Jump to content

ഒക്ടോബർ വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോൾഷെവിക് വിപ്ലവം
റഷ്യൻ വിപ്ലവം, 1917–23 ലെ വിപ്ലവങ്ങൾ റഷ്യൻ സിവിൽ യുദ്ധങ്ങളുടെ ഭാഗം

ചെമ്പട വൾക്കൻ ഫാക്ടറിയിൽ -1917.
തിയതി7–8 നവംബർ 1917
സ്ഥലംപെട്രോഗാർഡ്, റഷ്യ
ഫലംബോൾഷെവിക് വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Bolsheviks
Left SRs
ചെമ്പട
2nd All-Russian Congress of Soviets
  • Petrograd Soviet
  • Russian Soviet Republic (from November 7)
  • Russian Republic (to November 7)
    Russian Provisional Government (to November 8)
    പടനായകരും മറ്റു നേതാക്കളും
    Vladimir Lenin
    Leon Trotsky
    Pavel Dybenko
    റഷ്യ Alexander Kerensky
    ശക്തി
    10,000 red sailors, 20,000-30,000 red guard soldiers500-1,000 volunteer soldiers, 1,000 soldiers of women's battalion
    നാശനഷ്ടങ്ങൾ
    Few wounded red guard soldiersAll deserted

    റഷ്യൻ വിപ്ലവത്തിൻ്റെ രണ്ടാം ഘട്ടമാണ് ഒക്ടോബർ വിപ്ലവം. 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്മെൻ്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷെവിക്കുകൾ റഷ്യയിൽ സംഘടിപ്പിച്ച വിപ്ലവമാണിത്. പഴയ റഷ്യൻ കലണ്ടർ പ്രകാരം ഒക്ടോബർ മാസത്തിൽ 25-നു നടന്നതിനാൽ ഇത് ഒക്ടോബർ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നു (പുതിയ കലണ്ടർ പ്രകാരം ഇത് നവംബർ 7 നാണ്). ബോൾഷെവിക് വിപ്ലവം എന്നും ഇതിനെ വിളിക്കാറുണ്ട്.[1] നവംബർ 7 ഒക്ടോബർ വിപ്ലവ ദിനമായി ആചരിക്കുന്നു.[2]


    വിപ്ലവത്തിൻ്റെ കാരണങ്ങൾ

    [തിരുത്തുക]

    1917 മാർച്ചിൽ റഷ്യൻ ചക്രവർത്തിയായിരുന്ന നിക്കോളാസ് II-ാമനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അധികാരത്തിൽ വന്ന കെറൻസ്കിയുടെ നേതൃത്വത്തിലുള്ള താത്കാലിക ഗവണ്മെൻ്റിൻ്റെ ആഭ്യന്തര വിദേശനയങ്ങളിൽ ജനങ്ങൾ പൊതുവെ അസന്തുഷ്ടരായിരുന്നു. ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന റഷ്യൻ പട്ടാളക്കാരിൽ യുദ്ധവിരുദ്ധ മനോഭാവം വളർന്നുവന്നിരുന്നു. പലരും യുദ്ധരംഗത്തുനിന്നും പലായനം ചെയ്തു. യുദ്ധം‌‌ മൂലമുണ്ടായ വിലവർദ്ധന തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുസ്സഹമാക്കി. ഭൂപരിഷ്കരണ മേഖലയിലെ അപര്യാപ്തത കർഷകരെയും അസന്തുഷ്ടരാക്കിയിരുന്നു. പ്രാരംഭത്തിൽതന്നെ യുദ്ധത്തിനെതിരായ ഒരുനിലപാടാണ് ബോൾഷെവിക്കുകൾ സ്വീകരിച്ചിരുന്നത്. അതിനാൽ സൈനികർ പൊതുവേ ബോൾഷെവിക് ചായ്‌‌വുള്ളവരായിരുന്നു. സർ‌‌വസൈന്യാധിപനായിരുന്ന കോർണിലോഫ് (1870-1918) കെറൻസ്കിയുടെ താത്കാലിക ഭരണത്തിനെതിരെ ഒരു സൈനിക കലാപം നടത്തിയെങ്കിലും വിജയിച്ചില്ല; പക്ഷേ അത് കെറൻസ്കി ഗവണ്മെൻ്റിൻ്റെ ഭരണപരവും രാഷ്ട്രീയവുമായ ബലഹീനതകളെ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു.[3]

