ഉഡുപ്പി മട്ടു ഗുള്ള വഴുതന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ മട്ടു (മട്ടി എന്നും അറിയപ്പെടുന്നു) ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്ന പച്ച നിറത്തിലുള്ള ഒരു തരം വഴുതനയാണ് ഉഡുപ്പി മട്ടു ഗുള്ള (ഇംഗ്ലീഷ്: Udupi Mattu Gulla, കന്നഡ: ಉಡುಪಿ ಮಟ್ಟುಗುಳ್ಳ) എന്നറിയപ്പെടുന്നത്. വർഷത്തിൽ ചില മാസങ്ങളിൽ മാത്രമാണ് ഈ വഴുതന ലഭ്യമാകുന്നത്. 2011-ൽ ഈ കാർഷികോത്പന്നത്തിന് ഭൂപ്രദേശസൂചിക പദവി ലഭിച്ചു.

വിവരണം[തിരുത്തുക]

ഉരുണ്ട ആകൃതിയാണ് ഈ വഴുതനക്ക് 'ഗുള്ള' എന്ന വിശേഷണത്തിനു കാരണമായത്. എന്നാൽ സാധാരണയായി കാണപ്പെടുന്ന പർപ്പിൾ നിറത്തിലുള്ള ഉരുണ്ട വഴുതനയിൽ നിന്ന് വ്യത്യസ്തമാണ് ഇളം പച്ച നിറത്തിലുള്ള ഇതിന്റെ രുചി. രുചിയിലുള്ള വ്യത്യസ്തതയും ഒരു പ്രത്യേക പ്രദേശത്ത് മാത്രം കൃഷി ചെയ്യപ്പെടുന്നതും ഈ വഴുതനക്ക് ഭൂപ്രദേശസൂചിക പദവി ലഭിക്കുവാൻ കാരണമായി.

ഉഡുപ്പി പാചകവിഭവങ്ങളിലെ പ്രത്യേകിച്ച് സാമ്പാറിലെ ഒരു പ്രധാന പച്ചക്കറിയിനമാണ് മട്ടു വഴുതന. നാനൂറ് വർഷത്തിലേറെയായി മട്ടുപ്രദേശത്ത് ഈ വഴുതന കൃഷി ചെയ്യുന്നതായി പറയപ്പെടുന്നു. ഉഡുപ്പിയിലെ അഷ്ഠമടങ്ങളിലൊന്നായ സോദേ മഠത്തിലെ അധിപനായിരുന്ന ശ്രീ വഡിരാജയാണ്(1480–1600) മട്ടു ഗ്രാമനിവാസികൾക്ക് കൃഷി ചെയ്യുവാനായി ഈ പ്രത്യേകതരം വഴുതനവിത്തുകൾ നൽകിയതെന്നാണ് ഐതിഹ്യം.[1] പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രണ്ടു വർഷത്തിൽ ഒരിക്കൽ നടന്നു വരുന്ന പര്യാര എന്ന ഉത്സവത്തിന് മട്ടു നിവാസികൾ ഈ വഴുതന തങ്ങളുടെ സംഭാവന (ഹൊറേ കാണികേ) എന്ന നിലയിൽ സമർപ്പിക്കാറുണ്ട്. ഉഡുപ്പി ക്ഷേത്രത്തിൽ തയ്യാറാക്കപ്പെടുന്ന സാമ്പാർ, പല്യ (തോരൻ), ഗൊജ്ജു തുടങ്ങിയ വിഭവങ്ങളിലുപയോഗിക്കുന്ന ഒരേ ഒരിനം വഴുതന മട്ടു വഴുതനയാണ്.[2]

ഇപ്പോൾ മട്ടുവിലും സമീപമുള്ള പംഗള, കൊപ്ല, കൈപ്പുഞ്ചാൽ തുടങ്ങിയ പ്രദേശങ്ങളിലുമായി ഇരുനൂറിലധികം കർഷകർ ഏകദേശം 150 ഏക്കർ സ്ഥലത്ത് മട്ടു വഴുതന കൃഷി ചെയ്തു വരുന്നു. മൺസൂണിനു ശേഷം സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ വിത്തുകൾ പാകിത്തുടങ്ങും. ജനുവരി മുതൽ മേയ് വരെ ഈ വഴുതന വിപണിയിൽ ലഭ്യമാകും.

കീടങ്ങളുടെ ആക്രമണവും ബി.ടി. വഴുതനയുടെ ഉത്പാദനവും ഇടക്കാലത്ത് മട്ടു വഴുതനയുടെ ഉത്പാദ്നക്ഷയത്തിനിടയാക്കിയിരുന്നു. എന്നാൽ മട്ടു ഗ്രാമനിവാസികൾ ഹോർട്ടി കൾച്ചർ വകുപ്പിന്റെയും കാർഷിക വിദഗ്ദരുടെയും കൃഷിരീതികൾ അവലംബിച്ചത് മൂലം മികച്ച വിളവ് നേടിയെടുക്കുവാനായി.

അവലംബം[തിരുത്തുക]