കളും ഒരു പെൺകുട്ടിയും ജനിച്ചു. പിന്നീട് അദ്ദേഹം സ്വിറ്റ്സർലണ്ടിൽ തന്നെ, ഗോട്ടിഞ്ഞൻ(1921-25), മൺസ്റ്റർ(1925-30) എന്നിവിടങ്ങളിലും തുടർന്ന് ജർമ്മനിയിലെ ബോണിലും(1930-35) ദൈവശാസ്ത്രത്തിന്റെ പ്രൊഫസറായി. ഗോട്ടിഞ്ഞനിലായിരിക്കെ അദ്ദേഹം ഷാർലറ്റ് വോൺ കിർഷൻബാമിനെ കണ്ടുമുട്ടി. അവർ അദ്ദേഹത്തിന്റെ ദീർഘകാലസെക്രട്ടറിയും, സഹായിയും "ചർച്ച് ഡോഗ്മാറ്റിക്സ്" എന്ന പ്രഖ്യാതകൃതിയുടെ രചനയിൽ പങ്കാളിയും ആയി.[6] അഡോൾഫ് ഹിറ്റ്ലറോട് വിധേയത്വം പ്രഖ്യാപിക്കുന്ന പ്രതിജ്ഞ എടുക്കാൻ വിസമ്മതിച്ചതിനാൽ 1935-ൽ ബാർട്ടിന് ജർമ്മനി വിട്ടുപോകേണ്ടി വന്നു. ബാസലിലേയ്ക്കു മടങ്ങിയ ബാർട്ട്, 1962 വരെ അവിടെ അദ്ധ്യാപകനായിരുന്നു.
വിൽഹെം ഹെർമാനെപ്പോലുള്ള അദ്ധ്യാപരുടെ കീഴിൽ ജർമ്മനിയിലെ സ്വതന്ത്ര പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിൽ പരിശീലനം നേടിയിരുന്ന ബാർട്ട്, ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ആ ദൈവശാസ്ത്രത്തിനെതിരെ കലാപമുയർത്തി. ആ കലാപത്തിനു പിന്നിൽ പല കാരണങ്ങളും ഉണ്ടായിരുന്നു. ജർമ്മനിയിലും സ്വിറ്റ്സർലണ്ടിലും ഹെർമൻ കുട്ടറെപ്പോലുള്ളവർ നേതൃത്വം കൊടുത്ത ധാർമ്മികസമാജവാദ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയും, ക്രിസ്റ്റഫ് ബ്ലുംഹാർട്ടിന്റേയും സോറൻ കീർക്കെഗാഡിന്റേയും മറ്റും ആശയങ്ങൾ പിന്തുടർന്ന ബിബ്ലിക്കൽ യാഥാർത്ഥ്യവാദത്തിന്റേയും, ഫ്രാൻസ് ഓവർബെക്കിന്റെ സന്ദേഹാത്മകചിന്തയുടേയും സ്വാധീനവും ആ കാരണങ്ങളിൽ ചിലതാണ്.
എന്നാൽ ബാർട്ടിന്റെ പുതിയ നിലപാടിന് ഏറ്റവും പ്രധാന കാരണമായത്, ജർമ്മനിയുടെ യുദ്ധലക്ഷ്യങ്ങൾക്ക് സ്വതന്ത്രദൈവശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ഗുരുക്കന്മാർ കൊടുത്ത പിന്തുണയായിരുന്നു. ജർമ്മൻ യുദ്ധലക്ഷ്യങ്ങളെ പിന്തുണച്ച്, "പരിഷ്കൃതലോകത്തോട്, 93 ജർമ്മൻ ബുദ്ധിജീവികൾക്ക് പറയാനുള്ളത്"[7] എന്ന പേരിൽ 1914-ൽ ഇറങ്ങിയ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ ഗുരു അഡോൾ വോൺ ഹാർനാക്കും ഒപ്പിട്ടിരുന്നു. പരിഷ്കൃമനുഷ്യരുടെ സംസ്കാരത്തിന്റെ സുന്ദരശൈലികളും അനുഭവങ്ങളുമായി ദൈവത്തെ ഗാഢമായി കൂട്ടിയിണക്കാൻ പ്രവണത കാട്ടിയ ദൈവശാസ്ത്രമാണ്, ആ സംസ്കാരത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ളതായി കരുതപ്പെട്ട യുദ്ധത്തിന് ദൈവത്തിന്റെ പിന്തുണ അവകാശപ്പെടുന്ന സ്ഥിതിയിലേയ്ക്ക് ദൈവശാസ്ത്രജ്ഞന്മാരെ വഴിതെറ്റിച്ചതെന്ന് ബാർട്ട് കരുതി. ബാർട്ടിന്റെ ആദ്യകാലദൈവശാസ്ത്രം പത്തൊൻപതാം നൂറ്റാണ്ടിൽ ഏറെ പ്രബലമായിരുന്ന ഫ്രീഡ്രിക്ക് ഷ്ലയർമാഖറുടെ സ്വതന്ത്ര ദൈവശാസ്ത്രത്തോടുള്ള പ്രതികരണമായിരുന്നു.
