Jump to content

ഓറിയോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓറിയോൾ
ബ്ലാക്ക് നേപ്‌ഡ് ഓറിയോൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Oriolidae

Vigors, 1825
Genera

ഒറിയോളിഡേ, ഇക്റ്ററിഡേ എന്നീ കുടുംബങ്ങളിൽ പെടുന്നതും തിളങ്ങുന്ന മഞ്ഞ നിറം കൂടുതലുള്ളതുമായ പക്ഷികൾ. ഓറീയോളസ് (aureolus=golden) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഈ വക്കിന്റെ ഉദ്ഭവം. ഈ രണ്ട് പക്ഷികുടുംബങ്ങളും പരസ്പര ബന്ധമുള്ളവയല്ല. കേരളത്തിൽ ഇവ ഓണക്കിളി എന്നറിയപ്പെടുന്നു.

പ്രത്യേകതകൾ

[തിരുത്തുക]
ഓറിയോൾ (ഇക്റ്ററിഡ്)

ഒറിയോൾ കുടുംബ (ഒറിയോളീഡെ) ത്തിൽ 28 സ്പീഷീസുകളുണ്ട്. ഒരു പക്ഷിക്ക് ശരാശരി 177--305 മില്ലീമീറ്റർ നീളം വരും. തൂവലിന് കൂടുതലും മഞ്ഞനിറം ആയിരിക്കും. ഒലിവ്--ഗ്രീൻ, ചുവപ്പ്, തവിട്ട്, കറുപ്പ് എന്നീ നിറങ്ങളും കാണാറുണ്ട്. എന്നാൽ മിക്കവാറും പക്ഷികളുടെയും തലയ്ക്ക് മുഴുവനുമോ ഭാഗികമായോ കറുപ്പുനിറമായിരിക്കും. ഇവയുടെ ചിറകുകളും ഇരുണ്ടതാണ്. വാൽ ഭാഗികമായി കറുത്തതായിരിക്കും. ചില സ്പീഷീസുകളിൽ, ശരീരത്തിൽ കുറുകെയുള്ള വരകൾ വളരെ വ്യക്തമായി കാണാം. എന്നാൽ ഈ വരകൾ കൂടുതലും അടിഭാഗത്തായിരിക്കും. ഓറിയോളസ് സ്പീഷീസിൽ പലപ്പോഴും കണ്ണിനും കൊക്കിനും ഇടയ്ക്കുള്ള ഭാഗത്ത് തൂവലുകൾ കാണാറുണ്ട്.[1] എന്നാൽ സ്ഫീകോതെറസ് സ്പീഷീസിലാകട്ടെ ഈ ഭാഗം മിക്കവാറും നഗ്നമായിരിക്കും. ഓറിയോളസിന്റെ കൊക്കിന് ചുവപ്പോ നീലയോ നിറമായിരിക്കും ഉണ്ടാവുക; സ്ഫീകോതെറസിന്റെത് കറുപ്പും. കൂർത്തു ബലമുള്ള കൊക്കുകൾക്ക് ചെറിയ വളവുണ്ട്. ചെറുതുമുതൽ സാമാന്യം നീളമുള്ളതുവരെ വിവിധവലിപ്പത്തിൽ കൊക്കുകൾ കാണപ്പെടുന്നു. നീണ്ടു കൂർത്തവയാണു ചിറകുകൾ; വാൽ സാമാന്യം നീണ്ടതും. കൂടുതൽ നീളമുള്ള വാലും ചില ഇനങ്ങളിൽ കാണാറുണ്ട്. കാലുകൾ ബലമുള്ളതാണെങ്കിലും കുറുകിയതാകുന്നു. മിക്കവാറും എല്ലാ സ്പീഷീസിലും ലിംഗഭേദം ദൃശ്യമാണ്.[2]

വൃക്ഷനിവാസികൾ

[തിരുത്തുക]