    അടിച്ചമർത്തൽ നടപടികൾ

    [തിരുത്തുക]

    1917 നവംബർ 5-ന് പെട്രോഗാഡിലെ പീറ്റർ ആൻഡ് പോൾ കോട്ട കാത്തുസൂക്ഷിച്ചിരുന്ന പടയാളികളെ അഭിസംബോധനചെയ്ത ബോൾഷെവിക് നേതാവ് ട്രോട്സ്കി അവരെ സ്വാധീനിച്ച് സ്വന്തം പക്ഷത്തിലാക്കി. സാറിൻ്റെ സ്ഥാനത്യാഗ (1917 മാർച്ച് 2) ത്തിനു ശേഷം നിലവിൽ‌‌വന്ന ഭരണകൂടത്തിലെ നീതിന്യായവകുപ്പു മന്ത്രിയായ കെറൻസ്കി, കലാപത്തിന് ആഹ്വാനം നൽകിയതിൻ്റെ പേരിൽ വർക്കേഴ്സ് റോഡ്, സോൾജർ എന്നീ ബോൾഷെവിക്ക് പത്രങ്ങളുടെ പ്രസിദ്ധീകരണം തടയാൻ തീരുമാനിച്ചു. 1917 ജൂലൈയിലെ കലാപത്തിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്ത് വിട്ടയച്ചവരെ മുഴുവൻ വീണ്ടും തടവിലാക്കി. ബോൾഷെവിക് നിയന്ത്രണത്തിലായിരുന്ന മിലിട്ടറി റവല്യൂഷണറി കമ്മറ്റി അംഗങ്ങളുടെ മേൽ ക്രിമിനൽ നടപടികളും ആരംഭിച്ചു. നവംബർ 6 ന് പത്രങ്ങളുടെ പ്രസിദ്ധീകരണം ഗവണ്മെൻ്റ് തടഞ്ഞു. എങ്കിലും 7 നു തന്നെ അവ തുടർന്നു പ്രസിദ്ധീകരിക്കുന്നതിൽ മിലിട്ടറി റവല്യൂഷണറി കമ്മിറ്റി വിജയിച്ചു.[4]

    സ്ഥിതിഗതികളെ നേരിടാൻ കോറൻസ്കി, കൗൺസിൽ ഓഫ് ദി റിപ്പബ്ലിക്കിന്റെ സഹായം തേടി. ഒരു ഇടതുപക്ഷ മെൻഷെവിക്ക് മാർട്ടോവ്, ആസന്നമായ സായുധകലാപത്തെ അപലപിച്ചുകൊണ്ടും ഭൂവിതരണത്തെ ത്വരിതപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടുമുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു. കൗൺസിൽ ഇവ പാസാക്കി.

    നവംബർ 6-നു ചേർന്ന ബോൾഷെവിക് പാർട്ടിയുടെ കേന്ദ്രസമിതി വിപ്ലവപരിപാടിക്ക് അന്തിമ രൂപം നൽകി. വിപ്ലവകാലത്ത് സമിതി അംഗങ്ങൾക്ക് പ്രത്യേകം ചുമതലകൾ നിർദ്ദേശിക്കപ്പെട്ടു. സൈനിക നേതൃത്വം അന്തോനോവ്, പൊഡ്‌‌വോയ്സ്കി, ചഡ്നോവ്സ്കി എന്നിവരിലാണ് നിക്ഷിപ്തമായിരുന്നത്.

