ഉള്ളടക്കത്തിലേക്ക് പോവുക

കശ്യപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കശ്യപ മഹർഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്ധ്രാപ്രദേശിലെ കശ്യപൻ പ്രതിമ
വാമനൻ ,കശ്യപ മഹർഷി,അദിതി, മഹാബലി

സപ്തർഷികളിൽ ഒരു ഋഷിയാണ് കശ്യപൻ (സംസ്കൃതം:कश्यप)[1]. ദേവന്മാരുടെയും, അസുരന്മാരുടെയും, നാഗൻമാരുടെയും പിതാവ് കശ്യപ മഹർഷിയാണെന്നാണ് ഐതിഹ്യം. അഗ്നിപുത്രിയായ അദിതിയെ വിവാഹം കഴിച്ചത് കശ്യപ മഹർഷിയാണ്. ദേവന്മാരുടെ മാതാവാണ് അദിതി. മഹാവിഷ്ണുവിൻ്റെ അഞ്ചാമത്തെ അവതാരമായ വാമനൻ അദിതിയുടെ പുത്രനായിരുന്നു. കശ്യപ മഹർഷിയുടെ രണ്ടാമത്തെ ഭാര്യയാണ് ദിതി. ദൈത്യൻമാരുടെ മാതാവാണ് ദിതി. രാജാവായ ദക്ഷ പ്രജാപതിയുടെ പുത്രിമാരാണ് ദിതിയും അദിതിയും.

കശ്യപ പ്രജാപതി, ബ്രഹ്മാവിന്റെ മാനസ പുത്രനായ മരീചിയുടെ പുത്രനാണ് എന്ന് മഹാഭാരതം പറയുന്നു. കശ്യപ പത്നിമാർ ഇരുപത്തിയൊന്ന് പേർ. അവരിൽ പതിമൂന്ന് പേർ ദക്ഷപുത്രിമാർ. ആദ്യ ഭാര്യയായ അദിതിയിൽ പന്ത്രണ്ട് പുത്രന്മാർ. അവരാണ് ദ്വാദശ ആദിത്യന്മാർ. അവരിൽ നിന്നാണ് മുപ്പത്തിമുക്കോടി ദേവതകളുണ്ടായത്. ദിതി എന്ന ഭാര്യയിൽ ദൈത്യന്മാരും ദനു എന്ന ഭാര്യയിൽ ദാനവന്മാരും പിറന്നു. സുരഭിയിൽ നിന്നും ഏകാദശ രുദ്രന്മാരും വിനതയിൽ ഗരുഡനും കദ്രുവിൽ നാഗങ്ങളും ജനിച്ചു. ഇങ്ങനെ എല്ലാ കശ്യപ പത്നിമാരിൽ നിന്നുമായി നാനാജാതി ജീവജാലങ്ങൾ പിറന്നു. കദ്രു സന്തതികളായ സർപ്പങ്ങളിൽ നിന്നും വിഷമേറ്റാൽ ഭേദപ്പെടുത്തുന്നതിന് വേണ്ടി ബ്രഹ്മാവ് കശ്യപന് വിഷ സംഹാരവിദ്യ ഉപദേശിച്ചു.

ചാക്ഷുഷ മന്വന്തരത്തിൽ, സുതപസ് എന്ന മഹർഷി തന്റെ ഭാര്യയായ പൃഷ്ണിയുമായി 12,000 വർഷം കഠിന തപസ്സനുഷ്ഠിച്ചു . ഭഗവാൻ മഹാവിഷ്ണു അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട് എന്ന് വരമാണ് വേണ്ടതെന്ന് ചോദിച്ചു. മൂന്ന് ജന്മങ്ങളിൽ ഭഗവാൻ തങ്ങളുടെ മകനായി ജനിക്കണമെന്ന് അവർ അപേക്ഷിച്ചു. വിഷ്ണു സമ്മതിച്ചു. സത്യ യുഗത്തിൽ ഭഗവാൻ പൃഷ്ണിഗർഭൻ എന്ന പേരിൽ അവരുടെ മകനായി ജനിച്ചു. ധ്രുവൻ്റെ ഗുരുനാഥനായിരുന്നു അദ്ദേഹം.