റോമാക്കാർക്കുള്ള ലേഖനം
[തിരുത്തുക]യേശുവിന്റെ കുരിശിലൂടെ സ്വയം വെളിപ്പെടുത്തിയ ദൈവം, തന്നെ മനുഷ്യന്റെ സംസ്കാരങ്ങളും നേട്ടങ്ങളും വസ്തുക്കളുമായി ബന്ധപ്പെടുത്താനുള്ള ഏതു ശ്രമത്തേയും തകിടം മറിക്കുമെന്ന് പൗലോസ് അപ്പൊസ്തോലന്റെ റോമാക്കാർക്കെഴുതിയ ലേഖനത്തിനുള്ള പ്രഖ്യാതമായ തന്റെ വ്യാഖ്യാനത്തിൽ ബാർട്ട് വാദിച്ചു. 1919-ൽ എഴുതിയ ഈ കൃതിയുടെ സമൂലം പരിഷ്കരിച്ച ഒരു പതിപ്പ് ബാർട്ട് 1922-ൽ പ്രസിദ്ധീകരിച്ചു. ഷ്ലയർമാഖറുടെ "മതത്തിന്റെ പരിഷ്കൃതവൈരികളോട്" എന്ന ഗ്രന്ഥത്തിനു ശേഷം ദൈവശാസ്ത്രത്തിൽ ഉണ്ടായ ഏറ്റവും പ്രധാന രചനയായി ഈ വ്യാഖ്യാനത്തെ പല വിമർശകന്മാരും വിലയിരുത്തി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വന്ന പതിറ്റാണ്ടുകളിൽ, സ്വന്തം ഗുരുക്കന്മാരുടെ സ്വതന്ത്രദൈവശാസ്ത്രത്തോട് പിണങ്ങിനിന്ന ഒട്ടേറെ ദൈവശാസ്ത്രജ്ഞന്മാരുമായി "വൈരുദ്ധ്യാത്മകദൈവശാസ്ത്രം" എന്ന പ്രസ്ഥാനത്തിൽ ബാർട്ട് സഹകരിച്ചു. ഈ പ്രസ്ഥാനത്തിൽ മുന്നിട്ടു നിന്ന മറ്റുള്ളവരിൽ ചിലർ റുഡോൾഫ് ബൽട്ട്മാൻ, എഡ്‌വേഡ് ടേണിസൻ, എമിൽ ബ്രണ്ണർ, ഫ്രീഡ്രിക്ക് ഗൊഗാർട്ടെൻ തുടങ്ങിയവരായിരുന്നു.
നാത്സികൾക്കെതിരെ
[തിരുത്തുക]1934-ൽ ജർമ്മനിയിലെ പ്രൊട്ടസ്റ്റന്റ് സഭകൾ നാത്സി ഭരണവുമായി സഹകരിക്കാൻ തയ്യാറെടുത്തപ്പോൾ ക്രിസ്തുമതത്തിന്റെ മേൽ നാത്സി ആശയസംഹിത അടിച്ചേല്പിക്കാനുള്ള ശ്രമത്തെ എതിർത്ത് പ്രസിദ്ധീകരിക്കപ്പെട്ട ബാർമെൻ പ്രഖ്യാപനം എന്ന രേഖയുടെ മുഖ്യശില്പി ബാർട്ട് ആയിരുന്നു. യേശുക്രിസ്തുവിനോടുള്ള സഭയുടെ പ്രതിബദ്ധത ഹിറ്റ്ലറെപ്പോലുള്ള ഇതര മേധാവികളെ(Fuhrer) ചെറുക്കാനുള്ള പ്രേരണ നൽകേണ്ടതാണെന്ന് അതിൽ ബാർട്ട് വാദിച്ചു. ഈ പ്രഖ്യാപനം ബാർട്ട് നേരിട്ട് ഹിറ്റ്ലർക്ക് അയച്ചുകൊടുത്തു. വിശ്വാസപ്രഖ്യാപന സഭ എന്ന പുതിയ പ്രസ്ഥാനത്തിന്റെ അടിസ്ഥാനരേഖകളിൽ ഒന്നായി ഈ പ്രഖ്യാപനം. പുതിയ പ്രസ്ഥാനത്തിന്റെ 'ബ്രൻഡറാറ്റ്' എന്നു പേരായ നേതൃസഭയിലേയ്ക്ക് ബാർട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഹിറ്റ്ലറോട് വിധേയത്വം പ്രഖ്യാപിക്കാൻ വിസമ്മതിച്ചതിനാൽ ബോൺ സർവകലാശാലയിലെ പ്രൊഫസർ സ്ഥാൻ ഉപേക്ഷിക്കാൻ ബാർട്ട് നിർബ്ബന്ധിതനായി. അമേരിക്കൻ ദൈവശാസ്ത്രജ്ഞനും പത്രലേഖകനുമായ എസ്. പാർക്ക്സ് കാഡ്മാൻ, ന്യൂയോർക്ക് ടൈംസ് പത്രത്തിൽ എഴുതിയ ഒരു ലേഖനത്തിൽ ഹിറ്റലറോട് വിധേയത്വം പ്രഖ്യാപിക്കുന്നതിനു പകരം രാജിവയ്ക്കാനുള്ള ബാർട്ടിന്റെ തീരുമാനത്തെ പുകഴ്ത്തി.[8] തുടർന്ന് ബാർട്ട് തന്റെ ജന്മനാടായ സ്വിറ്റ്സർലണ്ടിലേയ്കു മടങ്ങി ബാസൽ സർവകലാശാലയിൽ ദൈവശാസ്ത്രത്തിന്റെ പ്രൊഫസറായി. ആ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിനിടെ നടന്ന ചോദ്യോത്തരവേളയിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യം സ്വിറ്റ്സർലണ്ടിന് ദേശീയപ്രതിരോധം ആവശ്യമുണ്ടോ എന്നായിരുന്നു: "ഉണ്ട്, പ്രത്യേകിച്ച് (ജർമ്മനിയുമായുള്ള) പടിഞ്ഞാറൻ അതിർത്തിയിൽ!" എന്നായിരുന്നു ബാർട്ടിന്റെ മറുപടി. 1938-ൽ ചെക്കോസ്ലോവാക്യക്കാരൻ സഹപ്രവർത്തകൻ ജോസഫ് ഹ്രോമാഡ്‌ക്കക്കെഴുതിയ ഒരു കത്തിൽ, നാത്സികൾക്കെതിരെ പോരാടുന്നവരുടെ യുദ്ധം ക്രിസ്തീയമൂല്യങ്ങൾക്കുവേണ്ടിയാണ് എന്ന് ബാർട്ട് എഴുതി.
