കണ്ണൂർ ഉപരോധം (1507)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണ്ണൂർ ഉപരോധം (1507)
തിയതി1507 ഏപ്രിൽ മുതൽ ആഗസ്ത് വരെ
സ്ഥലംകണ്ണൂർ
ഫലംപോർച്ചുഗീസ് വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
പോർച്ചുഗൽകോലത്തുനാട്
കോഴിക്കോട്
പടനായകരും മറ്റു നേതാക്കളും
ലോറൻസൊ ഡി ബ്രിട്ടോകോലത്തിരി
സാമൂതിരി
ശക്തി
2 കപ്പലുകൾ
150 പട്ടാളക്കാർ[1]
21 പീരങ്കികൾ
40,000 നായർപ്പടയാളികൾ
20,000 (സാമൂതിരിയുടെ).[2]
കണ്ണൂർ കോട്ട

1507 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ കോഴിക്കോട്ടെ സാമൂതിരിയുടെയും അറബികളുടെയും പിന്തുണയോടെ, കണ്ണൂർ ഭരിച്ചിരുന്ന കോലത്തിരി, കണ്ണൂർ കോട്ടയിൽ ഉള്ള പോർച്ചുഗീസുകാരെ ഉപരോധിച്ചതിനെയാണ് കണ്ണൂർ ഉപരോധം (1507)-Siege of Cannanore (1507) എന്നു പറയുന്നത്. തുടർന്നു നടന്ന കണ്ണൂർ യുദ്ധത്തിൽ പോർച്ചുഗീസുകാർ സാമൂതിരിയെ പരാജയപ്പെടുത്തി.[3]

പശ്ചാത്തലം[തിരുത്തുക]

1501 -ന്റെ ആരംഭത്തിൽ പോർച്ചുഗീസ് അഡ്മിറൽ ആയിരുന്ന പെഡ്രോ അൽവാറസ് കബ്രാലും കോഴിക്കോട് സാമൂതിരിയും തമ്മിൽ പിണങ്ങിയപ്പോൾ കോലത്തിരി രാജാവ് പോർച്ചുഗീസുകാരെ കണ്ണൂരിലേക്ക് സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തിനായി ക്ഷണിച്ചു. വ്യാപാരസാധനങ്ങൾ സംഭരിക്കാൻ വേലികെട്ടിത്തിരിച്ച് ഒരു സംഭരണശാലയുണ്ടാക്കാൻ പോർച്ചുഗീസുകാർക്ക് അനുമതിയും കോലത്തിരി നൽകിയതു പ്രകാരം 1502 -ൽ അങ്ങനൊരു കെട്ടിടം അവർ ഉണ്ടാക്കുകയും ചെയ്തു. 1505-ൽ ഒരു കോട്ട നിർമ്മിക്കാനുള്ള അനുമതിയും ഫ്രാൻസിസ്കോ ഡി അൽമാഡ സ്വന്തമാക്കി. എന്നിട്ട് ലൊറൻസൊ ഡി ബ്രിട്ടോയുടെ നേതൃത്വത്തിൽ 150 പേരടങ്ങുന്ന ഒരു പടയെ പോർച്ചുഗീസുകാർ കോട്ടയിൽ വിന്യസിക്കുകയും ചെയ്തു.[4]

പോർച്ചുഗീസുകാരോട് ശക്തമായ ബന്ധം ആഗ്രഹിച്ചിരുന്ന കോലത്തിരി രാജാവ് 1506 -ൽ മരണമടയുകയും അടുത്ത രാജാവിനെ തെരഞ്ഞെടുക്കാനുള്ള തർക്കമുണ്ടായപ്പോൾ മലബാർ തീരത്തെ ശക്തനായ ഭരണാധികാരിയായിരുന്ന സാമൂതിരി ഇടപെടുകയും സ്ഥാനമോഹികളിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കാനായി ഒരു മദ്ധ്യസ്ഥനെ നിയമിക്കുകയും ചെയ്തു. പുതുതായി സ്ഥാനമേറ്റ കോലത്തിരിക്ക് അതിനാൽത്തന്നെ പോർച്ചുഗീസുകാരേക്കാൾ പ്രതിബദ്ധത സാമൂതിരിയോടായിരുന്നു.[5]

കണ്ണൂരുവഴി പോകുന്ന കപ്പലുകളിലെല്ലാം തങ്ങൾ നൽകുന്ന ഒരു പാസ് കൈവശം വയ്ക്കണമെന്ന നിയമം ലംഘിച്ചതിന് പോർച്ചുഗീസുകാർ ഒരു ഇന്ത്യൻ കപ്പൽ മുക്കുകയും അതിലെ ഒരു നാവികനെ കപ്പൽപ്പായയിൽ തുന്നിച്ചേർത്ത് കടലിലെറിഞ്ഞ് കൊല്ലുകയും ചെയ്തു. അതിനാൽ പോർച്ചുഗീസുകാരോടുള്ള ബന്ധം വല്ലാതെ വഷളായ ഒരു സന്ദർഭമായിരുന്നു നിലനിന്നിരുന്നത്.[6] ഈ പാസുകളിൽ കൊച്ചിയിലെയോ കണ്ണൂരിലെയോ സേനാനായകർ ഒപ്പുവയ്ക്കേണ്ടതുണ്ടായിരുന്നു. കോലത്തുനാട്ടിലെ ജനങ്ങളെ ഇത് അത്യന്തം രോഷാകുലരാക്കുകയും അവർ കോലത്തിരിയോട് പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്തു.[7]