അടുത്ത മന്വന്തരത്തിൽ (വൈവസ്വത മനുവിന്റെ കാലഘട്ടം) സുതപസും പൃഷ്ണിയും യഥാക്രമം കശ്യപനായും അദിതിയായും പുനർജനിച്ചു. ആ സമയത്ത് വിഷ്ണു അവരുടെ പുത്രൻ വാമനനായി ജനിച്ചു.

ക്ഷത്രിയനാശം വരുത്തി പിടിച്ചെടുത്ത ഭൂമി മുഴുവൻ പരശുരാമൻ ദാനം നൽകിയത് കശ്യപ ഋഷിയ്ക്കായിരുന്നു. എളള് എന്ന ദിവ്യമായ ധാന്യത്തിൻ്റെ പിറവി കശ്യപൻ്റെ ശരീരത്തിൽ നിന്നാണത്രെ. തിലപൂജയുടെ മാഹാത്മ്യം എക്കാലവും കശ്യപൻ്റെ സ്മരണ നിലനിർത്തും.

ഒരിക്കൽ കശ്യപൻ ഒരു യാഗം നടത്താൻ നിശ്ചയിച്ചു. എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. എന്നാൽ യാഗ പശുവിനെ മാത്രം ലഭ്യമായിരുന്നില്ല. വരുണന്റെ കാലിത്തൊഴുത്തിൽ നിന്ന് ഒരു പശുവിനെ മോഷ്ടിച്ചുകൊണ്ട് കശ്യപൻ പ്രശ്നം പരിഹരിച്ചു. കശ്യപൻ്റെ ഭാര്യമാരായ അദിതിയും സുരസയും അതിനെ ആശ്രമത്തിൽ ഒളിപ്പിച്ചു. തന്റെ പശുവിനെ മോഷ്ടിച്ചതിൽ കോപാകുലനായ വരുണൻ ബ്രഹ്മാവിനോട് പരാതിപ്പെട്ടു. പശുവിനെ മോഷ്ടിച്ച് ഒളിപ്പിച്ചതിന് ശിക്ഷയായി കശ്യപൻ ഒരു ഗോപാലകനായും അദിതിയും സുരസയും ഗോപാലകന്റെ ഭാര്യമാരായും ജനിക്കുമെന്ന് ബ്രഹ്മാവും വരുണനും ശപിച്ചു. അങ്ങനെ കശ്യപൻ വസുദേവരായി പുനർജനിച്ചു. അദിതി ദേവകിയായി. നാഗമാതാവായ സുരസ മറ്റൊരു ഭാര്യയായ രോഹിണിയായി ജനിച്ചു. ബലരാമനും ശ്രീകൃഷ്ണനും അവരുടെ പുത്രന്മാരായി അവതരിച്ചു. (ഭാഗവതം പത്താം സ്കന്ദം, ദേവീ ഭാഗവതം നാലാം സ്കന്ദം).

കശ്യപൻ കശ്യപസംഹിത എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ആയുർവേദത്തിലെ പല ചികിത്സാ രീതികളെകുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.[2]

ഹിന്ദുവിശ്വാസ പ്രകാരം മരിചിയുടെ പുത്രനായ കശ്യപ മഹർഷിയുടെ സ്ഥലമാണ്‌ കാശ്മീർ താഴ്‌വര എന്നു കരുതുന്നു. കാശ്മീർ താഴ്‌വരയ്ക്ക് ആ പേര് ലഭിച്ചത് കശ്യപൻ നിർമിച്ച താഴ്‌വാരം എന്ന വിശ്വാസത്തിലാണ്.[3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കശ്യപൻ&oldid=4591553" എന്ന താളിൽനിന്ന് ശേഖരിച്ചത്