ചർച്ച് ഡോഗ്മാറ്റിക്സ്
[തിരുത്തുക]ബാർട്ടിന്റെ ദൈവശാസ്ത്രത്തിന്റെ ഏറ്റവും സമർത്ഥവും ദീർഘവുമായ അവതരണം, പതിമൂന്നു വാല്യങ്ങളായി എഴുതിയ "ചർച്ച് ഡോഗ്മാറ്റിക്സ്" എന്ന നായകശില്പമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവശാസ്ത്രരചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ കൃതി ദൈവശാസ്ത്രജ്ഞനെന്ന നിലയിലെ ബാർട്ടിന്റെ നേട്ടങ്ങളുടെ മകുടമായിരുന്നു. വെളിപാട്, ദൈവം, സൃഷ്ടി, പാപപരിഹാരം എന്നിങ്ങനെ നാലു പ്രധാന മേഖലകളാണ് ഗ്രന്ഥം കൈകാര്യം ചെയ്യുന്നത്. 'മനുഷ്യരക്ഷ' എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു ഭാഗം കൂടി ഗ്രന്ഥത്തിൽ ഉൾപ്പെടുത്താൻ ബാർട്ട് ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ ആ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.
യുദ്ധാനന്തരം
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുദ്ധത്തിനുള്ള ഉത്തരവാദിത്ത്വത്തെ സംബന്ധിച്ച ജർമ്മൻ പശ്ചാത്താപത്തേയും, നാത്സി ഭരണത്തോടു സഹകരിച്ച ജർമ്മൻ സഭകൾ വിദേശസഭകളുമായി രമ്യപ്പെടുന്നതിനേയും പിന്തുണച്ച മുഖ്യസ്വരങ്ങളിലൊന്ന് ബാർട്ടിന്റേതായിരുന്നു. ഹാൻസ് ജോവാക്കീം ഐവാണ്ടിനൊപ്പം 1947-ൽ അദ്ദേഹം രചിച്ച "ഡാംസ്റ്റാർട്ട് പ്രഖ്യാപനം", 1945-ൽ ജർമ്മനിയിലെ ഇവാഞ്ചലിക്കൽ സഭകൾ പുറപ്പെടുവിച്ച "സ്റ്റട്ട്ഗാർട്ട് കുറ്റസമ്മതപ്രഖ്യാപനത്തേക്കാൾ" ഏറെ മുന്നോട്ടുപോയി. സമാജവാദവിരുദ്ധവും യാഥാസ്ഥിതികവുമായ ശക്തികളുടെ പക്ഷം ചേരാനുള്ള തീരുമാനമാണ് നാത്സി ആശയസംഹിതക്കു മുന്നിൽ സഭയെ ദുർബ്ബലമാക്കിയത് എന്ന് ആ രേഖ വാദിച്ചു. കിഴക്കും പടിഞ്ഞാറും തമ്മിൽ അപ്പോൾ രൂപമെടുത്തുകൊണ്ടിരുന്ന ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പാശ്ചാത്യനാടുകളിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആ പ്രസ്താവനയെ എതിർക്കുകയും പുനരായുധീകരണത്തിനു വേണ്ടി നിലകൊണ്ട ജർമ്മനിയിലെ "ക്രിസ്തീയജനാധിപത്യസഖ്യത്തെ" (Christian Democratic Union) പിന്തുണക്കുകയും ചെയ്തു. കിഴക്കൻ ജർമ്മനിയിലെ വിമതന്മാരും, കമ്മ്യൂണിസത്തിന്റെ അപകടത്തെ ആ പ്രഖ്യാപനം വേണ്ടപോലെ പ്രതിഭലിപ്പിക്കുന്നില്ല എന്നു വാദിച്ച് അതിനെ എതിർത്തു. 1950-കളിൽ ബാർത്ത് സമാധാനവാദികളെ പിന്തുണക്കുകയും ജർമ്മൻ പുനരായുധീകരണത്തെ എതിർക്കുകയും ചെയ്തു.
