കാമശാസ്ത്രം
ഭാരതീയ സാഹിത്യത്തിൽ കാമത്തെ അഥവാ ലൈംഗികതയെക്കുറിച്ചുള്ള കൃതികളെ കൂട്ടത്തോടെ കാമശാസ്ത്രം എന്ന് വിളിക്കുന്നു. അർഥത്തെ ചാണക്യന്റെ അർഥശാസ്ത്രം കൈകാര്യം ചെയ്യുന്ന പോലെത്തന്നെ ഇവ കാമത്തെ കൈകാര്യം ചെയ്യുന്നു.
പരമശിവന്റെയും ശ്രീ പാർവതിയുടെയും കാമതയെ പറ്റിയുള്ള സംഭാഷണം കേട്ട് നന്ദികേശ്വരൻ എഴുതിയതാണെന്ന് ഐതിഹ്യമുണ്ട്.[1] 1000 അധ്യായങ്ങളുള്ള ഇതിനെ ആസ്പദമാക്കി ശ്വേതകേതു 500 അധ്യായങ്ങളുള്ള ഒരു കൃതി രചിച്ചു. ഇതിനെ ആസ്പദമാക്കി ബാഭ്രവ്യമഹർഷി 150 അധ്യായങ്ങളുള്ള ഒരു കൃതി രചിച്ചു. അതുപോലെതന്നെ സുവർണനാഭൻ, ഘോടകമുഖൻ, ഗോനർദീയൻ, ഗോണികാപുത്രൻ, കുചുമാരൻ എന്നിവരും ഇതിലെ ഓരോ വിഷയങ്ങളെക്കുറിച്ചും പ്രത്യേകം എഴുതി. പ്രാചീന ഭാരതത്തിൽ രതിയെ ഒരു പാപമായി കണക്കാക്കാതെ ചില ആത്മീയമാനങ്ങൾ കല്പിച്ചു കൊടുത്തിരുന്നതായി കാണാം. [2]
ആധുനിക കാലഘട്ടത്തിൽ ലഭ്യമായ ഏറ്റവും പഴക്കമുള്ള കൃതി വാത്സ്യായനന്റെ കാമസൂത്രമാണ്. രതിരഹസ്യം, പഞ്ചശഖ്യം, സ്മാരപ്രദീപം, രതിമഞ്ജരി, അനംഗരംഗം എന്നിവയാണ് കാമശാസ്ത്രത്തെക്കുറിച്ചുള്ള മറ്റ് ലഭ്യമായ കൃതികൾ. വത്സ്യായന കാമസൂത്രത്തിന്റെ നിരൂപണമായി യശോധരൻ എഴുതിയ ജയമംഗളവും, സൂത്രവൃത്തിയും കാമശാസ്ത്രത്തിൽപ്പെടുന്നു.[3]