    വിപ്ലവം

    [തിരുത്തുക]

    നവംബർ 6-ന് രാത്രയും 7-നു പ്രഭാതത്തിനുമിടയ്ക്ക് വിപ്ലവകാരികൾ ഗണ്യമായ നേട്ടങ്ങൾ ഉണ്ടാക്കി. രണ്ടു റയിൽറോഡുകളും സ്റ്റേഷനുകളും സ്റ്റേറ്റുബാങ്കും കേന്ദ്ര ടെലഫോൺ സ്റ്റേഷനും അവർ കൈവശപ്പെടുത്തി. കെറൻസ്കി ഗണ്മെൻ്റിൻ്റെ ആസ്ഥാനമായിരുന്ന വിൻ്റർ പാലസ്സിലേക്കുള്ള ടെലഫോൺ ബന്ധം അവർ വിച്ഛേദിച്ചു. നവംബർ 7-നു വിപ്ലവനേതൃത്വത്തിൻ്റെ കോൺസ്റ്റിറ്റ്യുവൻ്റ് അസംബ്ലിയുടെ തീരുമാനത്തിനു കാത്തിരിക്കാതെ ജന്മിമാരുടെ ഭൂമി മുഴുവൻ പിടിച്ചെടുക്കുവാൻ ആഹ്വാനം ചെയ്തു. വ്യവസായശാലകളുടെ ഭരണം നടത്തുവാൻ അവയിലെ തൊഴിലാളികളെത്തന്നെ ചുമതലപ്പെടുത്തി.[5]

    അതിനിടയിൽ താത്കാലിക ഗവണ്മെൻ്റിനോട് കൂറുള്ള പട്ടാളക്കാരെ യുദ്ധമുന്നണിയിൽനിന്നു തലസ്ഥാനത്തേക്കു കൊണ്ടുവരുവാനായി കെറൻസ്കി വിൻ്റർ പാലസിൽ നിന്നു തിരിച്ചു. ഇക്കാലത്ത് കൊനോവാലോഫ് ആക്ടിങ് പ്രധാനമന്ത്രി ആയി. ഒരു കാഡറ്റ് ആയിരുന്ന കിഷ്കിനെ പെട്രോഗാഡിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ കമ്മിസാർ ആയി നിയമിച്ചു. എന്നാൽ ഈ ലക്ഷ്യം ഫലപ്രാപ്തിയിൽ എത്തിയില്ല; കാരണം കൂറുള്ള പട്ടാളക്കാരുടെ സംഖ്യ 1,000 നും 2,000 മധ്യേ മാത്രമായിരുന്നു. നവംബർ 8 നു ബോൾഷെവിക് നേതാവ് വ്ളാദിമിർ ലെനിൻ ഒളിവിൽ നിന്നു പുറത്തുവന്ന് പെട്രോഗ്രാഡ് സോവിയറ്റ് യൂണിയനെ അഭിസംബോധന ചെയ്യുകയുണ്ടായി. കൗൺസിൽ ഓഫ് ദി റിപ്പബ്ലിക് സമ്മേളിച്ചിരുന്ന മരിൻസ്കി പാലസ് വിപ്ലവകാരികൾ വളഞ്ഞു. കേവലമായ പ്രതിഷേധ പ്രകടനത്തിനു ശേഷം കൗൺസിൽ അംഗങ്ങൾ പിരിഞ്ഞുപോയി.