1960-ൽ ക്രിസ്തീയശതകം എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിൽ താൻ കമ്മ്യൂണിസ്റ്റ് പക്ഷപാതിയല്ലെന്നും കമ്മ്യൂണിസത്തിനു കീഴിയിൽ ജീവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ബാർട്ട് വ്യക്തമാക്കി. അതേസമയം പാശ്ചാത്യരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്വിരുദ്ധരുടെ നിലപാടിനോടുള്ള തന്റെ വിയോജിപ്പ് അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി: "കഴിഞ്ഞ 15 വർഷങ്ങളായി പടിഞ്ഞാറൻ രാജ്യങ്ങളിൽ പലരും എടുക്കുന്ന നിലപാടുകൾക്ക് രാജനീതിയിലോ ക്രിസ്തുമതത്തിലോ എന്തു ന്യായീകരണമാണ് കണ്ടെത്താനാവുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഒരു ആദർശസംഹിതയെന്ന നിലയിൽ, കമ്മ്യൂണിസത്തേക്കാൾ വെറുക്കപ്പെടേണ്ട ഒന്നായി ഞാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ കാണുന്നു."[9]
1962-ൽ അമേരിക്ക സന്ദർശിച്ച ബാർട്ട് പ്രിൻസ്റ്റൻ ദൈവശാസ്ത്ര സെമിനാരി, ചിക്കാഗോ സർവകലാശാല, യൂണിയൻ ദൈവശാസ്ത്ര സെമിനാരി, സാൻഫ്രാൻസിസ്കോ ദൈവശാസ്ത്ര സെമിനാരി എന്നിവിടങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. കത്തോലിക്കാ സഭയുടെ രണ്ടാം വത്തിക്കാൻ സൂനഹദോസിൽ അതിഥിയായി ക്ഷണിക്കപ്പെട്ട ബാർട്ട്, സൂനഹദോസിനു ശേഷം "അപ്പസ്തോലന്മാരുടെ പടിവാതിൽക്കൽ"(At the threshold of the Apostles) എന്ന പേരിൽ ഒരു ലഘുകൃതി പ്രസിദ്ധീകരിച്ചു. 1962-ൽ റ്റൈംസ് വാരിക ബാർട്ടിനെ അതിന്റെ ഒരു ലക്കത്തിലെ മുഖ്യകഥയുടെ വിഷയമാക്കിയത്, അമേരിക്കൻ സംസ്കാരത്തിന്മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനം, അക്കാദമിക-സഭാ വൃന്ദങ്ങൾക്കും അപ്പുറമെത്തി എന്നതിന്റെ സൂചനയായിരുന്നു.
ദൈവശാസ്ത്രം
[തിരുത്തുക]ദൈവവെളിപാട്
[തിരുത്തുക]സ്വതന്ത്രദൈവശാസ്ത്രത്തിൽ നഷ്ടപ്പെട്ടുപോയതായി തനിക്കു തോന്നിയ ദൈവാശ്രയബോധത്തെ പുനരുദ്ധരിക്കാൻ ബാർട്ട് ശ്രമിച്ചു. ദൈവം ദൈവത്തിന്റെ മാത്രം ആത്മജ്ഞാനത്തിന്റെ വിഷയമാണെന്നും ബൈബിളിലെ വെളിപാടുകൾ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലാണെന്നും ബാർത്ത് വാദിച്ചു. സ്വന്തം ധ്യാനത്തിലൂടെ ദൈവത്തെ അറിയാൻ അശക്തരായ മനുഷ്യർക്ക് ബൈബിളിലൂടെയുള്ള ദൈവത്തിന്റെ ഈ സ്വയം വെളിപ്പെടുത്തൽ മാത്രമാണ് ആശ്രയമായുള്ളത്. റോമാക്കാർക്കെഴുതിയ ലേഖനത്തെക്കുറിച്ചുള്ള രചനയിൽ ബാർട്ട്, ദൈവത്തിന്റെ വിധിയേയും കൃപയേയും കുറിച്ച് വാചാലനായി. മൗലികമായ തിന്മകൾ മനുഷ്യന്റെ സ്വയംഭരണവും സ്വയംപര്യാപ്തതാഭാവവുമാണെന്ന് അതിൽ അദ്ദേഹം വാദിച്ചു. അടിസ്ഥാനപരമായ പരിഹാരം ദൈവത്തിലുള്ള ആശ്രയം അംഗീകരിക്കുകയെന്നതാണ്. മനുഷ്യന് ദൈവവുമായുള്ള ബന്ധമല്ല, ദൈവവുത്തിന് മനുഷ്യനുമായുള്ള ബന്ധമാണ് വിഷയമാകേണ്ടത്. മനുഷ്യചരിത്രത്തിൽ ദൈവത്തിനുള്ള സ്ഥാനത്തെക്കുറിച്ചെന്നതിനു പകരം ദൈവത്തിന്റെ പദ്ധതിയിൽ മനുഷ്യന്റെ സ്ഥാനമെന്തെന്നാകണം അന്വേഷണം. മനുഷ്യനും ദൈവത്തിനും ഇടയിലുള്ള വിടവിന്റെ പശ്ചാത്തലത്തിൽ, യേശുവിലൂടെ ദൈവം സ്വയം മനുഷ്യന് വെളിപ്പെടുത്തി.[10]
