എലിഹു തോംസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിഹു തോംസൺ
എലിഹു തോംസൺ
ജനനം(1853-03-29)മാർച്ച് 29, 1853
മരണംമാർച്ച് 13, 1937(1937-03-13) (പ്രായം 83)
ദേശീയതUnited States
കലാലയംYale (Honorary M.A., 1890), Tufts (Honorary Ph.D., 1892), Harvard (Honorary, D.Sc., 1899) [1]
പുരസ്കാരങ്ങൾRumford Prize  · Edison Medal  · French Legion of Honor  · Hughes Medal  · John Fritz Medal  · Franklin Medal  · Elliott Cresson Medal
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംElectrical engineering
ഒപ്പ്

ഇലക്ട്രിക്കൽ എൻജിനീയരായിരുന്ന എലിഹു തോംസൺ 1853 മാർച്ച് 29-ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജനിച്ചു. 1858-ൽ തോംസൺകുടുംബം ഫിലാഡെൽഫിയയിലേക്കു കുടിയേറിപ്പാർത്തതോടെ യു.എസ്സിലെ സ്ഥിരവാസിയായി.

ജീവിതരേഖ[തിരുത്തുക]

1810-ൽ ബിരുദം നേടിയശേഷം അല്പകാലം ഒരു സ്വകാര്യ കമ്പനിയിൽ കെമിക്കൽ അനലിസ്റ്റായും തുടർന്ന് താൻ പഠിച്ച സെൻട്രൽ ഹൈസ്കൂളിൽ രസതന്ത്ര-ബലതന്ത്ര അധ്യാപകനായും ജോലിനോക്കി. 1875-ൽ ബിരുദാനന്തര ബിരുദം നേടി. കണക്റ്റിക്കട്ടിൽ അമേരിക്കൻ ഇലക്ട്രിക് കമ്പനി സ്ഥാപിതമായപ്പോൾ (1880) അവിടത്തെ ഇലക്ട്രിക്കൽ ചീഫ് എൻജിനീയർ പദവിയിലെത്തി. 1883-ൽ മസാച്യുസെറ്റ്സിനു സമീപത്തെ ലിൻ തുറമുഖത്ത് പ്രവർത്തനമാരംഭിച്ച തോംസൺ-ഹൂസ്റ്റൺ ഇലക്ട്രിക് കമ്പനിയിലെ കൺസൾട്ടന്റ് എൻജിനീയർ ആയും സേവനമനുഷ്ഠിച്ചു.

ജനറൽ ഇലക്ട്രിക്കൽ കമ്പനിയിലെ ഗവേഷകൻ[തിരുത്തുക]

1892-ൽ സ്ഥാപിതമായ ജനറൽ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണച്ചുമതലയും ഉപദേഷ്ടാവിന്റെ പദവിയും ഏറ്റെടുത്തതോടെ വൈദ്യുത വ്യവസായത്തിന്റെ യു.എസ്സിലെ ആദ്യകാല ശില്പികളിലൊരാളായി. പ്രത്യാവർത്തി ധാരാ മോട്ടോർ, ഉച്ചാവൃത്തി ജനറേറ്റർ, ട്രാൻസ്ഫോർമർ, ത്രിസർപ്പില-ജനറേറ്റർ, താപദീപ്ത വൈദ്യുത വെൽഡിങ് സംവിധാനം, വാട്ട്-അവർ (watt-hour) മീറ്റർ തുടങ്ങിയ പ്രധാന വൈദ്യുതോപകരണങ്ങളുടെ ഉപജ്ഞാതാവായ തോംസൺ 696 പേറ്റന്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. വൈദ്യുതി മേഖലയിലെന്നപോലെ റേഡിയോളജി, സ്റ്റീരിയോസ്കോപ്പിക് എക്സ്റേ, ജ്യോതിശ്ശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളിലും ഗവേഷണ പഠനങ്ങൾ നടത്തി. തുരങ്കങ്ങളിലും കെയ്സണു(caisson)കളിലും ഓക്സിജൻ-ഹീലിയം മിശ്രിതം കടത്തിവിട്ട്, അവയിൽ പണിയെടുത്തിരുന്ന തൊഴിലാളികളെ ബാധിച്ചിരുന്ന കെയ്സൺ രോഗത്തിൽനിന്നു വിമുക്തരാക്കാൻ മുൻകൈ എടുത്തത് തോംസൺ ആണ്.

പദവികൾ[തിരുത്തുക]

ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ട്, അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റി എന്നിവയിൽ അംഗമായിരുന്ന തോംസൺ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ എൻജിനീയേഴ്സിന്റെ അധ്യക്ഷൻ (1889), ഇന്റർനാഷണൽ ഇലക്ട്രോകെമിക്കൽ കമ്മിഷന്റെ തലവൻ (1908), മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ ആക്റ്റിങ് പ്രസിഡന്റ് (1920-23) എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. നിരവധി ദേശീയ (യു.എസ്.), അന്താരാഷ്ട്ര ബഹുമതികൾ സ്വന്തമാക്കിയ ഇദ്ദേഹം മസാച്യുസെറ്റ്സിലെ സ്വാംപ്സ്കോട്ടിൽ 1937 മാർച്ച് 13-ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോംസൺ, എലിഹു (1853 - 1937) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എലിഹു_തോംസൺ&oldid=3937338" എന്ന താളിൽനിന്ന് ശേഖരിച്ചത്