കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്/2011 മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യനടക്കമുള്ള പല സസ്തനികളുടേയും കർണ്ണനാളത്തിൽ ഉണ്ടാക്കപ്പെടുന്ന സ്രവമാണ് ചെവിക്കായം . ചെവിക്കാട്ടം , കർണ്ണമലം എന്നിങ്ങനേയും ഇത് അറിയപ്പെടുന്നു. സെറുമെൻ എന്ന് സാങ്കേതിക നാമം. മലിനവും ദോഷകരവും എന്നു പണ്ട് കരുതിപോന്നിരുന്ന ചെവിക്കായം കർണ്ണ സംരക്ഷണത്തിനും ശുചിത്വത്തിനും ചെവിയുടെ സുഖപ്രവർത്തനത്തിനും അവശ്യഘടകമാണ്. എന്നാൽ അമിതസ്രവം കേൾവിതകരാറടക്കമുള്ള കർണ്ണരോഗങ്ങൾക്ക് കാരണമായേക്കാം. സാധാരണയായി മഞ്ഞനിറവും മെഴുകുസമാനമായ രൂപവുമാണ് മനുഷ്യ ചെവിക്കായത്തിനുള്ളത്. സെബേഷ്യസ് ഗ്രന്ഥികളും ചില വിയർപ്പു ഗ്രന്ഥികളും ഉത്പാദിപ്പിക്കുന്ന ഒരു മിശ്രസ്രവമാണ് ചെവിക്കായം. പൊലിഞ്ഞുപോയ ത്വക്ക് കോശങ്ങൾ, കെറാറ്റിൻ, കൊഴുപ്പുകൾ , കൊളസ്ട്രോൾ എന്നിവയും ചെവിക്കായത്തിൽ കാണപ്പെടുന്നു.