മാനവികതാവാദവും, ആധുനികതയും മനുഷ്യന്റെ പാപാവസ്ഥയേയും മനുഷ്യനും ദൈവവും തമ്മിലുള്ള വിടവിനേയും അവഗണിക്കുന്നു. ദൈവം ഒരിക്കലും ഒരിടത്തും ലോകമായിത്തീരുന്നില്ല; ലോകം ദൈവവുമായിത്തീരുന്നില്ല. ദൈവവും ലോകവും പരസ്പരം ചേർച്ചയില്ലാത്തതാണ്. ദൈവത്തിന്റെ നിരുപമത്വം മതസിദ്ധാന്തമോ, തത്ത്വചിന്തയുടെ കണ്ടെത്തലോ അല്ല; ദൈവവെളിപാടാണ് അതിനടിസ്ഥാനം. വെളിപാട് ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലാണ്. ദൈവികദാനമായ വിശ്വാസത്തിലൂടെ മാത്രമേ അതിൽ എത്തിച്ചേരാനോക്കൂ. മനുഷ്യചിന്ത ദൈവികസത്യവുമായി ചേർന്നു പോകാത്തതിനാൽ, സൈദ്ധന്തികദൈവശാസ്ത്രജ്ഞന് സ്വന്തം നിലപാടുകളെ തത്ത്വചിന്തയുടെ മുൻപിൽ ന്യായീകരിക്കാൻ ബാദ്ധ്യതയൊന്നുമില്ല.[11] "വിശ്വാസത്തിന് അവിശ്വാസവുമായി സംവദിക്കാനാവില്ല, അതിനോട് പ്രസംഗിക്കാനേ കഴിയൂ" എന്ന് ബാർട്ട് വാദിച്ചു.
തെരഞ്ഞെടുപ്പ്
[തിരുത്തുക]ബാർട്ടിന്റെ ചിന്തയുടെ ഏറ്റവും പ്രസിദ്ധവും വിവാദപരവും ആയ അംശം രക്ഷിക്കപ്പെടുന്നവരുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള(ചർച്ച് ഡോഗ്മാറ്റിക്സ് II/2) അദ്ദേഹത്തിന്റെ സിദ്ധാന്തമാണ്. ഈ വിഷയത്തിൽ പ്രൊട്ടസ്റ്റന്റ് ചിന്തയിലെ കാൽവിനിസ്റ്റ് സരണിയുടെ നിലപാട് "ഇരട്ട മുൻതെരഞ്ഞെടുപ്പ്" (double predestination) എന്നറിയപ്പെടുന്നു. ഇതനുസരിച്ച് ദൈവം, മനുഷ്യരിൽ ഒരു വിഭാഗത്തെ ക്രിസ്തുവിലൂടെയുള്ള നിത്യരക്ഷയ്ക്കായും മറ്റുള്ളവരെ നിത്യശിക്ഷക്കായം മുന്നേ തെരഞ്ഞെടുത്തിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവരെന്നും തിരസ്കരിക്കപ്പെട്ടവരെന്നും ആണ് ഈ വിഭാഗങ്ങൾ അറിയപ്പെടുന്നത്. ആദിമുതലേയുള്ള ദൈവത്തിന്റെ നിഗൂഢനിശ്ചയമാണ് ഈ തെരഞ്ഞെടുപ്പ്. നിഗൂഢവും മാറ്റമില്ലാത്തതും, മനുഷ്യവ്യക്തികളുടെ നിത്യതയിലെ ഭാഗധേയങ്ങളെ സംബന്ധിക്കുന്നതായിരുന്നിട്ടും അവരുടെ പരിശോധനയ്ക്ക് വഴങ്ങാത്തതുമാണ് ദൈവത്തിന്റെ ഈ തീരുമാനം. ദൈവികമനസ്സിന്റെ പദ്ധതികൾക്കനുസരിച്ച് ചിലർ നിത്യഭാഗ്യത്തിനും അവശേഷിക്കുന്നവർ നിത്യശിക്ഷയ്ക്കുമായി തെരഞ്ഞെടുക്കപ്പെടുന്നു. ദൈവം ചിലരെ തെരഞ്ഞെടുക്കുകയും മറ്റുള്ളവരെ തിരസ്കരിക്കുകയും ചെയ്യുന്നതിന്റെ കാരണം അറിയാൻ മനുഷ്യന് വഴിയില്ല. ആർക്കും സ്വന്തം രക്ഷ ഉറപ്പിക്കാനാവില്ലെന്ന് കാൽവിൻ പഠിപ്പിച്ചു.
തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ബാർട്ടിന്റെ സിദ്ധാന്തം, "ആദിമുതലേയുള്ള നിഗൂഢനിശ്ചയം" എന്ന കാൽവിനിസ്റ്റ് ആശയത്തെ തള്ളിക്കളഞ്ഞു. ഈ വിഷയത്തിൽ ബാർട്ട്, അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തിന് പൊതുവായുള്ള ക്രിസ്തുകേന്ദ്രീകൃത (Christo-centric) രീതി പിന്തുടർന്നു. തെരഞ്ഞെടുപ്പിന്റെ കാര്യത്തിലുള്ള ദൈവത്തിന്റെ തീരുമാനത്തെ നിത്യതയിലെ ഒരു അനിശ്ചിതകല്പനയായി വിലയിരുത്തുന്നത്, യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ രക്ഷാദൗത്യത്തേക്കാൾ അതിന് പ്രാധാന്യം കല്പിക്കുന്നതുപോലെയാകുമെന്ന് ബാർട്ട് കരുതി. മുൻകാലങ്ങളിലെ നവീകൃതസഭാപാരമ്പര്യങ്ങളെ ആശ്രയിച്ച്, ദൈവത്തിന്റെ മാറ്റമില്ലാത്ത തീരുമാനം യേശുക്രിസ്തുവിലൂടെ മനുഷ്യരാശിയുടെ രക്ഷക്കെത്തുകയെന്നതായിരുന്നെന്ന് ബാർട്ട് വാദിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ദൈവത്തിന്റെ യഥാർത്ഥത്തിലുള്ള "ഇരട്ട മുൻതെരഞ്ഞെടുപ്പ്" യേശുക്രിസ്തുവിനെ കേന്ദ്രമാക്കിയുള്ളതാണ്. മനുഷ്യരാശിയെ തെരഞ്ഞെടുക്കാനും പാപത്തെ തിരസ്കരിക്കാനുമായിരുന്നു ആ തെരഞ്ഞെടുപ്പ്. വ്യക്തികളുടെ മുൻതെരഞ്ഞെടുപ്പിനെ സംബന്ധിച്ച അഗസ്റ്റിൻ-കാൽവിൻസിദ്ധാന്തത്തേക്കാൾ മെച്ചമാണ് ബാർട്ടിന്റെ പുതിയ സിദ്ധാന്തം എന്നു വിലയിരുത്തപ്പെട്ടെങ്കിലും[12] എമിൽ ബ്രണ്ണറും മറ്റും അതിനെ ഒരുതരം മൃദുസർവരക്ഷാവാദമെന്ന് (Soft Universalism) വിമർശിച്ചു.[13]
ഷാർലറ്റുമായുള്ള ബന്ധം
[തിരുത്തുക]ദീർഘകാലം തന്റെ സഹായിയും സെക്രട്ടറിയുമായിരുന്ന ഷാർലറ്റ് വോൺ കിർഷ്‌ബൗമുമായി ബാർട്ടിനുണ്ടായിരുന്നത് ഏറെ സങ്കീർണ്ണവും വിവാദപരവുമായ ബന്ധമാണ്. ഷാർലറ്റിനെ ബാർട്ട് ആദ്യം കണ്ടുമുട്ടുന്നത് നെല്ലി ഹോഫ്മാനെന്ന പ്രതിഭാശാലിയായ വയലിൻവാദകയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് 12 വർഷത്തിനു ശേഷമാണ്. അവർക്ക് 5 കുട്ടികളും ജനിച്ചിരുന്നു.[14] 1929-ൽ ഷാർലറ്റ്, ബാർട്ടിന്റെ അനുമതിയോടെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് താമസം മാറ്റി. "വളഞ്ഞുതിരിഞ്ഞതും എല്ലാവർക്കും ഏറെ വേദനയുണ്ടാക്കിയതും, എന്നാൽ അതിന്റേതായ നെറിവുകളും സന്തോഷങ്ങളും ഉള്ളതും" എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ ക്രമീകരണം, 35 വർഷം നീണ്ടുനിന്നു.[14] ബാർട്ടിനും, ഷാർലറ്റിനും ബാർട്ടിന്റെ ഭാര്യ നെല്ലിയ്ക്കുമിടയിൽ ഒരു ത്രികോണകുടുംബബന്ധം നിലവിൽ വന്നു. ഏറെക്കാലം നീണ്ട ഈ ക്രമീകരണം പല ബുദ്ധിമുട്ടുകൾക്കും അവസരം കൊടുത്തു. "ലോല്ലോ",[15] എന്ന് ബാർട്ട് വിളിച്ചിരുന്ന, അദ്ദേഹത്തേക്കാൽ 13 വയസ്സ് ഇളപ്പമുണ്ടായിരുന്ന ഷാർലറ്റ്, ബാർട്ടിന്റെ സഹോദരി ജെർട്രൂഡിന് 1935-ൽ എഴുതിയ കത്തിലെ വരികൾ, ഈ അവസ്ഥയുടെ ബുദ്ധിമുട്ടുകൾ ഇങ്ങനെ സൂചിപ്പിച്ചു: "കാളും നെല്ലിയും തമ്മിലുള്ള അകൽച്ച ഇതിലും മോശമാവുക വയ്യ. എന്റെ സാന്നിദ്ധ്യം ഇതിനെ ഏറെ വഷളാക്കിയിരിക്കുന്നു."