തനിച്ചു നടക്കാനിഷ്ടപ്പെടുന്ന ഈ പക്ഷികൾ അധികവും വൃക്ഷനിവാസികളാണ്. ചെറു പ്രാണികളും പഴങ്ങളുമാണ്]] ഇവയുടെ പ്രധാന ഭക്ഷണം. അതിവേഗം പറക്കാനും ഇവയ്ക്കു കഴിവുണ്ട്. തരംഗചലനത്തെ ഓർമിപ്പിക്കത്തക്കവിധമാണ് ഇവ പറക്കുന്നത്. സാധാരണയായി സ്വരക്ഷയിൽ വളരെയധികം ശ്രദ്ധയുള്ള പക്ഷികളാണ് ഇവ. ഓടക്കുഴൽ നാദത്തിനു തുല്യമായി, ഉച്ചത്തിൽ, ശ്രവണമധുരമായ ശബ്ദമുണ്ടാക്കുക ഇവയുടെ പതിവാണ്. ഇടയ്ക്കിടെ കർക്കശസ്വരങ്ങളും പുറപ്പെടുവിക്കാറില്ലന്നില്ല.[3]

കൂടുകെട്ടുന്നത്

[തിരുത്തുക]
ഫിഗ്ബേഡ്

ഉയരത്തിൽ വളരുന്ന വൻ വൃക്ഷങ്ങളുടെ ശാഖാഗ്രങ്ങളിലായി, പുല്ലും നാരും ഉപയോഗിച്ച് ഇവ കൂടുകെട്ടുന്നു. കൂടുകൾ ചരിഞ്ഞു മറിയാതിരിക്കാനും, കൂടുതൽ സുരക്ഷിതത്വത്തിനുമായി, കുറുകെപോകുന്ന അടുത്തടുത്ത രണ്ടു ശാഖകളിലായാണ് കൂടുകൾ ഉണ്ടാക്കുന്നത്. കപ്പിന്റെ ആകൃതിയുള്ള കൂടുകൾ ഭാഗികമായി തൂങ്ങിക്കിടക്കുന്നവയാകുന്നു. എന്നാൽ സ്ഫീകോതെറസിന്റെ കൂടിന് സോസറിന്റെ ആകൃതിയായിരിക്കും. ഇത് തീരെ ദുർബലവുമാണ്.[4]

മുട്ടവിരിയിക്കൽ

[തിരുത്തുക]

ഒരു തവണ രണ്ടുമുതൽ അഞ്ചുവരെ മുട്ടകൾ മുട്ടകളിടുന്നു. മുട്ടയുടെ നിറം വെള്ളയോ പാടൽമോ ആയിരിക്കും. സ്ഫികോതെറസിന്റെ മുട്ട പച്ചനിറമാണ്. തവിട്ടുനിറത്തിലോ കറുപ്പുനിറത്തിലോ ഉള്ള അടയാളങ്ങൾ മുട്ടയുടെ പുറത്ത് വ്യക്തമായി കാണാം. അടയിരിക്കുന്ന പിടയെ പൂവൻ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ ശരീരത്തിൽ അങ്ങിങ്ങായി വളരെ കുറച്ച് ചെറുതൂവലുകൾ ഉണ്ടായിരിക്കും. ദിവസങ്ങളോളം കുഞ്ഞുങ്ങൾ കൂടുവിട്ടിറങ്ങാറില്ല; മാതാപിതാക്കളുടെ ശ്രദ്ധാപൂർ‌‌വമായ സം‌‌രക്ഷണത്തിൽ കൂട്ടിനുള്ളിൽതന്നെ കഴിയുന്നു.[5]

വാസസ്ഥലങ്ങൾ

[തിരുത്തുക]

ആഫ്രിക്ക, യൂറേഷ്യ, ഈസ്റ്റിൻഡീസ്, ഫിലിപ്പീൻസ്, ആസ്ടേലിയയുടെ വടക്കും കിഴക്കും പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഓറിയോളിഡേ കുടുംബാംഗങ്ങളുടെ വാസസ്ഥലങ്ങൾ. ഇവയിൽ ചില സ്പീഷീസുകൾ ദേശാടന സ്വഭാവം ഉള്ളവയാണ്. ഗോൾഡൻ ഓറിയോൾ (Oriolus Oriolus) ഇതിന് ഉത്തമോദാഹരണമാകുന്നു.[6]

