ആര്യ പ്രേംജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമ്പൂതിരി സമുദായത്തിലെ വിധവാ വിവാഹത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയ വനിതയാണ് ആര്യാ പ്രേംജി ഭരത് അവാർഡ് ജേതാവും സാമൂഹ്യപരിഷ്‌ക്കർത്താവുമായ അന്തരിച്ച പ്രേംജിയായിരുന്നു ഭർത്താവ്. അക്കാലത്തു നമ്പൂതിരിസമുദായത്തിൽ നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തികമാക്കിക്കൊണ്ട് പ്രേംജി കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിൽ വിവാഹം കഴിയ്ക്കുകയായിരുന്നു.14-ആം വയസിലായിരുന്നു ആര്യയുടെ ആദ്യ വിവാഹം. 15-ആം വയസിൽ വിധവയായി. 12 വർഷം വിധവയായി ജീവിച്ച ആര്യയെ അവരുടെ 27-ആം വയസിലാണ് പ്രേംജി വിവാഹം കഴിക്കുന്നത്.[1] നമ്പൂതിരി സമുദായത്തിലെ രണ്ടാമത്തെ വിധവാവിവാഹമായിരുന്നു ഇത്. പ്രേംജിയുടെ സഹോദരൻ എം.ആർ.ബി.യും വി.ടി. ഭട്ടതിരിപ്പാടിന്റെ ഭാര്യാസഹോദരി ഉമാ അന്തർജനവും തമ്മിലുള്ളതായിരുന്നു ആദ്യത്തെ വിധവാവിവാഹം. ഇതിലൂടെ ആര്യക്ക് സമുദായം ഭ്രഷ്ട് കൽപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയായിരുന്ന ആര്യ 1964 മുതൽ അഞ്ചു വർഷം തൃശ്ശൂർ മുനിസിപ്പാലിറ്റി കൗൺസിലറായിരുന്നു.[2] 1998-ൽ പ്രേംജിയുടെ മരണത്തിനുശേഷം വീണ്ടും വിധവയായ അവർ അവസാനനാളുകളിൽ മകനും പ്രശസ്ത മാദ്ധ്യമപ്രവർത്തകനുമായിരുന്ന നീലനോടൊപ്പം തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. 2016 മേയ് 23-ന് 100-ആം വയസ്സിൽ അവർ അന്തരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആര്യ_പ്രേംജി&oldid=2512844" എന്ന താളിൽനിന്ന് ശേഖരിച്ചത്