    തുടർന്ന് വിൻ്റർ പാലസ് കൈയടക്കാൻ വിപ്ലവകാരികൾ ശ്രമിച്ചു. കീഴടങ്ങുവാൻ 20 മിനിറ്റ് സമയം ഗവണ്മെൻ്റിനു നൽകി. പ്രതീക്ഷ നശിച്ച സൈനിക നേതൃത്വം പൊതുവേ കീഴടങ്ങുവാൻ സന്നദ്ധമായിരുന്നു. എന്നാൽ കിഷ്കിനും മന്ത്രിമാരും ചെറുത്തു നിൽക്കുവൻ തീരുമാനിച്ചു. വിപ്ലവകാരികൾ പാലസ്സിനു ചുറ്റും ഉപരോരോധമേർപ്പെടുത്തി. മന്ത്രിമാർ അറസ്റ്റു ചെയ്യപ്പെട്ടു. വിൻ്റർ പാലസ് വിപ്ലവകാരികൾക്കധീനമായി.

    സംഘർഷം നിറഞ്ഞ ഈ അന്തരീക്ഷത്തിൽ, തൊഴിലാളികളുടെയും പട്ടാളക്കാരുടെയും ഡെപ്യൂട്ടികളുടെ സോവിയറ്റുകളുടെ രണ്ടാംകോൺഗ്രസ് സ്മോൾനിയിൽ ചേർന്നു. ഇതിൽ ബോൾഷെവിക്കുകൾക്ക് നിർണായക ഭൂരിപക്ഷമുണ്ടായിരുന്നു. ന്യൂനപക്ഷമായിരുന്ന മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റവല്യൂഷനറികളും ബോൾഷെവിക്കുകളെ നിശിതമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് ബഹിഷ്ക്കരിച്ചു. ഇവർ പഴയ ഡ്യൂമാ ഡെപ്യൂട്ടികളുമായി ചേർന്ന് സാൽ‌‌വേഷൻ കമ്മിറ്റി (Committee for the Salvation of the Country) രൂപവത്കരിച്ചു. ബോൾഷെവിക്കുകളെ എതിർക്കുക, രണ്ടാം കോൺഗ്രസ്സിൻ്റെ തീരുമാനങ്ങൾ അസാധുവായി പ്രഖ്യാപിക്കുക ഇവയായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. അവരുടെ പ്രഖ്യപനത്തിൽ ഒരു കോൺസ്റ്റിറ്റ്യുവൻ്റ് അസംബ്ലി വാഗ്ദാനം ചെയ്തതിനു പുറമേ അക്രമത്തിലൂടെ അധികാരത്തിൽ വന്ന ബോൾഷെവിക്ക് ഗവണ്മെൻ്റിനെ നിരാകരിക്കുവനും ജനങ്ങളോടാവശ്യപ്പെട്ടിരുന്നു.[6]

    ബോൾഷെവിക്കുകൾ അധികാരത്തിൽ

    [തിരുത്തുക]

    എന്നാൽ ഇത്തരം എതിർപ്പുകളെ അവഗണിച്ചുകൊണ്ട് സോവിയറ്റുകളുടെ കോൺഗ്രസ് മുൻഗവണ്മെൻ്റുകളുടെ രഹസ്യ നയതന്ത്രത്തിന് അറുതിവരുത്തുവാനും രഹസ്യക്കരാറുകൾ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു. ജർമനിയുമായി മൂന്നു മാസത്തെ യുദ്ധവിരാമം നിർദ്ദേശിച്ചതിനു പുറമേ സമാധാനത്തിനു വേണ്ടിയുള്ള തങ്ങളുടെ ശ്രമത്തിന് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലെ തൊഴിലാളികളുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഭൂവിതരണത്തിൻ്റെ മേഖലയിലും സുപ്രധാനമായ ചില തീരുമാനങ്ങൾ കോൺഗ്രസ് കൈക്കൊണ്ടു. ഭരണത്തിനായി ഒന്നാമത്തെ കൗൺസിൽ ഒഫ് പീപ്പിൾസ് കമ്മിസാർ രൂപവത്കരിച്ചതായിരുന്നു കോൺഗ്രസിൻ്റെ മറ്റൊരുനേട്ടം. ലെനിൻ ഇതിൻ്റെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യത്തിൻ്റെ ചുമതല ട്രോട്സ്കിക്കായിരുന്നു.