തെക്കേ അമേരിക്ക മധ്യ അമേരിക്ക, വെസ്റ്റിൻഡീസ്, വടക്കേ അമേരിക്ക എന്നീ ഭൂവിഭാഗങ്ങളിൽ കാണപ്പെടുന്ന ഇക്റ്ററിഡേ കുടുംബത്തിലെ 95 സ്പീഷീസുകളും ഓറിയോൾ എന്നപേരിൽ അറിയപ്പെടുന്നവ തന്നെ. ഇക്കൂട്ടത്തിലും ദേശാടന സ്വഭാവം ഉള്ളവ കുറവല്ല.[7]

ഇക്റ്ററിഡുകളുടെ സവിശേഷതകൾ

[തിരുത്തുക]
ഗോൾഡൻ ഓറിയോൾ

ഇക്റ്ററിഡുകൾ 171 മുതൽ 546 വരെ മില്ലീമീറ്റർ നീളമുള്ളവയാണ്. ഇവയ്ക്കു പൊതുവേ തിളങ്ങുന്ന കറുപ്പു നിറമാകുന്നു; ത‌‌വിട്ടുനിറം, ഇരുണ്ട ചുവപ്പുകളർന്ന ത‌‌വിട്ടുനിറം (chestnut), മഞ്ഞ കലർന്ന ത‌‌വിട്ടുനിറം (buff), ഓറഞ്ച്, ക്രിംസൺ, മഞ്ഞ തുടങ്ങിയ നിറങ്ങൾ കറുപ്പുമായി കലർന്നു കാണാറുണ്ട്. ചിറകുകൾക്ക് മിക്കവാറും വെള്ളനിറമായിരിക്കും. അപൂർ‌‌വം സ്പീഷീസുകൾക്ക് കഴുത്തിൽ കോളർ പോലെ തോന്നിക്കുന്ന ഘടനാവിശേഷം (neck ruff) കണ്ടെത്താം. വളരെക്കുറച്ചു തൂവലുകളാൽ രൂപീകൃതമായ ഒരു ശൃഗവും ചില സ്പീഷീസുകളിൽ കാണാൻ കഴിയും. കോണാകൃതിയായ കൊക്കുകൾ തടിച്ചു കുറുകിയതാണ്; നീണ്ടു നേർത്തവയും അപൂർ‌‌വമല്ല. വലിപ്പം കൂടിയ ഇനങ്ങളിൽ ചുണ്ടുകൾ കനമേറിയതും ഹെൽമറ്റിന്റെ ആകൃതിയുള്ളതുമാകുന്നു. സാധാരണ നിലയിൽ ചിറകുകൾ നീണ്ടു കൂർത്തവയാണ്; കുറുകിയ വൃത്താകൃതിയിലുള്ള ചിറകുകളും അപൂർ‌‌വമല്ല. വാലിന്റെയും സ്ഥിതി അങ്ങനെ തന്നെ. ചില സ്പീഷീസുകളിൽ മുറിച്ചുകളഞ്ഞതുപോലെ ചതുരത്തിലായിർക്കും വാലിന്റെ അറ്റം; വൃത്താകൃതിയിലുള്ളതും, അടയാളങ്ങളോടുകൂടിയതുമായ വാലും അത്ര അസാധാരണമല്ല. വിശറിപോലെ മടക്കിവച്ചിരിക്കുന്ന വാലും ഇവയ്ക്കിടയിൽ അപൂർ‌‌വമായിട്ടുണ്ട്. കലുകൾ ബലമേറിയതാണ്. മിക്കവാറും എല്ലാ സ്പിഷീസുകളിലും ലിഗഭേദം കാണാം.[8]

ഓറിയോളിഡുകളിൽ നിന്ന് വിഭിന്നമായി, ഇക്റ്ററിഡുകൾ പൊതുവേ കൂട്ടംചേർന്നു നടക്കാൻ ഇഷ്ടപ്പെടുന്നു. അപൂർ‌‌വമായി ഒറ്റയ്ക്കും നടക്കാറില്ലന്നില്ല. വൃക്ഷനിവാസികളും തറയിൽ കഴിയുന്നവയും ഇക്കൂട്ടത്തിലുണ്ട്. ത്റയിലായിരിക്കുമ്പോൾ നടക്കുക മാത്രം ചെയ്യുന്ന ചില സ്പീഷീസുകളെയും കണ്ടെത്താം.