ഉപരോധം[തിരുത്തുക]

1507 ഏപ്രിൽ 27 നു തുടങ്ങിയ ഉപരോധം നാലു മാസം നീണ്ടുനിന്നു.[7] കോലത്തിരിക്ക് 40000 നായർ പടയാളികൾ ആക്രമിക്കാൻ തക്ക രീതിയിൽ ഉണ്ടായിരുന്നു.[7] കണ്ണൂർ ഭരണാധികാരിക്ക് സാമൂതിരി 21 പീരങ്കികളും ആവശ്യമെങ്കിൽ വിന്യസിക്കാൻ 20000 ആൾക്കാരെയും നൽകി.[7][8] ആയിരക്കണക്കിന് ആൾക്കാരുടെ കൂട്ടായ ആക്രമണം ഉണ്ടായാൽപ്പോലും എതിരിടാൻ തക്ക പ്രഹരശേഷിയുള്ള വെടിക്കോപ്പുകൾ ലൊറൻസൊ ഡി ബ്രിട്ടോയുടെ ആയുധശേഖരത്തിൽ ഉണ്ടായിരുന്നു.[7] പോർച്ചുഗീസുകാരുടെ വെടിവയ്പ്പിനെ തടയാൻ പഞ്ഞിച്ചാക്കുകൾ കൊണ്ടുള്ള തടസ്സങ്ങൾ ഉണ്ടാക്കി മലബാർ സേന ചെറുത്തുനിന്നപ്പോൾ പോർച്ചുഗീസ് ഭാഗം പതിയെ പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.[7] ഉപരോധത്തെപ്പറ്റി പിന്നീടു തയ്യാറാക്കിയ വിശദമായ റിപ്പോർട്ടിൽ കാസ്റ്റൻഹെഡ വിവരിച്ചതുപ്രകാരം ഇങ്ങനെ പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കേ ഓഗസ്റ്റ് 15-ആം തീയതി അത്ഭുതകരമായി വൻതിരമാല പോലെ കൊഞ്ചുകളുടെ വലിയൊരു കൂട്ടം കരയ്ക്ക് അടിയുകയും പോർച്ചുഗീസുകാർ പട്ടിണിയിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.[9] ഓണത്തിനു മുൻപായി ഉണ്ടായ ഒരു വലിയ ആക്രമണത്തിൽ പോർച്ചുഗീസുകാർ തോൽവിയുടെ വക്കത്തെത്തിയെങ്കിലും ഒടുവിൽ ആക്രമണത്തെ ചെറുക്കാനായി. എന്നാൽ ആ ആക്രമണത്തിൽ വളരെയേറെപ്പേർക്ക് പരിക്കേറ്റു.[7]

കീഴടക്കപ്പെടുമെന്ന് ഉറപ്പായിരുന്നപ്പോൽ, പെട്ടെന്ന് ഓഗസ്റ്റ് 27 -ന് ട്രിസ്റ്റാവോ ഡി കുൻഹായുടെ നേതൃത്വത്തിൽ 11 കപ്പലുകളുമായി എട്ടാം ആർമേഡ സൊക്കോട്രയിൽ നിന്ന് എത്തിച്ചേർന്നു. ആ സേനയിൽ നിന്നും 300 പോർച്ചുഗീസ് നാവികർ കരയ്ക്കിറങ്ങുകയും ഉപരോധത്തിൽ നിന്നും കോട്ടയെ വിമുക്തമാക്കുകയും ചെയ്തു.[7][8]

പോർച്ചുഗീസുകാരും കോലത്തിരിയും തമ്മിൽ സമാധാനക്കരാർ ഉണ്ടാക്കുകയും തുടർന്നും കണ്ണൂരിൽ തുടരാനും സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരം നടത്താനുമുള്ള അനുമതി നേടുകയും ചെയ്തു.[7] എന്നാൽ പിന്നീട് 1508-ൽ ചൗൾ യുദ്ധത്തിൽ പോർച്ചുഗീസുകാർ പരാജയപ്പെട്ടു.

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. K. M. Mathew (1988). History of the Portuguese navigation in India, 1497-1600. Mittal Publications. p. 165. ISBN 81-7099-046-7.
  2. Malabar manual William Logan p.315
  3. Malabar manual by William Logan p.314
  4. Barros, Decadas da Asia, v.2, p.344-45.
  5. Malabar manual William Logan p.314
  6. Logan (p.314) identifies the offending captain as "Gonçalo Vaz" and suggests he was acting on his own. Cannnanore fort captain Lourenço de Brito protested his innocence, asserting he authorized no such action. Gonçalo Vaz was immediately dismissed by vice-roy Francisco de Almeida, but this did little to assuage the angered people of Cannanore.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 7.7 7.8 Malabar manual William Logan p.314ff
  8. 8.0 8.1 Foundations of the Portuguese empire, 1415-1580 by Bailey Wallys Diffie p.233 [1]
  9. Castanheda, Fernão Lopes de, "História do descobrimento e conquista da Índia pelos portugueses", p.158 (Full text in Portuguese).

"https://ml.wikipedia.org/w/index.php?title=കണ്ണൂർ_ഉപരോധം_(1507)&oldid=2926844" എന്ന താളിൽനിന്ന് ശേഖരിച്ചത്