    പുതിയ ഭരണകൂടത്തെ ഡോൺ, കുബാൻ, കീവ്, എന്നിവിടങ്ങളിലെ കൊസാക്കുകൾ എതിർത്തു. വിപ്ലവത്തിനെതിരായി പോൾക്കോനിക്കോഫിൻ്റെ നേതൃത്വത്തിൽ ഇവർ ആക്രമണമാരംഭിച്ചു. എന്നാൽ ഈ എതിർപ്പുകൾ അമർച്ചചെയ്യപ്പെട്ടു. അന്നത്തെ റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ മോസ്കോയും വിപ്ലവകാരികൾക്കധീനമായി.

    ഇതിനിടയിൽ അധികാരം പിടിച്ചെടുക്കുവാൻ കെറൻസ്കി ഒരു വിഫലശ്രമം നടത്തി. ചെറിയ ഒരു സൈന്യത്തിൻ്റെ പിന്തുണയോടെയാണ് കെറൻസ്കി ഇതിനുദ്യമിച്ചത്. പരാജിതനായ ഇദ്ദേഹം മൂന്നാം കുതിരപ്പടയുടെ കമാൻഡറായിരുന്ന പി. എൻ. ക്രാസ്റ്റോഫിൻ്റെ സഹായത്തോടെ അധികാരത്തിലെത്തുവാൻ ഒരന്തിമശ്രമത്തിലേർപ്പെട്ടു. കേവലം 700 കൊസാക്കുകളുമായി പെട്രോഗ്രാഡിനെ ലക്ഷ്യമാക്കി നീങ്ങിയ ക്രാസ്റ്റോഫിന് ചില പ്രാഥമിക വിജയങ്ങൾ കിട്ടിയെങ്കിലും അവസാനം പിന്തിരിയേണ്ടിവന്നു.

    വിപ്ലവത്തെ പരാജയപ്പെടുത്തുവാനും അധികാരം പിടിച്ചെടുക്കുവാനുമുള്ള കെറൻസ്കിയുടെ ശ്രമത്തിന് ഇതോടെ തിരശ്ശീല വീണു. ഒരു നാവികൻ്റെ വേഷത്തിൽ ഇദ്ദേഹം റഷ്യയിൽ നിന്നു പലായനം ചെയ്തു. ബോൾഷെവിക്കുകളുടെ റഷ്യയുടെ മേലുള്ള പിടി ഇതോടെ സുസ്ഥിരമായി.[7]

    ഗ്രന്ഥസൂചി

    [തിരുത്തുക]
    • E. H. Carr, The Bolshevik Revolution (1950).
    • William Henry Chamberlin , The Russian Revolution, Vol I, (1954).
    • A. A. Kornilov, Modern Russian History (1924).
    • Paul Miliukov et al; (ed), History of Russia, Vol III, (1969).
    • John Reed, Ten Days that Shook the World.
    • Leon Trotsky, The History of the Russian Revolution (1934)

    അവലംബം

    [തിരുത്തുക]
    1. http://www.encyclopedia.com/doc/1G1-19805561.html The October Revolution. (Russia's Bolshevik Revolution of 1917)
    2. "October Revolution Day".
    3. http://www.factmonster.com/ce6/history/A0860858.html The October Revolution of 1917
    4. http://www.factmonster.com/ce6/history/A0860857.html The February Revolution of 1917
    5. http://www.answers.com/topic/october-revolution October Revolution
    6. http://encyclopedia2.thefreedictionary.com/Russian+Revolution Russian Revolution
    7. http://encyclopedia.farlex.com/October+Revolution Archived 2011-07-23 at the Wayback Machine. October Revolution
    "https://ml.wikipedia.org/w/index.php?title=ഒക്ടോബർ_വിപ്ലവം&oldid=3802411" എന്ന താളിൽനിന്ന് ശേഖരിച്ചത്