ചെവിക്കായം
മനുഷ്യനടക്കമുള്ള പല സസ്തനികളുടേയും കർണ്ണനാളത്തിൽ (ear canal) ഉണ്ടാക്കപ്പെടുന്ന സ്രവമാണ് ചെവിക്കായം (earwax). ചെവിക്കാട്ടം , കർണ്ണമലം എന്നിങ്ങനേയും ഇത് അറിയപ്പെടുന്നു. സെറുമെൻ (cerumen)എന്ന് സാങ്കേതിക നാമം. മലിനവും ദോഷകരവും എന്നു പണ്ട് കരുതിപോന്നിരുന്ന ചെവിക്കായം കർണ്ണ സംരക്ഷണത്തിനും ശുചിത്വത്തിനും ചെവിയുടെ സുഖപ്രവർത്തനത്തിനും അവശ്യഘടകമാണ്. ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രക്രിയയിൽ ചെവിക്കായം സാവധാനം പുറംതള്ളപ്പെടുന്നു . പകരമായി പുതുതായി ചെവിക്കായം സെറുമെൻ ഗ്രന്ധികളിൽ നിന്നു സ്രവിപ്പിക്കപ്പെടുന്നു . എന്നാൽ അമിതസ്രാവം കേൾവിതകരാറടക്കമുള്ള കർണ്ണരോഗങ്ങൾക്ക് കാരണമായേക്കാം.
ഘടന
[തിരുത്തുക]സാധാരണയായി മഞ്ഞനിറവും മെഴുകുസമാനമായ രൂപവുമാണ് മനുഷ്യ ചെവിക്കായത്തിനുള്ളത്. സെബേഷ്യസ് ഗ്രന്ഥികളും ചില വിയർപ്പു ഗ്രന്ഥികളും ഉത്പാദിപ്പിക്കുന്ന ഒരു മിശ്രസ്രവമാണ് ചെവിക്കായം. പൊലിഞ്ഞുപോയ ത്വക്ക് കോശങ്ങൾ, കെറാറ്റിൻ, കൊഴുപ്പുകൾ , കൊളസ്ട്രോൾ എന്നിവയും ചെവിക്കായത്തിൽ കാണപ്പെടുന്നു.
ചെവിക്കായത്തിന്റെ പ്രസക്തി
[തിരുത്തുക]- കർണ്ണപടത്തിനു ചുറ്റും കൊഴിഞ്ഞുവീഴുന്ന കോശങ്ങളടക്കമുള്ള മാലിനവസ്തുക്കൾ ചെവിക്കായത്തിൽപറ്റി ക്രമേണ പുറംകർണ്ണ (outer ear)ദിശയിലേയ്ക്ക് തള്ളപ്പെടുന്നു. ഇതു മൂലം കർണ്ണാന്തരങ്ങൾ ശുചീകരിക്കപ്പെടുന്നു.
- കൊഴുപ്പുകളുടെ സാന്നിധ്യമൂലം നേർത്ത നനവും, അഘർഷണസ്വഭാവവും(lubricant property) കൈവന്ന ചെവിക്കായം കർണ്ണാന്തരത്തെ വരളാതെ സംരക്ഷിക്കുന്നു. അപ്രകാരം ചെവിചൊറിച്ചിലും എരിച്ചിലും ഒഴിവാക്കാൻ ഉപകരിക്കുന്നു
- അനേകതരം ബാക്ടീരിയകളുടെ വളർച്ച ചെവിക്കായം തടസ്സപ്പെടുത്തുന്നത് മൂലം രോഗാണുവിമുക്തമായ കർണ്ണാന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു.
ആരോഗ്യപ്രശ്നസാധ്യതകൾ
[തിരുത്തുക]- കേൾവിക്കുറവിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ചെവിക്കായത്തിന്റെ അമിതസ്രാവമാണു്. ശ്രവണോപകരണങ്ങൾ പലപ്പോഴും ഫലം ചെയ്യാത്തതും ഉപയോക്താക്കളിൽ കാണപ്പെടുന്ന അമിതസ്രവം മൂലമാണ്.
- സ്വയം ചികിൽസാശ്രമങ്ങൾ പരാജയപ്പെടുന്നത് കർണ്ണരോഗങ്ങൾ ഉണ്ടാവാൻ കാരണമായി ഭവിക്കാറുണ്ട്. ചെവിക്കായം നീക്കം ചെയ്യാനുള്ള ശ്രമത്തിൽ കർണ്ണാന്തരത്തിൽ മൂർച്ചയേറിയതും അല്ലാത്തുമായ വസ്തുക്കൾ കടത്തുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുന്നു. കർണ്ണപടം പൊട്ടുക, ത്വക്കിനു മുറിവും പോറലുമേൽക്കുക തുടങ്ങിയ അവസ്ഥാവിശേഷങ്ങളും ഇതുമൂലം സംജാതമാവുന്നു.