ഈ ബന്ധം ബാർട്ടിന്റെ സുഹൃത്തുകളിൽ പലരേയും അദ്ദേഹത്തിന്റെ അമ്മയേയും ഏറെ വിഷമിപ്പിച്ചു. ഇതുമൂലം കുടുംബബന്ധത്തിലുണ്ടായ സമ്മർദ്ദം ബാർട്ടിന്റെ കുട്ടികളെ ബാധിച്ചു. ബാർട്ടും ഷാർലട്ടും സെമസ്റ്റർ അവധികൾ എടുത്തുപോയി.[16] നെല്ലി വീടിന്റെയും കുട്ടികളുടേയും കാര്യത്തിൽ ശ്രദ്ധിച്ചപ്പോൾ ഷാർലറ്റ്, ബാർട്ടുമായി അക്കാദമികബന്ധം പങ്കിട്ടു. ഈ ബന്ധത്തെക്കുറിച്ചുയർന്ന വിമർശനം ബാർട്ടിനെ ബാധിച്ചിട്ടുണ്ട്. ഒരു വിമർശകൻ ഇങ്ങനെ എഴുതി: "ബാർട്ടും ഷാർലറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സാധ്യമായ ഏതുപ്രതികരണത്തിന്റേയും അവശ്യഘടകം രോഷമാണ്."[17] ബാർട്ടിന്റെ സംഭാവനകളിൽ ഷാർലറ്റിനുള്ള പങ്കിനെ ഹൻസിഞ്ഞർ ഇങ്ങനെ സംഗ്രഹിക്കുന്നു:: "ശിഷ്യ, വിമർശക, ഗവേഷക, ഉപദേഷ്ടാവ്, സഹകാരി, തോഴി, സഹായി, വക്താവ്, മനസാക്ഷി സൂക്ഷിപ്പുകാരി എന്നീ നിലകളിൽ ഷാർലറ്റ്, ബാർട്ടിന് ഒഴിവാക്കാനാവാത്തവളായിരുന്നു. അവളെക്കൂടാതെ അദ്ദേഹത്തിന് അദ്ദേഹം എന്തായിരുന്നോ അത് ആയിത്തീരാനോ, പ്രാപിച്ച നേട്ടങ്ങൾ നേടാനോ ആകുമായിരുന്നില്ല.
നുറുങ്ങുകൾ
[തിരുത്തുക]- തോമസ് അക്വീനാസിനു ശേഷമുള്ള ഏറ്റവും പ്രധാന ദൈവശാസ്ത്രജ്ഞനെന്ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ തന്നെ വിശേഷിപ്പിച്ചെന്നറിഞ്ഞ ബാർട്ട് പ്രതികരിച്ചത്, അത് മാർപ്പാപ്പാമാരുടെ തെറ്റാവരത്തെക്കുറിച്ചുള്ള (മാർപ്പാപ്പമാർക്ക് തെറ്റുപറ്റുകയില്ലെന്ന) കത്തോലിക്കാസഭയുടെ വാദത്തെ ഒരിക്കൽ കൂടി തെളിയിക്കുന്നു എന്നായിരുന്നു!
- 1954 ഡിസംബർ 2-ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയ്ക്ക് യേശു പ്രത്യക്ഷനായെന്ന വാർത്തയെ പരാമർശിച്ച്, യേശു മാർപ്പാപ്പയോട് എന്താണ് പറഞ്ഞിരിക്കുകയെന്ന്, തന്നെ സന്ദർശിക്കാനെത്തിയ യുവകത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് കങ്ങിനോട് ബാർട്ട് ചോദിച്ചു. തനിക്ക് അത് നിശ്ചയമില്ലെന്ന് കങ്ങ് മറുപടി പറഞ്ഞപ്പോൾ, മാനസാന്തരത്തിനു മുൻപ് ക്രിസ്ത്യാനികളെ പീഡിപ്പിക്കാനായി ഡമാസ്കസിലേയ്ക്കുള്ള വഴിയിൽ പോയിരുന്ന പൗലോസ് അപ്പസ്തോലന് പ്രത്യക്ഷപ്പെട്ടു ചോദിച്ചതുപോലെ[18] "പീയൂസ്, പീയൂസ്, നീ എന്തിനെന്നെ പീഡിപ്പിക്കുന്നു?" എന്ന് യേശു മാർപ്പാപ്പയോടു ചോദിച്ചിരിക്കും എന്ന് ബാർട്ട് അഭിപ്രായപ്പെട്ടു.[19]
- സ്വിറ്റ്സർലണ്ടിലെ സാഫെൻവിൽ ഗ്രാമത്തിൽ പാസ്റ്ററായിരിക്കെ തന്റെ ഇടവകപ്പള്ളിയിലെ ഒരു വൃദ്ധരോഗിയെ സന്ദർശിച്ചു ചെന്ന ബാർട്ട്, അയാൾ ഏതു പള്ളിയിലാണ് പോകുന്നതെന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു: "പാസ്റ്റർ ഞാൻ എന്നും സത്യസന്ധനായ മനുഷ്യനായിരുന്നു. ഒരിക്കലും പള്ളിയിൽ പോവുകയോ പോലീസ് കേസുകളിൽ പെടുകയോ ചെയ്തിട്ടില്ല."[20]
അവലംബം
[തിരുത്തുക]- ↑ ചർച്ച് ഡോഗ്മാറ്റിക്സ് IV.1, എഡിൻബറോ: T&T Clark, 2004.
