കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്/2011 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന വിദ്യുത് സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനമാണ് ഇ.സി.ജി.. അഥവാ ഇലക്ട്രോ കാർഡിയൊഗ്രാഫ്. ഇ.സി.ജി പരിശോധന ഹൃദയത്തെ ബാധിച്ചിരിക്കാവുന്ന സാരവും നിസ്സാരവുമായ വ്യതിയാനങ്ങളെക്കുറിച്ചും, രോഗാവസ്ഥയെക്കുറിച്ചും സൂചനകൾ നൽക്കുന്നു. പലപ്പോഴും ഇ.സി.ജി.യുടെ ലഭ്യത ഒരു ജീവൻരക്ഷാ നടപടിയായി ഭവിക്കാറുണ്ട്. വേദനാരഹിതവും ശരീരത്തെ ഹനിക്കാതെയും ഉള്ള പരിശോധനയാണ് ഇ.സി.ജി. ആധുനിക ഇ.സി.ജി. സംവിധാനത്തിൽ സാധാരണയായി 10 ഇലക്ട്രോടുകൾ ആണ് കാണപ്പെടുക. ഇരുകൈകളിലും ഇരുകാലുകളിലുമായി 4 ഇലക്ട്രോടുകളും നെഞ്ചിന്റെ ഇരുവശത്തുമായി ആറ് ഇലക്ടോടും ചേർന്നതാണ് പത്ത് ഇലക്ട്രോടുകൾ . ഈ ഇലക്ട്രോടുകൾ ഇ.സി.ജി യന്ത്രത്തിലേക്കാണ് ഘടിപ്പിക്കുക. ഹൃദയമിടിപ്പ്മൂലം തൊലിപ്പുറത്ത് സംഭവിക്കുന്ന വൈദ്യുത വിത്യാനങ്ങൾ ഈ ഇലക്ട്രോടുകൾ പിടിച്ചെടുത്ത്, വിസ്തരണം ചെയ്തു രേഖപ്പെടുത്തുകയാണ് യന്ത്രം ചെയ്യുന്നത്. ഹൃദയം സ്ഥിതിചെയ്യുന്ന ശരീര ഉപരിതലത്തിലെ രണ്ട് ഇലക്ട്രോടുകൾ തമ്മിലുള്ള അതിസൂക്ഷമമായ വോൾട്ടേജ് വ്യത്യാസം തരംഗരൂപത്തിലാക്കി (wave form) കടലാസ്സിലോ, സ്ക്രീനിലോ ലഭിക്കുന്ന ഗ്രാഫാണ് ഇ.സി.ജി രേഖ. താളാവൃത്തി , വേഗമാറ്റം, ആവർത്തനവ്യത്യാനങ്ങൾ, ഹൃദയപേശിയുടെ വിവിധ ഭാഗങ്ങളുടെ ക്ഷമത തുടങ്ങിയ അതിപ്രധാനമായ നിരവധി വിവരങ്ങളാണ് ഇ.സി.ജി. വെളിപ്പെടുത്തുന്നത്.