കരകാണാക്കടൽ (നോവൽ)
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കർത്താവ് | മുട്ടത്തുവർക്കി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കറന്റ് ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1966 |
കരകാണാക്കടൽ, മലയാള ഭാഷയിലെ പ്രശസ്ത ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കിയുടെ ഒരു നോവലായിരുന്നു. ഈ നോവൽ 1966 ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. തൃശൂരിലെ കറന്റ് ബുക്സ് ആയിരുന്നു ഈ നോവലിന്റെ പ്രസാധകർ.
കഥാസാരം.
[തിരുത്തുക]നഗരത്തിൽ നിന്നും ഉൾനാടൻ ഗ്രാമത്തിലേയ്ക്ക് ഭാര്യയോടും വൃദ്ധമാതാവിനോടും രണ്ടു പെൺകുട്ടികളോടുമൊപ്പം കുടിയേറുന്ന തോമ്മാ എന്ന ദരിദ്രനായ സാധാരണക്കാരനാണ് മുട്ടുത്തുവർക്കിയുടെ ഈ വ്യത്യസ്ത നോവലിലെ കേന്ദ്രകഥാപാത്രം. ഏതു പ്രതിബന്ധങ്ങളെയും കൈക്കരുത്തും മനോബലവും കൊണ്ടു നേരിടാമെന്നുളള ഉറച്ച വിശ്വാസമുണ്ട് അയാൾക്ക്. ഗ്രാമത്തിലെത്തിയതിനുശേഷം അയാൾക്ക് പലവിധത്തിലുള്ള എതിർപ്പുകളെയും നേരിടേണ്ടവന്നു. മൂത്തമകൾ മേരിയ്ക്ക് ഒരു പണക്കാരന്റെ മകനായ ജോയി മേരിയെ സ്നേഹിക്കുന്നു. ഗ്രാമത്തിലെ മറ്റു രണ്ടു പേർകൂടി അവളെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നു. അതിലൊന്നു ഭാര്യ മരിച്ചുപോയ യൂക്കാലി വിൽപ്പനക്കാരൻ കറിയയും മറ്റൊന്ന് പട്ടാളത്തിൽ ജോലി ചെയ്യുന്ന മാത്തുക്കുട്ടിയുമാണ്. എന്നാൽ മേരിയ്ക്കു ജോയിയെ മാത്രം വിവാഹം കഴിക്കുകയുള്ളു എന്നു മനസാ തീരുമാനിച്ചിരിക്കുകയുമാണ്. മകൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോൾ ഒരു രണ്ടാംകെട്ടുകാരനാണന്ന കാരണത്താൽ കറിയയുമായുള്ള ആലോചന ആദ്യംതന്നെ നിരസിക്കപ്പെട്ടു. മത്തായി എന്ന ചെറുപ്പക്കാരനുമായുള്ള ആലോചന നടക്കുകയും സ്ത്രീധനം ഉറപ്പിച്ചു മനസ്സമ്മതവും നടത്തിയിരുന്നു. എന്നാൽ സമയത്തു സ്ത്രധനം നൽകാൻ തോമ്മായ്ക്കു സാധിക്കാതെ വന്നതിനെത്തുടർന്ന് ഇതു മുടങ്ങുകയും മറ്റു വഴികളൊക്കെ അടഞ്ഞതിനാൽ രണ്ടാംകെട്ടുകാരനായ കറിയായ്ക്കു തന്നെ മേരിയെ വിവാഹം കഴിച്ചു കൊടുക്കാമെന്നുള്ള തീരുമാനത്തിലെത്തുന്നു. ഇതിനിടെ മേരി ജോയിയുടെ കുട്ടിയെ ഉദരത്തിൽ വഹിക്കുന്നു. അവൾ തന്നെ വിവാഹം കഴിക്കുവാൻ ജോയിയോട് ആവശ്യപ്പെട്ടുവെങ്കിലും അയാൾ നിർദ്ദാഷണ്യം അവളെ കയ്യൊഴിഞ്ഞു. ഈ വിവരമറിഞ്ഞ് മാതാവ് ബോധരഹിതയായി വീഴുകയും താമസിയാതെ മരണമടയുകയും ചെയ്യുന്നു. അതിനിടെ പട്ടാളത്തിൽനിന്നു മാത്തുക്കുട്ടി എത്തുന്ന വിവരത്തിന് തോമ്മായ്ക്ക് എഴുത്തു കിട്ടുകയും മേരിയെ അയാൾ കല്ല്യാണം കഴിക്കുമെന്നുള്ള പ്രതീക്ഷ തോമ്മായ്ക്കുണ്ടാകുകയും ചെയ്തു. മകളെ വിവാഹവേഷത്തിൽ കാണാൻ അയാൾക്കു ധൃതിയായി. പിതാവിനുവേണ്ടി മേരി വിവാഹത്തിനുള്ള പുടവകൾ അണിയുകയും ഗാനം ആലപിക്കുകയും ചെയ്തു. ആ വേഷമണിഞ്ഞ് അവൾ ജീവൻ ത്യജിക്കുന്നു. തോമ്മാ തനിക്കുള്ള എല്ലാം വസ്തുവകകളും ഉപേക്ഷിച്ച് തന്റെ മാതാവിനോടും ഇളയ മകളോടുമൊപ്പം എങ്ങോട്ടെന്നറിയാതെ തിരിച്ചുപോകുന്നു. ഒപ്പം വിശ്വസ്തനായ നായയും. കാറ്റും കോളും നിറഞ്ഞ കരകാണാക്കടലിൽ ജീവിതമാകുന്ന കടലാസുതോണിയിൽ ഒറ്റപ്പെട്ടുപോയ തോമ്മ എന്ന കഥാപാത്രം ഈ നോവലിനെ ജീവസ്സുറ്റതാക്കുന്നു.
1971 ൽ മുട്ടത്തുവർക്കിയുടെ ഈ പ്രശസ്ത നോവൽ സംവിധായകൻ കെ.എസ്. സേതുമാധവൻ അതേ പേരിൽത്തന്നെ സിനിമാക്കിയിരുന്നു. സത്യൻ, മധു, ജയഭാരതി എന്നിവരായിരുന്നു നോവലിന്റെ സിനിമാരൂപത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.