- ↑ 2.0 2.1 ശാസ്ത്രത്തിലേയും മതത്തിലേയും പ്രശ്നങ്ങൾ (1966), ഇയാൻ ബാർബർ, പ്രെന്റൈസ്-ഹാൾ, പുറങ്ങൾ 116-119, 229, 292, 422-25, 456, 459
- ↑ Donald K. McKim, ദൈവശാസ്ത്രസംജ്ഞകളുടെ വെസ്റ്റ്മിൻസ്റ്റർ നിഘണ്ടു, പുറങ്ങൾ 76-77
- ↑ ചർച്ച് ഡോഗ്മാറ്റിക്സ് III/3, xii.
- ↑ ടി.എഫ്. ടോറൻസ് "കാൾ ബാർട്ട്: അദ്ദേഹത്തിന്റെ ആദ്യകാല ദൈവശാസ്ത്രത്തിന് ഒരാമുഖം" & ടി.എഫ്. ടോറൻസ്, "കാൾ ബാർട്ട്: ബൈബിളിന്റേയും സുവിശേഷത്തിന്റേയും ദൈവശാസ്ത്രജ്ഞൻ"
- ↑ ചർച്ച് ഡോഗ്മാറ്റിക്സ്, പ്രസാധനം. ടി. ഏഫ്. ടോറൻസ് & ജി.ഡബ്ലിയൂ. ബ്രോമിലി (1932-67; ET Edinburgh: T&T Clark, 1956-75).
- ↑ പരിഷ്കൃതലോകത്തോട് 93 ജർമ്മൻ ബുദ്ധിജീവികൾക്ക് പറയാനുള്ളത്, 1914.
- ↑ എസ്. പാർക്ക്സ് കാഡ്മാൻ (ഡിസംബർ 2, 1934). ""നാത്സികളെ ചെറുത്തതിന് ബാർട്ടിന് പ്രശംസ"". ന്യൂയോർക്ക് ടൈംസ്.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "ഇരുട്ടിന്റേയോ പ്രകാശത്തിന്റേയോ മാലാഖമാരല്ല", ക്രിസ്തീയശതകം', 20 ജനുവരി 1960, 72 മുതൽ പുറങ്ങൾ.
- ↑ ക്രിസ്തുമതത്തിന്റെ പുതിയ ചരിത്രം, വിവിയൻ ഗ്രീൻ(പുറങ്ങൾ 325-26)
- ↑ എസ്.രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും(പുറങ്ങൾ 283-87)
- ↑ ഡഗ്ലസ് കാംബെൽ, പൗലോസിന്റെ സുവിശേഷത്തിനുവേണ്ടിയുള്ള അന്വേഷണം: പിന്തുടരാവുന്ന ഒരു വഴി(എഡിൻബറോ: ടി&ട് ക്ലാർക്ക്, 2005), 42 ff24.
- ↑ എമിൽ ബ്രണ്ണർ, ദൈവത്തെ സംബന്ധിച്ച ക്രിസ്തീയസിദ്ധാന്തം: ഡോഗ്മാറ്റിക്സ്: ഒന്നാം വാല്യം, (ഫിലാഡെൽഫിയ: വെസ്റ്റ്മിൻസ്റ്റർ, 1950)
- ↑ 14.0 14.1 എസ് സെലിഗറുടെ, ഷാർലറ്റ് വോൺ കിർഷ്‌ബൗമും കാൾ ബാർട്ടും: ജീവചരിത്രവും ദൈവശാസ്ത്രചരിത്രവും സംബന്ധിച്ച പഠനം എന്ന കൃതിയ്ക്ക് ജോർജ്ജ് ജോർജ്ജ് ഹൻസിഞ്ഞർ എഴുതിയ നിരൂപണം review Archived 2007-09-27 at the Wayback Machine.
- ↑ എബർഹാർഡ് ബുഷ്ച്ച്, Karl Barths Lebenslauf, München: Kaiser, 177ff.
- ↑ Busch, Karl Barths Lebenslauf, 199.
- ↑ S. Seliger, Charlotte von Kirschbaum and Karl Barth; quoted in K. Sonderegger's review Archived 2016-02-04 at the Wayback Machine..
- ↑ അപ്പസ്തോല പ്രവർത്തനങ്ങൾ, 9:4
- ↑ ഹാൻസ് കങ്ങ്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള എന്റെ സമരം, (പുറങ്ങൾ 131-132)
- ↑ കാൾ ബാർട്ട്, Zdravko Kujundzija, 1999, Boston Collaborative Encyclopedia of Theology [1]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Center for Barth Studies Archived 2013-01-25 at Archive-It at Princeton Theological Seminary
- Barth Literature Search Project Archived 2012-03-02 at Archive.is Complete Bibliography of Literature by and about Karl Barth
- Karl Barth Reading Room Archived 2010-12-13 at the Wayback Machine., with extensive links to on-line primary and secondary sources, Tyndale Seminary.
- April 20, 1962 Time Magazine Cover story on Karl Barth Archived 2013-05-24 at the Wayback Machine.
- Karl Barth-Archiv
- Primer on Karl Barth's Church Dogmatics
- One Year With Karl Barth A year long project promoting discussion and application of Barth's Church Dogmatics.
- Article on Barth and Visual Art Archived 2013-05-27 at the Wayback Machine.
- Karl Barth: Courageous theologian article from Christianity Today