കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്/2011 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹരിതസസ്യങ്ങൾ, ആൽഗകൾ, ചിലതരം ബാക്റ്റീരിയകൾ എന്നിവ, സൂര്യനിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച്, കാർബൺ ഡയോക്സൈഡിനെ കാർബോ ഹൈഡ്രേറ്റുകൾ (പഞ്ചസാര) ആക്കിമാറ്റുന്ന പ്രക്രിയയെയാണ്‌ പ്രകാശസംശ്ലേഷണം(Photosynthesis) എന്ന് പറയുന്നത്. കാർബൺ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ്‌ ഓക്സിജൻ. ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ നില പരിപാലിക്കുന്ന ഈ പ്രവർത്തനം മിക്കവാറും എല്ലാ ജീവികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഊർജ്ജസ്രോതസ്സുമാണ്. ഹരിതകം(ക്ലോറോഫിൽ) അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളാണ്‌(photosynthetic reaction centers) പ്രകാശത്തിൽനിന്നുമുള്ള ഊർജ്ജം ആഗിരണം ചെയ്യുന്നത്, സസ്യങ്ങളിൽ ‍ഈ പ്രോട്ടീനുകൾ ക്ലോറോപ്ലാസ്റ്റുകളിൽ കാണപെടുമ്പോൾ ബാക്റ്റീരിയകളിൽ ഈ പ്രോട്ടീനുകൾ കോശഭിത്തിയിലാണ്‌(plasma membrane) കാണപ്പെടുന്നത്. ഹരിതകം ആഗിരണം ചെയ്യുന്ന ഊർജ്ജത്തിൽ കുറച്ചുഭാഗം അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് (adenosine triphosphate - ATP)രൂപത്തിൽ ശേഖരിക്കപ്പെടുന്നു, ബാക്കി ഊർജ്ജം, ജലം പോലെയുള്ള വസ്തുക്കളിൽനിന്നും ഇലക്ട്രോണുകളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്നു.