പ്രധാന ആഹാരം

[തിരുത്തുക]

ചെറു കീടങ്ങൾ, മത്സ്യം, ആംഫിബിയകൾ, ക്രസ്റ്റേഷ്യകൾ, മറ്റു ചെറു പക്ഷികൾ, ചെറിയ സസ്തനികൾ, ചെടികളുടെയും മറ്റും വിത്തുകൾ പഴങ്ങൾ, തേൻ തുടങ്ങി എന്തും ആഹാരമാക്കുന്നവയാണ് ഇക്റ്ററിഡുകൾ. ചൂളം വിളിക്കുന്നതു പോലെയും പാട്ടു പാടുന്നതു പോലെയും, ശകാരിക്കുന്നതു പോലെയും ശബ്ദമുണ്ടാക്കുന്നതിന് ഇവയ്ക്കുള്ള കഴിവ് അത്ഭുതാവഹമാകുന്നു. ചില സ്പീഷീസുകൾക്ക് മധുരമായി പാടുന്നതിനും കഴിയും[9]

ജീവിതരീതി

[തിരുത്തുക]

സംഘമായും അല്ലാതെയും ജീവിക്കുന്നവ ഇക്കൂട്ടത്തിൽ ഉണ്ട്. ഇണയെ കൂടെക്കൂടെ മാറ്റാറുണ്ട്.(polygamous or promiscuous). തറയിലും വെള്ളത്തിൽ വളരുന്ന ചെടികളിലും, കുഴികളിലും വിള്ളലുകളിലും ഒക്കെ ഇവയുടെ കൂടുകൾ കാണാവുന്നതാണ്. മറ്റു പക്ഷികളുടെ കൂടുകൾ കൈയേറുന്നതും അപൂർ‌‌വമല്ല.

ഒരു തവണ 2 മുതൽ 7 വരെ മുട്ടകൾ ഇടുന്നു. മുട്ടയ്ക്ക് ഇളം നീല, പച്ച, ചാരം, മഞ്ഞ കലർന്ന തവിട്ടുനിറം, വെള്ള എന്നിങ്ങനെ ഇങ്ങനെ ഏതെങ്കിലും ഒരുനിറമാണുണ്ടാവുക. മുട്ടയിൽ വ്യക്തമായ ചില അടയാളങ്ങൾ കാണാം. പെൺപക്ഷിയാണ് അടയിരിക്കുന്നത്.[10]

കടപ്പാട്

[തിരുത്തുക]
  • മലയാളം സർ‌‌വവിജ്ഞാനകോശം ഒരു കേരള സർക്കാർ പ്രസിദ്ധീകരണം.

അവലംബം

[തിരുത്തുക]
  1. http://birdsinbackyards.net/species/Oriolus-sagittatus Archived 2010-06-12 at the Wayback Machine. Olive-backed Oriole
  2. [1] Old World Orioles and Figbirds (Oriolidae
  3. http://creagrus.home.montereybay.com/OWorioles.html OLD WORLD ORIOLES Oriolidae
  4. http://www.answers.com/topic/old-world-orioles-and-figbirds-oriolidae-biological-family Old World Orioles and Figbirds (Oriolidae)
  5. http://www.avianweb.com/figbirds.html Figbirds (Sphecotheres viridis)
  6. http://www.birdguides.com/species/species.asp?sp=165011 Archived 2010-08-08 at the Wayback Machine. Golden Oriole Oriolus oriolus
  7. http://www.jstor.org/pss/4160684 Icteridae Family
  8. http://www.encyclopedia.com/doc/1O8-Icteridae.html Icteridae
  9. http://animalpicturesarchive.com/view.php?tid=3&did=26831 Archived 2011-10-16 at the Wayback Machine. New World Oriole (Family: Icteridae, Genus: Icterus)
  10. http://www.answers.com/topic/icteridae-vertebrate-zoology New World Blackbirds and Orioles (Icteridae)

പുറംകണ്ണികൾ

[തിരുത്തുക]

വീഡിയൊ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓറിയോൾ&oldid=3652214" എന്ന താളിൽനിന്ന് ശേഖരിച്ചത്